»   » പെരുന്നാളിന് പൃഥ്വിരാജിന്റെ മെമ്മറീസ് എത്തും

പെരുന്നാളിന് പൃഥ്വിരാജിന്റെ മെമ്മറീസ് എത്തും

Posted By:
Subscribe to Filmibeat Malayalam

ഹിന്ദിയില്‍ ശ്രദ്ധകൊടുത്തതോടെ മലയാളത്തില്‍ സ്ഥാനം നഷ്ടമായ പൃഥ്വിരാജ് വീണ്ടും മലയാളത്തിലേക്കു തന്നെ തിരിച്ചുവരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ യുവതാരങ്ങളുടെ ചിത്രങ്ങള്‍ വന്‍ നേട്ടമുണ്ടാക്കിയതോടെയാണ് പൃഥ്വിക്കു അപകടം തിരിച്ചറിഞ്ഞത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ചിത്രങ്ങളെക്കാള്‍ ഫഹദ് ഫാസില്‍, ദുല്‍ക്കര്‍, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങള്‍ വിജയിച്ചതാണ് പൃഥ്വിക്കു തിരിച്ചടിയാകുന്നത്. ആറുമാസത്തിനുള്ളില്‍ സെല്ലുലോയ്ഡ് മാത്രമാണ് പൃഥ്വിയുടെതായി റിലീസ് ചെയ്തത്. അതിനാല്‍ എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൃഥ്വി.

ജിത്തുവിന്റെ മെമ്മറീസ് പെരുന്നാളിനു തിയറ്ററിലെത്തും. മേഘ്‌നരാജ് ആണ് നായിക. പൊലീസ് ഓഫിസറുടെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ജിത്തുവിന്റെതാണ് കഥയും തിരക്കഥയും. അതിനു പിന്നാലെ അനില്‍ സി. മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് വരും. പൂര്‍ണമായും ലണ്ടനില്‍ വച്ചാണ് ചിത്രീകരിക്കുന്നത്. ആന്‍ഡ്രിയയാണ് ഇതില്‍ നായിക. ഓണത്തോടനുബന്ധിച്ച് ഈ ചിത്രവും തിയറ്ററിലെത്തും. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും പിന്നീട് അഭിനയിക്കുക. ഹിമാലയന്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. ഈ മൂന്നു ചിത്രവും ഈ വര്‍ഷം തന്നെ തിയറ്ററിലെത്തിക്കാനുള്ള ശ്രമമാണ് പൃഥ്വി നടത്തുന്നത്.

Prithviraj

ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചാല്‍ സാമ്പത്തികമായി നേട്ടമുണ്ടാകുമെങ്കിലും നായകപദവി കിട്ടില്ല. കൂടുതല്‍ സമയവും ഹിന്ദിയില്‍ അഭിനയിക്കാന്‍ വേണ്ടിവരും. ഔറംഗസേബിനു തന്നെ ഏഴുമാസമാണ് ചെലവിട്ടത്. എന്നാല്‍ അതിലെ നായകന്‍ മറ്റൊരു നടനായിരുന്നു. ഇനി കയ്യില്‍ വന്നത് അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫാറാ ഖാന്‍ ചിത്രമാണ്. അതില്‍ നിന്ന് പൃഥ്വി പിന്‍വാങ്ങിയെന്നാണ് ഇപ്പോള്‍ പറയുന്നത്. മലയാളത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് ഈ ബിഗ് ബജറ്റ് ചിത്രം പൃഥ്വി ഒഴിവാക്കിയത്.

നിവിന്‍പോളിയും ഫഹദും ദുല്‍ക്കറുമാണ് ഇപ്പോള്‍ കൂടുതല്‍ ചിത്രത്തിലേക്കു കരാര്‍ ചെയ്യപ്പെടുന്നത്. അവരാണു പൃഥ്വിക്കു വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങളും. വര്‍ഷത്തില്‍ നാലു ചിത്രമെങ്കിലും ഇവരുടെതായി ഉണ്ട്. ഇനിയും മാറിനിന്നാല്‍ മലയാളികള്‍ തന്നെ പൂര്‍ണമായും വിട്ടുപോകുമെന്ന് പൃഥിക്കു ഉറപ്പുണ്ട്. അതിലുപരി അഭിനയ സാധ്യതയും അവാര്‍ഡ് സാധ്യതയും ഉള്ളത് മലയാളത്തില്‍ മാത്രമാണ്. വെറുതെ ചിത്രങ്ങള്‍ മാത്രം ചെയ്യാതെ കാമ്പുള്ള ചിത്രങ്ങളില്‍ കൂടി ഭാഗമാകാനാണ് പൃഥ്വിയുടെ തീരുമാനം. ഡോ. ബിജുവിന്റെ ചിത്രം അത്തരത്തിലൊന്നാണ്. തകര്‍ന്നുപോയ ഉത്തരാഖണ്ഡിന്റെ പശ്ചാത്തലത്തിലാണ് ബിജു ചിത്രമൊരുക്കുന്നത്. അവിടെ തകര്‍ച്ചയില്‍ അകപ്പെട്ടുപോയ ഒരു സംവിധായകനും ഒരു ഭര്‍തൃമതിയും തമ്മിലുള്ള ബന്ധമാണ് കഥയുടെ സാരം. ഏതായാലും പൃഥ്വി കൂടി തിരിച്ചുവരുന്നതോടെ മലയാളത്തിലെ യുവതരംഗം കൂടുതല്‍ മല്‍സരം നിറഞ്ഞതാകും.

English summary
Prithviraj's movie Memories will release on ramzan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam