»   » മമ്മൂട്ടിയും ബിജു മേനോനുമുണ്ട്, ഏപ്രില്‍ ആറിന് അഞ്ച് സിനിമകള്‍, എല്ലാത്തിനും വലിയൊരു പ്രത്യേകതയും..!

മമ്മൂട്ടിയും ബിജു മേനോനുമുണ്ട്, ഏപ്രില്‍ ആറിന് അഞ്ച് സിനിമകള്‍, എല്ലാത്തിനും വലിയൊരു പ്രത്യേകതയും..!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭാഗ്യം സിനിമയെ സ്‌നേഹിക്കുന്ന ഒരു തലമുറയാണ്. സിനിമയെന്ന സ്വപ്‌നവുമായി നടക്കുന്ന പലരും അത് പൂര്‍ത്തിയാക്കുകയും സൂപ്പര്‍ ഹിറ്റിലേക്ക് എത്തിക്കുന്നതും സ്ഥിരമായി നടക്കുന്ന ഒരു കാര്യമായി മാറി കൊണ്ടിരിക്കുകയാണ്. 2018 ല്‍ മൂന്ന് മാസം കഴിയുമ്പോള്‍ പുറത്തിറങ്ങിയ സിനിമകളില്‍ ബഹുഭൂരിപക്ഷവും പുതുമുഖ സംവിധായകരുടേതായിരുന്നു.

മൂന്ന് മാസം കഴിയുമ്പോള്‍ എടുത്ത് പറയാന്‍ പാകത്തിനുള്ളത് 6 സിനിമകള്‍! ബാക്കിയുള്ളവയുടെ അവസ്ഥ എന്താണ്?


ഏപ്രില്‍ മുതല്‍ ബിഗ് റിലീസ് സിനിമകളാണ് വരാനിരിക്കുന്നത്. അതില്‍ മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മുന്‍നിര നായകന്മാരുടെ സിനിമ മുതല്‍ കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിക്കുന്ന നവാഗതരുടെ സിനിമയുമുണ്ട്. വിഷുവിന് മുന്നോടിയായി എത്തുന്ന സിനിമകളില്‍ ചിലതിന് ആ പ്രത്യേകതയുണ്ട്.. എന്താണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം...


അജിത്തിന്റെ കോളറില്‍ ലാലേട്ടന്‍ പിടിച്ചാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാണ്! എല്ലാം വിധിയാണെന്ന് ലാലേട്ടനും


വിഷു റിലീസ് സിനിമകള്‍..

മറ്റൊരു അവധിക്കാലം കൂടി എത്തിയിരിക്കുകയാണ്. അത് ലക്ഷ്യം വെച്ച് നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ പരോള്‍, ഇന്ദ്രന്‍സിന്റെ ആളൊരുക്കം, ബിജു മേനോന്റെ ഓരായിരം കിനാക്കളാല്‍, സുവര്‍ണ പുരുഷന്‍, ശ്രീഹള്ളി എന്നിങ്ങനെ ഏപ്രില്‍ ആറിന് അഞ്ച് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. ഈ അഞ്ച് സിനിമകളും സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകരാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. തൊട്ട് അടുത്ത ദിവസങ്ങളിലായി ദിലീപിന്റെ കമ്മാരസംഭവം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ രതീഷ് അമ്പാട്ടാണ് കമ്മാരസംഭവം സംവിധാനം ചെയ്യുന്നത്.


പരോള്‍

പുതുമുഖ സംവിധായകന്മാര്‍ക്ക് ഏറ്റവുമധികം അവസരം നല്‍കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ വര്‍ഷമിറങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന സിനിമയിലും നവാഗതനൊപ്പമായിരുന്നു ഇക്ക അഭിനയിച്ചത്. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ കൂടുതലും ആദ്യമായി സംവിധാനം ചെയ്യുന്നവരുടെ സിനിമകളാണ്. മാര്‍ച്ച് അവസാനത്തോട് കൂടി റിലീസ് ചെയ്യുമെന്ന് പറഞ്ഞ പരോളും പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് സന്ധിത് ആണ് സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ ആറിന് സിനിമ തിയറ്ററുകളിലേക്ക് എത്തും. അജിത്ത് പൂജപ്പുര തിരക്കഥ എഴുതുന്ന സിനിമയുടെ കഥ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയിട്ടാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍.


ഒരായിരം കിനാക്കളാല്‍

നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരായിരം കിനാക്കളാല്‍. ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന സിനിമ രഞ്ജി പണിക്കര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. സാക്ഷി അഗര്‍വാള്‍ നായികയായി അഭിനയിക്കുന്ന സിനിമയില്‍ സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം ചെയ്യുന്നതിനൊപ്പം പ്രമോദ് മോഹന്‍ കിരണ്‍ വര്‍മ്മയുമായി ചേര്‍ന്നാണ് തിരക്കഥയും ഒരുക്കുന്നത്. സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല..


ആളൊരുക്കം

ആളൊരുക്കം എന്ന പേര് കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് മനസിലാവും ഈ സിനിമ ഏതാണെന്ന്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടി എത്തിയത് ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിലൂടെയായിരുന്നു. നവാഗതനായ വിസി അഭിലാഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം രചനയും അഭിലാഷ് തന്നെയാണ് ചെയ്തിരിക്കുന്നത്. ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ശ്രീകാന്ത് മേനോന്‍, അലന്‍സിയര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, ശ്രീഷ്മ, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഏപ്രില്‍ ആറിന് ആളൊരുക്കം തിയറ്ററുകളിലേക്ക് എത്തുകയാണ്.


സുവര്‍ണ പുരുഷന്‍

മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായി എത്തുന്ന മറ്റൊരു സിനിമയാണ് സുവര്‍ണ പുരുഷന്‍. ചിത്രത്തില്‍ ലാലേട്ടന്റെ ആരാധകനായി അഭിനയിക്കുന്നത് ഇന്നസെന്റാണ്. നവാഗതനായ സുനില്‍ പൂവേലിയാണ് സുവര്‍ണ്ണ പുരുഷന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ജെഎല്‍ ഫിലിംസിന്റെ ബാനറില്‍ ലിറ്റി ജോര്‍ജ്, ജീസ് ലാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ യില്‍ ലെന, ശ്രീജിത് രവി, സുനില്‍ സുഗത, മനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടീസറുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ സംവിധായകന്റെ ചിറകിലേറി സുവര്‍ണ പുരുഷനും ഏപ്രില്‍ ആറിന് തിയറ്ററുകളിലേക്ക് എത്തുകയാണ്.


ശ്രീഹള്ളി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന് ശേഷം ഈ വര്‍ഷം ക്വീന്‍ എന്ന സിനിമയിലൂടെ പുതുമുഖങ്ങളുടെ മാത്രമായൊരു സിനിമ എത്തിയിരുന്നു. സിനിമയുടെ സംവിധായകനടക്കം അഭിനയിച്ച താരങ്ങളും പുതുമുഖങ്ങളായിരുന്നു. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. സച്ചിന്‍ രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ശ്രീഹള്ളിയാണ് ആ സിനിമ. പുതുമുഖതാരം ഉണ്ണി ലാലുവാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിലുള്ള ഗ്രാമീണ ജീവിതത്തെ പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ശരത്, ബിച്ചാല്‍ മുഹമ്മദ്, രാജീവ് രാജന്‍, അജയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹള്ളിയും ഏപ്രില്‍ ആറിന് റിലീസിനൊരുങ്ങുകയാണ്.


English summary
This is the Vishu release Movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X