»   » പോയ വര്‍ഷം കേരളത്തില്‍ സെഞ്ച്വറി തികച്ച ചിത്രങ്ങള്‍, നേട്ടം കൊയ്തത് മലയാള ചിത്രങ്ങള്‍!

പോയ വര്‍ഷം കേരളത്തില്‍ സെഞ്ച്വറി തികച്ച ചിത്രങ്ങള്‍, നേട്ടം കൊയ്തത് മലയാള ചിത്രങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് 2017 കടന്ന് പോയത്. 150ല്‍ അധികം ചിത്രങ്ങളാണ് പോയ വര്‍ഷം തിയറ്ററിലെത്തിയത്. അവയില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളും കലാപരമായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രതീക്ഷകളുമായി എത്തി അമ്പേ പരാജയപ്പെട്ട ചിത്രങ്ങളും ഉണ്ടായിരുന്നു.

രണ്ടാം വരവില്‍ കൂടുതല്‍ സജീവമായി, ഒാഖി ബാധിതരെ സഹായിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ല: മഞ്ജു വാര്യര്‍

കേരളത്തിലെ തിയറ്ററുകളിലെ 100 പിന്നിട്ട ചിത്രങ്ങളുടെ കണക്കെടുത്താല്‍ അത് അത്ര ആശാവഹമല്ല. 150ല്‍ അധികം ചിത്രങ്ങളില്‍ 100 പിന്നിട്ടിവ പത്തില്‍ താഴെ മാത്രമാണ്. അതില്‍ സിംഹഭാഗവും പുതുമുഖ സംവിധായകരുടെ ചിത്രവുമായിരുന്നു. തെലുങ്കില്‍ നിന്നും മൊഴിമാറ്റി എത്തിയ ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങളാണ് തിയറ്ററില്‍ സെഞ്ച്വറി തികച്ചത്.

ദ ഗ്രേറ്റ് ഫാദര്‍

തിയറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ പട്ടികയിലെ ഏക സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 2017ലെ മൂന്നാമത്തെയും മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തേയും 50 കോടി ചിത്രമായി. മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രത്തെ ആരാധകര്‍ക്കൊപ്പം പ്രേക്ഷകരും ഏറ്റെടുത്തു. സ്‌നേഹ നായികയായി എത്തിയ ചിത്രത്തില്‍ ആര്യയും ബേബി അനിഘയും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാര്‍ച്ച 31നായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. റിലീസിന് മുമ്പേ ഏറെ പ്രതീക്ഷയുയര്‍ത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി. സജീവ് പാഴൂര്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന് സംഭാഷണങ്ങള്‍ എഴുതിയത് മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരനാണ്. പുതുമുഖം നിമിഷ സജയന്‍ നായികയായി എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രമായി. ജൂണ്‍ 30നാണ് ചിത്രം തിയറ്ററിലെത്തിയത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പ്രേമം എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറിയ അല്‍ത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടിവേള. 2017ല്‍ നിവിന്‍ പോളി നായകനായി എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ ആയിരുന്നു ചിത്രം നിര്‍മിച്ചതും. അല്‍ത്താഫും ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം നര്‍മ്മ രസപ്രധാനമായ ലളിതമായ ആവിഷ്‌കരണ ശൈലിയായിരുന്നു. പുതുമുഖം ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക. സെപ്തംബര്‍ ഓണച്ചിത്രമായിട്ടായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയറ്ററിലെത്തിയത്.

പറവ

സഹസംവിധായകനായി സിനിമയിലെത്തുകയും പിന്നീട് നടനായി പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്ത സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗമായിരുന്നു നായകന്‍. ഇവര്‍ക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമായി. മികച്ച ദൃശ്യാവിഷ്‌കാരവും അവതരണത്തിലെ ലാളിത്യവും ചിത്രത്തിന് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. പ്രേമത്തിന് ശേഷം അന്‍വര്‍ റഷീദ് നിര്‍മിച്ച പറവ സെപ്തംബര്‍ 21നാണ് തിയറ്ററിലെത്തിയത്.

രാമലീല

വിവാദങ്ങളും പ്രതിസന്ധികളുമായി റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രാമലീല. ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്ക് തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴായിരിന്നു ചിത്രം തിയറ്റിലേക്ക് എത്തിയത്. 2017ലെ നാലാമത്തേയും ദിലീപിന്റെ കരിയറിലെ രണ്ടാമത്തെ 50 കോടി ചിത്രമായി രാമലീല മാറി. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനായിരുന്നു നായിക. സെപ്തംബര്‍ 28നായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

ബാഹുബലി ദ കണ്‍ക്ലൂഷന്‍

തെലുങ്കില്‍ നിന്നും മൊഴിമാറ്റി എത്തിയ ബാഹുബലി ദ കണ്‍ക്ലൂഷനായിരുന്നു കേരളത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ഏക അന്യഭാഷ ചിത്രം. പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി ഒരുക്കിയ ചിത്രം കേരളത്തില്‍ നിരവധി റെക്കോര്‍ഡുകളും സൃഷ്ടിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രം ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഗ്രോസ് കളക്ഷന്‍ എന്നീ റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് ഏപ്രില്‍ 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്.


English summary
The movies which completed 100 days in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X