»   » സൂപ്പര്‍ താരങ്ങളുടെ താടി മുതല്‍ നായികമാരുടെ വിവാഹ മോചനം വരെ; മലയാള സിനിമയില്‍ ഇപ്പോള്‍ ട്രെന്റ്...

സൂപ്പര്‍ താരങ്ങളുടെ താടി മുതല്‍ നായികമാരുടെ വിവാഹ മോചനം വരെ; മലയാള സിനിമയില്‍ ഇപ്പോള്‍ ട്രെന്റ്...

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകം ഓരോ നിമിഷവും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിയ്ക്കുകയാണ്. കാലത്തിന്റേതായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലുമുണ്ട്. പക്ഷെ മാറ്റം ആരംഭിയ്ക്കുന്ന ഘട്ടത്തില്‍ അതൊരു ട്രെന്റായി മാറുന്നത് പതിവാണ്.

പുതിയൊരു തുടക്കത്തിന്റെ ഘട്ടത്തിലാണ് ഇപ്പോള്‍ മലയാള സിനിമയും. ചില സ്‌റ്റൈലുകളും രീതികളും സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും ട്രെന്റായി മാറുന്നു. ചിലപ്പോള്‍ അതൊരു ആവര്‍ത്തനമായി തോന്നിയേക്കാം. നോക്കൂ ഇപ്പോള്‍ മലയാള സിനിമ എന്തിന്റെയൊക്കെ പുറകിലാണെന്ന്

താടി സ്റ്റൈല്‍

നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിലെ താടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം മലയാള സിനിമയില്‍ താടി ഒരു സ്‌റ്റൈലായി മാറുകയാണ്. ചാര്‍ലിയിലെ ദുല്‍ഖര്‍ സല്‍മാന്റെ താടി ശ്രദ്ധിക്കപ്പെട്ടു. ഗപ്പിയിലെ ടൊവിനോ തോമസിന്റെ താടിയും തരംഗമായി. ഇപ്പോഴിതാ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും, ഫുക്രിയില്‍ ജയസൂര്യയും, സഖാവില്‍ നിവിനും വ്യത്യസ്തമായ താടി സ്റ്റൈലുമായി വരുന്നു. ലൂസിഫര്‍ എന്ന ചിത്രത്തില്‍ ലാലിനും താടിയുണ്ട് എന്നാണ് കേള്‍ക്കുന്നത്. ചെറുതും വലുതുമായി ഒത്തിരി താടി സ്റ്റൈലുകള്‍ ഇതിനിടയില്‍ വന്നുപോയി

പേരില്‍ മൃഗങ്ങള്‍

താരങ്ങളുടെ സ്റ്റൈലില്‍ നിന്ന് മാറി സിനിമാ പേരുകളിലെത്തിയാന്‍ അവിടെയും പുതിയ ട്രെന്റാണ്. മൃഗങ്ങളുടെ പേര് ചേര്‍ത്ത് സിനിമാ പേരിടുന്നതാണ് സ്റ്റൈല്‍. ഒരു ആടിനെ കൊണ്ട് പണി കിട്ടാന്‍ തുടങ്ങിയപ്പോള്‍ ആട് ഒരു ഭീകര ജീവിയായി. മുരുകന്‍ പുലിയെ പിടിച്ചപ്പോള്‍ പുലിമുരുകനായി. ഇനിയും വരുന്നു സ്വര്‍ണ കടവയും ആട് ജീവിതവുമൊക്കെ. തമിഴിലും പുലി, പായും പുലി തുടങ്ങിയ സിനിമകള്‍ റിലീസായതും ഈ ഒരു വര്‍ഷത്തിനുള്ളിലാണ്

താരപുത്രന്മാരുടെ വരവ്

മലയാള സിനിമയില്‍ മക്കള്‍ യുഗം തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. പൃഥ്വിരാജും ഇന്ദ്രജിത്തും വന്ന് വിജയം കണ്ടതോടെ ആ ഒഴുക്കിന്റെ ശക്തി കൂടി. ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമൊക്കെ വിജയം കണ്ടു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ മകനും മോഹന്‍ലാലിന്റെ മകനും ജയറാമിന്റെ മകനുമൊക്കെ സജീവമായി സിനിമയില്‍ ഇറങ്ങുന്നു. സിദ്ധിഖിന്റെ മകന്‍, രതീഷിന്റെ മക്കള്‍, കൃഷ്ണകുമാറിന്റെ മകള്‍ അങ്ങനെ ഒരു പുതിയ തലമുറയും മലയാള സിനിമയിലെത്തി.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു

സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലേക്ക് തിരിയുമ്പോള്‍, ഇനി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളെല്ലാം കൂടുതലും രാഷ്ട്രീയം കൈ കാര്യം ചെയ്യുന്നത് കാണാം. നിവിന്‍ പോളി നായകനാകുന്ന സഖാവ് ഇതിനോടകം ശ്രദ്ധ നേടി. ടൊവിനോ തോമസിന്റെ ഒരു മെക്‌സിക്കന്‍ അപരാതയും രാഷ്ട്രീയമാണ് വിഷയമാക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവും രാഷ്ട്രീയത്തിന് പ്രധാന്യം നല്‍കുന്നു. മൂന്ന് ചിത്രങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബജറ്റ് ചിത്രങ്ങള്‍

നൂറ് കോടിയുടെയും ഇരുന്നൂറ് കോടിയുടെയും അന്യഭാഷ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ മലയാളവും ഒട്ടും കുറയ്ക്കാന്‍ പാടില്ലല്ലോ. 27 കോടി ചെലവില്‍ നിര്‍മിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഇതുവരെ റിലീസ് ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം. ആ ചരിത്രം തിരുത്തിയെഴുതാന്‍ ജയരാജിന്റെ വീരം വരുന്നു. 35 കോടിയാണ് വീരത്തിന്റെ മുടക്കുമുതല്‍. 25 കോടിയ്ക്കാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ നിര്‍മിച്ചത്. 300 കോടിയ്ക്കാണത്രെ പൃഥ്വിരാജിന്റെ കര്‍ണന്‍ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കര്‍ണന്‍ 70 കോടിയ്ക്കും. നിവിന്‍ പോളി നായകനാകുന്ന കായം കുളം കൊച്ചുണ്ണിയാണ് മറ്റൊരു ബിഗ് ബജറ്റ് ചിത്രം

കാമ്പസ് സിനിമകള്‍

രാഷ്ട്രീയ സിനിമകള്‍ എന്ന പോലെ തന്നെ ഇപ്പോള്‍ കാമ്പസ് ചിത്രങ്ങളും വരിവരിയായി റിലീസിന് തയ്യാറെടുക്കുകയാണ്. ആനന്ദം എന്ന കാമ്പസ് ചിത്രം മികച്ച പ്രതികരണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. ഒരേ മുഖം എന്ന കാമ്പസ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. മെക്‌സിക്കന്‍ അപാരതയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു കാമ്പസ് ചിത്രം. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ ഒരുക്കുന്ന സഖാവിനും കാമ്പസ് പശ്ചാത്തലം ഉണ്ട്. കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രവും കാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

പുതുമുഖങ്ങള്‍

സംവിധാന രംഗത്തും അഭിനയ രംഗത്തും സാങ്കേതിക രംഗത്തും പുതുമുഖങ്ങള്‍ വരുന്നതും മലയാള സിനിമയില്‍ പുതിയ പ്രവണതയാണ്. വെറുതെ വരുന്നു എന്ന് മാത്രമല്ല, വിജയം ഉറപ്പിയ്ക്കുകയും ചെയ്യുന്നു. ആനന്ദം എന്ന ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കളും നിര്‍മാതാവും സംഗീത സംവിധായകനും എല്ലാം പുതുമുഖമാണ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മിച്ച ചിത്രം. സംവിധാന രംഗത്തും നായികമാരുടെ കൂട്ടത്തിലുമാണ് ഏറ്റവും കൂടുതല്‍ പുതുമഖ താരങ്ങള്‍ എത്തുന്നത്

വിവാഹ മോചനം

സ്റ്റൈലും സിനിമ ചര്‍ച്ച ചെയ്യുന്ന രീതികളും മാത്രമല്ല, നടിമാരുടെ വിവാഹ മോചനവും ഇപ്പോള്‍ മലയാളത്തില്‍ ഒരു ട്രെന്റായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. അമല പോള്‍, ദിവ്യ ഉണ്ണി, ലിസി, ശാന്തികൃഷ്ണ ഇങ്ങനെ ഈ വര്‍ഷം വിവാഹ മോചിതരായ താരങ്ങളും ഏറെയാണ്. സ്‌റ്റൈലിന്റെയും ട്രെന്റിന്റെയും ഭാഗമാണോ ഇതും എന്നാണ് സാധാരണക്കാരന്റെ ചോദ്യം.

English summary
New trends in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam