»   » നദിക്കപ്പുറത്തെ ലോകങ്ങളിലേക്ക് ഒരു ചെറുതോണി യാത്ര! നദിയുടെ മൂന്നാം കര!!

നദിക്കപ്പുറത്തെ ലോകങ്ങളിലേക്ക് ഒരു ചെറുതോണി യാത്ര! നദിയുടെ മൂന്നാം കര!!

Written By:
Subscribe to Filmibeat Malayalam

സതീഷ് പി ബാബു

സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊക്കെ പച്ച നിറത്തിലുള്ള ഒരു സൗന്ദര്യമുണ്ട്. ആധുനിക ബ്രസീലിയന്‍ സാഹിത്യ ശാഖയിലെ പ്രമുഖരിലൊരാളായ ജോയന്‍ ഗിമാറസ് റോസ ആ സൗന്ദര്യത്തില്‍ അല്‍പ്പം നിഗൂഢതയും കാല്‍പ്പനികതയും ചേര്‍ത്ത് കുഴച്ചുണ്ടാക്കിയ കഥാ ശില്‍പ്പമാണ് 'The third bank of the river'. കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ യഥാര്‍ത്ഥ ലോകത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്ന തോന്നലുണ്ടാക്കുമെങ്കിലും അതില്‍ അന്തര്‍ലീനമായിരിക്കുന്ന സത്തയാണ് കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒരു കൃതിയായ് ഈ കഥയെ മാറ്റുന്നത്.

'മിത്ര് മൈ ഫ്രണ്ട്' എന്ന പേരില്‍ രേവതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നു വന്ന്, പിന്നീട് ഉയിര്‍, ഗുലുമാല്‍ ( മലയാളം), വിസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യമുറപ്പിച്ച പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ ഫൗസിയ ഫാത്തിമ മേല്‍ കഥയെ ആധാരമാക്കി ആദ്യമായൊരുക്കിയ ഫീച്ചര്‍ ഫിലിമാണ് 'നദിയുടെ മൂന്നാം കര'. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനാണ് സനല്‍ അമന്‍, ജയപാലന്‍, സജിത മഠത്തില്‍, കനി കുസൃതി, എബിന്‍ ഫിലിപ്പ് എന്നിവര്‍ മുഖ്യവേഷത്തിലഭിനയിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ടൈറ്റില്‍ പോലെ തന്നെ, കാവ്യ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വളവു തിരിവുകളും കുത്തനെയുള്ള ഇറക്കവും കയറ്റവും ചുഴികളുമൊക്കെയാണ് ഇത് കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടെന്ന തിയറിക്കുപരി ജീവിതത്തില്‍ അവശേഷിക്കപ്പെടുന്ന, ഉത്തരമില്ലാത്ത ചോദ്യങ്ങളെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു. എന്തിനെന്നറിയാതെ ഒരു ദിവസം വീടുപേക്ഷിച്ച് പോവുകയാണ് കുടുംബനാഥന്‍. പിന്നീട് അയാള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന കുടുംബത്തിന്റെ അവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. മകന്റെ കൗമാരത്തില്‍ നടക്കുന്ന ആ ഇറങ്ങിപ്പോക്ക് അവന്റെ യൗവനത്തിലും മധ്യവയസ്സിലും പ്രഹേളിക തന്നെയായ് തുടരുന്നു. ഇതിനിടയില്‍ സഹോദരി വിവാഹിതയാവുകയും അവള്‍ ഒരു കുഞ്ഞിന്റെ അമ്മയാവുകയും അവര്‍ക്കൊപ്പം തന്റെ അമ്മയും കൂടി അപ്പനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് യാത്രയായുകയും ചെയ്യുന്നു. മകന്‍ അപ്പോഴും പിതാവ് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിച്ച് കാലം കഴിക്കുന്നു.

എന്തിനാണെന്നോ എന്താണെന്നോ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഈ ചെറുകഥയെ കഥാകൃത്ത് അവതരിപ്പിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും സൂചനകളില്‍ നിന്ന് മാനസിക വ്യായാമത്തിലൂടെ ആസ്വാദകരിലേക്ക് സന്നിവേഷിപ്പിക്കുന്ന രചനാ കൗശലം. വായിക്കുന്ന ഓരോരുത്തരും അവരുടെ അഭിരുചിക്ക് അനുസരിച്ച് ആഖ്യാനം നിര്‍വഹിക്കേണ്ടതുണ്ട് ഇവിടെ. ഏത് കാലത്തും ദേശത്തു പറിച്ചു നടത്തക്കവിധമുള്ള ഒരു വിത്തായ് ഈ കൃതി മാറിയതും അതുകൊണ്ടാണ്. ആസ്വാദകര്‍ പുരോഗമനവാദികളായാലും പാരമ്പര്യവാദികളായാലും മനസ്സില്‍ പക്ഷേ ആ മകന്റെ വേദനയും കാത്തിരിപ്പും ബാക്കിയാവും.

ഗിമാറസിന്റെ കഥയിലും ഇവിടെ അതിന്റെ മലയാളം അഡാപ്‌റ്റേഷനിലും നദി ശക്തമായ ഒരു പ്രതീകമായ് കടന്നു വരുന്നുണ്ട്. സൂചനകളില്ലാതെ കുടുംബനാഥന്‍ യാത്രയാരംഭിക്കുന്നത് ഈ നദിയിലൂടെയാണ്. സദാ ചലിച്ച് കൊണ്ടിരിക്കുന്ന; നിറയെ ഓളങ്ങളും അനിശ്ചിതമായ അടിയൊഴുക്കുകളുമുള്ള കാലത്തിലേക്ക് സമയം ഈ ബിംബത്തെ ചേര്‍ത്തു വെച്ചാല്‍ മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശമാണ് വെളിപ്പെട്ടു വരിക. ഒപ്പം ഓരോ പരിതസ്ഥിതിയോടും താദാത്മ്യപ്പെടുകയും പിന്നീട് പിരിഞ്ഞ് വേറൊരു വഴി യാത്രയാവുകയെന്ന 'മാറ്റ'വും ഒരു സൂചകമാണ്.

സൗന്ദര്യവല്‍ക്കരണം

കഥയിലെ അനിശ്ചിതാവസ്ഥ സ്‌ക്രീനിലേക്ക് പകര്‍ത്തിയെടുക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. മൂലകഥയിലെ പ്രതീകങ്ങള്‍ക്കെതിരെയായുള്ള 'സൗന്ദര്യവല്‍ക്കരണം' അതിന്റെ അന്തസത്ത തന്നെ ചോര്‍ത്താനും സാദ്ധ്യതയുണ്ടായിരുന്നു. മകന്റേതിന് പകരം മകളുടെ കാഴ്ചപ്പാടിലാണ് കഥ പറയുന്നത് എന്ന മാറ്റമൊഴിച്ചാല്‍ മേല്‍ പറഞ്ഞ പരിക്കുകളെ സംവിധായിക ഭംഗിയായ് മറികടക്കുന്നുണ്ട്. ആത്മഗത സംഭാഷണ ഭാഗങ്ങളില്‍ മടുപ്പുളവാക്കുന്ന നിര്‍ജീവ ഭാഷയുപയോഗിച്ചതാണ് ഏക അഭംഗി. ഛായാഗ്രാഹകയായതിനാലാകാം, പലപ്പോഴും ഒരു കവിതയോളം പോന്ന വിഷ്വലുകള്‍ മികച്ച കളര്‍ ടോണ്‍ കൂടിയാകുന്നതോടെ ഗിമാറസ് റോസയുടെ മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവവുമായ് ഐക്യപ്പെടുന്നതായ് അനുഭവപ്പെടുന്നു. ധാരാളം അഡാപ്‌റ്റേഷനുകളും ഈ കഥയെ അവലംബിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ഗിമാറസിന്റെ നാട്ടുകാരനായ നെല്‍സണ്‍ പെരേര ഡോസ് സാന്റോസ് സംവിധാനം ചെയ്ത ചിത്രമാണ് അതില്‍ പ്രധാനം. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ 1994 ലെ മത്സരചിത്രമായിരുന്നു പ്രസ്തുത ചിത്രം.

നദിയുടെ മൂന്നാം കര


സംവിധാനത്തോടൊപ്പം ഛായാഗ്രഹണവും ഫാസിയ ഫാത്തിമ തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ അരങ്ങിലും പ്രധാന നടീനടന്മാരൊഴികെ അണിയറയിലുമായ് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ടിവി ചലച്ചിത്ര വിദ്യാര്‍ത്ഥികളാണുള്ളത്. അവരുടെ ക്ലാസ് പ്രൊജക്ടിന്റെ ഭാഗമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും പ്രദീപ് ചെറിയാന്‍ നിര്‍വ്വഹിക്കുന്നു. കൊച്ചിയില്‍ നടന്ന സൈന്‍ ഫിലിം ഫെസ്റ്റിവലില്‍ 'നദിയുടെ മൂന്നാം കര' മത്സരചിത്രമായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ഡിസംബറില്‍ മുംബയില്‍ നടന്ന 'തേഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലി'ലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവലിലും ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

English summary
The third bank of the river movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam