For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സിനിമയിലെ മോഷണങ്ങളും വിവാദങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല..

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  ഈയിടെ റിലീസായ ലിജോ ജോസ് പള്ളാശ്ശേരിയുടെ ഈമയൗ എന്ന ചിത്രവും ഡോൺ പാലത്തറയുടെ ശവം എന്ന ചിത്രവും തമ്മിലുള്ള കോപ്പിയടി -സാദൃശ്യ വിവാദങ്ങൾ ഉയർന്നു നിൽക്കുന്ന ഈ ഘട്ടത്തിൽ ആ വിഷയത്തെ കുറിച്ച് തന്നെ നമുക്കൽപ്പം ചർച്ചയാവാമെന്ന് തോന്നുന്നു. ലിജോയുടെ മാത്രമല്ല ,മിക്ക ചിത്രങ്ങൾ പുറത്തിറങ്ങുമ്പോഴും ഇത്തരം വിവാദങ്ങൾ ഏറിയും കുറഞ്ഞും ഉണ്ടാകാറുണ്ട്. തൊട്ടു മുൻ മാസങ്ങളിലെ സൂപ്പർ ഹിറ്റുകളിലൊന്നായ ,ആഷിക് അബുവിന്റെ മായാനദിക്കെതിരെയും ഇത്തരം ആരോപണങ്ങളുണ്ടായിരുന്നു .ഗൊദാർദിന്റെ ബ്രെത്ലെസ് എന്ന ചിത്രത്തിന്റെ കോപ്പിയാണെന്നതായിരുന്നു ഇവിടെ വിവാദമായത്.

  സിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂ

  'ശവം' പക്ഷേ 2015ൽ പുറത്തിറങ്ങിയ തിയ്യേറ്റർ റിലീസ് ഇല്ലാത്ത ചിത്രമായിരുന്നു .സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബ്ലാക്ക് ആന്റ് വൈറ്റിൽ പൂർത്തിയാക്കേണ്ടി വന്ന ,ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച അകം പുറ - പിന്നാമ്പുറ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായ് ചിത്രീകരിച്ച ആ ചിത്രം കണ്ട് പി.എഫ് മാത്യൂസ് ഡോൺ പാലത്തറയെ അഭിനന്ദിച്ചിരുന്നു .മൂന്ന് വർഷത്തിനിപ്പുറം അതേപോലൊരു കഥ ( content) ചില നാടകീയതകളുടെ കൂട്ടി ചേർക്കലുകളോടെ അതേ ഘടനയും (Structre) രൂപവും (form) പരിചരണവും ( treatment ) ഉപയോഗിച്ച് ഈമയൗ എന്നൊരു സിനിമയാകുമ്പോൾ (അതിനുള്ള സ്വാതന്ത്ര്യം തീർച്ചയായും മറ്റുള്ളവർക്കുണ്ട്) അതിന്റെ പിന്നിൽ പി.എഫ് മാത്യൂസ് ഉള്ള നിലക്ക് സ്പഷ്ടമായ ചില മാറ്റങ്ങളെങ്കിലും വരുത്താമായിരുന്നു എന്ന വാദമുയർത്തിയത് ഈ ലേഖകൻ തന്നെയായിരുന്നു .

  സിനിമ, മറ്റ് കലാസൃഷ്ടികളിൽ നിന്ന് പൂർണ്ണമായും വേറിട്ട് തനതായ ഒരു പ്രസ്ഥാനമായ് ആവിർഭവിച്ചതിന് ശേഷം അതിന് കിട്ടിയ വൻ സ്വീകാര്യത കലയിലെ വരേണ്യ വിഭാഗമായ് സിനിമയെ അടയാളപ്പെടുത്തിയതിനപ്പുറം ഇത്തരം ചോരണ വിവാദവും ഉണ്ടായിട്ടുണ്ട് . നാടകം, സാഹിത്യം, ഇതരദേശങ്ങളിലെ സിനിമകൾ എന്നിവയിൽ നിന്നൊക്കെ ഇത്തരം ആരോപണങ്ങൾ നമ്മുടെ സിനിമകൾക്കെതിരെ ഉയർത്തപ്പെട്ടിട്ടുണ്ട്. വളരുന്തോറും ഏതു ദേശത്തുള്ള ചലച്ചിത്രങ്ങൾക്കെതിരെയും ഇവ്വിധം ആരോപണങ്ങളും ഏറി വന്നുകൊണ്ടിരുന്നു .

  കഴിഞ്ഞ നവംബറിൽ ദി ഹിന്ദുവിന്റെ ഒരു സൺഡേ സപ്ലിമെന്റിൽ വിചിത്രമായ ഒരുന്നത കോപ്പിയടിയുടെ വാർത്തയുണ്ടായിരുന്നു . 'പാഥേർ പാഞ്ചാലി'യിലൂടെ ഇന്ത്യൻ സിനിമയെ ലോകസിനിമകൾക്കിടയിൽ രേഖപ്പെടുത്തിയ സത്യജിത് റായിയുടെ ഒരു തിരക്കഥ ഹോളിവുഡ് ഡയറക്ടർ അടിച്ചുമാറ്റിയ രസകരമായ ഒരു കഥ . അത് മറ്റാരുമായിരുന്നില്ല. ഹോളിവുഡിന്റെ തലതൊട്ടപ്പനായ സാക്ഷാൽ സ്റ്റീവൻ സ്പീൽബർഗായിരുന്നു ആ വ്യക്തി. ഒരു നല്ല സിനിമക്കുള്ള നാടകീയതകളും ഒഴുക്കും രാഷ്ട്രീയവും ചിന്തകളും ഒക്കെ ചേർന്ന് രസകരമായ ആ കഥ ഒന്നു ചുരുക്കി പറയാം.


  പ്രശസ്ത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലർക്ക് സത്യജിത് റായിയുമായി അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു.1962 ൽ റായ് എഴുതിയ ഒരു തിരക്കഥ വായിച്ച് ആവേശം കൊണ്ട ക്ലർക്ക്, ആ തിരക്കഥ ചലച്ചിത്രമാക്കാനായി തന്റെ സുഹൃത്തിനെ ഹോളിവുഡ് സ്റ്റുഡിയോകൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഒടുക്കം കൊളമ്പിയ പിക്ച്ചേഴ്സാണ് അതിന്റെ നിർമാണ ചുമതല ഏറ്റെടുക്കാൻ തയ്യാറായത്. എന്നാൽ പലവിധ കാരണങ്ങളാൽ പദ്ധതി നീണ്ടു. 1982ൽ ET എന്ന സ്പിൽബർഗ് ചിത്രം ലണ്ടനിൽ വെച്ചു കാണാനിടയായ ക്ലർക്ക് സത്യജിത് റായിയെ ഇക്കാര്യമറിയിച്ചു. ബംഗാളിലെ ഒരു ഗ്രാമത്തിൽ ഒരന്യഗ്രഹ ജീവി വന്നിറങ്ങുന്നതും ഒരാൺകുട്ടിയുമായി അത് സൗഹൃദത്തിലാവുകയും അതേ തുടർന്നുള്ള സംഭവങ്ങളുമായിരുന്നു റായിയുടെ തിരക്കഥയിൽ. ആദ്യം കേസിന് പോവാൻ തീരുമാനിച്ചെങ്കിലും സ്പിൽബർഗ് അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയതിനാൽ വ്യവഹാരം വൃഥാവിലാവുമെന്ന് തോന്നി കേസിനുള്ള ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു റായ്. ആ തിരക്കഥ തനിക്കിനി സിനിമയാക്കാനാകില്ലെന്ന് കണ്ട സത്യജിത് റായ് ആകെ നിരാശനായി.'ഹിന്ദു'വിൽ ലേഖനമെഴുതിയ അസിം ചഭ്റ റായിയുടെയും ക്ലർക്കിന്റേയും ഇവ്വിഷയത്തിലുള്ള അവകാശവാദങ്ങൾ പ്രസിദ്ധപ്പെടുത്തിയത് അക്കാദമി അവാർഡുകളുടെ വോട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു. അവിടത്തെ പത്രമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ ET യുടെ അക്കാദമി അവാർഡ് മോഹങ്ങളിലും അത് കരിനിഴൽ വീഴ്ത്തി. ഇതിൽ പക്ഷേ, തന്റെ അന്തസ്സിന് കളങ്കമേറ്റെന്ന നിലയിൽ റായ് കുപിതനാവുകയായിരുന്നു. സ്പിൽബർഗ് പക്ഷേ കാര്യങ്ങളെ സമചിത്തതയോടെ നേരിട്ടു എന്ന് മാത്രമല്ല 1992 ൽ റായിക്ക് ഓണററി ഓസ്കാർ നൽകുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു..

  റായിയുടെ "ദ ഏലിയൻ'ന്റെ തനിപ്പകർപ്പാണ് സ്പിൽബർഗിന്റെ ET എന്ന് പൂർണ്ണമായും പറയുക സാദ്ധ്യമല്ലെന്ന് വരുന്നത് അതിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. എന്നാൽ മൂലരൂപം എന്ന് പറയുന്നത് മറ്റൊരാളുടേതാണുതാനും. മറ്റൊരു സൃഷ്ടിയെ അതേ പോലെ പകർത്തി വെക്കുന്നതിനെയാണ് ഒരു വിഭാഗം ആളുകൾ സാധാരണ ഗതിയിൽ കോപ്പിയടി എന്ന് പറഞ്ഞിരുന്നത്. ലോകത്തൊരു സൃഷ്ടിയും അതേപോലെ പിറവി കൊണ്ടിട്ടില്ലാത്തതിനാൽ ആ വാദത്തിന് കഴമ്പില്ലാതാവുന്നു. മറ്റൊരു സൃഷ്ടിയിൽ നിന്ന് വിഷയം സ്വീകരിച്ച് വേറൊരു പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചു ചിത്രീകരിച്ചാലും അതിന് മേൽ ഇന്ന് കോപ്പിയടി മുദ്ര പതിവാണ്. നേരത്തെ പറഞ്ഞ content ആണ് ആ അർത്ഥത്തിൽ കോപ്പിയടിയെ നിർണ്ണയിക്കുന്ന പ്രധാന ഘടകം. എന്നാൽ ഇതേ കണ്ടന്റിനെ വേറൊരു ഭൂമികയിൽ അനുവാചക ലോകത്തിന്റെ അനുവാദത്തോടെ സ്വീകാര്യമാക്കുകയുമാവാം. നന്ദിയുടെ രൂപാന്തരമായ പ്രചോദനം ( inspiration) എന്നൊരു തുറന്ന് പറച്ചിലൂടെ ഭാവിയിൽ തന്റെ സൃഷ്ടിക്ക് മേൽ വരാൻ സാദ്ധ്യതയുള്ള കറകളെ ആ ചലച്ചിത്രകാരന് മാന്യമായി ശുദ്ധീകരിച്ചെടുക്കാനാകും. എന്ന് മാത്രമല്ല, ആ രൂപാന്തരീകരണത്തിലൂടെ തന്റെ സാംസ്ക്കാരിക - രാഷ്ട്രീയ - ബൗദ്ധിക ഇടങ്ങളിലേക്ക് തനിക്കിഷ്ടമുള്ള രീതിയിൽ പറിച്ചു നടുകയുമാവാം അയാൾക്കാ മൂലരൂപത്തെ..

  ഇത് പക്ഷേ എളുപ്പമല്ല താനും. അത് പ്രതിഭയേയും കഠിനശ്രമത്തേയും ആവശ്യപ്പെടുന്നുണ്ട് എന്നതാണതിന് കാരണം. പ്രചോദനമെന്നത് പലപ്പോഴും അണു വലിപ്പമുള്ള ഒരു വിഷയം മാത്രമാകും. ഒരു മുഴുനീള സിനിമയിലേക്ക് ആ കഥാതന്തുവിനെ ഇറക്കി വെക്കുമ്പോൾ അനുബന്ധഘടകങ്ങളുടെ കൂടിചേരലുകൾ കൃത്യതയും അച്ചടക്കമില്ലാത്തതുമായാൽ ആ ശ്രമം പൂർണ്ണമായും പാളും. അപ്പോൾ പുതിയൊരു കഥ രൂപീകരിക്കാനെടുക്കുന്ന ശ്രമം ഇവിടെ ആവശ്യമാകുന്നു എന്ന് മാത്രമല്ല, അവിടെ രൂപാന്തരം വരുത്താനാഗ്രഹിക്കുന്ന വ്യക്തിയുടെ/വ്യക്തികളുടെ കഴിവിന് പ്രാധാന്യവുമുണ്ട്. അതു കൊണ്ട് തന്നെയാണ് ലോകത്തെല്ലായിടത്തും പരിവർത്തിത (Adoption ) സൃഷ്ടികൾക്ക് അംഗീകാരം നൽകുന്ന പ്രവണതയുള്ളത്.

  കോപ്പിയടി എന്നത് പേരുപോലെ തന്നെ എളുപ്പമാണ്. നിങ്ങൾ നല്ലൊരു വീട് വച്ചെന്നു കരുതുക. ഡിസൈൻ കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായ ആ വീടിന്റെ സ്കെച്ചു നോക്കി അളവുകളിൽ മാറ്റം വരുത്തിയോ വരുത്താതെയൊ എനിക്കൊരു വീടുണ്ടാക്കാൻ എളുപ്പമാണ്. എന്റെ മുന്നിൽ വീടെങ്ങനെയാകണം എന്നതിനെ കുറിച്ച് കൃത്യമായ ഒരു റഫറൻസുണ്ട് എന്നതാണതിന് കാരണം. അതുകൊണ്ട് തന്നെ മാറ്റങ്ങളും എളുപ്പമാണ്. കോപ്പിയടിയുടെ കാര്യം ഇത്രയേയുള്ളു. മലയാള സിനിമയിൽ കോപ്പിയടി വിവാദം എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉണ്ടായിട്ടുണ്ട്. ദി ഡ്രീം ടീം എന്നത് മൂക്കില്ലാരാജ്യത്ത് ആയും, ദി ഡേ ഓഫ് ജക്കാൾ ആഗസ്റ്റ് ഒന്ന് ആയും ഹൂ വിൽ ലൗ മൈ ചിൽഡ്രൻ ആകാശദൂതായും ഗോസ്റ്റ് ആയുഷ്ക്കാലമായും വീ ആർ നോ ഏയ്ഞ്ചൽസ് റോമൻസായും ബാക്ക് റ്റു സ്കൂൾ ജോണി വാക്കറായും റോമൻ ഹോളിഡേ കിലുക്കമായും ട്രെയ്റ്റർ അൻവറായും 50 ഫസ്റ്റ് ഡേറ്റ്സ് ഓർമയുണ്ടോ ഈ മുഖമായതുമൊക്കെ ഇതിൽ ചിലത് മാത്രമാണ്. തന്റെ സൃഷ്ടി മോഷ്ടിച്ചാണ് ഇന്ന സിനിമയുണ്ടായിരിക്കുന്നത് എന്ന് ചൂണ്ടി കാട്ടി കോടതികൾ കയറിയാലും അതിൽ നേരത്തെ പറഞ്ഞതു പോലുള്ള ചില താരാഭിമുഖ്യ - സിനിമാറ്റിക് ഭേദഗതികൾ വരുത്തിയിരിക്കുന്നതിനാൽ അതിൽ മോഷണകുറ്റം കോടതിക്ക് വകവെച്ചു കൊടുക്കാൻ പ്രയാസമാണ്. അപൂർവ്വം കേസുകൾ മാത്രമേ അത്തരത്തിൽ വാദിക്കനുകൂലമായി വിധിയാകാറുള്ളു. ഈയിടെ സാജിദ് യാഹിയ സംവിധാനം ചെയ്ത മഞ്ജു വാര്യർ ചിത്രം 'മോഹൻലാൽ ' തന്റെ 'മോഹൻലാലിലെ എനിക്കിപ്പോൾ പേടിയാണ്" എന്ന ചെറുകഥയുടെ തനി പകർപ്പാണെന്ന് ചൂണ്ടിക്കാട്ടി ചെറുകഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിച്ചതുമാണ് ഇത്തരത്തിലൊരു സംഭവം.

  സിനിമ സിനിമയിൽ നിന്നും നാടകത്തിൽ നിന്നും സാഹിത്യത്തിൽ നിന്നുമൊക്കെ ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതിന് സിനിമയോളം തന്നെ പഴക്കമുണ്ട്. മറ്റെല്ലാ കലകളിൽ നിന്നുപരിയായി ഒരു സ്വതന്ത്ര കലാരൂപമായി സിനിമ മാറി തുടങ്ങിയത് ഒരൽപ്പം വൈകിയാണെങ്കിലും ആസ്വാദക വൃന്ദത്തെ വിസ്മയിപ്പിക്കുന്നതിലും അനുഭവിപ്പിക്കുന്നതിലും അത് തുടക്കം മുതലേ മുൻനിരയിൽ നിന്നിരുന്നതിനാൽ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിലുള്ള വിഷയങ്ങൾ തേടി മേൽപ്പറഞ്ഞ ശാഖകളിലൊക്കെ സിനിമ നടന്നു കയറുകയായിരുന്നു. ദേശീയ അവാർഡ് ജേതാവായ ജയരാജ് സമീപകാലത്തായി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം പ്രചോദന വിഭാഗത്തിൽ പെട്ടവയാണ്. മികച്ച നടനുള്ള ദേശീയ അവാർഡിന് സുരേഷ് ഗോപിയെ അർഹനാക്കിയ 'കളിയാട്ടം' വില്യം ഷേക്സ്പിയറിന്റെ 'ഒഥല്ലോ ' എന്ന നാടകത്തിന്റെ മലയാള ഭാഷാന്തരീകരണമാണ്. അതേ സമയം സിന്ത്യോയുടെ (cinthio ) uncapitano moro എന്ന കഥയെ ആസ്പദിച്ചാണ് ഷേക്സ്പിയർ ഒഥെല്ലോ എഴുതിയത് എന്നത് ചേർത്ത് വായിക്കുമ്പോൾ "കളിയാട്ട "ത്തിനപ്പുറവും ആ കഥയ്ക്കോ കഥകൾക്കോ വളർച്ചക്ക് സാദ്ധ്യതയുണ്ടെന്ന് തന്നെയാണ്. ചുരുക്കത്തിൽ പ്രചോദനം എന്ന് പറയുന്നത് ഒരു കലാകാരൻ മറ്റൊരു കലാകാരനു നൽകുന്ന നന്ദിയും ബഹുമാനവുമാണെന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. തന്റെ പ്രതാപത്തിന്റെ അവകാശി താൻ മാത്രമാണെന്ന മറ്റൊരു കൂട്ടം കലാ പ്രവർത്തകരുടെ ധാർഷ്ട്യത്തെ അത് ചിരിച്ചു കൊണ്ട് മറികടക്കുന്നു.

  English summary
  Satheesh Babu's new article

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more