twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടെലഫോണ്‍ അങ്കിളും ദീപമോളും! ഒന്ന് മുതല്‍ പൂജ്യം വരെ സിനിമയെ കുറിച്ചുള്ള ഓര്‍മ്മയില്‍ സംവിധായകന്‍!!

    |

    രാരീ രാരീരം രാരോ.. കെഎസ് ചിത്രയും ജി വേണു ഗോപാലും ചേര്‍ന്ന് പാടിയ ഹിറ്റ് പാട്ടിയിരുന്നു ഇത്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ മനോഹരമായ പാട്ട്. ഈ പാട്ട് കേള്‍ക്കുമ്പോഴെല്ലാം ചിത്രത്തിലെ ദീപമോളെ കുറിച്ചോര്‍ത്ത് വേദനിക്കുന്നവരാണ് മലയാളികളെല്ലാവരും. എവിടെ നിന്നോ വന്ന് എവിടെക്കോ പോയ ടെലഫോണ്‍ അങ്കിളും ദീപമോളുമായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം.

    രഘുനാഥ് പാലേരി സംവിധാനം ചെയ്ത് 1986 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് മൂവിയായിരുന്നു ഒന്ന് മുതല്‍ പൂജ്യം വരെ. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ സിനിമയെ കുറിച്ച് ഓര്‍മ്മ പുതുക്കി എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് സിനിമയിലെ ഡയലോഗുകളടക്കം രഘുനാഥ് പാലേരി ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമയെ കുറിച്ച് ഒരുപാട് പേരുടെ എഴുത്തുകള്‍ വായിച്ചിട്ടുണ്ട്. അതില്‍ അഞ്ജലി മാധവി ഗോപിനാഥ്, ഹരികൃഷ്ണന്‍ കോമത്ത് എന്നിവരുടെ കുറിപ്പുകള്‍ വായിച്ചതാണ് ചിത്രത്തെ പറ്റി തന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

     ഒന്ന് മുതല്‍ പൂജ്യം വരെ

    ഒന്ന് മുതല്‍ പൂജ്യം വരെ

    മോഹന്‍ലാലിനൊപ്പം ഗീതു മോഹന്‍ദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഒന്ന് മുതല്‍ പൂജ്യം വരെ. രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ആശ ജയറാം, നെടുമുടി വേണു, പ്രതാപ് പോത്തന്‍, സുകുമാരി, എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിരവധി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നവാഗത സംവിധായകന്‍, ബാലതാരം, ഛായാഗ്രഹകന്‍, കലാസംവിധായകന്‍, ശബ്ഗദ സംയോജകന്‍ എന്നിങ്ങനെയുള്ള പുരസ്‌കാരമായിരുന്നു ലഭിച്ചിരുന്നത്.

     രഘുനാഥ് പാലേരി എഴുതിയ പോസ്റ്റ്

    രഘുനാഥ് പാലേരി എഴുതിയ പോസ്റ്റ്

    ഇവളാരോടാണ് ഇത്ര ഉച്ചത്തില്‍ ചിരിക്കുന്നതെന്നറിയാനായി അലീന കടന്നു വന്നതും ദീപ റസീവര്‍ അമ്മയ്ക്കു നീട്ടി. അലീനയ്ക്കു ഭീതിയായി. 'ആരാ മോളേ?' 'ടെലഫോണ്‍ അങ്കിള്‍.' 'ആര്?''ടെലഫോണ്‍ അങ്കിള്‍.'അലീന അറിയാതെ റസീവറെടുത്തു. ഈശ്വരാ.. എന്തു സമാധാനമാണ് പറയുന്നത്. ക്രാഡിലില്‍ തിരികെ വച്ചാലോ. അവള്‍ മൗത്ത്പീസ് പൊത്തി. 'എന്തിനാ എപ്പോഴും ഇങ്ങനെ തിരിച്ചു കളിക്കുന്നത്. കളിക്കാന്‍ വേറെ എത്ര സാധനങ്ങളുണ്ട് ഈ വീട്ടില്‍.' ദീപ ഇപ്പോള്‍ കരയുമെന്നായി. അലീന റസീവര്‍ ചെവിയില്‍ വെച്ചു. 'ക്ഷമിക്കണം. മോള് അറിയാതെ വിളിച്ചതാണ്. അവള്‍ ഞാനില്ലാത്തപ്പോള്‍ വെറുതെ തമാശയ്ക്ക് ഓരോ നമ്പര്‍ കറക്കി ഏതോ നമ്പര്‍ കിട്ടിയതാണ്. ക്ഷമിക്കണം. 'ഇങ്ങേത്തലയ്ക്കല്‍ സ്വരത്തിനു മാറ്റം വന്നു.

     ടെലഫോണ്‍ അങ്കിളും ദീപ മോളും

    ടെലഫോണ്‍ അങ്കിളും ദീപ മോളും

    'ഇപ്പഴിതാരാണു സംസാരിക്കുന്നത്. 'ദീപയുടെ അമ്മയാണ്. കുട്ടി അറിയാതെ വിളിച്ചതാണ്.''വെറുതെ കള്ളത്തരം പറയരുത്. അവള്‍ അറിഞ്ഞിട്ടു തന്നെ വിളിച്ചതാണ്. അവള്‍ക്ക് അറിയാം ഞാനിവിടെയുണ്ടെന്ന്.'അലീന അമ്പരന്നു. ഇതേത് മനുഷ്യന്‍. അയാള്‍ തുടര്‍ന്നു. 'വെറുതെ കുട്ടിയാട് ദേഷ്യം പിടിച്ചു നിങ്ങള്‍ ലൈന്‍ കട്ട് ചെയ്യണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ തിരിച്ചു വിളിക്കും. എനിക്കു നിങ്ങളുടെ നമ്പര്‍ അറിയാം.' 'ആരു പറഞ്ഞു തന്നു?' 'ദീപമോള് പറഞ്ഞു തന്നു.'
    അലീന ദീപമോളെ നോക്കി. മതി സംസാരിച്ചത്; എനിക്കു താ റസീവര്‍ എന്ന ഭാവമാണ് അവള്‍ക്ക്.

     ആ സൗഹൃദം ഇവിടെ തുടങ്ങുന്നു

    'ദീപമോള് എന്നെ വിളിച്ചതില്‍ എനിക്കൊരു പരാതിയുമില്ല. സത്യത്തില്‍ വളരെ സന്തോഷം തോന്നി. ഇവിടെ ആകെ ബോറടിച്ച് ഇരിക്കയായിരുന്നു. അവളും എന്നപ്പോലെ ബോറടിച്ചു കാണും. മോള് എത്രയിലാ പഠിക്കുന്നത്. 'നഴ്‌സറിയില്‍. ഓ.. അതു ശരി. നിങ്ങളുടെ സംസാരം കേട്ടാല്‍ തോന്നും അവളേതാണ്ടു വലിയ കുട്ടിയാണെന്ന്. റസീവര്‍ അവള്‍ക്കു തന്നെ കൊടുക്കൂ. ഞങ്ങളേതായാലും ഇനി ഒന്നു സംസാരിക്കുവാന്‍ പോവ്വ. അലീനയ്ക്കു ചെറിയ ചിരി വന്നു. അവള്‍ സാവകാശം റസീവര്‍ ദീപമോള്‍ക്കു നീട്ടി. മോളതു പെട്ടെന്നു വാങ്ങി ഹലോ പറഞ്ഞു. അപ്പുറത്തു നിന്നും അയാള്‍ പതിയെ ചോദിച്ചു. 'അമ്മ പോയോ?' ദീപമോളും അതേ ശബ്ദത്തില്‍ പറഞ്ഞു. 'ഇല്ല.. ഇവിടെ തന്നെ നില്‍ക്കാ.' അലീന അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ആ സംസാരം അവളെക്കുറിച്ചാണെന്നത് അലീനയ്ക്കു സ്പഷ്ടമായിരുന്നു. അതൊരു തുടക്കമായി. പുതിയ സൗഹൃദത്തിന്റെ തുടക്കം. പുതിയ സംഗീതത്തിന്റെ ആരംഭം. എത്ര വേഗമാണ് ഉണങ്ങിയ കൊമ്പുകള്‍ പൂത്തത്. എത്ര ഉരത്തിലാണു മനസ്സിലെ പ്രാവുകള്‍ക്കു പറക്കുവാന്‍ കഴിയുന്നത്. മുറ്റത്തു വിരിയുന്ന തുമ്പപ്പൂക്കള്‍ക്ക് എന്തൊരു തേജസ്സാണ്. കുരിശിനു മുന്നില്‍ തെളിക്കുന്ന മെഴുകുതിരി നാളങ്ങള്‍ക്ക് ഇപ്പോള്‍ എന്തൊരു പ്രഭയാണ്.

    ആകാശത്തേക്കൊരു ജാലകം

    (ആകാശത്തേക്കൊരു ജാലകം' എന്ന കഥയില്‍ നിന്നും പകര്‍ത്തിയ ഒരു ഭാഗമാണ് മുകളില്‍. ഈ കഥയില്‍ നിന്നുമാണ് ഞാന്‍ അലീനയുടെയും ദീപ മോളുടെയും ടെലഫോണ്‍ അങ്കിളിന്റെയും ജോസുകുട്ടിയുടെയും കഥ പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത്). ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയെ എനിക്ക് സ്പര്‍ശിക്കാന്‍ സാധിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ആ സൃഷ്ടിയിലേക്ക് എന്നെ നയിച്ച മഹാ മനസ്സുകള്‍ ഇന്നും എന്നില്‍ അതേ വര്‍ണ്ണരാജിയോടെ പരിലസിക്കുന്നു. ആ സൃഷ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ഒരു പൂന്തോട്ടം തന്നെ എന്നിലുണ്ട്. ഞാന്‍ ഇന്നും ആ തോട്ടത്തിന്റെ കാവല്‍ക്കാരനാണ്. ഇത്രയും വര്‍ഷത്തിനുള്ളില്‍ ആ സിനിമയെ കുറിച്ച് പലരും എഴുതിയ അനവധി ലേഖനങ്ങളും കുറിപ്പുകളും വായിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരുപക്ഷെ അതെല്ലാം കാലം എനിക്കായി കാലത്തിനു തന്നെ സമര്‍പ്പിക്കുന്ന ദക്ഷിണ ആയിരിക്കാം. ഞാന്‍ അതിനെ അങ്ങിനെ കാണുന്നു. അതാണ് അതിന്റെ സൗന്ദര്യവും.

    English summary
    Reghunath Paleri opens about his movie Onnu Muthal Poojyam Vare
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X