For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാബൂള്‍ ഭയത്തില്‍ തന്നെയാണ്; താലിബാന് ശേഷവും! കിഡ്‌നാപ്പ്ഡ് ഇന്‍ കാബുള്‍ ശ്രദ്ധേയമാവുന്നു..

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  താലിബാന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മുക്തമായ അഫ്ഗാനിസ്ഥാന്‍ ജനത ഏറെക്കാലത്തിന് ശേഷം അവരുടെ ശാന്തജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നതിനിടയില്‍ പുതിയൊരു ഭീഷണിയില്‍ അകപ്പെട്ടതിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് കിഡ്‌നാപ്പ്ഡ് ഇന്‍ കാബുള്‍. മറ്റ് ലോക മാധ്യമങ്ങള്‍ കാണാതെ പോകുന്നതോ അവഗണിക്കുന്നതോ ആയ വിഷയങ്ങളെ ലോകജനതക്ക് പരിചയപ്പെടുത്തുന്നതിനായി സാഹസികമായി ഇറങ്ങിയിരിക്കുന്ന ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ അണ്‍റിപ്പോര്‍ട്ടഡ് വേള്‍ഡ് ആണ് യുകെയിലെ ചാനല്‍ 4നായ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

  ചാനല്‍ 4 ന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ എമ്മോണ്‍ മാത്യൂസ് പറയുന്ന പോലെ ഇതര ഡോക്യുമെന്ററികളുടെ തേഡ് പേഴ്‌സണ്‍ അവതരണ ശൈലിയല്ല Unreported world ഡോക്യുമെന്ററികള്‍ പിന്തുടരുന്നത്. പകരം, കാഴ്ചക്കാരനെ ദുരിത ഭൂമിയിലെത്തിച്ച് നേരിട്ട് കാണിച്ചു കൊടുക്കുന്ന ഒരു ശൈലിയിലാണ് ഇവര്‍ക്ക് താത്പര്യം. അവിടെ കമന്ററികളോ അനാവശ്യ ക്യാമറാ കാഴ്ചകളോ ഇല്ല. ന്യൂസ് ചാനലുകളിലെ റിപ്പോര്‍ട്ടര്‍ കണക്കെ അവതാരക കാര്യങ്ങളെ വിശദീകരിക്കുന്നു. ശേഷം വിഷയത്തിന്റെ ആത്മാവിലേക്ക് ക്യാമറയുമായ് സഞ്ചാരം തുടരുകയാണ്. രണ്ടുപേര്‍ മാത്രമുള്ള ടീമാണ് ഈ ഡോക്യുമെന്ററി അതര്‍ഹിക്കുന്ന ആത്മാര്‍ത്ഥതയോടെയും തീവ്രതയോടെയും സത്യസന്ധതയോടെയും നമുക്ക് മുന്നിലെത്തിക്കുന്നത്. ഛായാഗ്രഹണവും സംവിധാനവും കരീം ഷാ നിര്‍വ്വഹിക്കുമ്പോള്‍ രചനയും അവതരണവും പ്രസിദ്ധ പത്രപ്രവര്‍ത്തകയായ റാനിയ അബൂസെയീദ് ഏറ്റെടുക്കുന്നു. ചാനല്‍ 4 ടീമിലെ വെതം ആല്‍പ്രസ്സും മാര്‍ത്ത ഷോ യുമാണ് എഡിറ്റര്‍മാര്‍.

  താലിബാന്റെ കൊടിയ പീഡനങ്ങളില്‍ നിന്നും കടുത്ത മതനിയമങ്ങളില്‍ നിന്നും മോചനം നേടിയെങ്കിലും അഫ്ഗാന്‍ ജനതയുടെ, പ്രത്യേകിച്ച് കാബൂള്‍ നിവാസികളുടെ ഭയം ഇരട്ടിപ്പിച്ചു കൊണ്ട് ക്രിമിനല്‍സംഘങ്ങള്‍ വളര്‍ന്നു വരുന്നതിന്റെ ദുസ്സൂചനകളാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. എല്ലാ ദിവസവും ഓരോ കുട്ടിയെയെന്നവണ്ണമാണ് അവിടെ നിന്ന് തട്ടികൊണ്ടു പോകുന്നത്. സാമാന്യം ഭേദപ്പെട്ട സാമ്പത്തികമുള്ള വീട്ടിലെ കുട്ടികളാണ് ഇങ്ങനെ തട്ടികൊണ്ട് പോകപ്പെടുന്നവരില്‍ അധികവും. ശേഷം ക്രിമിനല്‍ സംഘങ്ങള്‍ വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയും അത് കിട്ടാതെ വരുന്ന പക്ഷം കുട്ടികളെ കൊല്ലുകയും ചെയ്യുന്നത് പതിവു വാര്‍ത്തയായി മാറിയിരിക്കുകയാണവിടെ.

  സയീദ് ഹസീം എന്ന കൗമാരക്കാരന്റെ കഥ അത്തരത്തിലൊന്നാണ്. സ്‌കൂള്‍ വിട്ടു വരും വഴിയാണ് അവനെ അക്രമിസംഘം തട്ടികൊണ്ടു പോകുന്നത്. പത്തിരുപത് ദിവസങ്ങള്‍ക്കു ശേഷം അവര്‍ വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും വിലപേശലില്‍ സംഖ്യയല്‍പ്പം കുറച്ചു നല്‍കുകയായിരുന്നു സംഘം. എന്നാല്‍ ആ സംഖ്യ നല്‍കിയിട്ടും മാസങ്ങളായി സയീദിനെപ്പറ്റി യാതൊരു വിവരവുമില്ല. സയീദിന്റെ അഛനുമായി സംസാരിക്കുന്നതിനിടയില്‍ അയാളെ കാണാനെത്തിയ സുഹൃത്തുക്കളോ ബന്ധുക്കളോ ആയവരില്‍ മിക്കവരുടെ വീട്ടില്‍ നിന്നും ഇത് പോലെ ഒരു തട്ടികൊണ്ടു പോകല്‍ കേസുണ്ടെന്ന് റാനിയയോട് അവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഒരു ബാലന്‍ വന്ന് തന്റെ സഹോദരനെ കണ്ടെത്തിത്തരാമോ എന്ന് അവതാരകയോട് നേരിട്ടു ചോദിക്കുന്ന ഒരു രംഗം ഹൃദയഭേദകമാണ്.

  പരാമര്‍ശ വിധേയരെ കുറിച്ച് ഉപരിപ്ലവമായ വാക് കസര്‍ത്തുകള്‍ നടത്താതെ അവരിലൊരാളായി സ്വയം മാറുന്നുണ്ട് റാനിയ അബു സെയീദ്. തട്ടികൊണ്ടു പോകല്‍ കേസുകളന്വേഷിക്കുന്ന കമാന്‍ഡര്‍ ചീഫ് ദസ്തം ഖീറിനൊപ്പം നടന്നാണ് അവര്‍ കാര്യങ്ങള്‍ നമ്മിലേക്കെത്തിക്കുന്നത്. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡോക്യുമെന്ററി സംഘം എത്തുമ്പോള്‍ തന്നെ അവരെ സ്വാഗതം ചെയ്യുന്നത് പുതിയൊരു മിസ്സിംഗ് കേസാണ്. അതിരാവിലെ ഫുട്ബാള്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ തട്ടികൊണ്ടു പോകപ്പെട്ട ഒരു യുവാവിന്റെ ബന്ധുക്കളെയാണ് നമ്മളാദ്യം കാണുന്നത്. ഇത്തരത്തില്‍ അവിടെയും ഇവിടെയുമൊക്കെയായി ഓരോ ദിവസവും പലരെയും ഇങ്ങനെ കാണാതാകുന്ന വാര്‍ത്തകളില്‍ കുപിതരാണ് കാബൂള്‍ ജനത.

  താലിബാന്‍ ഉള്ള സമയത്ത് തങ്ങള്‍ക്കിത്തരം പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തുന്നുണ്ട്. കട്ടാല്‍ കട്ടവന്റെ കൈവെട്ടുന്ന നിയമത്തെ ക്രിമിനലുകള്‍ക്കും കള്ളന്മാര്‍ക്കും പേടിയായിരുന്നുവെന്ന് അവര്‍ പറയുന്നു. സ്വയം പരിഷ്‌കരിക്കാനാഗ്രഹിക്കുന്ന ഒരു ജനതക്കൊപ്പം നീങ്ങാന്‍ പ്രാപ്തിയോ പക്വതയോ ഇല്ലാത്ത ഭരണകൂടവും നിയമപാലക സംവിധാനവും കുറ്റകരമായ മൗനം അവലംബിക്കുന്നിടത്താണ് ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ കൂണു കണക്കെ മുളച്ചുപൊങ്ങുന്നത്. ഇതൊക്കെയാണെങ്കിലും പരിമിതികള്‍ക്കിടയിലും ദസ്താങ്കീറിനെ പോലുള്ള കര്‍ത്തവ്യബോധമുള്ളവരുടെ കഠിന പ്രയത്‌നങ്ങളേയും മുഖവിലക്കെടുക്കേണ്ടതുണ്ടെന്ന് ഈ ഡോക്യുമെന്ററി ഓര്‍മിപ്പിക്കുന്നുണ്ട്. അതൊരു പ്രതീക്ഷയാണ്..

  റാനിയ അബൂസെയീദ്

  മിഡില്‍ ഈസ്റ്റിന്റെ ധവള ഭൂമികയിലെ പ്രശ്‌നങ്ങളും സാമൂഹിക സാഹചര്യങ്ങളും അവിടെ പതിനഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള റാനിയക്ക് സുവ്യക്തമായ് അറിയാവുന്ന വിഷയമാണ്. പ്രിന്റ്, ടെലിവിഷന്‍ മേഖലയില്‍ ജേര്‍ണലിസ്റ്റായ റാനിയ ലെബനീസ് കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ് ന്യൂസിലാന്റിലാണ് ജനിച്ചത്. വളര്‍ന്നതും പഠിച്ചതുമൊക്കെ ആസ്‌ട്രേലിയയിലായിരുന്നു. ടൈം മാഗസിന്‍, ദി ന്യൂയോര്‍ക്കര്‍, നാഷണല്‍ ജ്യോഗ്രഫിക്, ദി ഗാര്‍ഡിയന്‍, ദിലോസാഞ്ചല്‍ ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കായ് എഴുതുകയും അല്‍ജസീറ, ബിബിസി തുടങ്ങിയ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട പത്രപ്രവര്‍ത്തനത്തിന്റെ ആദരവെന്നോണം 2013 ല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലിസം അവാര്‍ഡായ Kurt Schork Award, 2015 ല്‍ മിഖായേല്‍ കെല്ലി പുരസ്‌ക്കാരം എന്നിവയടക്കം അര ഡസനോളം അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും അവരെ തേടിയെത്തുകയുണ്ടായി.

  English summary
  Satheesh Babu's new article about Kidnapped in Kabul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X