»   » ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി.. മലയാള സിനിമ 2017 & ടോപ്പ് 10 മൂവീസ്.. ശൈലന്റെ റിവ്യൂ!!

ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി.. മലയാള സിനിമ 2017 & ടോപ്പ് 10 മൂവീസ്.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

131 മലയാളസിനിമകൾ 2017 ൽ തിയേറ്ററുകളിലെത്തി എന്നാണ് വിക്കിപീഡിയ കണക്ക് പ്രകാരം മനസിലാക്കാൻ കഴിയുന്നത്. എന്നാൽ ആദം ജോൺ, പുള്ളിക്കാരൻ സ്റ്റാറാ, ഗൂഢാലോചന, ഓവർടേക്ക് തുടങ്ങി പെട്ടെന്ന് ഓർമ്മയിലെത്തുന്ന ചിത്രങ്ങൾ പോലും വിക്കിയുടെ ലിസ്റ്റിൽ വന്നിട്ടില്ല. ആധികാരികത കമ്മിയാണെന്നു തന്നെ സാരം. അങ്ങനെ നോക്കുമ്പോൾ 140 ൽ കൂടുതൽ സിനിമകൾ തന്നെ മലയാളത്തിന്റെതായി കടന്നുപോവുന്ന വർഷത്തിൽ റിലീസായിട്ടുണ്ടാവാം. അതിൽ 70 ൽ അധികം എണ്ണം തിയേറ്ററിൽ പോയിക്കാണാനുള്ള ഭാഗ്യം സിദ്ധിച്ച ഭാഗ്യവാൻ (അതോ ഹതഭാഗ്യനോ) ആണ് ഞാൻ.

തന്റെ സംതൃപ്തിയിലാണ് താന്‍ സിനിമ നിര്‍മ്മിക്കുന്നത്, സംവിധായകനായി സലീം കുമാറിന്റെ രണ്ടാം വരവിങ്ങനെ..

ടിക്കറ്റിന് കൊടുക്കുന്ന കാശിൽ നിന്ന് മാക്സിമം ആസ്വാദ്യത കണ്ടെത്തുക എന്ന ലക്ഷ്യവുമായി തിയേറ്ററിൽ എത്തുന്ന ഒരുവൻ എന്നുള്ള നിലയിൽ സൂക്ഷ്മമായ അപഗ്രഥനം നടത്തി ഭൂതക്കണ്ണാടിയിൽ കാണുന്ന കുറ്റങ്ങളും കുറവുകളും വിളിച്ചു കൂവുന്ന പതിവ് പൊതുവെ ഇല്ല. ഏതെങ്കിലും സംവിധായകനോ നടനോ മറ്റേതെങ്കിലും ടെക്നീഷ്യനോ എന്നെക്കാൾ നിലവാരം കുറഞ്ഞവനാണ് എന്നൊരു തോന്നൽ ഒരുകാലത്തും വന്നിട്ടില്ലാത്തതും ആസ്വാദനത്തിൽ ഉദാരമായ സമീപനം വളർന്നു വരാൻ ഇടയാക്കിയിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ചകളിലും അതിന്റെ ഒരു പ്രതിഫലനം ഉണ്ടായേക്കാം.

മഹേഷിന്റെ പ്രതികാരം തമിഴില്‍ നിമിര്‍ ആയത് ഒരാളുടെ സംഭാവനയാണ്, തുറന്ന് പറച്ചിലുമായി പ്രിയദര്‍ശന്‍!!

എന്റെ കാഴ്ചയിൽ മികച്ചതെന്നോ ശ്രദ്ധേയമെന്നോ തോന്നിയ പത്തുസിനിമകൾ ആണ് താഴെ ലിസ്റ്റ് ചെയ്യുന്നത്.. ഇട്ടിരിക്കുന്ന സീരിയൽ നമ്പർ സാങ്കേതികം മാത്രമാണ്.. പൊസിഷനുമായി അതിന് ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം ആസ്വാദനം എന്നത് ഒരു നൂറുമീറ്റർ അത്ലറ്റിക്സ് മൽസരം അല്ലല്ലോ..

1. ടേക്ക് ഓഫ്

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സ്ക്രിപ്റ്റിനെ ഇന്റർനാഷണൽ ക്ലാസോടെ ആണ് മഹേഷ് നാരായണൻ ഗൗരവം ഒട്ടും ചോരാതെ സ്ക്രീനിൽ എത്തിച്ചത്. പാർവ്വതി എന്ന നടിയുടെ വിസ്മയിപ്പിക്കുന്ന ഡെഡിക്കേഷനും സിനിമയെ വേറെ ലെവലാക്കി. ലോകത്തിലെ ഏത് മൂലയിലുള്ള സ്ക്രീനിലും പ്രദർശിപ്പിക്കാനുള്ള ഉൾക്കരുത്ത് ടേക്ക് ഓഫിന് സ്വന്തം.

അത്യതിഗംഭീരന്‍ സിനിമയുടെ ഒരൊന്നൊന്നര ടേക്ക് ഓഫ്: ശൈലന്റെ ടേക്ക് ഓഫ് നിരൂപണം!!

2.അങ്കമാലി ഡയറീസ്

82 പുതുമുഖങ്ങളെ അണിനിരത്തി ലിജോജോസ് പെല്ലിശ്ശേരി എന്ന മാന്ത്രിക സംവിധായകൻ തിരയിൽ തീർത്ത വിസ്മയം പൂർവമാതൃകകൾ ഇല്ലാത്തതാണ്. 82 പേരിൽ ഒരുത്തൻ/ഒരുത്തി പോലും പുതുമുഖമാണെന്നോ അഭിനേതാക്കൾ ആണെന്നോ ഒരിക്കൽ പോലും തോന്നിപ്പിച്ചുമില്ല. അപ്പാനി രവി എന്ന ക്യാരക്റ്ററും ശരത്കുമാർ എന്ന നടനും എക്കാലത്തെയും പുളകമാണ്. ചെമ്പൻ വിനോദ് സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ഞെട്ടിച്ചു.

3.പറവ


സ്ക്രീനിൽ ചിരിപ്പിക്കുന്ന സൗബിൻ എന്ന നടൻ മഞ്ഞുമലയുടെ ഒരു ടിപ്പ് മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് സിനിമയിൽ ഇത്രകാലം കണ്ട മട്ടാഞ്ചേരിയെ റീ-ഡിഫൈൻ ചെയ്തു പറവ. ദുൽഖർ ഉണ്ടായിട്ടും ഇച്ചാപ്പി, ഹസീബ് എന്നീ രണ്ട് കൗമാരക്കാരെയും ഒരു കൂട്ടം പ്രാവുകളെയും മുന്നിൽ നിർത്തി കോമ്പ്രമൈസിംഗിനും ബാലൻസിംഗിനും നിൽക്കാതെ സൗബിൻ കാണിച്ച ധീരത അയാളിലെ ഫിലിംമേക്കർക്ക് പൊൻതൂവൽ ചാർത്തുന്നു. സ്ക്രിപ്റ്റിംഗിലെ ചില അശ്രദ്ധകൾ മാറ്റി നിർത്തിയാൽ പക്കാ ക്ലാസ്.

വിസ്മയിപ്പിക്കുന്നു സൗബിൻ... സംവിധായകന്റെ കയ്യൊപ്പുമായി പറവ.. ശൈലന്റെ പറവ റിവ്യൂ!!

4. കറുത്ത ജൂതൻ

മലബാറി ജൂതന്മാരുടെ കേരളത്തിലേക്കുള്ള ആഗമനവും അവരുടെ മലയാളവുമായി ഇഴുകിച്ചേർന്ന ജീവിതവും വാഗ്ദത്തഭൂമിയായ ഇസ്രായേലിലേക്കുള്ള മടങ്ങിപ്പോക്കും ബാക്കിയാവുന്ന ഏക ജൂതനും അയാളുടെ അസ്തിത്വ പ്രതിസന്ധികളും പ്രമേയമാക്കിയ കറുത്തജൂതൻ ചരിത്രത്തിലേക്ക് ഒരു റഫറൻസ് ടെക്സ്റ്റ് ആണ്. ഇത്രമാത്രം മെനക്കെട്ട് ഗവേഷണം നടത്തി ഒരുക്കിയ ഒരു സ്ക്രിപ്റ്റ് മലയാളത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. സലിം കുമാർ എന്ന തിരക്കഥാകൃത്ത് പ്ലസ് സംവിധായകന്റെ കൊലമാസ് പ്രതിഭ.

പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!!

5. മായാനദി

ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലുകളിലൊക്കെ അപ്രതീക്ഷിതമായി കാണുന്ന പോലൊരു ക്ലാസും ട്രീറ്റും. 136മിനിറ്റ് ലൈവായി കൂടെ നടത്തിയ ശേഷം അവസാനിക്കുന്നിടത്ത് നിന്ന് വീണ്ടും ഒഴുകി തുടങ്ങുന്നു മായാനദി. വാക്കുകൾക്കതീതം. ആഷിക്ക് അബു താൻ വേറെ ലെവൽ ആണെന്ന് ചരിത്രത്തിലേക്ക് എഴുതിച്ചേർത്തു.

പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

6.അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ..

ഫ്രഷ്നസ് എന്ന വാക്കിന്റെ പര്യായമാണ് ഓമനക്കുട്ടന്റെ സാഹസികലോകം. പരീക്ഷണം എന്നുപറഞ്ഞ് ഒതുക്കിക്കളയാനാവില്ല അതിനെ. എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്നതല്ല, ഇങ്ങനെ ഒരുപടം മലയാളത്തിൽ സാധ്യമാവുന്നു എന്നത് തന്നെ വല്യകാര്യമാണ്. രോഹിത് വി എസ് എന്ന സംവിധായകൻ ഭാവിയുടെ മുതൽക്കൂട്ട്.

ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!

7. തൊണ്ടിമുതലും ദൃക്സാക്ഷിയും..

മഹേഷിന്റെ പ്രതികാരത്തിലൂടെ ഉത്തുംഗതയിൽ നിൽക്കുന്ന പോത്തേട്ടൻ ബ്രില്ല്യൻസിന് റിയലിസത്തിലൂടെ ഒഴുകിയ കൈവഴി. സുരാജിന്റെയും ഫഹദിന്റെയും അലൻസിയറുടെയും വെട്ടുകിളി പ്രകാശിന്റെയും ഒറിജിനൽ പോലീസുകാരുടെയും നടനമികവ്. റിയലിസം ഓവറാക്കി എന്നതാണ് തൊണ്ടിമുതലിന്റെ പരാധീനത.

റിയലിസത്തിന്റെ ഏക ജാലകത്തിൽ പോത്തേട്ടൻ ബ്രില്ല്യൻസ്: ശൈലന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ!

8. രക്ഷാധികാരി ബൈജു

നാട്ടിൻപുറത്തിന്റെ ആത്മാവിലേക്കാണ് രഞ്ജൻ പ്രമോദ് ക്യാമറ വെക്കുന്നത്. ബൈജു മാത്രമല്ല ആ ചുറ്റുമുള്ള മൊത്തം ലോകവും ലൈവാണ്. ആ ലോകത്തിന് മാത്രമല്ല സകലമാന ചെറിയ ചെറിയ കഥാപാത്രങ്ങൾക്കുവരെ ആത്മാവുണ്ട്..ഐഡന്റിറ്റിയും, സ്ഫടികനീരുപോൽ തെളിവുള്ളത്.

ഫീല്‍ഗുഡിന്റെ വല്യപ്പാപ്പന്‍: ബിജുമേനോനും രഞ്ജൻ പ്രമോദും പ്വൊളിക്കുന്നു... രക്ഷാധികാരി ബൈജു നിരൂപണം!

9. കെയറോഫ് സൈറാബാനു..

പണ്ടുണ്ടായിരുന്ന അടിമുടി സ്മാർട്ട് ആയ മഞ്ജുവാര്യരെ വീണ്ടും സ്ക്രീനിൽ കാണാൻ അവസരമൊരുക്കിത്തന്ന സിനിമ. കെയറോഫ് സൈറാബാനു എന്ന സിനിമയുടെയും ആന്റണി സോണി എന്ന സംവിധായകന്റെയും പ്രസക്തി അതു തന്നെയാണ്. സ്ക്രിപ്റ്റ് വെറും ഒരു സിനിമാക്കഥ മാത്രമായിട്ടും നാച്ചുറൽ ബിഹേവിംഗിന്റെ പര്യായമായ ഷെയിൻ നിഗത്തിനൊപ്പമുള്ള മഞ്ജുവിന്റെ പ്രകടനവും അവർ തമ്മിലുള്ള കെമിസ്ട്രിയും സൈറാബാനുവിനെ മനോഹരമാക്കി.

വെറുമൊരു ശീര്‍ഷകമല്ല കെയര്‍ ഓഫ് സൈറാബാനു.. (സൈറാബാനുവിന്റെ കരുതലും ശ്രദ്ധയും വാല്‍സല്യവും സ്‌നേഹവും)

10. രാമലീല

ഏറ്റവും പ്രതികൂലമായ സാഹചര്യത്തിൽ, ദിലീപിന്റെ രക്തത്തിനായ് മുറവിളി കൂട്ടുന്ന ഒരു ജനതയുടെ മുന്നിലേക്ക് റിലീസ് ചെയ്തിട്ടും സച്ചിയുടെ പക്കാമാസ് സ്ക്രിപ്റ്റിംഗ് രാമലീലയെ ബോക്സോഫീസിലെ വിസ്മയമാക്കി. അരുൺഗോപി എന്ന സംവിധായകൻ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. ക്ലൈമാക്സും അതു കഴിഞ്ഞു വന്ന ടെയിൽ എൻഡും ത്രസിപ്പിച്ചപ്പോൾ പ്രേക്ഷകൻ നടന്റെ വ്യക്തിജീവിതം മറന്ന് സിനിമയെ സിനിമയായി കണ്ട് കയ്യടിച്ചു.

സ്ക്രിപ്റ്റിന്റെ കരുത്ത്..മെയ്ക്കിംഗ് മികവ്, രാമലീല ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ.. ശൈലന്റെ റിവ്യൂ

മറ്റ് സിനിമകൾ

സൺഡേ ഹോളിഡേ, വീരം, ഗോദ, ആദം ജോൺ, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ആട്-2 എസ്ര, സഖാവ്, അയാൾ ജീവിച്ചിരുപ്പുണ്ട്, സി ഐ എ, രാമന്റെ ഏദൻ തോട്ടം എന്നിവയും 2017 ന്റെ കാര്യത്തിൽ എടുത്തു പറയാവുന്ന സിനിമകളായിരുന്നു. സൺഡേ ഹോളിഡേ പോയ വർഷത്തിലെ ഏറ്റവും വലിയ സ്ലീപ്പർ ഹിറ്റ് ആയിരുന്നു. വടക്കൻ പാട്ടുകളെ കുറിച്ച് ഉണ്ടായിരുന്ന കാർഡ്ബോർഡ് സങ്കല്പങ്ങളെ പൊളിച്ചടുക്കിയ വീരം പിത്തക്കാടികളല്ലാത്ത ചേകവന്മാരെ തിയേറ്ററിൽ എത്തിച്ചു. ബേസിലിന്റെ ഗോദ പഞ്ചാബുകാരിയായ ഗുസ്തിപ്പെൺകുട്ടിയുടെ മികവിൽ സർപ്രൈസ് ഹിറ്റ് ആയി. ആദ്യവരവിൽ ദുരന്തമായ ഒരു സിനിമയ്ക്ക് സീക്വൽ ഒരുക്കി ബോക്സോഫീസിനെ ഇളക്കിമറിക്കുന്ന കാഴ്ചയ്ക്കും ആട്-2വിലൂടെ വർഷാന്ത്യം സാക്ഷ്യം വഹിച്ചു.

കുസൃതിയുടെ അൾട്ടിമേറ്റ്

തിയേറ്ററിൽ ആളില്ലാത്ത സിനിമകൾ 20/30/50 കോടിക്ലബ്ബുകളിലേക്ക് തള്ളിമറിച്ച് കേറ്റിവിടുന്നതായിരുന്നു 2017ന്റെ മറ്റൊരു പ്രത്യേകത. കൊട്ടിയാഘോഷിച്ചു വന്ന വൻ ചിത്രങ്ങൾ ദുരന്തമായി മാറിയപ്പോൾ പൈപ്പിൻ ചുവട്ടിലെ പ്രണയം, ഗൂഢാലോചന, ലവകുശ പോലുള്ള സിനിമകളെ അവ അർഹിക്കുന്നതിലധികം ലാളിച്ചത് പ്രേക്ഷകന്റെ കുസൃതി. അഡൾട്ട് കോമഡിയെ ആഘോഷമാക്കിയ ചങ്ക്സും ബമ്പർഹിറ്റ് ആയിരുന്നു എന്നത് ആ കുസൃതിയുടെ അൾട്ടിമേറ്റ്.

എന്തിനോ വേണ്ടി തിളച്ചവ

എന്തിനോ വേണ്ടി തിളച്ച സാമ്പാറുകൾ ആകെയുള്ള നൂറ്റിനാല്പതിൽ പാതിയോളമോ അതിലധികമോ ഉണ്ടായിരുന്നു. മൂന്നു ദിവസം 12ഷോയ്ക്കായി തുറന്നിട്ടും ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കിയില്ല എന്ന് തിയേറ്ററുകൾ സാക്ഷ്യപ്പെടുത്തിയ പടങ്ങൾ കഴിഞ്ഞകൊല്ലം ഉണ്ടായിട്ടുണ്ട്. നാടുമുഴുവൻ പോസ്റ്ററൊട്ടിച്ച് ഇഷ്ടം പോലെ തിയേറ്റർ കിട്ടിയിട്ടും ആളുകൾ ക്രൂരമായി (അതോ സ്വാഭാവികമായോ) അവഗണിച്ച് ഒരു ഷോ പോലും സാധ്യമാവാതിരുന്ന പടങ്ങളും നിരവധി. കൊള്ളാമെന്ന് തോന്നിയ മചുക എന്ന പടം കാണാനായി മൂന്നു വ്യത്യസ്ത ടൗണുകളിലെ റിലീസിംഗ് സെന്ററുകളെ സമീപിച്ചെങ്കിലും കൂടെക്കാണാൻ മറ്റൊരുത്തൻ പോലും ഇല്ലാതെ തിരിച്ചു പോരേണ്ടി വന്ന അനുഭവം എനിക്കുണ്ട്. എന്നാൽ നിലവാരത്തിൽ മേപ്പറഞ്ഞ സാമ്പാറുകൾക്കാൾ അധോഗതി ആയ മെക്സിക്കൻ അപാരതയെ ഒക്കെ ഒരു ജനതയുടെ രാഷ്ട്രീയ നിരക്ഷരത ആഘോഷമാക്കുന്ന കാഴ്ചയും ലജ്ജയോടെ കാണേണ്ടി വന്നു.

ലാഭവും നഷ്ടവും 2017 ന് ഇല്ല

തിരിഞ്ഞുനോക്കുമ്പോൾ മലയാളം പോലൊരു ചെറിയ ഇൻഡസ്ട്രിയ്ക്ക് ലാഭമോ നഷ്ടമോ 2017 രേഖപ്പെടുത്തുന്നില്ല. പുലിമുരുകൻ പോലൊരു 100കോടി വിജയമൊന്നും ഉണ്ടായില്ലെങ്കിലും വിജയ ചിത്രങ്ങളുടെ എണ്ണം കൂടി. മൊഴിമാറിയെത്തിയ ബാഹുബലി 2നെ ഉത്സവമാക്കുകയും ചെയ്തു. ചെറിയ ചെറിയ പട്ടണങ്ങളിൽ പോലും 4കെ , ഡോൾബി അട്ട്മോസ് സെറ്റപ്പൊക്കെറ്റുള്ള കിടിലൻ സ്ക്രീനുകൾ ധാരാളമായി വന്നു. റിലീസ് സെന്ററുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം തന്നെ ഉണ്ടായി.. മലയാളിയുടെ ദൃശ്യസംസ്കാരത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായെന്നും വിജയചിത്രങ്ങളുടെ സ്വഭാവം നോക്കിയാൽ മനസിലാകും. നല്ലതുതന്നെ..

English summary
Top 10 Malayalam Movies review by Schzylan Sailendrakumar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam