For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കപട സദാചാരത്തിന്റെ ആണത്ത മുഖംമൂടി വലിച്ച് കീറിയ 'വരത്തന്‍'!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  മലയാള സിനിമയില്‍ സാങ്കേതികമായ ചില പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് അമല്‍ നീരദ്. നവസിനിമ തരംഗത്തില്‍ നിരവധി സംവിധായകര്‍ മലയാള സിനിമയിലേക്ക് എത്തിയെങ്കിലും അമല്‍ നീരദ് ശൈലി അവര്‍ക്കിടയില്‍ വ്യത്യസ്തമായി നില്‍ക്കുന്നു. ബിഗ് ബി മുതല്‍ വരത്തന്‍ വരെയുള്ള അമല്‍ നീരദ് ചിത്രങ്ങള്‍ മറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ശൈലി തന്നെയാണ്.

  അച്ഛന്‍ ഐസിയുവിലാണെന്നറിയാതെ ദേവി കതിര്‍മണ്ഡപത്തിലേക്ക്! രാമന്‍-ദേവി വിവാഹം മുടങ്ങുമോ? കാണൂ!

  ദുബായില്‍ നിന്നും കേരളത്തിലേക്ക് എത്തുകയാണ് എബിയും ഭാര്യ പ്രിയയും. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുകാലം കേരളത്തില്‍ താമസിക്കാന്‍ തീരുമാനിച്ച് എത്തുന്ന എബി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന്റെ പ്രാരംഭ ജോലികളിലാണ്. പ്രിയയുടെ അച്ഛന് ഹൈറേഞ്ചിലുള്ള എസ്റ്റേറ്റ് ബംഗ്ലാവിലാണ് ഇരുവരും താമസിക്കുന്നത്. പ്ലസ്ടു വരെയുള്ള തന്റെ വിദ്യാഭ്യാസ കാലയളവിലെ ഗൃഹാതുരമായ ഓര്‍മ്മകളിലാണ് പ്രിയ, ബോര്‍ഡിംഗില്‍ പഠിച്ച എബിക്ക് അത്തരത്തില്‍ കാര്യമായ ഗൃഹാതുര സ്മരണകളൊന്നുമില്ല. കൗമാരകാലത്ത് തങ്ങളുടെ കാമനകളെ ഉണര്‍ത്തിയ പ്രിയ എന്ന പെണ്‍ ശരീരത്തെ വലയം ചെയ്യുന്ന കാമാര്‍ത്തമായ കണ്ണുകള്‍ പ്രിയയുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുകയാണ്. എല്ലാത്തിനേയും ലഘുവായി കാണുന്ന എബിയുടെ മനോഭാവമാണ് മറ്റെന്തിനേക്കാളും പ്രിയയെ പലപ്പോഴും വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നത്. തനിക്ക് വേണ്ടി ഒന്നും ചെയ്യുവാനും തന്നെ സംരക്ഷിക്കുവാനും ഭര്‍ത്താവായ എബിക്ക് സാധിക്കില്ലെന്ന്് തിരിച്ചറിയുന്ന പ്രിയ അത് എബിയുടെ മുഖത്ത് നോക്കി പറയുകയും ചെയ്യുന്നു. താന്‍ കരുതിയതുപോലെ കാര്യങ്ങള്‍ അത്ര നിസാരമല്ലെന്ന് തിരച്ചറിയുന്ന എബി തന്റെ കുടുംബത്തിന്റെ സമാധാന ജീവിതത്തിന് വേണ്ടി നടത്തുന്ന ചെറുത്തു നില്‍പ്പാണ് വരത്തന്‍.

  സദാചാര ഗുണ്ടായിസവും ലൈംഗീക ദാരിദ്ര്യവും മാത്രമല്ല, എനിക്ക് എന്ത് തരവഴിയും കാണിക്കാം എന്റെ കുടുംബത്തിലേക്ക് ആരും നോക്കിയേക്കരുത് എന്നുള്ള മലയാളി മനോഭാവത്തേയും തുറന്ന് കാണിക്കുന്നുണ്ട് വരത്തന്‍. ചിത്രത്തിന്റെ പ്രമേയത്തിനും അവതരണത്തിനൊപ്പം എടുത്തു പറയേണ്ടത് കാസ്റ്റിംഗാണ്. ഹ്യൂമര്‍ കഥാപാത്രങ്ങളില്‍ മാത്രം നമ്മള്‍ കണ്ടിരുന്ന ഷറഫുദ്ദീന്‍, വിജിലേഷ് എന്നിവരെ നെഗറ്റീവ് കഥാപാത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് അമല്‍ നീരദ്. സ്‌ക്രീനിലേക്ക് കയറി ചെല്ലാനുള്ള ഒരു അവസരമുണ്ടായിരുന്നെങ്കില്‍ അവന്റെ കരണം നോക്കി ഒന്നൂടെ പൊട്ടിക്കാമായിരുന്നു എന്ന് തോന്നും വിധം തങ്ങളുടെ കഥാപാത്രങ്ങളെ ഇവരും മനോഹരമാക്കി. ഫഹദ് ഫാസിലിന്റെ എബിയും ഐശ്വര്യയുടെ പ്രിയയും പ്രകടനമികവില്‍ എടുത്ത് പറയേണ്ടവ തന്നെ. മായാനദിയില്‍ നിന്നും വരത്തനിലേക്ക് എത്തുമ്പോള്‍ ഐശ്വര്യ എന്ന അഭിനേത്രി ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഫഹദിന്റേത്. അര്‍ജ്ജുന്‍ അശോകന്റെ ജോണി, കൊച്ചു പ്രേമന്റെ ഓന്ത്, ദിലീഷ് പോത്തന്റെ ബെന്നി, ചേതന്റെ പ്രേമന്‍ എന്നീ കഥപാത്രങ്ങളെയും മാറ്റി നിര്‍ത്തി വരുത്തനേക്കുറിച്ച് പറയാനാകില്ല.

  ചിത്രത്തിന്റെ കഥാവഴിയില്‍ ഭാഗമായി മാറേണ്ടിയിരുന്ന പതിവ് ക്ലീഷേകളെ ഒഴിവാക്കി സഞ്ചരിക്കുന്നിടത്താണ് നവാഗത തിരക്കഥാകൃത്തുക്കളായ സുഹാസും ഷറഫുവും കൈയടി നേടുന്നത്. തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ എത്തുന്ന പാറ്റയെ കൊല്ലുന്ന പ്രിയയും കൊല്ലേണ്ടിയിരുന്നില്ല അതും ജീവിച്ചോട്ടെ എന്ന് പറയുന്ന എബിയുമായിരുന്നു ചിത്രത്തിന്റെ തുടക്കത്തില്‍, എന്നാല്‍ ഇത്തരം കടന്നു കയറ്റങ്ങളെ തങ്ങളുടെ സ്വകാര്യതയേയും കുടുംബ സമാധാനത്തേയും ഇല്ലാതാക്കുമെന്ന തിരിച്ചറിവില്‍ തന്റെ വീട്ടിലേക്ക് കടന്നു കയറുന്ന പാറ്റയെ ഷൂസുകൊണ്ട് ചവിട്ടി അരയ്ക്കുകയാണ് ചിത്രത്തിനൊടുവില്‍ എബിയും. ചിത്രത്തിനൊടുവില്‍ പ്രിയ എബിക്ക് ചായ ഇട്ട് വലിയ കപ്പില്‍ നല്‍കുന്നതും ഇത്തരത്തില്‍ വരികള്‍ക്കിടയിലെ വായന ആവശ്യപ്പെടുന്ന രംഗമാണ്.

  130 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എടുത്ത് പറയേണ്ടത് ക്ലൈമാക്‌സ് രംഗമാണ്. 110 മിനിറ്റുകൊണ്ട് അത്തരമൊരു ക്ലൈമാക്‌സ് ആവശ്യപ്പെടുന്ന തരത്തിലേക്ക് അമല്‍ നീരദ് പ്രേക്ഷക മനസിനെ പരിവപ്പെടുത്തി എടുത്തിരിക്കുന്നു. അതുകൊണ്ടാണ് ക്ലൈമാക്‌സിലെ ആദ്യ പ്രതിരോധത്തില്‍ തന്നെ തിയറ്ററിലെ നിശബ്ദതതെയ ഭജിച്ചുകൊണ്ട് കൈയടികളുയര്‍ന്നത്. പറവ, കൂടെ എന്നീ ചിത്രങ്ങളിലൂടെ തന്റെ ഛായാഗ്രഹണ മികവ് അടയാളപ്പെടുത്തിയ ലിറ്റില്‍ സ്വയമ്പ് വരത്തനില്‍ ഒരു പടി കൂടെ ഉയര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ മൂഡ് ആവശ്യപ്പെടുന്ന ടോണും വേഗതയും ഓരോ ഷോട്ടിനും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും ചിത്രത്തിലെ എടുത്ത് പറയേണ്ട ഘടകം തന്നെയാണ്. കഥാപാത്രങ്ങളുടെയും രംഗങ്ങളുടെയും വികാര വിക്ഷോഭങ്ങളെ അതേപടി പ്രേക്ഷകനിലേക്ക് പകര്‍ന്ന് തരുന്നുണ്ട് സുഷിന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം. 1971ല്‍ പുറത്തിറങ്ങിയ സ്‌ട്രോ ഡോഗ്‌സ് എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ അനൗദ്യോഗിക അഡാപ്‌റ്റേഷനാണ് വരത്തന്‍. അമല്‍ നീരദിനൊപ്പം നസ്രിയ നസീം ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  അമല്‍ നീരദ് ചിത്രം പ്രതീക്ഷിച്ച് തന്നെ തിയറ്ററിലേക്ക് എത്താം, ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ അനുഭവം തന്നെയായിരിക്കും വരത്തന്‍.

  English summary
  Amal Neerad and fahad Faasil did their career best with Varathan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X