»   » സംവിധായകക്കുപ്പായമണിഞ്ഞ ഛായാഗ്രാഹകര്‍

സംവിധായകക്കുപ്പായമണിഞ്ഞ ഛായാഗ്രാഹകര്‍

Posted By:
Subscribe to Filmibeat Malayalam

ഛായാഗ്രാഹകര്‍ സംവിധായകരാവുകയെന്നത് പാടില്ലാത്തകാര്യമല്ല, മലയാളത്തിലും തമിഴകത്തുമെല്ലാം ഇത്തരം സംഭവങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വേഷം മാറലുകള്‍ക്ക് വേഗത കൂടുതലാണ് ഒപ്പം വേഷം മാറുന്നവരുടെ എണ്ണവും കൂടുന്നു. പല ഛായാഗ്രാഹകരും ഫോട്ടോഗ്രാഫര്‍മാരുമെല്ലാം ഇപ്പോള്‍ സംവിധായകക്കുപ്പായത്തിലേയ്ക്ക് മാറുകയാണ്.

പലരും ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിയ്ക്കുകയും ചെയ്യുന്നുണ്ട്. പല പ്രമുഖ ഛായാഗ്രാഹകരെയും ഇപ്പോള്‍ സംവിധായകന്‍ എന്നുകൂടി വിശേഷിപ്പിക്കേണ്ടിവരുന്നു. ചാപ്പ കുരിശ്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ ഛായാഗ്രാഹകര്‍കൂടിയായ സംവിധായകരില്‍ നിന്നും മലയാളത്തിന് ലഭിച്ച മികച്ച സംഭാവനകളാണ്.

ചാപ്പ കുരിശ് എന്ന ഒരൊറ്റ ചിത്രം മതി ഛായാഗ്രാഹകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സമീര്‍ താഹറിന്റെ സംവിധായക മികവിനെക്കുറിച്ച് മനസ്സിലാക്കാന്‍. മലയാളത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥപറയല്‍ ശൈലിയ്ക്ക് തുടക്കമിട്ട സിനിമയാമ് ചാപ്പ കുരിശ്. ഈ ചിത്രം വന്നതോടെയാണ് ന്യൂജനറേഷന്‍ സിനിമയെന്ന പദപ്രയോഗം മലയാളത്തില്‍ ശക്തിപ്പെട്ടത്. ഒരൊറ്റ പ്രശ്‌നത്തെ അധികരിച്ചുണ്ടാക്കിയ ചിത്രം മുഷിച്ചിലേതുമില്ലാതെ ഇരുന്ന് കാണാന്‍ കഴിയുന്നുവെന്നതായിരുന്നു ചപ്പ കുരിശിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അതിനായി സമീര്‍ തിരഞ്ഞെടുത്ത താരനിരയും മികച്ചതായിരുന്നു. ഫഹദ് ഫാസില്‍, രമ്യ നമ്പീശന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കെല്ലാം കഴിവു തെളിയ്ക്കാന്‍ കഴിഞ്ഞ മികച്ചൊരു ചിത്രംകൂടിയായിരുന്നു ഇത്.

ഛായാഗ്രാഹകനായി പേരെടുത്ത രാജീവ് രവി ആദ്യം സംവിധാനം ചെയ്ത അന്നയും റസൂലുമെന്ന ചിത്രത്തെ കേരളക്കര നെഞ്ചേറ്റിയതാണ്. ഓരോ സീനിലും പുതുമയും ഊര്‍ജ്ജവും സമ്മാനിയ്ക്കുന്ന അന്നയും റസൂലും കണ്ടവര്‍ക്കൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയാത്ത ചിത്രമാണെന്നതില്‍ സംശയമില്ല. ഫഹദ് ഫാസിലിനെന്ന പോലെ സംവിധായകനായി മാത്രം നാം കണ്ടിരുന്ന ആഷിക് അബുവിന് വരെ അഭിനേതാവ് എന്ന തരത്തില്‍ മികച്ച മൈലേജാണ് ചിത്രം നല്‍കിയത്.

ഏറെ പ്രശസ്തനായ ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ സംവിധായകനായപ്പോഴും മലയാളത്തിന് മികച്ച രണ്ട് ചിത്രങ്ങള്‍ ലഭിച്ചു, ഉറുമിയും അനന്തഭദ്രവും. രണ്ടും മികച്ച ദൃശ്യാനുഭവമാണ് മലയാളിയ്ക്ക് നല്‍കിയത്. ഓരോ ഷോട്ടിലും കാഴ്ചയുടെ വസന്തമാണ് ഈ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടത്.

ബിഗ് ബിയെന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് അമല്‍ നീരദ് സംവിധായകനെന്ന നിലയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്നുവന്ന അന്‍വര്‍, ബാച്ച്‌ലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്താനും അമല്‍ നീരദ് ശൈലിയെന്നൊരു പ്രയോഗം തന്നെ ഉണ്ടാക്കിയെടുക്കാനും ഈ കലാകാരന് സാധിട്ടുണ്ട്. ഇത് മികച്ചതാണോ അല്ലയോ എന്നകാര്യത്തില്‍ രണ്ട് അഭിപ്രായം കാണുമെങ്കിലും സംവിധായകന്‍ എന്ന നിലയ്ക്ക് അമല്‍ നീരദിനെ മലയാള സിനിമ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫാഷന്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന സാഗര്‍ ഏലിയാസ് ജാക്കിയെന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം നടത്തിയത്. ആദ്യ ചിത്രത്തില്‍ നിന്നും ഏറെ മാറിയൊരു രീതിയുമായിട്ടാണ് അടുത്തിടെ മാറ്റിനിയെന്ന ചിത്രവുമായി അനീഷ് എത്തിയത്. ഇപ്പോള്‍ പ്രശസ്ത ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരി അവസാനമായി രചിച്ച രാമന്‍ പൊലീസ് എന്ന തിരക്കഥ ചലച്ചിത്രമാക്കാനുള്ള തയ്യാറെടുപ്പില്ാണ് അനീഷ്.

ഛായാഗ്രാഹകനെന്ന നിലയില്‍ പേരെടുത്ത മാര്‍ട്ടിന്‍ പ്രക്കാട്ടും സംവിധാന രംഗത്തേയ്ക്ക് കടക്കുകയാണ്. എബിസിഡിയെന്ന ചിത്രമാണ് മാര്‍ട്ടിന്റെ ആദ്യചിത്രം, ഇത് വൈകാതെ പ്രദര്‍ശനത്തിനെത്തും.

ഒട്ടേറെ ചിത്രങ്ങളിലൂടെ അഴകപ്പന്‍ എന്ന ഛായാഗ്രാഹകന്റെ കഴിവ് നമ്മള്‍ കണ്ടറിഞ്ഞതാണ്, ഇദ്ദേഹവും സംവിധായകനാവുകയാണ്. പട്ടം പോലെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും മാളവിക മോഹനുമാണ് നായികാ നായകന്മാരാകുന്നത്.


ഛായാഗ്രാഹകനായ ഷൈജു ഖാലിദും സംവിധാനമേഖലയിലേയ്ക്ക് കടക്കുകയാണ്. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ യുവസംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയില്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഷൈജു അരങ്ങേറ്റം കുറിയ്ക്കുന്നത്.

English summary
There has been a phenomenal increase in the number of cinematographers and photographers turning to direction in Mollywood,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam