For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയ കുട്ടികളി അവസാനിപ്പിച്ച് സീരിയസാകുകയാണ്! ഫഹദിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന് കുറിച്ച് നടി

  |

  ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിക്കുന്ന ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഫെബ്രുവരി പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണം ഫെബ്രുവരി 20 ലേക്ക് മാറ്റിയിരുന്നു. വിവാഹശേഷം താരദമ്പതികള്‍ ഒരുമിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെ എത്തുന്ന ട്രാന്‍സിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഇതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വേറിട്ടൊരു വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് പറയുകയാണ് നസ്രിയ ഇപ്പോള്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാന്‍ പറ്റിയതിനെ കുറിച്ചും മറ്റ് സിനിമയുടെ വിശേഷങ്ങളും നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

  കുട്ടികളി അവസാനിപ്പിച്ച് ഞാനല്‍പ്പം സീരിയസാകുകയാണ്. രൂപത്തിലും ഭാവത്തിലും വ്യത്യസ്തയായിട്ടാണ് ട്രാന്‍സില്‍ എത്തുന്നത്. എസ്തര്‍ ലോപ്പസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതുവരെ ഞാനവതരിപ്പിച്ച വേഷങ്ങളെല്ലാം എനിക്ക് പെട്ടെന്ന് അടുത്ത്കൂടാന്‍ പറ്റുന്നവയായിരുന്നു. കളിചിരിയും കുസൃതിയുമെല്ലാമുള്ള കഥാപാത്രങ്ങള്‍... ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അവയെല്ലാം.

  കൂടെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ട്രാന്‍സിലെ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റുമോ എന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് ചോദിക്കുന്നത്. ട്രാന്‍സിന്റെ ചിത്രീകരണം തുടങ്ങി അപ്പോഴേക്ക് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കും. വിവാഹം അഭിനയം നിര്‍ത്തിയോ എന്ന് പലരും ചോദിക്കാറുണ്ട്. അഭിനയം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുന്ന രീതി മുന്‍പും എനിക്കുണ്ടായിട്ടില്ല. കഥകള്‍ കേട്ട് വേഷം ഇഷ്ടമായാല്‍ മാത്രം സ്വീകരിക്കുന്നതാണ് പതിവ്.

  ട്രാന്‍സിന്റെ സെറ്റിലേക്ക് ഇറങ്ങുമ്പോള്‍ ലൊക്കേഷനിലേക്കാണ് പോകുന്നതെന്നൊരു തോന്നല്‍ ഉണ്ടായിട്ടില്ല. ഫഹദിനൊപ്പം വീട്ടില്‍ നിന്നിറങ്ങുന്നു. അന്‍വര്‍ റഷീദും അമല്‍ നീരദും ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സുഹൃത്തുക്കള്‍ക്കിടയിലേക്കാണ് കയറി ചെല്ലുന്നു. ആഹ്ലാദത്തോടെ ആസ്വദിച്ചാണ് ട്രാന്‍സിന്റെ ഓരോ സീനിലും അഭിനയിച്ചത്. കൊച്ചിയിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമെല്ലാം ചിത്രീകരണവുമായി ഒന്നിച്ച് യാത്ര ചെയ്തു.

  ജീവിതത്തില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കുന്ന കഥാപാത്രമായാണെങ്കിലും എസ്തര്‍ ലോപ്പസിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളൊന്നും ചെയ്തിട്ടില്ല. കഥാപാത്രവുമായി ചേര്‍ന്ന് പോകുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു. കൂടുതല്‍ തയ്യാറെടുത്താല്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴത് പ്രശ്‌നമാകും. ട്രാന്‍സിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ കഥയും കഥാപാത്രത്തെ കുറിച്ച് കേട്ടിരുന്നു. അത് കൊണ്ട് കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു.

  ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിനൊപ്പം അഭിനയിച്ച സിനിമ റിലീസിനെത്തുന്നതിന്റെ സന്തോഷത്തിലാണ്. എന്റെ അഭിനയത്തെ കുറിച്ച് ഫഹദില്‍ നിന്ന് വലിയ കമന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സെറ്റിലിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളുടെ സംസാരത്തിലേക്ക് സിനിമ കയറി വരുന്നത്. വീട്ടില്‍ എത്തിയാലും ഫഹദിന്റെ തലയില്‍ കഥയും കഥാപാത്രവും ഉണ്ടാകും. എന്നാല്‍ അതൊന്നും ചര്‍ച്ചയ്‌ക്കെടുക്കാറില്ല.

  ട്രാന്‍സിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ട്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല. പക്ഷേ എനിക്കവിടെ വലിയൊരു സൗഹൃദവലയമുണ്ട്. അഭിനയത്തിനൊപ്പം ഈ വര്‍ഷം സിനിമാ നിര്‍മാണത്തിലും കൂടുതല്‍ സജീവമാകും. 2020 ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നസ്രിയ പറയുന്നു.

  English summary
  Nazriya Talks About Upcoming Movie Trance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X