»   » തമിഴ് മക്കളുടെ ആവേശമായിരുന്നു എംജിആര്‍ എന്ന പ്രതിഭാസം! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍!!

തമിഴ് മക്കളുടെ ആവേശമായിരുന്നു എംജിആര്‍ എന്ന പ്രതിഭാസം! ഓര്‍മ്മ പുതുക്കി എംസി രാജനാരായണന്‍!!

Written By: Desk
Subscribe to Filmibeat Malayalam

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

പോയവര്‍ഷം എംജിആര്‍ ജന്മശദാബ്ദി തമിഴ്‌നാട്ടില്‍ വിപുലമായി ആഘോഷിക്കുകയുണ്ടായി. കേരളത്തിലെ തമിഴ് നാട്ടുകാര്‍ക്കിടയിലും അതിന്റെ അലയൊലികള്‍ പടര്‍ന്നിരുന്നു. എന്റെ ഡല്‍ഹി വാസക്കാലത്താണ് എം.ജി.ആര്‍. നിര്യാതനായത്. അന്ന് ആര്‍.കെ.പുരത്തെയും മറ്റും തമിഴന്മാര്‍ ദിവസം മുഴുവന്‍ എം.ജി.ആര്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് അവരുടെ മക്കള്‍ തിലകത്തിന് വിടയേകിയത്. വര്‍ഷാവര്‍ഷം എം.ജി.ആര്‍. ചരമദിനം അദ്ദേഹത്തിന്റെ പ്രചുര പ്രചാരം നേടിയ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് ആചരിച്ചിരുന്നത്. മറ്റൊരു നടനോടും നേതാവിനോനുമില്ലാത്ത വൈകാരിക ബന്ധമായിരുന്നു അവര്‍ക്ക് എം.ജി.ആറിനോടുണ്ടായിരുന്നത്. ഇപ്പോഴും തമിഴ്‌നാട്ടിലെ 10% തിയ്യറ്റുകളില്‍ എം.ജി.ആര്‍ പടങ്ങള്‍ ഓടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആ പടങ്ങള്‍ക്ക് കാണികളില്‍ നിന്ന് നല്ല വരവേല്‍പ്പും ലഭിക്കുന്നു. തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അണ്ണാദുരെ മുതല്‍ കരുണാനിധി വരെയും എം.ജി.ആര്‍. മുതല്‍ ജയലളിത വരെയും സിനിമാബന്ധം കാണാം.

ഡല്‍ഹിയിലെ പ്രഗതി മൈതാനത്തിലെ ഓപ്പണ്‍ എയര്‍ തിയ്യറ്റര്‍. അവിടെ തമിഴ്‌നാട് ദിനാഘോഷം നടക്കുകയാണ്. തണുപ്പുകാലത്ത് എല്ലാ വര്‍ഷവും പ്രഗതി മൈതാനത്ത് ട്രേഡ് ഫെയര്‍ നടക്കാറുണ്ട്. ഓരോ സ്റ്റേറ്റിന്റെയും പവലിയനുകള്‍ മത്സരിച്ചാണ് തയ്യാറാക്കുന്നത്. സംസ്ഥാന ദിനാഘോഷങ്ങളും നടക്കുന്നു. അന്ന് തമിഴ്‌നാട് ദിനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് ചിഫ് മിനിസ്റ്റര്‍ എം.ജി. രാമചന്ദ്രന്‍ തന്നെയായിരുന്നു. ഞങ്ങള്‍ അവിടേക്ക് പോകുമ്പോള്‍ കണ്ട ഒരു വൃദ്ധ ചോദിച്ചിരുന്നു. ''എം.ജി.ആര്‍ വരുമോ''. മദ്രാസില്‍ നിന്നുള്ള സുഹൃത്ത് പറഞ്ഞു. ''തീര്‍ച്ചയായും വരും''. ''ഞങ്ങള്‍ എം.ജി.ആറെ കാണാന്‍ മാത്രം വന്നതാണ്''. ''തലൈവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വേഗം പോയി സ്ഥലം പിടിച്ചുകൊള്ളൂ''. തിളങ്ങുന്ന വെള്ള ജുബ്ബയും തൂവെള്ള മുണ്ടും അംഗവേഷ്ടിയും വെളുത്ത തൊപ്പിയും കറുത്ത കൂളിങ്ങ് ഗ്ലാസ്സും ധരിച്ച് എം.ജി.ആര്‍. വേദിയില്‍ എത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിന്ന് അലയാഴിയില്‍ നിന്നുള്ള തിരമാലകള്‍ പോലെ ആരവമുയര്‍ന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഇഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുവാന്‍ ഒരാള്‍ നിന്നിരുന്നു. ''എന്‍ രക്തത്തിന്‍ രക്തമേ''..... എം.ജി.ആറിന്റെ അല്പം കുഴഞ്ഞ ശബ്ദം ഉയര്‍ന്നതോടെ വീണ്ടും സ്റ്റേഡിയം ഇരമ്പിയാര്‍ത്തു.

മക്കള്‍ തിലകം എന്ന പേര് എം.ജി.ആറിന് നല്‍കിയത് അണ്ണാദുരെയായിരുന്നു. എം.ജി.ആര്‍ നായകനായ എങ്കവീട്ടുപിളൈ, നടോടിമന്നന്‍, തായേകാത്ത തനയന്‍, തായ്ക്കുപിന്‍ താരം, അടിമൈപെണ്‍, മാട്ടുക്കാരവേലന്‍, റിക്ഷാക്കാരന്‍, ഉലകം ചുറ്റും വാലിഭന്‍ തുടങ്ങിയവ തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. പല എം.ജി.ആര്‍ ചിത്രങ്ങളും സംവിധാനം ചെയ്തത് മലയാളിയായ എം.കൃഷ്ണന്‍ നായരാണ്. അതുപോലെ ക്യാമറാമാന്‍ വിന്‍സന്റുമാണ്. 'നാന്‍ ആണയിട്ടാല്‍ അത്‌നടന്തുവിട്ടാല്‍..... ക്യാമറാ മൂവ്‌മെന്റ്‌കൊണ്ട് വിന്‍സെന്റ് ശ്രദ്ധേയമാക്കിയ ഗാനമാണ്. എം.ജി. ആര്‍ക്കൊപ്പം കൂടുതല്‍ പടങ്ങളില്‍ അഭിനയിച്ചത് സരോജാദേവിയും ജയലളിതമായിരുന്നു. ഒരു കാലത്ത് എം.ജി.ആര്‍. സരോജാദേവി ടീം പോലെ പില്‍ക്കാലത്ത് എം.ജി. ആര്‍. ജയലളിതാ ജോഡിയും പ്രശസ്തി നേടി. സിനിമയിലെ വില്ലന്‍ എം.ആര്‍. രാധ ജീവത്തിലും വില്ലനായത് ഒരു വെടിവെപ്പിലാണ് കലാശിച്ചത്. പിന്നീട് കഴുത്തിലേറ്റ ആ വെടിയുണ്ടയും കൊണ്ടായിരുന്നു എം.ജി. ആറിന്റെ ജിവിതം. മലയാള നടന്‍ സത്യന്‍ നിര്യാതനായത് മദ്രാസ്സില്‍ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ബോഡി കേരളത്തിലേക്കുകൊണ്ടുവരുവാനായി ഒരു പ്രത്യക വിമാനം ആവശ്യപ്പെട്ട മലയാള സിനിമാ പ്രവര്‍ത്തകരെ നിരാശരാക്കുന്ന മടുപടിയാണ് അന്നത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് നല്‍കിയത്. പിന്നീട് പ്രേംനസീര്‍ അടങ്ങുന്ന ഒരു സംഘം എം.ജി.ആറെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ഇടപെട്ടുകൊണ്ടാണ് എയര ക്രാഫ്റ്റ് ലഭ്യമാക്കിയത്. അന്ന് എം.ജി.ആറിന്റെ വാക്കിന് അവിടെ മറുവാക്കില്ലായിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ എം.ജി.ആര്‍. സര്‍ക്കാര്‍ പാഠശാലകളില്‍ നടപ്പില്‍ വരുത്തിയ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടി വലിയ വിജയമായി മാറി. താന്‍ചെറുപ്പത്തില്‍ അനുഭവിച്ച പട്ടിണിയാണ് ഉച്ചഭക്ഷണ പരിപാടി തുടങ്ങുവാന്‍ പ്രേരണയായതെന്ന് എം.ജി.ആര്‍ പറഞ്ഞിരുന്നു. ആരംഭത്തില്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇന്ന് എല്ലാ സംസ്ഥാനങ്ങളും ഈ പരിപാടി നടപ്പില്‍ വരുത്തിയിട്ടുണ്ട്. തമിഴ് ജനത ഇന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നതും ആരാധിക്കുന്നതും സിനിമാ നടന്‍ എന്ന് നിലയ്ക്ക് മാത്രമല്ല നല്ല ഭരണാധിപനായിരുന്നതുകൊണ്ടുകൂടിയാണ്. മരണത്തിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രിയതാരമായി തുടരുന്നത് വിശ്വസിനിമയില്‍തന്നെ എം.ജി.ആര്‍ മാത്രമായിരിക്കും. ജന്മശദാബ്ദിയില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത നൂറുരൂപയുടെ നാണയം കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കുകയുണ്ടായി. ഇന്ത്യയില്‍ ഒരു അഭിനേതാവിന് ലഭിക്കുന്ന ആദ്യ ബഹുമതിയാണിത്. ഈ നാണയത്തിന് തമിഴ്‌നാട്ടില്‍ പത്തരമാറ്റിന്റെ തിളക്കവും മുല്യവുമാണ്.....

English summary
MC Rajanaryanan saying about mgr

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam