For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടനാട്ടിലെ ഹരിയേട്ടനും ചില അവിഹിത-അതിവിഹിതപ്രശ്നങ്ങളും.. ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  2.5/5
  Star Cast: mammootty, rai laxmi, anu sithara, shamna kasim.
  Director: sethu

  തിരക്കഥാകൃത്തുകളായിരുന്ന സച്ചി_സേതു ടീമിലെ സേതു ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് "ഒരു കുട്ടനാടൻ ബ്ലോഗ്" അനന്താവിഷന്റെ ബാനറിൽ പി കെ മുരളീധരനും ശാന്താമുരളീധരനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ മമ്മുട്ടിചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ്, ഷമ്ന കാസിം എന്നിവരാണ് നായികമാർ.. ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ കുട്ടനാടൻ ബ്ലോഗിനെക്കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ തുടർന്ന് വായിക്കാം..

  ഓണത്തിന് എത്തേണ്ടതായിരുന്നു "ഒരു കുട്ടനാടൻ ബ്ലോഗ്". പെരുമഴയും പ്രളയവും കാരണം കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളം കേറി പ്രതിസന്ധിയിലായപ്പോൾ റിലീസ് വൈകിയ പടം ഇന്ന് തിയേറ്ററിലെത്തി. ഓണപ്പടമെന്ന നിലയിൽ കളർഫുൾ ഐറ്റങ്ങൾ ആ വോളം ചേർത്ത് തയ്യാർ ചെയ്യാൻ ശ്രമിച്ചിരിക്കുന്ന കുട്ടനാടൻ ബ്ലോഗിലെ മുഖ്യ ആകർഷണം നെടിയേടത്ത് ഹരിയേട്ടൻ എന്ന മമ്മൂക്കയും ഇക്കയുടെ ഗ്ലാമറും തന്നെയാണ്. ഹിറ്റ് തിരക്കഥാജോഡിയായിരുന്ന സച്ചി-സേതുമാരിലെ സേതു ആദ്യമായി ഒറ്റയ്ക്ക് തിരക്കഥാ-സംവിധാനം നിർവഹിക്കുന്ന ചിത്രം എന്നൊരു സവിശേഷതയും ഇതിനുണ്ട്. സലാം കശ്മീർ, ഐ ലവ് മി, കസിൻസ്, അച്ചായൻസ് എന്നീ സിനിമകൾ ഒറ്റയ്ക്ക് തിരക്കഥ എഴുതിയ ശേഷമാണ് സേതു സംവിധാനരംഗത്തേക്ക് ധീരമായി കാലെടുത്ത് വെക്കുന്നത്.

  ഉണ്ണി മുകുന്ദന്റെ ശബ്ദത്തിൽ സംസാരിക്കുന്ന സഞ്ജു ശിവറാം എഴുതുന്ന കുട്ടനാടൻ ബ്ലോഗ് സണ്ണി വെയിൻ ഏതോ ഗൾഫ് രാജ്യത്തിലിരുന്ന് വായിച്ചാസ്വദിക്കുന്ന മട്ടിലാണ് സിനിമയുടെ ആഖ്യാനം. കൃഷ്ണപുരം എന്ന കുട്ടനാടൻ ഗ്രാമത്തിലെ വിശേഷങ്ങൾ ആണ് ബ്ലോഗിന്റെ ഉള്ളടക്കം. സ്വന്തം വീരഗാഥകൾ വർണിക്കാൻ മാത്രം സൈബറിടങ്ങളെ ഉപയോഗിക്കുന്ന മലയാളികളുടെ ഇടയിൽ , തന്റെ കൂട്ടുകാരനായ ഹരിയേട്ടനെ ഫോക്കസ് ചെയ്തിത്ര വിശദമായി എഴുതാൻ മെനക്കെടുന്ന കുട്ടനാടൻ ബ്ലോഗർ ഒരു മാതൃകാപുരുഷോത്തമനാണ്..

  കൃഷ്ണപുരം നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഗ്രാമവും ഹരിയേട്ടൻ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ക്യാരക്റ്ററും തന്നെയാണ്. ഗൾഫ് റിട്ടേണിയും പണക്കാരനും നെടുമുടി വേണുവിന്റെ മകനുമായ ഹരിയേട്ടൻ നാട്ടിലെ യൂത്തായ ജേക്കബ് ഗ്രിഗറി, സീനു സോഹൻലാൽ , ജൂഡ് ആന്റണി , സഞ്ജു എന്നിവരുടെയൊക്കെ രോമാഞ്ചമാണ്. ഒന്നിച്ചുള്ള മദ്യപാനവും കറക്കവും മാത്രമല്ല, പ്രണയം തുറന്നുപറയേണ്ടി വരുന്ന നിർണായകസന്ദർഭങ്ങളിൽ ഹരിയേട്ടൻ യുവാക്കളുടെ രക്ഷകനാകാറുമുണ്ട്. നവം നവമായ ഫ്രെഷ് ഐഡിയകളുടെ കാര്യത്തിൽ പത്തുതലയുള്ള രാവണനാണ് ഹരിയേട്ടൻ.. സ്വാഭാവികമായും പഞ്ചായത്ത് പ്രസിഡന്റിനും സംഘത്തിനും ഹരിയേട്ടന്റെ ന്യൂ ജെൻ ഫ്രീക്ക് കളികൾ അത്ര താല്പര്യമല്ല.. (കശ്മലന്മാർ)

  ബ്ലോഗ് വായിക്കുന്ന സണ്ണി വെയിന്റെ കാമുകി പോലും ഹരിയേട്ടന്റെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ നോക്കി "വാവ്.. വാട്ട് ഏൻ ഓസം മാൻ.. പൊളിച്ചു" എന്നാണ് ആത്മഗതപ്പെടുന്നത്. അപ്പോൾ പിന്നെ കൃഷണപുരത്തെ പെണ്ണുങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.. മെട്രോ കാണാൻ എറണാകുളത്ത് പോവുമ്പോൾ, കണ്ടാലുടൻ കെട്ടിപ്പിടിക്കുന്ന പരിഷ്കാരി യുവതികളുമായിപ്പോലും ഹരിയേട്ടന് കച്ചവടബന്ധങ്ങൾ ഉണ്ടെന്ന് കണ്ട് ഗ്രിഗറിയെപ്പോലുള്ളവർ വണ്ടറടിച്ച് വാപൊളിച്ച് പോവുന്നു.

  അങ്ങനെ ഉള്ള ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നാലുസ്ത്രീകളും അദ്ദേഹവുമായുള്ള ബന്ധത്തിലെ ദുരൂഹതകൾ എന്നൊക്കെ വേണമെങ്കിൽ കുട്ടനാടൻ ബ്ലോഗിന്റെ ഗഹനതകളെ ഒറ്റവാചകത്തിൽ സംഗ്രഹിക്കാം. മാഷിന്റെ മോളായ ഹേമ എന്ന അനു സിതാര, ഹരിയേട്ടന്റെ ബാല്യകാലസഖി ആയ ശ്രീജയ എന്ന ലക്ഷ്മി റായി (റായ് ലക്ഷ്മി എന്ന് വേണ്ടവർക്ക് അങ്ങനേം വായിക്കാം) നാട്ടിലെ എസ് ഐ ആയി ചാർജെടുക്കുന്ന നീനാ കുറുപ്പ് എന്ന് പേരായ ഷം നാകാസിം എന്നിവരാണ് അതിൽ പ്രധാനികൾ. എട്ടുകൊല്ലം മുൻപ് മരിച്ച ഭാര്യയുടെ അനിയത്തിയുമായും നാട്ടുകാർ കണ്ണിൽ ചോരയില്ലാതെ അവിഹിതം ആരോപിക്കുന്നുണ്ട്..

  ഇതിനിടയിൽ നൃത്തനൃത്യങ്ങൾ ഡ്യുയറ്റും അല്ലാതെയുമുള്ള ഗാനരംഗങ്ങൾ, അവിഹിതഗർഭം, കവർച്ച, സംഘട്ടനം, ഇര, കുറ്റാരോപിതൻ, ഫേസ്ബുക്ക് ചതി, ട്വിസ്റ്റ്, ട്വിസ്റ്റിന്മേൽ ട്വിസ്റ്റ് എന്നിവയൊക്കെ ഇക്കാ ആരാധകരെ ഹഠാദാകർഷിക്കും വിധം സംവിധായകൻ സേതു ചേരുംപടി വിന്യസിച്ചിട്ടുണ്ട്. ഹഠാദാകർഷം, രോമാഞ്ചദായകം എന്നല്ലാതെ കൂടുതൽ റിവ്യു എഴുതാനൊക്കെ ഞാൻ അശക്തനാണ്. ഓണം പോലെയൊക്കെ ഒരു മികച്ച ഒരു യിതാണ് ഹരിയേട്ടനും കുട്ടനാടൻ ബ്ലോഗും എന്ന് മാത്രം പറഞ്ഞ് ഉപസംഹരിപ്പിക്കാം. കഴിയുമെങ്കിൽ മലയാളികളൊക്കെയോ ഒന്നോ അനേകമോ പ്രാവശ്യം ഈ അത്യുജ്ജ്വല കലാസൃഷ്ടി അനുഭവിച്ചു തന്നെ അറിയുകയാണ്.

  നബി:-

  മനസിൽ നന്മയും നേരും‌ കുളിരുമുള്ളവർക്ക് കുട്ടനാടൻ ബ്ലോഗിനെ നെഞ്ചോട് ചേർത്തുപിടിക്കാതിരിക്കാനാവില്ല.. നന്മയും മേല്പറഞ്ഞ സംഗതികളും ഇല്ലാത്ത അലവലാതികൾ പല കുൽസിതവചനങ്ങളും പറയും.. കാര്യമാക്കണ്ട...

  നന്ദി സേതുസാർ... ഒരായിരം നന്ദി..

  അങ്ങ് ഇക്കയെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുന്ന കോഴിത്തങ്കച്ചൻ എന്നൊരു സിനിമ കുട്ടനാടൻ ബ്ലോഗിന് മുൻപെ അനൗൺസ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും പെട്ടെന്ന് അതുകൂടി യാഥാർത്ഥ്യമാക്കുമെന്ന് പ്രതീക്ഷിച്ചോട്ടെ സാർ?

  തീർത്തും പഴയ മട്ടിലൊരു എന്റർടൈനർ.. കൂടുതൽ പ്രതീക്ഷിക്കാത്തവർക്കുള്ളത്.. ശൈലന്റെ റിവ്യു

  English summary
  Schylan writes about Oru kuttanadan blog movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X