»   » ദുല്‍ഖര്‍ പേരിട്ടു, പൃഥ്വിരാജ് അഡ്വാന്‍സ് നല്‍കി, സണ്ണി അഭിനയിച്ചു!!! ആ സിനിമ എവിടെ???

ദുല്‍ഖര്‍ പേരിട്ടു, പൃഥ്വിരാജ് അഡ്വാന്‍സ് നല്‍കി, സണ്ണി അഭിനയിച്ചു!!! ആ സിനിമ എവിടെ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരാള്‍ക്ക് പറഞ്ഞ കഥാപാത്രം മറ്റൊരാള്‍ ചെയ്യുക എന്നത് പുതിയ കാര്യമല്ല. പക്ഷെ രണ്ട് കൈ മാറി വന്ന സിനിമ സണ്ണി വെയ്ന്‍ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനായില്ല. 

വളരെ പ്രതീക്ഷയോടെ ചിത്രീകരണം ആരംഭിച്ച സിനിമയായിരുന്നു സ്റ്റാറിംഗ് പൗര്‍ണമി. കഥ ദുല്‍ഖറിന് ഇഷ്ടമായി. പക്ഷെ പിന്നീട് ചിത്രം പൃഥ്വരാജിലേക്ക് നീങ്ങി. പൃഥ്വിരാജ് അഡ്വാന്‍സും വാങ്ങി. എന്നാല്‍ തിരക്കുകള്‍ മൂലം അദ്ദേഹവും ചിത്രത്തില്‍ നിന്നും പിന്മാറി. ഒടുവിലാണ് ചിത്രത്തില്‍ നായകനായി സണ്ണി വെയ്ന്‍ എത്തുന്നത്. 

സണ്ണി വെയ്ന്‍ നായകനും ടൊവിനോ വില്ലനുമായി ചിത്രീകരണം ആരംഭിച്ച സിനിമയാണ് സ്റ്റാറിംഗ് പൗര്‍ണമി. 2013 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ ആല്‍ബിയായിരുന്നു. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാരായിരുന്നു നിര്‍മാണം.

2013ല്‍ മരിക്കാര്‍ ഫിലിംസ് ഏഴ് ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. അതില്‍ ആദ്യത്തെ ചിത്രമായിരുന്നു സ്റ്റാറിംഗ് പൗര്‍ണമി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്തായിരുന്നു വികെ പ്രകാശ് സംവിധാനം ചെയ്ത താങ്ക്യു എന്ന ജയസൂര്യ ചിത്രം നിര്‍മിക്കുന്നത്. ചിത്രം പരാജയമായി. മെയ് മാസത്തോടെ സ്റ്റാറിംഗ് പൗര്‍ണമിയുടെ ആദ്യ ഷെഡ്യൂള്‍ പഞ്ചാബില്‍ പൂര്‍ത്തിയാക്കി.

മഞ്ഞുള്ള സമയത്തേ ഷൂട്ടിംഗ് സാധ്യമായിരുന്നൊള്ളു. അതിനായി നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. കൊടും തണുപ്പിലായിരുന്നു ഷൂട്ടിംഗ്. ചില ദിവസങ്ങളില്‍ -13 ഡിഗ്രി തണുപ്പില്‍ വരെ ഷൂട്ടിംഗ് നടത്തി. അസഹനീയമായ തണുപ്പില്‍ പലരും പിന്മാറിയിട്ടും ആല്‍ബി, ക്യാമറാമാന്‍ സിനു, സണ്ണി വെയ്ന്‍, ടൊവിനോ, നായിക ബിന കുമാരി, സത്താര്‍ തുടങ്ങിയവര്‍ ഷെഡ്യുള്‍ പൂര്‍ത്തിയാകും വരെ ഒപ്പം നിന്നു.

സിനിമയുടെ 70 ശതമാനവും രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കിയിരുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന അവസാന ഷെഡ്യൂള്‍ ആലപ്പുഴയില്‍ ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ചിത്രത്തിന് ആവശ്യമായ നാല് ഗാനങ്ങളും റെക്കോര്‍ഡ് ചെയ്ത് തീര്‍ത്തിരുന്നു.

സ്റ്റാറിംഗ് പൗര്‍ണമിയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെ മരിക്കാര്‍ ഫിലിംസ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ എന്ന സിനിമയുടെ നിര്‍മാണവുമായി മുന്നോട്ട് പോയി. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ സണ്ണി വെയ്ന്‍, ടൊവിനോ, തമിഴ് താരം ഭരത് എന്നിവരായിരുന്നു നായകന്മാര്‍. സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി.

കൂതറയുടെ പരാജയത്തോടെ നിര്‍മാതാവ് സാമ്പത്തീക ബാധ്യതയില്‍ ആയതാകാം സ്റ്റാറിംഗ് പൗര്‍ണയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അങ്ങനെ തന്റേതല്ലാത്ത കാരണങ്ങളാല്‍ സിനിമ പാതിയില്‍ നിന്നുപോയി. പിന്നീട് മറ്റ് നിര്‍മാതാക്കള്‍ ചിത്രത്തെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും അതും യാഥാര്‍ത്ഥ്യമായില്ല. അതോടെ എന്നന്നേക്കുമായി ചിത്രം നിന്നുപോയി.

ചിത്രത്തിന് സ്റ്റാറിംഗ് പൗര്‍ണമി എന്ന പേര് നിര്‍ദേശിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. സെക്കന്റ് ഷോ എന്ന ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഈ കഥ കേട്ടത്. ചിത്രത്തില്‍ അഭിനയിക്കാമെന്ന് ദുല്‍ഖര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ദുല്‍ഖറിന്റെ ആദ്യകാലമായതിനാല്‍ ഉയര്‍ന്ന ബജറ്റുള്ള സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ ലഭിച്ചില്ല.

ദുല്‍ഖറില്‍ നിന്ന് മാറി ചിത്രം പിന്നീട് പൃഥ്വിരാജിലേക്ക് എത്തി. കഥ വളരെ ഇഷ്ടപ്പെട്ട അദ്ദേഹം സ്റ്റാറിംഗ് പൗര്‍ണമിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കാന്‍ അദ്ദേഹം തയാറായി. സംവിധായകന് അഡ്വാന്‌സും നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് തിരക്കുകള്‍ മൂലം സിനിമ വൈകി. പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തു.

സ്റ്റാറിംഗ് പൗര്‍ണമി എന്ന ചിത്രം ഇനി സാധ്യമല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ പല സിനിമകളിലും വന്നു പോയി എന്നതാണ് അതിന് കാരണം. ഇനി ചിത്രം ഇറക്കിയാലും അത് എത്രത്തോളം വിജയകരമാകും എന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് യാതൊരു ഉറപ്പുമില്ല.

മലയാളത്തിലെ ആദ്യ ട്രാവല്‍ സിനിമ എന്ന ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ട സിനിമ ആയേനേ സ്റ്റാറിംഗ് പൗര്‍ണമി. എന്നാല്‍ ചിത്രത്തിനോട് സമാനത പുലര്‍ത്തുന്ന രംഗങ്ങളും പശ്ചാത്തലവുമുള്ള സിനിമകള്‍ മലയാളത്തിലും ഹിന്ദിയിലുമായി വന്നുപോയി. ഹിന്ദി സിനിമയായ ഹൈവേ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളിലാണ് സമാനത ഉള്ളത്. ഇതും ചിത്രം പൂര്‍ത്തിയാക്കി തിയറ്ററില്‍ എത്തിക്കുന്നതില്‍ നിന്നും അണിയറ പ്രവര്‍ത്തകരെ തടയുന്നു.

സ്റ്റാറിംഗ് പൌർണമിയുടെ ടീസർ കാണാം...

English summary
Sunny Wayne's big budget movie Starring Pournami dropped because of financial problems. The movie had finished its two schedule and almost 70 percentage of the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam