For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ പിറന്നാളും മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ്! മനോഹരമായ മരണത്തെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍!

|

ഇന്നലെ ഒരു ദിവസം സോഷ്യല്‍ മീഡിയ നിറയെ മോഹന്‍ലാല്‍ എന്നൊരു പേര് മാത്രമായിരുന്നു. 1960 മേയ് 21 ന് ജനിച്ച മോഹന്‍ലാല്‍ തന്റെ 59-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. മമ്മൂട്ടി മുതല്‍ യുവതാരങ്ങളായ എല്ലാവരും തന്നെ നടനവിസ്മയത്തിന് ജന്മദിന ആശംസകളുമായി എത്തിയിരുന്നു. ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പലതരം ആഘോഷ പരിപാടികളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവചരിത്രം വരുന്നുണ്ടെന്നുള്ള കാര്യം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു.

mohanlal

ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് ഇതാണ്! സിനിമകള്‍ക്ക് പിന്നാലെ ജീവചരിത്രം വരുന്നു!

ഇതൊല്ലമാണെങ്കിലും ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്നത് താരത്തിന്റെ ബ്ലോഗ് വരുന്നതിന് വേണ്ടിയായിരുന്നു. എല്ലാ മാസവും 21 -ാം തീയ്യതിയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് വന്നിരുന്നത്. പിറന്നാള്‍ ദിനമായതിനാലാണ് 21 എന്ന ദിവസം മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്. എല്ലാവര്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതും രസകരവുമായ കാര്യങ്ങളായിരിക്കും പലപ്പോഴും മോഹന്‍ലാലിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണയും പിറന്നാളിന് അത്തരമൊരു എഴുത്തുമായിട്ടാണ് സൂപ്പര്‍ താരം എത്തിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗ്

മോഹന്‍ലാലിന്റെ ബ്ലോഗ്

വീണ്ടും ഒരു പിറന്നാള്‍ ദിനം. ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു. ദീര്‍ഘായൂസ്സ് നേര്‍ന്ന് കൊണ്ട് നല്ല തുടര്‍ ജീവിതം ആശംസിച്ച് കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ഥിച്ച് കൊണ്ട്, അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേര്‍.. ഈ സ്‌നേഹവും പ്രാര്‍ഥനയുമാണ് എന്നെ ഞാനാക്കിയത്. ഇന്നും ഇടറാതെ നിലനിര്‍ത്തുന്നത്. ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്.. എല്ലാവര്‍ക്കും നന്ദി. എന്റെയും കുടുംബത്തിന്റെയും സ്‌നേഹം. അടുത്ത ദിവസമാകുമ്പോഴെക്കും ആശംസകളുടെ ഈ പെരുമഴ തോരും. ആഘോഷങ്ങള്‍ തീരും, എല്ലാവരും പിരിയും. വേദിയില്‍ ഞാന്‍ മാത്രമാകും.

അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്നിലേക്ക് തന്നെ തിരിഞ്ഞ് നോക്കും. ഞാന്‍ നടന്ന ദൂരങ്ങള്‍, എന്റെ കര്‍മ്മങ്ങള്‍ എല്ലാം എന്റെ ഉള്ളില്‍ തെളിഞ്ഞ് മായും. Fade in fade out ദൃശ്യങ്ങള്‍ പോലെ. അത് കഴിയുമ്പോള്‍ ഒരുപാട് തിരിച്ചറിവുകള്‍ ബോധ്യങ്ങള്‍ എന്നിവയെല്ലാം എന്നിലേക്ക് വന്ന് നിറയും. ഞാന്‍ പിന്നെയും യാത്ര തുടരും. ഇങ്ങനെയാണ് എന്റെ ഓരോ പിറന്നാളുകളും ചെയ്ത് തീരാറുള്ളത്. യഥാര്‍ഥത്തില്‍ പിറന്നാളുകള്‍ ആഘോഷിക്കാനുള്ളതാണോ എന്ന് ജീവിതത്തെ കുറിച്ച് ആഴത്തില്‍ ചിന്തിച്ച പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആ സംശയത്തില്‍ കാര്യമുണ്ട്.

ഓരോ പിറന്നാളും മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്. നിന്റെ സമയം തീരാറാവുന്നു എന്ന് ആരോ ഓര്‍മ്മപ്പെടുത്തുന്നു. ശേഷിച്ച സമയത്തിന്റെ വില മനസിലാക്കി തരുന്നു. ആ മനസിലാക്കലില്‍ നിന്നാവണം നാം ഭാവി ജീവിതത്തിന് രൂപം നല്‍കാന്‍. കുറച്ച് ഓവറുകള്‍ മാത്രമേയുള്ളു. ജയിക്കണമെങ്കില്‍ ഷോട്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്ത് കളിക്കണം. ആ അവസ്ഥയിലെ ബാറ്റ്‌സമാന്റെ മാനസിക നിലയിലാണ് ഓരോ പിറന്നാളുകളും കഴിയുമ്പോഴും ചിന്തിക്കുന്ന മനുഷ്യരും പങ്കുവെക്കുന്നതെന്ന് എനിക്ക് തോന്നുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന ഞാന്‍, ഞാന്‍ പോലും പ്രതീക്ഷിക്കാതെ ഒരു മേഖലയില്‍ എത്തിപ്പെട്ടു. അതില്‍പ്പെട്ട് ഒഴുകി.

അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേ കൂടി കഴിഞ്ഞതിന് ശേഷമാണ്. അന്ന് മുതല്‍ ആത്മാര്‍ഥമായി എന്നെ അര്‍പ്പിക്കുകയായിരുന്നു. വിജയങ്ങള്‍ ഉണ്ടായി, വീഴ്ചകളും. ഒരുപാട് സ്‌നേഹിക്കപ്പെട്ടു. കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു. ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു. രണ്ടിനെയും ബാലന്‍സ് ചെയ്യാന്‍ ആദ്യമൊക്കെ ഞാനേറെ ബുദ്ധിമുട്ടി.. പിന്നെ രണ്ടിനെയും സമചിത്തതയോടെ നേരിടാന്‍ പഠിച്ചു. ദ്വന്ദ്വ സഹനം താപഃ എന്നാണല്ലോ.. ചൂടിനെയും തണുപ്പിനെയും ഉര്‍ച്ചയെയും വീഴ്ചയെയും ഒരുപോലെ കാണുന്നതാണ് തപസ്സ്. ഇത്തരം കാര്യങ്ങളില്‍ ഞാനിപ്പോള്‍ നിര്‍മമനാണ്.

മനുഷ്യര്‍ക്ക് തെറ്റ് പറ്റും. മനുഷ്യര്‍ക്കേ തെറ്റ് പറ്റൂ.. ലോകയാത്രയില്‍ ഒരുപാട് മാലിന്യം യാത്രികന്റെ ശരീരത്തില്‍ പെടും. അത് യാത്രികന്റെ വിധിയാണ്. എന്നാല്‍ ആ മാലിന്യം ആത്മാവിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നെനിക്ക് തോന്നുന്നു. മനസ് എന്ന സാളഗ്രാമത്തെ ചളിയോ പൊടിയോ പുരളാതെ കാത്ത് സൂക്ഷിക്കുക.. ആത്മാവിന്റെ ചൈതന്യത്തെ നിരന്തരം വര്‍ധിപ്പിക്കു. ആസക്തികള്‍ സ്വയം കൊഴിഞ്ഞ് പോകുന്നത് സാക്ഷിയെ പോലെ കണ്ടിരിക്കുക. വാര്‍ധക്യം പതുക്കെ പതുക്കെ നടന്ന് വന്ന് നമ്മളില്‍ പടരുന്നത് കണ്ണടിച്ചിരുന്നത് അനുഭവിക്കുക. അതൊരു സുഖമാണ്.

ഓരോ പിറന്നാള്‍ ദിനത്തിലും അതിന് തൊട്ടുള്ള ദിനങ്ങളിലും ഞാനിത് അനുഭവിക്കുന്നു. നിഷ്‌കളങ്കരായി പിറന്ന മനുഷ്യന്‍ ലോകത്തിന്റെ വാണിഭങ്ങളിലൂടെ കടന്ന് പോയി. ആരൊക്കെയോ ആയി മാറുന്നു. ഒടുവില്‍ അവന് വീണ്ടും നിഷ്‌കളങ്കനാവേണ്ടതുണ്ട്. എല്ലാ ദര്‍പ്പങ്ങളുടെയും പടം പൊഴിക്കേണ്ടതുണ്ട്. അപ്പോള്‍ യാത്രയില്‍ എവിടെയോ വെച്ച് പിരിഞ്ഞ് പോയ ആ കുട്ടിയുടെ മുഖം തെളിഞ്ഞ് തെളിഞ്ഞ് വരുന്നതായി കാണാം. അവന്‍ അവിടെയുണ്ടായിരുന്നു. ലോകത്തിന്റെ മാലിന്യത്തിനിടിയില്‍ കാണാതായതാണ്. ഒരിക്കല്‍ കൂടി അവനായി മാറി കഴിഞ്ഞാല്‍ നാം തയ്യാറായി കഴിഞ്ഞു. അവനാവാനുള്ള പരിശ്രമത്തിലാണിപ്പോള്‍.

ഈ പഴുത്ത ഇല ഞെട്ടറ്റ് പോകുന്നത് പോലെയാണ് പ്രാണന്‍ പറന്ന് പോവുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഒരു തിരമാല കടലില്‍ വീണടിയുന്നത് പോലെ ഒരു മണ്‍കുടം ഇടഞ്ഞ് വീണ്ടും മണ്ണായി മാറുന്നത് പോലെ.. അമ്മ മരിച്ചപ്പോള്‍ രമണ മഹര്‍ഷി 'absorbed' എന്ന വാക്കാണ് ഉപയോഗിച്ചതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ലയിക്കണമെങ്കില്‍ വാസനകളെല്ലാം ഒടുങ്ങണം. ഒരു മുളന്തുണ്ട് പോലെ മനുഷ്യന്‍ ശൂന്യനാവണം. അതിനാണ് ശ്രമം.

ബറോസ് സെറ്റില്‍ കേക്ക് മുറിച്ച് മോഹന്‍ലാല്‍,

ഏറ്റവും മനോഹരമായ മരണമേത് എന്ന എന്നോട് ചോദിച്ചാല്‍ ശങ്കരാചാര്യയുടേത് എന്നാണ് ഉത്തരം. കാലം കഴിഞ്ഞപ്പോള്‍ കര്‍മങ്ങള്‍ തീര്‍ന്നപ്പോള്‍ കേദാര്‍നാഥും കഴിഞ്ഞ് ഹിമാലയത്തിന്റെ മഞ്ഞുമലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം നടന്നു പോയി. അതുപോലെ മാഞ്ഞു പോവുക ഒരു സ്വപ്‌നമാണ്. ഒരോ പിറന്നാള്‍ ദിനത്തിലും ഞാന്‍ ആ സ്വപ്‌നം കാണാറുണ്ട്. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും.. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍!

English summary
Mohanlal's birthday special blog 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more