For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവതാരകരുടെ അവിഹിതവും ഭാഷയുടെ മേന്‍മയും

  By Shabnam Aarif
  |

  John Brittas
  അടുത്തകാലത്ത്‌ മലയാളത്തില്‍ പേരെടുത്ത സ്‌പിരിറ്റിലെ നായകന്‍ മോഹന്‍ലാല്‍ ഒരു ടെലിവിഷന്‍ അവതാരകന്‍ കൂടിയായിരുന്നു. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയുടെ കണ്ണുകളിലേക്ക്‌ നോക്കി ഉള്ളറകള്‍ തുറന്ന്‌ ഉള്ളുകള്ളികള്‍ പുറത്തെടുക്കുന്ന മാസ്‌മരികമായ പ്രക്രിയയില്‍ ഷോ ദി സ്‌പിരിറ്റ്‌ എന്ന ടെലിവിഷന്‍ ഷോയിലൂടെ തിളങ്ങിയ രഘുനന്ദനെ അതിഥികള്‍ എന്നും ഭയന്നിരുന്നു.

  ആരോഗ്യകരമായ നല്ല ലക്ഷണമാണ്‌ ഇതിനു പിന്നില്‍. സെലിബ്രിറ്റികളും ഉദ്യോഗസ്ഥരും വിഐപികളുമൊക്കെ അവര്‍ എങ്ങിനെയാണോ അതിന്റെ ഹാങ്‌ ഓവറില്‍ തന്നെ തൂങ്ങി മറുപടി പറയാന്‍ ശ്രമിക്കുമ്പോഴും കുഴക്കുന്ന കൊളുത്തുകളുള്ള ചോദ്യങ്ങളില്‍ പിടിവിട്ടു താഴെ വീണുപോകുന്ന രസകരമായ അനുഭവങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.

  തിരിച്ച്‌ അവതാരകന്‍ വിയര്‍ക്കുന്നതിനും കാഴ്‌ചക്കാര്‍ സാക്ഷികളായിട്ടുമുണ്ട്‌. മന്‍മോഹന്‍സിങ്ങുമായുള്ള മുഖാമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ്‌ വിയര്‍ത്തതുപോലെ. ഇംഗ്‌ളീഷ്‌ ഭാഷയിലെ അറിവ്‌ മാത്രം പോരാ നിപുണനായ ഒരു ഭരണാധികാരിയോട്‌ പറഞ്ഞ്‌ കയറാന്‍. ഭാഷ ഒരു മാധ്യമം മാത്രമല്ല. മറിച്ച്‌ മനോഹരമായ പ്രയോഗരീതിയിലൂടെ സാങ്കേതിക പദങ്ങളില്‍ കൃത്യമായ ഡാറ്റകളിലൂടെ വിഷയത്തിന്റെ കൂര്‍മ്മതയിലേക്ക്‌ അവതാരകന്‌ അതിഥിയെ കൊണ്ട്‌ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗതിപാളും.

  കൈരളിയില്‍ നിന്നും ഏഷ്യാനെറ്റിന്റെ വിശാലമായ ഫ്‌ളോറിലേക്ക്‌ പ്രവര്‍ത്തിപഥം മാറ്റി പിടിച്ച ബ്രിട്ടാസില്‍ പരിഹാസത്തിന്റെ പച്ച ചിരി മാത്രമല്ല ഉള്ളതെന്ന്‌ വിളിച്ചു പറയുന്നതാകുന്നു മിക്ക പ്രകടനങ്ങളും. ടെലിവിഷന്‍ പ്രേക്ഷകര്‍ നാലാംകിട സീരിയലുകളും ലൊട്ടുലൊടുക്ക്‌ കസര്‍ത്തുകളും നിരവധികാണുന്നുണ്ട്‌ നിത്യേന.

  എന്നാല്‍ അവര്‍ ഇതിന്‌ അഡിക്ടാണെന്നും എല്ലാം വളിച്ച രൂപത്തില്‍ വിളമ്പികൊടുക്കാം എന്ന്‌ ബ്രിട്ടാസിനെപോലുള്ളവര്‍ ധരിച്ച മട്ടിലാണ്‌ തനിക്കു മുമ്പില്‍ കിട്ടുന്ന ഇരകളെ നേരിടുന്നത്‌. കഴിഞ്ഞ ആഴ്‌ച ഇതിനുകഴുത്തു വെച്ചു കൊടുക്കേണ്ടി വന്നത്‌ അനന്യയും കാമുകന്‍ ആഞ്‌ജനേയനുമാണ്‌. അവര്‍ക്കുണ്ടോ അറിവ്‌ ബ്രിട്ടാസാരാ മോന്‍ എന്ന്‌.

  എന്തായാലും നല്ലൊരു പങ്ക്‌ പ്രേക്ഷകരും പരിപാടി കണ്ട ശേഷം അളന്നത്‌ ബ്രിട്ടാസിന്റെ പ്രകടനത്തിന്റെ ശോച്യാവസ്ഥയാണ്‌. നാലാംകിട ഗോസിപ്പുകോളത്തില്‍ വന്നതും പാപ്പരാസികള്‍ അടിച്ചുവിടുന്നതുമൊക്കെ
  ഒരുക്കികൂട്ടി വെച്ച്‌ ബ്രിട്ടാസ്‌ പ്രയോഗിക്കുന്നത്‌ കാണുമ്പോള്‍ സഹതാപം തോന്നാതിരിക്കുമോ.

  തന്റെ മുമ്പിലിരിക്കുന്നവന്റെ രൂപം സംസാരത്തിലെ നിഷ്‌കളങ്കത ഒക്കെ തനിക്ക്‌ തോന്നുന്ന വിധം ആക്ഷേപത്തിനായ്‌ പ്രയോഗിക്കുന്ന അവതാരകന്‍ പണ്ട്‌ പൃഥ്വി രാജിനും സുപ്രിയയ്‌ക്കുമെതിരെയിരുന്നു ഒന്നുകളിച്ചു നോക്കി. പൃഥ്വിരാജ്‌ വളരെ നീറ്റായി ഓരോന്നും സ്ഥാപിച്ചുകൊണ്ട്‌ മുന്നേറിയപ്പോള്‍ ഗോസിപ്പ്‌ ചോദ്യങ്ങളില്‍ നിന്ന്‌ നാണം കെട്ട്‌ ബ്രിട്ടാസ്‌ പിന്‍മാറി.

  അഭിമുഖം കഴിഞ്ഞപ്പോഴേക്കും പ്രേക്ഷകരില്‍ നല്ല പക്ഷം പൃഥ്വിരാജിനെ എതിരുമായി. കാരണം കാര്യങ്ങള്‍ വെട്ടിതുറന്നുപറയുന്ന താരങ്ങള്‍ അഹങ്കാരികളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്നതാകായാല്‍ സമസ്‌തമേഖലകളിലും വിമര്‍ശിക്കപ്പെടുന്ന കാലത്താണ്‌ പഥ്വിരാജ്‌ ടെലിവിഷനിലേക്ക്‌ ഭാര്യയോടൊപ്പം വന്നത്‌.

  നാടടക്കി വിഡ്‌ഢിവേഷം കെട്ടിച്ച സന്തോഷ്‌ പണ്ഡിറ്റിനേയും ചാനല്‍ ഫ്‌ളോറില്‍ വിളിച്ചുവരുത്തി നമ്മുടെ അവതാരകന്‍ നന്നായി അധിക്ഷേപിച്ചു വിട്ടു. തന്റെ പോരായ്‌മകള്‍ സ്വയം തിരിച്ചറിയാത്ത ആളെ എന്തും പറയാമെന്ന്‌ ഒരു ടിവി അവതാരകന്‍ അങ്ങ്‌ തീരുമാനിച്ചാല്‍ കാഴ്‌ചക്കാര്‍ക്കും ചില തീരുമാനങ്ങളുണ്ടാവും.

  സംഭവം ഇങ്ങനെ, എലികളെ വിരട്ടി ആളാവുന്നതില്‍ വിരുതനായ ബ്രിട്ടാസിന്ന്‌ പുലികളെ കണ്ടാല്‍ വലിയ ഭയഭക്തി ബഹുമനങ്ങളുമാണ്‌. പക്ഷേ ഇതൊക്കെ വെളിപ്പെടുത്തുക വലിയ ഷോകളില്‍ നിരന്നിരിക്കുന്ന ഡെയ്‌ലിവേജസുകാരായ പൊതുജനത്തോടാവും പ്രകടമാക്കുക. രഞ്‌ജിത്‌, മോഹന്‍ലാല്‍ ടീമിനോട്‌ വിനീതവിധേയനായി നില്‌ക്കുന്നയാളെയും പ്രേക്ഷകര്‍കണ്ടു. ഇതാണോ ശരിയായ മാധ്യമധര്‍മ്മം കുറച്ചുകൂടി പക്വതയും വിവേചനബുദ്ധിയും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

  English summary
  We have seen both the sweating of an anchor infront of his guest and that of the guest infront of the anchor's question in tv shows.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X