For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇറാനിലെ ഡേറ്റിംഗ് വിപ്ലവത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി!

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  ഒരു പക്ഷേ ലോകത്ത് തന്നെ, അതിലെ പൗരസമൂഹത്തിന് പലവിധത്തിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുള്ള മതാധികാര രാജ്യങ്ങളിലൊന്നായാണ് ഇറാനെ കുറിച്ച് നാമറിയുന്നത്. ശരീഅത്ത് ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഇടമായതിനാല്‍ സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും പൊതു സ്ഥലങ്ങളില്‍ പരസ്പരം ഇടപഴകുന്നതിനും കാണുന്നതിനും പാട്ടുകള്‍ ആസ്വദിക്കുന്നതിനും സാംസ്‌ക്കാരിക മൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും എന്തിന് ആത്മാവിഷ്‌കാരമായ കലയ്ക്കു പോലും അവിടെ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. ചങ്ങലകള്‍ക്ക് ശക്തി കൂടുമ്പോള്‍ കലയ്ക്ക് ഇമ്പം കൂടുമെന്ന സര്‍വ്വകാല ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഇവിടെ നിന്നുള്ള സിനിമകള്‍ നമുക്ക് മുന്നിലെത്തി ഉറക്കെ സംസാരിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശനമായ സെന്‍സര്‍ നിയമങ്ങളെ വെല്ലുവിളിച്ച് തങ്ങളുടെ സൃഷ്ടികള്‍ പുറം ലോകത്തെത്തിച്ച അത്തരത്തില്‍ കുറേ പേരെ നാമറിയും.

  മക്ബല്‍ ബഫ് കുടുംബം, അബ്ബാസ് കരോസ്തമി, ജാഫര്‍ പനാഹി, മജീദ് മജീദി, അമീര്‍ നദേരി, അബുള്‍ ഫസല്‍ ജലീലി തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രം. എന്നാല്‍ കലയില്‍ മാത്രമല്ല ജീവിത സാഹചര്യത്തിലും ചില മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് നവീന ഇറാന്‍. ജീവിത ശൈലിയിലും ആഘോഷങ്ങളിലും മതകീയ ചട്ടകൂട്ടുകള്‍ക്ക് വിഘാതം വരുത്താതെയും യുവതലമുറ അവിടെ പുത്തന്‍ ആശയങ്ങളിലേക്ക് ചെറു ചുവടുകള്‍ വെക്കുന്ന കാഴ്ച നമുക്ക് കാട്ടിത്തരുന്ന ഒരു ഡോക്യുമെന്ററിയെ കുറിച്ചാണ് ഞാനിപ്പോള്‍ പറഞ്ഞു വരുന്നത്. ചാനല്‍ 4 ന്റെ അണ്‍റിപ്പോര്‍ട്ടഡ് വേള്‍ഡ് സീരീസില്‍ ഷോനാഗ് ക്വനെയര്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി ഇക്കഴിഞ്ഞ മാസമാണ് ആദ്യ പ്രദര്‍ശനത്തിന് സജ്ജമായത്.

  18 നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ പകുതിയിലധികം പേരും വിവാഹം കഴിക്കാത്ത ഒരു കാലഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് തുടങ്ങുന്ന ഒരു ഡേറ്റിംഗ് വെബ്‌സൈറ്റ് ഇറാനില്‍ ആരംഭിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ കേള്‍വിക്കാരിലുണ്ടാകുന്ന കൗതുകത്തെ പിന്തുടരുന്ന ഒരു ഡോക്യുമെന്ററിയാണ് lran's dating revolution. സര്‍ക്കാറിന്റെ തന്നെ നിയന്ത്രണത്തില്‍ ഒരു ഡേറ്റിംഗ് സൈറ്റ് എന്നത് ലോകത്ത് തന്നെ അപൂര്‍വ്വമാണെന്നിരിക്കെ കര്‍ശന ജീവിത നിയമങ്ങളുള്ള ഒരു രാജ്യത്ത് ഈ വാര്‍ത്ത ഒരല്‍പ്പം കൗതുകകരം കൂടിയാണ്. മല്‍കൈ മുഗദം എന്നൊരു സ്ത്രീയാണ് വെബ്‌സൈറ്റ് നിയന്ത്രിക്കുന്നത്. അതിലവരെ സഹായിക്കാന്‍ പ്രതിഫലേഛ ഇല്ലാത്ത അനേകം സ്ത്രീകളുമുണ്ട്. കൃത്യമായ മതബോധമുള്ള ഇവരെല്ലാം തന്നെ അനുയോജ്യമായ പങ്കാളികളെ പരസ്പരം കണ്ടെത്താന്‍ പുരുഷന്മാരേയും സ്ത്രീകളേയും ഒരേ മനസ്സോടെ സഹായിക്കുന്നത് എങ്ങനെയെന്ന് ഡോക്യുമെന്ററി വിശദീകരിച്ചു തരുന്നു.

  വളരെ സിംപിളാണു കാര്യങ്ങള്‍. ഓണ്‍ലൈനിലോ നേരിട്ടോ വിവാഹാര്‍ത്ഥിക്ക് പേരു രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ വെക്കുന്ന ഏര്‍പ്പാടില്ല. ഡിമാന്റുകള്‍ ആവശ്യമുള്ളത് പറയാം. അതും സാമ്പത്തിക നിലയും വിദ്യാഭ്യാസവും ജോലിയും ഒക്കെ ഒത്തു നോക്കിയാണ് യോജിച്ച പങ്കാളികളെ കണ്ടെത്തുന്നത്. ശേഷം അവര്‍ക്ക് പരസ്പരം കണ്ട് കാര്യങ്ങള്‍ സംസാരിക്കാം, മാതാപിതാക്കളെ വിവരമറിയിക്കാം. രണ്ടു ഉദാഹരങ്ങളിലൂടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നത്.. മുഗദം കാര്യങ്ങള്‍ വിശദമാക്കുന്നതിനിടയിലാണ് സാബയും അമ്മയും രജിസ്‌ട്രേഷനെത്തുന്നത്. പ്രായവും ഉയരവും കണ്ണുകളുടെ നിറവും ഒക്കെ രേഖപ്പെടുത്തിയ ശേഷം സാബയോട് ചോദിക്കുന്നത് പയ്യന്‍ ഡിഗ്രിയുള്ള ആളായിരിക്കണമോ അതോ സദാചാര മൂല്യങ്ങളുള്ള നല്ലൊരു വ്യക്തിയായാല്‍ മതിയോ എന്നാണ്. അതിനു പക്ഷേ സാബ മറുപടിയായി ചിരിക്കുകയാണ് ചെയ്യുന്നതെങ്കിലും ഓഫിസിലെ സ്ത്രീ പറയുന്നത് ഇത് വളരെ പ്രയാസമുള്ള ഒരു ചോദ്യവും മറുപടിയുമാണെന്നാണ്.

  ഇറാനിലെ പരിഷ്‌കാരങ്ങളെ കൊണ്ട് നേട്ടമുണ്ടായത് പ്രധാനമായും സ്ത്രീകള്‍ക്കാണെന്ന വാദമായി കുറച്ചു മുമ്പ് 'ലോസാഞ്ചല്‍സ് ടൈംസി'ന്റെ ഒരു ഫീച്ചര്‍ വായിച്ചതോര്‍ക്കുന്നു. അതു പ്രകാരം ഇറാനിലെ കോളേജുകളില്‍ പഠിക്കുന്നതില്‍ 60% വും പെണ്‍കുട്ടികളാണ്. അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ചിന്താഗതിയുമുള്ളവരായതുകൊണ്ടു തന്നെ അമിത നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല അതിനേക്കാള്‍ നല്ലത് ഒറ്റക്കുള്ള ജീവിതമാണെന്ന് അവര്‍ വിശ്വസിക്കുകയും ഡൈവോഴ്‌സുകളുടെ എണ്ണം സ്വാഭാവികമായി കൂടുന്നതിന് അതൊരു കാരണമാവുക പോലും ചെയ്യുകയും ചെയ്യുന്നു. ഇതോടൊപ്പം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു സ്ത്രീ അതില്ലാത്ത ഒരാളെ വിവാഹം ചെയ്യാന്‍ ഒരുക്കവുമല്ല. മഹറിന്റെ വലിപ്പത്തില്‍ ഇളവു വരുത്താന്‍ കാരണവന്മാര്‍ തയ്യാറാവാത്തതിനാല്‍ യുവാക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഇണയുമായി ഒരുമിച്ച് വിവാഹ ജീവിതമാരംഭിക്കുന്നതിന് തടസ്സങ്ങളുമുണ്ട്. അതു കൊണ്ടു തന്നെ അവരും വിവാഹത്തോട് വിമുഖത കാണിക്കുന്നു. ടെഹ്‌റാനാണ് ഈ വ്യത്യസ്തതകളുടേയും പുതുമകളുടേയും ആസ്ഥാനമെങ്കിലും ആ സ്ഥിതിവിശേഷം രാജ്യമെങ്ങും പടരാതിരിക്കാനാണ് ഒരു ഡേറ്റിംഗ് വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഭരണകൂടം തയ്യാറെടുത്തത്.

  സോഹ്‌റയും അലിയും പരസ്പരം അറിയുന്നവരായിരുന്നു. പിന്നീടത് പ്രണയമായ് മാറി .സംഗതി വീട്ടിലെത്തിയപ്പോള്‍ മഹറായ് 114 ഗോള്‍ഡ് കോയിന്‍ വേണമെന്ന് സോഹ്‌റയുടെ വീട്ടുകാര്‍. ജോലിയും കൂലിയുമില്ലാത്ത അലി അത് 14 ആക്കി നോക്കിയെങ്കിലും രക്ഷപ്പെട്ടില്ല. ആ ഒരു ചടങ്ങ് ഡോക്യുമെന്ററി സംഘം പകര്‍ത്തുന്നുണ്ട്. എന്നാല്‍ പിന്നീട് ആ വിവാഹം നടന്നതായും സംഘം പറയുന്നു. പുരോഗമനമെന്ന് നാം വിളിക്കുന്ന മറ്റേതൊരു രാജ്യത്തുമുള്ളതുപോലെ തന്നെ ഇറാനിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് യാത്ര ചെയ്യുന്നതിനോ കറങ്ങി നടക്കുന്നതിനോ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ഡോക്യുമെന്ററി കാണിച്ചുതരുന്നുണ്ട്. ഒരു പാര്‍ക്കില്‍ ഫോട്ടോയെടുക്കുകയും കളിതമാശകള്‍ പറഞ്ഞിരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളാണ് ആ മുന്‍വിധി പൊളിച്ച് നമ്മോടിഴപഴകുന്നത്. എന്നാല്‍ ഇവരെല്ലാം പറയാതെ പറയുന്ന ഒരു കാര്യം യുവതലമുറയും പഴയ തലമുറയും തമ്മില്‍ അവിടെ ഒരു ആശയസംഘട്ടനത്തില്‍ തന്നെയാണെന്നതാണ്. അതിന്റെ ചെറുചലനങ്ങളെയും പ്രതിധ്വനികളേയുമാണ് മാറ്റമെന്ന പേരില്‍ നാം കേട്ടുകൊണ്ടിരിക്കുന്നതും.

  ഇത്രയൊക്കെ വിവരങ്ങള്‍ നല്‍കുന്നു എന്നതുകൊണ്ട് തന്നെ ഡോക്യുമെന്ററിയുടെ ഉദ്ദേശശുദ്ധിയെ പ്രകീര്‍ത്തിക്കാമെങ്കിലും ഡേറ്റിംഗ് വിപ്ലവത്തിലേക്ക് എന്ന പേരില്‍ ഒരു മതകീയ രാജ്യം പ്രവേശിക്കുന്ന വാര്‍ത്ത നല്‍കുമ്പോള്‍ അതിലേക്ക് നയിക്കുന്ന കാര്യ കാരണങ്ങളില്‍ അല്‍പ്പം കൂടി ആധികാരികതയും വ്യാപ്തിയും ആകാമായിരുന്നു. ഷോനാഗ് ക്വനെയറിനെ പോലെ ആഗോള പ്രസിദ്ധിയാര്‍ജിച്ച ഒരു പത്രപ്രവര്‍ത്തകയാകുമ്പോള്‍ പ്രത്യേകിച്ചും. എമ്മി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ജേര്‍ണലിസത്തിനുള്ള ഡ്യൂപോണ്ട് കൊളമ്പിയ അവാര്‍ഡിനര്‍ഹയാവുകയും ചെയ്ത ഫിലിം മേക്കറാണ് ഷോനാഗ്. ആആഇ ക്കു വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് പുറമേ അണ്‍റിപ്പോര്‍ട്ടഡ് സീരീസിന് വേണ്ടി സിയാറ ലിയോണില്‍എബോള ദുരിതങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുമുണ്ട് ഇവര്‍.

  English summary
  Satheesh Babu's new article lran's dating revolution
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X