twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു നടന് ആഗ്രഹിക്കാവുന്നതിന്റെ അങ്ങേയറ്റമുള്ള റേഞ്ച് ആണിത്; ഉണ്ണി മുകുന്ദന്റെ മാറ്റത്തെ കുറിച്ച് വൈറൽ കുറിപ്പ്

    |

    നടന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് മേപ്പടിയാന്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയത്. നിര്‍മാതാവ് എന്നതിലുപരി ഉണ്ണിയിലെ നല്ലൊരു നടനെ കാണിച്ച് തന്ന സിനിമയായി ഇത് മാറുകയും ചെയ്തു. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥ പറഞ്ഞ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

    പത്ത് പന്ത്രണ്ട് വര്‍ഷത്തിന് മുകളിലായി മലയാളത്തില്‍ അഭിനയിച്ച് കൊണ്ടിരുന്ന ഉണ്ണി മുകുന്ദന്റെ മറ്റൊരു സിനിമയും മുന്‍പൊരിക്കലും ഇത്ര കാര്യമായി നമ്മളയാളെ പറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറയുകയാണ് ശങ്കു ടി ദാസ്. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിലൂടെ മേപ്പടിയാന്‍ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നടത്തിയ മാറ്റത്തെ കുറിച്ചാണ് പറയുന്നത്. വായിക്കാം...

    ഇത്ര ഗൗരവത്തില്‍ അയാളെ പരിഗണിച്ചിട്ടുമില്ല

    'മലയാള സിനിമാ മേഖലയിലെ അനവധി അഭിനേതാക്കളില്‍ ഒരാള്‍' എന്ന സാമാന്യതയില്‍ നിന്ന് 'മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ വിപണി മൂല്യമുള്ള ഒരു താരം' എന്ന പദവിയിലേക്കുള്ള ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അത്ഭുതകരമായ പരിണാമമാണ് 'മേപ്പടിയാന്‍'. ഇതയാളുടെ ആദ്യ സിനിമയല്ല. ആദ്യ നായക വേഷവുമല്ല. ഉണ്ണി മുകുന്ദന്‍ എന്നയാളെ പത്തോ പന്ത്രണ്ടോ കൊല്ലമായി നമുക്കൊക്കെ അറിയാം. എത്രയോ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിമുഖങ്ങളിലും ഫീച്ചറുകളിലും റിയാലിറ്റി ഷോകളിലും നമ്മളയാളെ പല വട്ടം കണ്ടിട്ടുണ്ട്. പക്ഷെ ഇതിന് മുന്‍പൊരിക്കലും ഇത്ര കാര്യമായി നമ്മളയാളെ പറ്റി ചര്‍ച്ച ചെയ്തിട്ടില്ല. ഇത്ര ഗൗരവത്തില്‍ അയാളെ പരിഗണിച്ചിട്ടുമില്ല.

    കാണാന്‍ കൊള്ളാവുന്ന ചെക്കനാണ്

    കാണാന്‍ കൊള്ളാവുന്ന ചെക്കനാണ്. സംസാരം കേള്‍ക്കാന്‍ രസമാണ്. നല്ല ബോഡിയാണ്. ചിരി ക്യൂട്ട് ആണ്. അങ്ങനെയുള്ള ലളിത യുക്തികള്‍ക്കപ്പുറം നമ്മളയാളെ ഒരു നടനെന്ന നിലയില്‍ മുന്‍പ് വിലയിരുത്തിയിട്ടേയില്ല. അയാളുടെ പ്രതിഭയേയോ പോരായ്മകളെയോ പറ്റി ഇഴകീറിയുള്ള വിശകലനങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല. ശരിയാണ്, നമ്മള്‍ അയാളുടെ അനവധി സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ സത്യമായും, അയാളെ കാണാന്‍ വേണ്ടി ഒരു സിനിമയും നമ്മള്‍ കണ്ടിട്ടില്ല. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ പൃഥ്വിരാജിന്റെയോ ദുല്‍ഖര്‍ സല്‍മാന്റെയോ സിനിമ കാണാന്‍ കേറിയപ്പോള്‍ കൂട്ടത്തില്‍ അയാളെയും നമ്മള്‍ കണ്ടതാണ്. വേറെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കാണാന്‍ തീരുമാനിച്ച പല സിനിമകളിലും അയാളും യാദൃശ്ചികമായി ഉണ്ടായി പോയതാണ്.

    ഉണ്ണി മുകുന്ദന്‍ ആണ് മേപ്പടിയാന്‍ എന്ന സിനിമ

    അല്ലാതെ അയാളൊരിക്കലും ഒറ്റക്കൊരു സിനിമ ആയിരുന്നിട്ടില്ല. ഒരു സിനിമയിലെ ടൈറ്റില്‍ ക്യാരക്ടര്‍ ആയപ്പോള്‍ പോലും ആ സിനിമയെ സ്വന്തം തോളില്‍ ഏറ്റിയിരുന്നുമില്ല. എന്നാല്‍ ആ കഥ മാറുകയാണ് മേപ്പടിയാനിലൂടെ. പുഴുവാണെന്ന് കരുതിയ ലാര്‍വ പ്യൂപ്പയും പിന്നെ പൂമ്പാറ്റയും ആകുന്നത് പോലെ നമ്മുടെ കണ്മുന്നില്‍ അയാള്‍ സ്വയം ചിത്രശലഭമായി ചിറകു വിരിക്കുകയാണ്. ക്രിസലിസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പരിണാമം ആണത്. വിശ്വരൂപ പ്രദര്‍ശനം പോലൊരു വിസ്മയാവതാരമാണ്. ഉണ്ണി മുകുന്ദന്‍ ആണ് മേപ്പടിയാന്‍ എന്ന സിനിമ. അതിന്റെ ആകെ മേല്‍വിലാസം തന്നെ ഉണ്ണി മുകുന്ദന്റെ സിനിമ എന്നതാണ്. ആദ്യ ഷോട്ട് മുതല്‍ അവസാന ഷോട്ട് വരെ അയാളാണ് ആ സിനിമയെ കൊണ്ട് നടക്കുന്നത്. അയാളിലൂടെയാണ് ആ സിനിമ സഞ്ചരിക്കുന്നത്.

     സ്വപ്ന തുല്യമാണ് ആ പരിണാമം

    അയാളെ കാണാനാണ് ആളുകള്‍ ആ സിനിമക്ക് കേറുന്നത്. അയാളുടെ തോളിലല്ല, നെഞ്ചിലാണ് ആ സിനിമയെ ഏറ്റിയിരിക്കുന്നത്. അതൊരു വിജയമാകുമ്പോള്‍ ജയിക്കുന്നത് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ തന്നെയാണ്. ഉണ്ണി മുകുന്ദന്‍ എന്നൊരു പോപ്പുലര്‍ ബ്രാന്‍ഡിന്റെ ഉദയമാണത്. അതൊരു ചെറിയ കാര്യമല്ല. സ്വപ്ന തുല്യമാണ് ആ പരിണാമം. മലയാള സിനിമയിലെ ഒരു സാന്നിധ്യം എന്നതില്‍ നിന്നൊരാള്‍ സ്വയം ഒരു മലയാളം സിനിമയാവുകയാണ്. സ്വന്തം പേര് കൊണ്ട് ഒരു സിനിമ ജയിപ്പിക്കാന്‍ പറ്റുന്ന ഒരു താര പ്രതിഭാസമായി മാറുകയാണ്.

    അയാള്‍ തനിക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നു

    അയാള്‍ തനിക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നു. അയാള്‍ തന്നെ അതില്‍ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നു. അയാള്‍ തന്നെ അത് പ്രമോട്ട് ചെയ്യുന്നു. അയാളുടെ ബലത്തില്‍ തന്നെയത് ഹിറ്റ് ആക്കി മാറ്റുന്നു. അതിന് വലിയ സ്വീകാര്യത ഉറപ്പാക്കുന്നു. അത് സമൂഹത്തില്‍ വലിയ ചര്‍ച്ച ആക്കി മാറ്റുന്നു. അയാള്‍ക്ക് ആരാധകരും വിമര്‍ശകരും ഉണ്ടാവുന്നു. അയാളെ കണ്ടിരിക്കാന്‍ ആളുകള്‍ കാശ് മുടക്കുന്നു. അയാള്‍ക്കൊപ്പം ചിരിക്കുകയും കരയുകയും ആശങ്കയനുഭവിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. അയാളെ ഗൗരവത്തോടെ വിലയിരുത്തുന്നു. അയാളുടെ വ്യക്തി ജീവിതവും രാഷ്ട്രീയ നിലപാടുകളും പോലും ഇഴകീറി പരിശോധിക്കപ്പെടുന്നു. ഉണ്ണി മുകുന്ദന്‍ എന്ന ഫെനോമിനന്‍ മലയാളിയുടെ ഒരു പ്രധാന വിഷയമാകുന്നു.

     ഒരു നടന് ആഗ്രഹിക്കാവുന്നതിന്റെ അങ്ങേയറ്റമുള്ള റേഞ്ച് ആണത്

    ഒരു നടന് ആഗ്രഹിക്കാവുന്നതിന്റെ അങ്ങേയറ്റമുള്ള റേഞ്ച് ആണത്. അവിടെ എത്തിയവരും അവിടെയെത്താന്‍ ശ്രമിക്കുന്നവരും എന്ന് അഭിനേതാക്കളെ പൊതുവില്‍ തന്നെ രണ്ടായി തരം തിരിക്കാം. ആ ഉത്തരവാദിത്വം അയാള്‍ അത്രമേല്‍ കയ്യടക്കത്തോടെ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രെസന്‍സ് എന്നതില്‍ നിന്ന് പെര്‍ഫോമര്‍ എന്ന നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ പീലി വിടര്‍ത്തുന്നത് നമ്മുടെ കണ്മുന്നിലാണ്. കണ്ട് പരിചയമുള്ള ഉണ്ണി മുകുന്ദന്‍ എന്നയാ പഴയ ഓര്‍മയെ പോലും ഊരിയെറിഞ്ഞു ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിച്ച അയാളുടെ പകര്‍ന്നാട്ടം വിസ്മയാവഹമാണ്.

    Recommended Video

    മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam
    പുതിയ ഉണ്ണിയുടെ അടയാളപ്പെടുത്തലാണ്

    ആ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരന്റെ നൈര്‍മ്മല്യവും നിസ്സഹായതയും ധര്‍മ്മ സങ്കടങ്ങളും രോഷവും ഒക്കെ അയാളില്‍ അത്ര ഭദ്രമാണ്. ഒരര്‍ത്ഥത്തില്‍ മേപ്പടിയാന്റെ ക്ലൈമാക്സിലെ ജയകൃഷ്ണന്റെ മെറ്റമോര്‍ഫോസിസ് കാവ്യാത്മകവും പ്രവാചക സ്വഭാവമുള്ളതുമാണ്. അതൊരു പക്ഷെ ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ തന്നെ രൂപാന്തരത്തിന്റെ കഥയാണ്. ആ പുതിയ ഉണ്ണിയുടെ അടയാളപ്പെടുത്തലാണ്, അഥവാ വിളംബരമാണ്, മേപ്പടിയാന്‍. മേപ്പടിയാന് മുന്‍പും പിന്‍പും എന്നാണ് അയാളുടെ കരിയര്‍ ചരിത്രത്തില്‍ ഭാഗിക്കപ്പെടാന്‍ പോവുന്നത്. ഇനിയങ്ങോട്ടുള്ള കാലം, വാര്യര് പറയുന്ന പോലെ അയാളുടെ കാലമല്ലേ? ഉണ്ണി മുകുന്ദന്റെ കാലം...

    English summary
    Sanku T Das Write-up About Unni Mukundan Growth As An Actor Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X