For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഴയായും രാത്രിമഴയായും പെയ്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്‍! വിങ്ങലടങ്ങാതെ സിനിമാലോകം! വിട!!!

  |

  അപ്രതീക്ഷിതമായാണ് മറ്റൊരു വിയോഗ വാര്‍ത്ത മലയാളികളെത്തേടിയെത്തിയത്. മഴയായും രാത്രി മഴയായും മകരമഞ്ഞായും ഇടവപ്പാതിയായും അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചുവെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാലോകവും പ്രേക്ഷകരും. കരള്‍ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് അപ്രതീക്ഷിതമായി വിയോഗവാര്‍ത്ത എത്തിയത്. താരങ്ങളും സംവിധായകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയിരുന്നു. സിനിമകളിലൂടെ തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാവുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്.

  വേനല്‍, ചില്ല്, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രി മഴ, മകരമഞ്ഞ്, ഇടവപ്പാതി.. എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നത്. ഗാനങ്ങളാണ് മറ്റൊരുു ആകര്‍ഷണ ഘടകം. കവിതകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനെക്കഴിഞ്ഞേ മറ്റൊരാളുള്ളൂ. ഇരുളില്‍ മഹാനിദ്രയില്‍, ആരാദ്യം പറയും തുടങ്ങിയവ ഉദാഹരണമാണ്. അഭ്രപാലിയിലെ കാഴ്ചകളിലൂടെ ഓരോ തവണയും പ്രേക്ഷകനെ വിസ്മയിപ്പിച്ച ലെനിന്‍ രാജേന്ദ്രന്റെ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിട്ടുവീഴ്ചയില്ലാത്ത നിലപാട്

  വിട്ടുവീഴ്ചയില്ലാത്ത നിലപാട്

  സിനിമയിലായാലും ജീവിതത്തിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറിയ സംവിധായകരിലൊരാളാണ് ലെനിന്‍ രാജേന്ദ്രന്‍. പേരിലെപ്പോലെ തന്നെ ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. ഒരിക്കല്‍പ്പോലും നിലപാടുകളില്‍ മായം കലര്‍ത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് സിനിമകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവും. എന്റെ രാഷ്ട്രീയമാണ് എന്റെ സിനിമയെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു.

  കരുത്തരായ സ്ത്രീകള്‍

  കരുത്തരായ സ്ത്രീകള്‍

  പുരുഷന് പിന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടവളല്ല സ്ത്രീ. കരുത്തരായ സ്ത്രീകളെയും അദ്ദേഹം സ്വന്തം സിനിമയിലൂടെ കാണിച്ചിരുന്നു. കുലമെന്ന സിനിമ കണ്ടാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. കുലമഹിമ പുരുഷന്‍മാര്‍ക്ക് മാത്രമല്ല അത് സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമയിലൂടെയായിരുന്നു.

   മഴയും ദൈവത്തിന്റെ വികൃതികളും

  മഴയും ദൈവത്തിന്റെ വികൃതികളും

  നോവലിനെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്ന കാര്യത്തിലും അഗ്രഗണ്യനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. ദൈവത്തിന്റെ വികൃതികളും മഴയും മറക്കാന്‍ എന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് കഴിയുമോ, രഘുവരനെന്ന അഭിനേതാവിനെ ഇത്രയുമധികം മനോഹരമായി മറ്റേത് സിനിമയിലാണ് കണ്ടത്. ഇരുളില്‍ മഹാനിദ്രയിലെന്ന കവിതയേയും അദ്ദേഹം കൃത്യമായി ഉപയോഗിച്ചിരുന്നു. ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടേയും കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഴ നഷ്ടപ്പെട്ട നീലാംബരിയെ അടിസ്ഥാനമാക്കി ഒരുക്കിയതായിരുന്നു.

  രാഷ്ട്രീയത്തിലും പരീക്ഷണം

  രാഷ്ട്രീയത്തിലും പരീക്ഷണം

  ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം ഇടയ്ക്ക് തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. രണ്ടുതവണ മത്സരിച്ചപ്പോഴും പരാജയത്തിന്റെ കയ്പുനീരായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ഒറ്റപ്പാലത്തുനിന്നുമായിരുന്നു അദ്ദേഹം മത്സരിച്ചത്. കെആര്‍ നാരായണനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മത്സരത്തില്‍ തോറ്റപ്പോള്‍ അതൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലൂടെയാണ് അദ്ദേഹം കണ്ടത്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് നിരവധി തവണ അദ്ദേഹം വാചാലനായിരുന്നു.

  അന്യറിനായി പ്രേരിപ്പിച്ചത്

  അന്യറിനായി പ്രേരിപ്പിച്ചത്

  ഗുജറാത്ത കലാപത്തിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചായിരുന്നു അന്യര്‍ പറഞ്ഞത്. ബിജു മേനോനും ജ്യോതിര്‍മയിയുമായിരുന്നു ചിത്രത്തില്‍ നായികാനായകന്‍മാരായെത്തിയത്. ഇന്ന് താനിത് വിളിച്ച് പറഞ്ഞില്ലെങ്കില്‍ തനിക്ക് കാലം മാപ്പ് തരില്ലെന്നും ഇതൊക്കെ പറയാനായി സിനിമ മാത്രമേ തനിക്ക് മുന്നിലൂള്ളൂവെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. പ്രമേയത്തിലെ വ്യത്യസ്തത പക്ഷേ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നില്ല. ബോക്‌സോഫീസില്‍ പരാജയമായി മാറുകയായിരുന്നു അന്യര്‍.

  മകരമഞ്ഞു ഇടവപ്പാതിയും

  മകരമഞ്ഞു ഇടവപ്പാതിയും

  വിപണിയിലെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയ സംവിധായകനായിരുന്നില്ല ലെനിന്‍ രാജേന്ദ്രന്‍. പല സിനിമകള്‍ക്കും ബോക്‌സോഫീസില്‍ കാലിടറേണ്ടി വന്നതിന് ശേഷവും തന്റെ നിലപാടുകളില്‍ നിന്നും മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് പറഞ്ഞ് മഴയും രാത്രിമഴയും, രാജാരവി വര്‍മ്മയുടെ ജീവിതത്തെ തൊട്ടറിഞ്ഞ മകരമഞ്ഞ് തുടങ്ങിയ സിനിമകള്‍ എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

  English summary
  RIP Lenin Rajendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X