twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓഫറുകള്‍ എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി! ഭ്രമരം സിനിമയിലെത്തിയതിനെ കുറിച്ച് മുരളി ഗോപി

    |

    മുരളി ഗോപി എന്ന തിരക്കഥാകൃത്തിനെ തിരിച്ചറിഞ്ഞ വര്‍ഷമാണിത്. അദ്ദേഹം തിരക്കഥ എഴുതിയ ലൂസിഫര്‍ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇപ്പോഴിതാ മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ പിറന്ന ഭ്രമരത്തെ കുറിച്ച് പറഞ്ഞ് മുരളി ഗോപി എത്തിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായത് ഇന്നാണ്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചിരുന്നത് മുരളി ഗോപിയായിരുന്നു. സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് തന്നോട് ബ്ലെസി സംസാരിച്ചതിനെ കുറിച്ചുമെല്ലാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം പറഞ്ഞിരിക്കുകയാണ്.

    മുരളി ഗോപിയുടെ വാക്കുകളിലേക്ക്..

    'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി. പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ ഇരുത്തി അദ്ദേഹം, എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു.

    mohanlal

    'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ.

    ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം.. ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ...

    English summary
    Murali Gopy opens about 10 years of Bhramaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X