India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷെയിൻ നിഗം ആദ്യം മുതലേ ഇങ്ങനെയാണ്; ഉമ്മ കൂടി പിന്നണിയിൽ എത്തി, ഭൂതകാലം നമ്മളെ ഒന്നുലയ്ക്കുമെന്ന് സലാം ബാപ്പു

  |

  ഷെയിന്‍ നിഗം നായകനായിട്ടെത്തിയ ഭൂതകാലം എന്ന സിനിമ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ കഥയും അവതരണവും വിഷ്വല്‍സുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍.

  പിന്നീടിങ്ങോട്ട് സിനിമയെ സംബന്ധിച്ചുള്ള നിരവധി നല്ല റിവ്യൂ വരികയും ചെയ്തു. ഇപ്പോഴിതാ സംവിധായകന്‍ സലാം ബാപ്പു ഭൂതകാലം കണ്ടതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ഭൂതകാലം നമ്മളെ പിടിച്ച് ഒന്നുലയ്ക്കുമെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ''ഈ ഭൂതകാലം നമ്മളെ ഒന്നുലക്കും... ഇന്ന് രാവിലെയാണ് സോണി ലൈവില്‍ സോണി ലൈവില്‍ ഷെയിന്‍ നിംഗം നായകനായി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭൂതകാലം' (Boothakaalam) കണ്ടത്. ഒരു കുഞ്ഞു ചിത്രം പ്രതീക്ഷിച്ച്, കണ്ട് തുടങ്ങിയ ഭൂതകാലം എനിക്കേറെ ഇഷ്ടമായി. കഥയിലും അവതരണത്തിലും അഭിനയത്തിലും വിഷ്വല്‍ ട്രീറ്റിലും ശബ്ദത്തിലും സാങ്കേതിക തലത്തിലും സിനിമയുടെ സമസ്ത മേഖലയിലും മികച്ചു നിന്നു ഭൂതകാലം... ഒരു പതിവ് സൈക്കോളജിക്കല്‍ ഡ്രാമ എന്ന രീതിയില്‍ തുടങ്ങി ഹൊറര്‍ ത്രില്ലറായാണ് ചിത്രം വികസിക്കുന്നത്. ആദ്യ ഷോട്ടില്‍ തന്നെ സംവിധായകന്‍ തന്റെ മനസ്സിലിരിപ്പ് ബോദ്ധ്യപ്പെടുത്തുന്നുണ്ടെങ്കിലും വളരെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചിത്രം ഒരു ഘട്ടം കഴിയുമ്പോള്‍ ചടുലമായ സഞ്ചാരപഥത്തിലെത്തുന്നു.

  പ്രേക്ഷകരില്‍ നിഗൂഢതയും ആകാംഷയും നിറക്കാനും സിനിമയോടൊപ്പം ഒട്ടിനിന്ന് എന്‍ഗേജ്ഡ് ആക്കാനും ഭൂതകാലത്തിലൂടെ സംവിധായകന്‍ രാഹുല്‍ സദാശിവന് സാധിക്കുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്തിറങ്ങിയ ഹൊറര്‍ ചിത്രങ്ങളുടെ ഗണത്തില്‍ മുന്‍നിരയില്‍ തന്നെ സ്ഥലമുറപ്പിക്കാന്‍ ഭൂതകാലത്തിന് ഇന്നലെ മുതല്‍ സാധിച്ചു. വൈകാരിക രംഗങ്ങള്‍ ഒരുപാടുള്ള ചിത്രത്തിന്റെ തിരക്കഥ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്, ഇത് തന്നെയാണ് ഭൂതകാലത്തിന്റെ കെട്ടുറപ്പും. അനാവശ്യമായ ഒരു ഡയലോഗ് പോലുമില്ല എന്നത് ഈ ചിത്രത്തോട് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു. വീട് എല്ലാവരുടെയും ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന സ്വകാര്യയിടമാണ്, ഭൂതകാല ഓര്‍മ്മകള്‍ പലപ്പോഴും വീടുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  വീടിന്റെ രാശി എന്ന മിത്തില്‍ പിടിച്ചു തന്നെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അഭിനേതാക്കള്‍ക്കൊപ്പം തന്നെ വീടും ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് ഭൂതകാലത്തില്‍. ആദ്യ സിനിമ മുതല്‍ ലഭിച്ച കഥാപാത്രങ്ങള്‍ സ്വാഭാവികമായ അഭിനയം കൊണ്ട് മികച്ചതാക്കിയിട്ടുള്ള നടനാണ് ഷെയിന്‍ നിഗം (Shane Nigam) എന്ന യുവതാരം, ഷെയിനിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഭൂതകാലത്തിലേത്. വൈകാരിക രംഗങ്ങളിലും ഹൊറര്‍ രംഗങ്ങളിലും കയ്യടക്കത്തോടെ ഉള്ള പ്രകടനവുമായി മികച്ച നടനെന്ന പേര് ഷെയിന്‍ വീണ്ടും ഉറപ്പിക്കുന്നുണ്ട്. തൊഴില്‍രഹിതനായ, സങ്കീര്‍ണതകള്‍ ഏറെയുള്ള വിനു എന്ന കഥാപാത്രം ഷെയ്‌നിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

  വിനുവിന്റെ വികാര വിസ്‌ഫോടനങ്ങള്‍ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ഷെയിന്‍ നിഗത്തിനു സാധിക്കുന്നുണ്ട്. ഇത്‌കൊണ്ട് തന്നെയാണ് ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന നടനായി ഷെയിന്‍ വളരെ പെട്ടെന്ന് ഉയര്‍ന്ന് വരുന്നത്. കഴിവുള്ളവനെ തളച്ചിടാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അടിവരയിടുന്ന പ്രകടനമാണ് ഭൂതകാലത്തില്‍ ഷെയിന്‍ കാഴ്ചവെക്കുന്നത്. സിനിമയിലെ ഏകഗാനം എഴുതി, സംഗീതം ചെയ്ത്, പാടികൊണ്ട് ഷെയിന്‍ നിഗം പുതിയ മേഖലയില്‍ കൂടി മികവ് തെളിയിച്ചിട്ടുണ്ട്. ഷെയിന്‍ നിഗം എന്ന സ്വന്തം ബാനറില്‍ ആദ്യ ചിത്രമൊരുക്കി ഷെയിന്‍ നിര്‍മാണ പങ്കാളി കൂടി ആകുന്നുണ്ട് ഭൂതകാലത്തില്‍.

  പ്രാരാബ്ദങ്ങളും മകനെ കുറിച്ചുള്ള ആധിയും മാനസിക പ്രശ്‌നങ്ങളും തളര്‍ത്തുന്ന, വൈകാരിക രംഗങ്ങള്‍ ഒരുപാടുള്ള ആശയെ അനുഭവ സമ്പത്തിന്റെ പിന്‍ബലത്തില്‍ രേവതി മികച്ചതാക്കി. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും അവരവരുടെ റോളുകള്‍ മികച്ചതാക്കി. സിനിമയിലെ ഹൊറര്‍ രംഗങ്ങള്‍ ഏറെ ഉദ്യോഗജനകമാക്കി മാറ്റുന്നതില്‍ ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം വഹിച്ച പങ്ക് ചെറുതല്ല, ഒരു ചെറിയ വീടിനുള്ളില്‍ മാത്രമായി ഒതുങ്ങുന്ന ഹൊറര്‍ രംഗങ്ങള്‍ പ്രേക്ഷകന്റെ ഉറക്കം കെടുത്തുന്ന രീതിയില്‍ ഒപ്പിയെടുക്കാന്‍ ഷെഹ്നാദിന് സാധിച്ചിട്ടുണ്ട്.

  മറക്കാന്‍ പറയാന്‍ എളുപ്പമാണ്; ഭര്‍ത്താവ് ഇല്ലാത്ത ഒരു വിവാഹ വാര്‍ഷികം കൂടി, പ്രിയതമന്റെ ചിത്രവുമായി താര കല്യാൺ

  ഷെഹനാദ് (Shehnad Jalal) മനോഹരമാക്കിയ ഫ്രെയിമുകള്‍ അതിന്റെ ഇന്റെന്‍സിറ്റി ഒട്ടും ചോരാതെ താളത്തില്‍ അടുക്കി വെച്ച ഷഫീക്ക് മുഹമ്മദിന്റെ എഡിറ്റിംഗ് സിനിമക്ക് നല്ല താളം നല്‍കി, ഇവര്‍ ഒരുക്കിയ ഷോട്ടുകളുടെ ടെമ്പോ നിലനിര്‍ത്താന്‍ ഗോപി സുന്ദറിന്റെ (Gopi Sundar) പശ്ചാത്തല സംഗീതം കട്ടക്ക് കൂടെ നിന്നു, ഹൊറര്‍ മൂഡിലുള്ള ചിത്രമായതിനാല്‍ ശബ്ദ ക്രമീകരണം ഒരവിഭാജ്യ ഘടകമാണ്, മ്യൂസിക്കും എഫക്ട്‌സും ഡയലോകുകളും ആംബിയന്‍സും ഭീതിയുണര്‍ത്തുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഭൂതകാലത്തില്‍. നിശ്ശബ്ദതതയെ പോലും സിനിമയോട് ചേര്‍ത്ത് വെച്ച് രാജ കൃഷ്ണ (Raja Krishnan) സൗണ്ട് മിക്‌സിങ് മനോഹരമാക്കി.

  Mohanlal to sing a song for Shane nigam movie

  ഷെയിന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയിനിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദിന്റെയും (Anwar Rasheed) അമല്‍ നീരദിന്റെയും (Amal Neerad) വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഭൂതകാലങ്ങള്‍ അത് മധുരമുള്ളതാണെങ്കിലും കൈപ്പേറിയതാണെങ്കിലും നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കും, നമ്മള്‍ ജീവിച്ച സ്ഥലങ്ങള്‍, അനുഭവിച്ച വസ്തുക്കള്‍, ഇടപഴകിയ മനുഷ്യര്‍ എന്നിവയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നു ഓരോരുത്തരുടെയും ഭൂതകാലം, ഇത് പലര്‍ക്കും വേട്ടയാടുന്ന സത്യങ്ങള്‍ കൂടിയാണല്ലോ, ഈ ഭൂതകാലവും പ്രേക്ഷകനെ വേട്ടയാടുന്നുണ്ട്, ഭയമെന്ന വികാരത്തിലൂടെ...

  English summary
  Salam Bappu Review About Shane Nigam's Movie Bhoothakaalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X