For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനിഷ വിവാഹത്തിന് സ്വര്‍ണത്തില്‍ പൊതിയുമെന്ന് പറഞ്ഞിരുന്നു! മകളെ കുറിച്ച് ഓര്‍ത്ത് ശ്രീദേവി ഉണ്ണി

  |

  മോനിഷയുടെ മരണം പോലെ മലയാളികളെ ഇത്രയധികം വേദനിപ്പിച്ചൊരു മരണ വാര്‍ത്തയില്ല. വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മോനിഷയ്ക്ക് സാധിച്ചിരുന്നു. ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ നടി ഇരുപത്തിയൊന്നാമത്തെ വയസില്‍ ഒരു വാഹനാപകടത്തിലൂടെയാണ് മരിക്കുന്നത്.

  മോനിഷ മരിച്ചിട്ട് 27 വര്‍ഷം പൂര്‍ത്തിയായിട്ടും ഇന്നും മകളുടെ ഓര്‍മ്മകളില്‍ കഴിയുകയാണ് നടി ശ്രീദേവി ഉണ്ണി. മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോനിഷ വിവാഹത്തെ കുറിച്ച് കണ്ടിരുന്ന സ്വപ്‌നങ്ങളെ കുറിച്ചും മറ്റുമെല്ലാം ശ്രീദേവി പറഞ്ഞിരുന്നു.

  പന്നിയങ്കര തട്ടകത്തിലെ ഭഗവതിയുടെ ഉത്സവത്തിന് പോകുന്നതാണ് അവളുടെ മറ്റൊരു ഇഷ്ടം. നവരാത്രിക്കാണ് ഉത്സവം. ഒന്‍പത് ദിവസം ഓരോ വീട്ടുകാരുടെ വക പൂജയും വിളക്കമുണ്ടാകും. ഞങ്ങളുടേത് മൂന്നാം ദിവസമായ തൃതീയയ്ക്കാണ്. പഞ്ചവാദ്യവും തായമ്പകയും കാണാന്‍ ഉത്സാഹത്തോടെ പോകും. കുടുംബത്തിലെ എല്ലാവരും കൂടി ചേരുന്ന അവസരങ്ങളെല്ലാം സന്തോഷമാണവള്‍ക്ക്. തട്ടകത്തിന് പുറത്ത് ഒരമ്പലത്തില്‍ ആദ്യമായി ഉത്സവത്തിന് പോകുന്നത് ഏറ്റുമാനൂരാണ്. ഏഴരപൊന്നാന ദിവസം ഒരിക്കല്‍ മോനിഷയുടെ ഡാന്‍സ് ഉണ്ടായിരുന്നു. ഹരിഹരന്‍ സാര്‍ പറഞ്ഞിട്ട്. അന്ന് ഞാനും നൃത്തം ചെയ്തു. പിറ്റത്തെ ആഴ്ച പത്താം ക്ലാസ് പരീക്ഷ എഴുതണം. പോകുമ്പോള്‍ പുസ്തകമൊക്കെ എടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് തന്നെ കിട്ടി.

  അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്ന ഒരു ദിവസമുണ്ട്. 1980 ഒക്ടോബര്‍ 24 ന് ബാംഗ്ലൂരുവിലെ രവീന്ദ്രകലാക്ഷേത്രത്തില്‍ വച്ച് ഗംഭീരമായി നടന്ന അവളുടെ നൃത്ത അരങ്ങേറ്റം. നിറഞ്ഞ് കവിഞ്ഞ സദസ്സ്. ചീഫ് ഗസ്റ്റ് ആയി ദാസേട്ടന്‍. ഒന്‍പത് വയസുള്ള കുട്ടി രണ്ട് താളവട്ടം വരെയൊക്കെ ശിവനായി പല പോസുകളില്‍ അനങ്ങാതെ നില്‍ക്കുന്നത് 'എ റെയര്‍ സെന്‍സ് ഓഫ് ബാലന്‍സ്' എന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ആഘോഷങ്ങളെത്തുമ്പോള്‍ നോവായി ഒരു ചിത്രം മനസില്‍ തെളിയും. ഞങ്ങളെല്ലാവരും അവസാനമായി സന്തോഷിച്ച് ആഘോഷിച്ച അവസാന ഓണം. 1992 സെപ്റ്റംബറില്‍.

  ഷൂട്ടിങ് ആയത് കൊണ്ട് പന്നിയങ്കര വീട്ടിലായിരുന്നു ഞങ്ങള്‍. അടുത്ത് തന്നെയുള്ള ഒരു സമൂഹ വിവാഹം ഉദ്ഘാടനം ചെയ്യാന്‍ നല്ല വീതിയുള്ള കസവ് മുണ്ടുടുത്ത് മുല്ലപ്പൂ ചൂടി സുന്ദരിയായി മോള്‍ പോകാനിറങ്ങി. മോളേ വാ, മാതേവര്‍ക്ക് രണ്ട് പൂവിട്ടിട്ട് പൊയ്‌ക്കോളു. മുത്തശ്ശി വിളിച്ചു. ഞങ്ങളുടെ തറവാട്ടില്‍ മാതേവരെ പൂജിക്കുന്നത് സ്ത്രീകളാണ്. മുറ്റം ചാണകം മെഴുകിയിട്ടാണല്ലോ പൂവിടുക.

  മുണ്ടിലൊക്കെ ചാണകമാക്വോ മുത്തശ്ശീ... എന്നും ചോദിച്ച് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ശ്രദ്ധയോടെ അവള്‍ പൂവിട്ടു. ഉച്ചയാകുമ്പോഴെക്കും സദ്യയുണ്ണാന്‍ വരണം ട്ടോ എന്നും പറഞ്ഞ് മുത്തശ്ശി അവളെ യാത്രയാക്കി. അവള്‍ അവളെ തന്നെ മനസിലാക്കി തുടങ്ങിയ കാലമായിരുന്നു അത്. ചിലപ്പോഴൊക്കെ ഞാന്‍ അവളെ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍. ശരിക്കും നീ അമ്മയാണോ മകളാണോ? ഞാന്‍ ചോദിക്കും. അപ്പോഴവള്‍ ഗമയില്‍ ചിരിക്കും. ആ ഡിസംബറില്‍ അവള്‍ പോയി

  ഒരു സ്വപ്‌നജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടീക്കലായിരുന്നു അവളുടെ ചിന്തകള്‍. എട്ടൊന്‍പത് വയസായപ്പോള്‍ മുതലേ 'അമ്മയെപ്പോഴും സ്വപ്‌നലോകത്താ. എനിക്കതൊന്നും പറ്റില്ലാട്ടോ. ഐ ആം എ പ്രാക്ടിക്കല്‍ ഗേള്‍' എന്നവള്‍ ഇടയ്ക്ക് പറയും. കളിചിരി തമാശയൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടി. എല്ലാം ആസ്വദിക്കും. പക്ഷേ സ്വപ്‌നങ്ങള്‍ കെട്ടിപടുക്കാന്‍ ഇഷ്ടമല്ലായിരുന്നു. അത് കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലമ്മേ, എന്ന് എന്നോട് പറയും.

  എന്റെ കല്യാണത്തിന് എന്ത് നിറമാ എന്നെ ഇടീക്യാ? എല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ? എന്നാകും ചിലപ്പോള്‍. അപ്പോള്‍ ഞാന്‍ പറയും, നിന്നെ അടിമുടി സ്വര്‍ണത്തില്‍ പൊതിയും, സാരിയും ബ്ലാസും എല്ലാം സ്വര്‍ണം. എന്നാ പിന്റെ എന്റെ മുഖത്ത് കൂടി സ്വര്‍ണം പൂശിക്കോളു സ്വര്‍ണപ്രതിമ ആക്കാലോ എന്നായിരുന്നു അവളുടെ മറുപടി. നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വേഗത്തില്‍ വായിച്ച് തീര്‍ക്കും. കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമാണ്. ആരോടും അത്രയ്ക്കങ്ങ് അടുക്കില്ല. ഒരേ മനസുള്ള വിരലിലെണ്ണാവുന്ന ചങ്ങാതിമാരേ അവള്‍ക്കുള്ളു. അവരുടെ കൂടെയാകുമ്പോള്‍ അവള്‍ വളരെ സന്തോഷവതിയാണ്.

  Read more about: monisha മോനിഷ
  English summary
  Sridevi Unni Talks About Monisha's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X