നിന്ന നിൽപ്പിൽ ഉരുകിപ്പോയി, വിഷമിച്ച് അന്ന് അവിടെ നിന്ന് ഇറങ്ങി, ദുരനുഭവം പറഞ്ഞ് ശരത്
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. 19ാം വയസ്സില്‍ 'ക്ഷണക്കത്ത്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ശരത് സംഗീതസംവിധാനരംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ശരത് എന്ന സംഗീത സംവിധായകനെ മലയാളി പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്.
ഏറ്റവും കൂടുതൽ പേര് ദോഷം കേട്ട സംഗീത സംവിധായകൻ കൂടിയായിരുന്നു ശരത്. രാശിയില്ലാത്ത സംഗീത സംവിധായകൻ എന്ന പേരും പേറി അദ്ദേഹം കുറെനാൾ നടന്നിരുന്നു. ചെയ്ത ഗാനങ്ങളെല്ലാം ഹിറ്റാവുകയും സിനിമകളെല്ലാം പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇത്തരത്തിലുള്ള പേര് ഇൻഡസ്ട്രി ചാർത്തിക്കൊടുത്തത്. ഇപ്പോഴിത ദുഷ് പേരിനെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസമാണ് അങ്ങനെയൊരു ദുഷ്പേരിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.

രാശിയില്ലാത്ത സംഗീത സംവിധായകന് എന്ന പറച്ചില് തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് ശരത് പറയുന്നത്. ക്ഷണക്കത്ത് സിനിമ വിജയിക്കാതെ ഇരുന്നതോടെയാണ് ഇതരത്തിലൊരു പേര് വീണത്. കുറെ സംവിധായകർ തന്നെ സമീപിച്ചിരുന്നു. ക്ഷണക്കത്ത് വിജയിക്കാതിരുന്നതോടെ ഇവർ പിൻമാറുകയായിരുന്നു.ഇത് തന്റെ പല വര്‍ക്കുകളിലും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി തനിക്കിന്നും മനസിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം. എന്നാല്‍ ആ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല.

ഇന്നും ആ ഗാനങ്ങള്‍ ലൈവായി നില്‍ക്കുകയാണ്. അന്നിത്ര മീഡിയകളില്ല, മീഡിയ സപ്പോര്‍ട്ടും ഇല്ല. എങ്കിലും പാട്ടുകള്‍ ധാരാളം പേര് സ്വീകരിച്ചു. പാട്ടിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് സ്വീകരിച്ച ധാരാളം ആരാധകര്‍ അന്നും ഉണ്ടായിരുന്നു. ക്ഷണക്കത്തി'ൽ റഹ്മാന്റെ റെക്കോഡിസ്റ്റായ ശ്രീധറായിരുന്നു റെക്കോഡിസ്റ്റ്. പാട്ടുകൾ പുറത്തിറങ്ങിയതോടെ കാസറ്റ് വൻ സെയിൽസ് ആയിരുന്നു. വ്യത്യസ്തതയുള്ള പാട്ടുകൾ എന്ന അംഗീകാരവുമായി. എന്നാൽ സിനിമ പരാജയപ്പെട്ടതോടെ കാസറ്റിന്റെ വിൽപ്പനയും നിന്നുവെന്നും ശരത് പറയുന്നു.

ചില പ്രചാരണങ്ങള്‍ അങ്ങനെ വിശ്വസിക്കപ്പെടുന്നു. സിനിമ ഒരു കൂട്ടായ്മയാണ്, ഫുട്ബോള്‍ കളിപോലെ. ഒരാള്‍ മോശമായാല്‍ അത് കളിയെ ബാധിക്കും. അതാണ് സിനിമയുടെ ജയപരാജയങ്ങള്‍ക്കു പിന്നില്‍. നിയന്ത്രിക്കേണ്ടയാള്‍ ഡയറക്ടറാണ്. മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും. പാട്ടുകള്‍ വിജയത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുക. ഡയറക്ടറുടെ ആത്മവിശ്വാസമാണ് പ്രധാനം. അല്ലാതെ ആരെങ്കിലും പറയുന്ന ഗോസിപ്പുകള്‍ വിശ്വസിക്കുകയല്ല വേണ്ടത്. സിനിമ ഹിറ്റാകാതെ എത്രയോ ഗാനങ്ങള്‍ ഹിറ്റായിരിക്കുന്നു, തിരിച്ചും സംഭവിക്കുന്നു എന്നാണ് ശരത് പറയുന്നത്.

സിനിമയിൽ വേദനിപ്പിച്ച ഒരു സംഭവത്ത കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരുപാടുണ്ട്. പഴയ സംഭവമാണ്. ഒരിക്കൽ ഒരു പാട്ടുപാടാൻ അന്നത്തെ ഒരു പ്രമുഖ സംഗീതസംവിധായകൻ എന്നെ വിളിച്ചു. രാജാമണിച്ചേട്ടനാണ് കണ്ടക്ട് ചെയ്യുന്നത്. പാട്ട് പാടി േകട്ടപ്പോൾ മ്യൂസിക് ഡയറക്ടർ വണ്ടർഫുൾ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഞാൻ ആ സന്തോഷത്തിലാണ് ഒറിജിനൽ ട്രാക്കിനായി മൈക്കിന് മുന്നിൽ വന്നു നിന്നത്. അപ്പോഴാണ് പ്രൊഡ്യൂസറും കുറെ
അസിസ്റ്റൻറ്സുമൊക്കെ വന്നത്. ആരാണ് പാടുന്നതെന്ന് ചോദിച്ചപ്പോൾ സംഗീതസംവിധായകൻ ചൂണ്ടിക്കാണിച്ചുകൊടുത്തു.
Recommended Video

അയാൾ അപ്പോൾതന്നെ ''ഛെ...ഇതൊന്നും ശരിയാവില്ല. പുതിയ പയ്യൻമാരെയൊന്നും കൊണ്ട് പാടിക്കണ്ട'' എന്ന് പുച്ഛത്തോടെ പറഞ്ഞു. ഞാൻ നിന്നനിൽപ്പിൽ ഉരുകിപ്പോയതു പോലെയായി. ഫുൾ ഓർക്കസ്ട്ര സജ്ജമായിരിക്കുകയാണ്. ഞാൻ അവരുടെ മുന്നിൽ അപമാനിതനായി. പാടിത്തുടങ്ങിയിട്ടില്ല, പാടി കേട്ടിട്ട് കൊള്ളില്ല എന്നു പറഞ്ഞാൽ വിഷമമില്ല. ഇതാണ് ഇവിടത്തെ പാരകൾ. ഞാൻ അവിടെനിന്നിറങ്ങി വരുമ്പോൾ എല്ലാവരും സാന്ത്വനിപ്പിച്ചു. ഈ സംഭവം ഞാൻ ജോൺസേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; ഇത് സാമ്പിളല്ലേ, നീ ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന്. അത് സത്യമായിരുന്നു. കരാറുറപ്പിച്ച എത്ര സിനിമകൾ തട്ടിക്കളഞ്ഞിരിക്കുന്നുവെന്ന് ശരത് പറയുന്നു.


Click it and Unblock the Notifications











