For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിന്ധുവും ലോഹിതദാസും തമ്മിലുള്ള വിപ്ലവ പ്രണയം! അമ്മയായിരുന്നു അച്ഛന്‍റെ എല്ലാമെന്ന് മകന്‍!

  |

  മലയാള സിനിമയെ ഏറെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ലോഹിതദാസിന്‍റേത്. അച്ഛനെക്കുറിച്ച് വികാരഭരിതനായി കുറിപ്പുമായെത്തിയിരിക്കുകയാണ് വിജയശങ്കര്‍ ലോഹിതദാസ്. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  തോരാതെ മഴ പെയ്യാൻ തുടങ്ങിയിട്ട് നേരമേറെയായി. നല്ല തണുപ്പുണ്ട്. അമരാവതി രാവിൻറെ ഇരുൾ പുതച്ചിരിക്കുകയാണ് ,പൂമുഖത്ത് ഞാനും. ഈ മഴയെ എനിക്ക് പേടിയാണ്. ഓർമ്മയുടെ അടിത്തട്ടിൽനിന്ന് 11 വർഷം മുൻപുള്ള ഒരു മഴക്കാലം എന്നെ തേടി വരുന്നു. ഇതുപോലൊരു മഴയുള്ള രാത്രിയിൽ ഞാൻ ഈ പൂമുഖത്ത് ഉറങ്ങാതിരിന്നിട്ടുണ്ട്, ചിതയ്ക്കുമേൽ വലിച്ചുകെട്ടിയ ടാർപായക്ക് ആ മഴയെ വഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ എന്ന് മനസ്സിൽ ഒരായിരം വട്ടം ഉരുവിട്ട ഒരു രാത്രി.

  മഴയിലും കണ്ണീരിൽ കുതിർന്ന ഒരു കാലമായിരുന്നു അത്. അന്നുതൊട്ട് എന്റെ ഉള്ളിൽ മഴയ്ക്ക് മറ്റൊരു മുഖമാണ്. ഇന്നും. ഈ തോന്നൽ തികച്ചും വ്യക്തിപരമാണ് എന്ന് എനിക്കറിയാം. മഴയേക്കാൾ സൗന്ദര്യമുള്ള മറ്റെന്താണുള്ളത്. പ്രണയമെന്ന വികാരത്തോടു മഴയേക്കാൾ ഇഴചേർന്ന മറ്റൊന്നുമില്ല. ഞാൻ ഭയക്കുന്ന ഈ രാത്രിമഴയെ അനേകായിരം ഹൃദയങ്ങൾ ആസ്വദിക്കുന്നുണ്ടാവാം .

  പ്രണയബന്ധങ്ങളെക്കുറിച്ച്

  പ്രണയബന്ധങ്ങളെക്കുറിച്ച്

  ലോഹിതദാസിന്റെ തൂലികയിലെ പ്രണയങ്ങൾ ഈ രാത്രി മഴ പോലെ ആയിരുന്നു. അവരുടെ സ്നേഹം ഈ രാത്രി മഴയുടെ ശബ്ദം പോലെ വ്യക്തമാണ്.. പക്ഷേ ആ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും രാത്രിയുടെ ഇരുട്ട്പോലെ ആയിരുന്നു. കണ്ണുകൾക്ക് കാണാൻ കഴിയാത്ത ഒരുപാട് ഉണ്ടായിരുന്നു അതിൽ. സംരക്ഷണവും ത്യാഗവും കരുതലും അങ്ങനെ ഒരുപാട്. ലോഹിതദാസ് സിനിമകളിലെ ബന്ധങ്ങളെക്കുറിച്ച് ആവാം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്, പക്ഷേ പ്രണയ ബന്ധങ്ങളെ കുറിച്ച് അധികം പറഞ്ഞു കേൾക്കാറില്ല.

  ലോഹി ഒരു ഓർമ്മക്കുറിപ്പ് | FilmiBeat Malayalam
  തനിയാവര്‍ത്തനത്തെക്കുറിച്ച്

  തനിയാവര്‍ത്തനത്തെക്കുറിച്ച്

  തനിയാവർത്തനം എന്ന ആദ്യ സിനിമ മുതൽ എല്ലാ കഥകളിലും ദിവ്യമായ പ്രണയത്തിന്റെ സമ്പന്നത ഒളിഞ്ഞിരിപ്പുണ്ട്. തനിയാവർത്തനം കണ്ടവർ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവാം അതിൽ എവിടെയാണ് ഒരു പ്രണയരംഗം എന്ന്, മുകളിലെ മുറിയിൽ ചങ്ങലക്കിട്ടിരിക്കുന്ന ശ്രീധരൻ മാമയെ ഓർമ്മയില്ലേ.. അയാൾ എങ്ങനെ ചങ്ങലയുടെ ഒരു തലയ്ക്കൽ എത്തി? കുട്ടിയായിരുന്നു ബാലൻ മാഷിനെയും ഗോപിനാഥനെയ്യും കൂട്ടി കുന്നിൻചെരുവിൽ പോയിരിക്കുന്ന രാത്രികളിൽ നക്ഷത്രങ്ങൾ പൊട്ടി അടർന്നു വീഴുമ്പോൾ അത് പൊളിഞ്ഞു പോകുന്നതിനു മുൻപേ മേനാച്ചേരിയിലെ വലിയ കണ്ണുകളുള്ള ആ പെൺകുട്ടി അമ്മായി ആയി വരാൻ പ്രാർത്ഥിക്കാൻ പറയുന്ന ശ്രീധരൻ മാമയെ പറ്റി ബാലൻ മാഷ് പറയുന്നുണ്ട്.

  തീവ്രപ്രണയം

  തീവ്രപ്രണയം

  സന്ധ്യക്ക് തിരികൊളുത്താൻ സർപ്പക്കാവിൽ പോയ ആ പെൺകുട്ടി വിഷംതീണ്ടി മരിക്കുകയായിരുന്നു, ആ സംഭവമാണ് ശ്രീധരൻ മാമയെ ആ ചങ്ങലയുമായി ബന്ധിപ്പിക്കുന്നത്. ഇതുപോലെ തീവ്രമായ ഒരുപാട് പ്രണയബന്ധങ്ങൾ ആണ് ലോഹിതദാസിന്റെ തൂലികയിൽ പിറന്നത്. അമരത്തിലെ ചന്ദ്രികയും, സല്ലാപത്തിലെ ദിവാകരനും, ഭൂതക്കണ്ണാടിയിലെ സരോജിനിയും, കമലദളത്തിലെ സുമയും എല്ലാം തീവ്ര പ്രണയം കൊണ്ട് ത്രാസിൽ താഴ്ന്നിരിക്കുന്നവരാണ്. കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങൾ ഒരിക്കലും ലോഹിതദാസിന്റെ രചനയിൽ ഉണ്ടായിട്ടില്ല.

  കാരണങ്ങള്‍ ഏറെയായിരുന്നു

  കാരണങ്ങള്‍ ഏറെയായിരുന്നു

  സൗന്ദര്യം എന്ന ഘടകം കൈവിട്ടപ്പോൾ ലോഹിതദാസിന്റെ കഥാപാത്രങ്ങൾക്ക് പ്രണയം തോന്നാൻ കാരണങ്ങൾ ഏറെയായിരുന്നു. വളയത്തിൽ ശ്രീധരൻ പറയുന്നുണ്ട്, ആ കണ്ണീര് വീണത് എന്റെ ചോറിലല്ല , എന്റെ മനസ്സിലാ.. തനിക്ക് പറ്റിയ ഒരു കയ്യബദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടിയോട് തനിക്ക് തോന്നിയ സഹതാപവും കുറ്റബോധവും ആയിരുന്നു ശ്രീധരന്റെ പ്രണയം. താൻ കാരണം നാഥൻ ഇല്ലാതായിപോയ കുടുംബത്തോടുള്ള കടമയും പ്രായശ്ചിത്തവും ആയിരുന്നു സേതുമാധവന് ഇന്ദുവിനോട് തോന്നിയ പ്രണയം.

  കന്മദത്തിലെ പ്രണയം

  കന്മദത്തിലെ പ്രണയം

  കന്മദത്തിലെ വിശ്വനാഥന് ഭാനുവിനോട് തോന്നിയ പ്രണയത്തിലും ഭാനുവിന്റെ സഹോദരന്റെ ജീവൻ അപഹരിക്കേണ്ടി വന്നതിലുള്ള കുറ്റബോധവും പ്രായശ്ചിത്തവും വേഷമിടുന്നുണ്ട്. ധനത്തിലെ തങ്കത്തിന് കൂടെ കൂട്ടാൻ വരുമെന്ന് ഉണ്ണി വാക്കു കൊടുക്കുമ്പോൾ പ്രണയത്തിന് ഒരു രക്ഷകന്റെ വേഷമായിരുന്നു. തന്റെ ജേഷ്ഠൻ നശിപ്പിച്ച പെൺകുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിച്ച സാദരത്തിലെ സുരേഷ് ഗോപി അവതരിപ്പിച്ച രഘു ത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ആൾരൂപമായി മാറുന്നു.

  മറ്റ് സിനിമകളിലും

  മറ്റ് സിനിമകളിലും

  സല്ലാപത്തിലെ രാധയും, കമലദളത്തിലെ മാളവികയും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധയും, കസ്തൂരിമാനിലെ പ്രിയംവദയും ഒരു കലാകാരനോടും അയാളിലെ കലയോടും പ്രണയം തോന്നിയവരാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയ് തോമസിനെയും ഈ ഗണത്തിൽ പെടുത്താം. തന്റെ കൺമുൻപിൽ വെച്ച് അമ്മയെ കടിച്ചുകൊന്നു പുലിയെ വകവരുത്താൻ വന്ന വിരൂപനായ വേട്ടക്കാരൻ വാറുണ്ണിയോട് തോന്നിയ ആരാധനയാണ് ഭാഗ്യലക്ഷ്മിക്ക് പ്രണയം ആയി മാറുന്നത്.

  വ്യക്തിത്വത്തിനോടും കഴിവിനോടും

  വ്യക്തിത്വത്തിനോടും കഴിവിനോടും

  അങ്ങനെ നോക്കുമ്പോൾ ലോഹിതദാസിനെ ഒട്ടുമിക്ക നായികാനായകന്മാർക്കും പ്രണയം തോന്നിയത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിനോടും കഴിവിനോടും ആയിരുന്നു. വെങ്കലത്തിലെ തങ്കമണിയെ കണ്ട് ഗോപാലൻ മാത്രമാണ്
  ആദ്യകാഴ്ചയിൽ സൗന്ദര്യത്തിന് അടിമപ്പെട്ടു പോകുന്ന ഏക നായകൻ. അയാളുടെ ജീവിതത്തിലും മനസ്സിലും സൗന്ദര്യത്തിന് അത്രയേറെ സ്ഥാനമുണ്ടായിരുന്നു, അയാൾ ഒരു മുശാരിയും ശിൽപയും ആണ്. അമിട്ട് പൊട്ടിവിരിയുന്ന വെളിച്ചത്തിൽ തങ്കമണിക്
  ഒരു ദേവി വിഗ്രഹത്തിന്റെ സൗന്ദര്യമാണ് ഗോപാലന് കാണാൻ കഴിയുന്നത്. ഒരുപക്ഷേ ആ രംഗം എഴുതിയപ്പോൾ അത് ചിത്രീകരിക്കാൻ പോകുന്ന സംവിധായകനിലുള്ള അമിതമായ വിശ്വാസം കൂടിയാവാം അങ്ങനെ ഒരു രംഗം എഴുതാൻ പ്രേരിപ്പിച്ചത്, "ഭരതേട്ടനേലും വലിയ സൗന്ദര്യാസ്വാദകൻ വേറെ ആരുണ്ട്" അച്ഛൻ പറഞ്ഞു കേട്ട വാക്കുകളാണിത്.

  ആരും പ്രതീക്ഷിക്കാത്തത്

  ആരും പ്രതീക്ഷിക്കാത്തത്

  പ്രണയത്തെ പറ്റി പറയുമ്പോൾ ഈ കൂട്ടത്തിൽ ഒന്നും പെടുത്താൻ പറ്റാത്ത ഒരാളുണ്ട്, ഒഴുക്കിനെതിരെ നീന്തുന്ന ഒരു മീൻ, മമ്മൂക്ക അവതരിപ്പിച്ച വിഷ്ണുനാരായണൻ. കഥാപാത്രം മാത്രമല്ല ആ സിനിമ തന്നെ ഒഴുക്കിനെതിരെ നീന്തുന്ന ഒരു മീനാണ്.
  മമ്മൂട്ടിയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു വേഷം, ലോഹിതദാസിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു രചന, ജോഷിയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു സിനിമ. കുട്ടേട്ടൻ.

  സൗന്ദര്യമുണ്ടായിരുന്നു

  സൗന്ദര്യമുണ്ടായിരുന്നു

  പലപ്പോഴും നായിക നായകന്മാരെ നിഷ്പ്രഭമാക്കുന്ന പ്രണയം പേറി നടക്കുന്ന മറ്റു കഥാപാത്രങ്ങളും ധാരാളമുണ്ട് ലോഹിതദാസിന്റെ കഥകളിൽ. ലാലു അലക്സ് അവതരിപ്പിച്ച ഭാരതത്തിലെ വിജയനും പാഥേയത്തിലെ ഹരികുമാരമേനോനും എനിക്ക് ഇവരിൽ ഏറെ പ്രിയപെട്ടവരാണ്. ലോഹിതദാസിന്റെ കഥാപാത്രങ്ങൾ പ്രണയം തുറന്നു പറയുന്നതിലും അത് പ്രകടിപ്പിക്കുന്ന രീതിയിലും ഒരുപാട് സൗന്ദര്യം ഉണ്ടായിരുന്നു.

   ചെങ്കോലിലേത്

  ചെങ്കോലിലേത്

  ചെങ്കോൽ: വീട്ടിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങിയ സേതുവിന്റെ അടുത്തേക്ക് ഓടിയെത്തുന്ന ഇന്ദു . ഇന്ദുവിന്റെ ആവശ്യാനുസരണം കയ്യിൽ കരുതിയ ഡയറിയിൽ കത്ത് അയക്കാനുള്ള അഡ്രസ് കുറിക്കുകയാണ് സേതുമാധവൻ. ഇന്ദു : അന്ന് രാത്രിയില് വന്നപ്പോ അമ്മയോട് ചോദിച്ചത് ശരിക്കും സിൻസിയർ ആയിട്ട് ആയിരുന്നു
  സേതു: എന്ത്? ഇന്ദു : കല്യാണം കഴിച്ചോട്ടെ എന്ന്.. സേതു: ഓ അതോ..കള്ളു കുടിച്ച് വെളിവില്ലാതെ പറഞ്ഞതാണെന്ന് തോന്നിയോ? ഇന്ദു : ഇല്ല എനിക്ക് സിൻസിയർ ആയിട്ട് തന്നെയാണ് തോന്നിയത്. ആണുങ്ങള് പല കമന്റുകളും പറയാറുണ്ട് , വൃത്തികേടുകൾ പറയും, ചിലർക്ക് വേണ്ടത് ഒരു രാത്രി, ചിലര് ഞാൻ നോക്കിക്കോളാം നിന്നെ എന്ന് പറയും, കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചത് ആദ്യ. സേതു ഡയറി തിരികെ കൊടുക്കുന്നു.

  സേതുവും ഇന്ദുവും

  സേതുവും ഇന്ദുവും

  ഇന്ദു : ഇപ്പോ അവിടുന്ന് പോന്നപ്പോൾ അപ്പോ അമ്മ എന്താ പറഞ്ഞത് എന്ന് അറിയോ.. ഇപ്പോഴാണ് അയാളത് ചോദിച്ചിരുന്നതെങ്കിൽ ഞാൻ സമ്മതിക്കുമായിരുന്നുവെന്നു. ഇപ്പോഴും ആ ചോദ്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചോട്ടെ, ആലോചിക്കാതെ പറഞ്ഞതാണെങ്കിൽ പാലിക്കണം എന്ന് നിർബന്ധമില്ല, എന്നാലും വെറുതെ പ്രതീക്ഷിക്കാമല്ലോ എനിക്ക്.. തുഴഞ്ഞുതുഴഞ്ഞു പോകുമ്പോൾ ദൂരെ ഒരു കഥയുണ്ടെന്ന് പ്രതീക്ഷിക്കുന്നത് ആശ്വാസം അല്ലേ സേതു : ദൂരെയല്ല..അരികിൽ..ആ കൈ ഉയർത്തിയാൽ തൊടാവുന്ന പോലെ അത്ര അരികിൽ.

   പ്രിയംവദയും സാജനും

  പ്രിയംവദയും സാജനും

  കസ്തൂരിമാനിലെ രംഗവും മനസ്സിലേക്ക് കടന്നു വരുന്നു. സാജനെ കാണാൻ വീട്ടിലേക്ക് വന്ന പ്രിയ തന്റെ ദുഃഖങ്ങളുടെ കെട്ടഴിച്ച് തിരിച്ചു പോകാൻ ഒരുങ്ങുന്ന രംഗം.
  പ്രിയ: സഖാവിന് പഠിക്കാൻ ഒരുപാടുണ്ട് , അതിനിടയിൽ എന്റെ പ്രശ്നങ്ങൾ, വേണ്ട അത് മറന്നേക്കു. പ്രിയ എഴുനേറ്റു സ്കൂട്ടറിന്റെ അടുത്തേക് നടക്കുന്നു.
  സാജൻ: പ്രിയ! വിതുമ്പുന്ന മനസ്സും വിറക്കുന്ന ചുണ്ടുമായി അവൾ നിന്നു. സാജൻ അടുത്തേക്ക് വരുന്നു. സാജൻ: തന്നെ ഞാൻ രക്ഷിക്കട്ടെ പ്രിയ: രക്ഷിക്കാനോ എങ്ങനെ? സാജൻ: തന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് വിളിക്കട്ടെ.. ഇപ്പൊ എന്നെക്കൊണ്ടാവില്ല പക്ഷേ ഒരു ജോലി കിട്ടി സ്വന്തംകാലിൽ നിൽക്കാൻ പറ്റിയാൽ ഞാൻ വിളിച്ചാൽ വരോ? പ്രിയ: സന്തോഷമുണ്ട്.. പക്ഷെ എന്നോട് സഹതാപം തോന്നുന്നുണ്ടാവും അല്ലെ, അത് വേണ്ട.

   ഭയങ്കര ഇഷ്ടം

  ഭയങ്കര ഇഷ്ടം

  പ്രിയ സ്കൂട്ടറിൽ വന്നു കയറുന്നു. സാജൻ: അല്ല അങ്ങനെ വിചാരിക്കരുത് പറയാൻ ഇപ്പോഴാണ് തോന്നിയത്, താൻ കൂടെ ഉണ്ടാകുമ്പോൾ എന്തോ ഒരു സുഖമുണ്ട് ഒരു നല്ല കൂട്ട് കിട്ടിയതുപോലെ.എനിക്കിഷ്ടമാണ് തന്നെ ഇഷ്ടം എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടം. തന്റെ.. തന്റെ സങ്കടങ്ങൾ അടക്കം ഞാനെടുത്തോട്ടെ.

  വിവാദങ്ങള്‍ക്ക്

  വിവാദങ്ങള്‍ക്ക്

  ഇന്ന് ഒരുപക്ഷേ വിവാദങ്ങൾക്കും ചോദ്യശരങ്ങൾക്കും വിധേയമാകും വിധം ഇഷ്ടം പ്രകടിപ്പിച്ച കഥാപാത്രങ്ങളുമുണ്ട്. വെങ്കലത്തിൽ ഒരു നെടുനീളൻ ഡയലോഗ് പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ് രംഗത്തിൽ ഗോപാലൻ തങ്കമണിയുടെ മുഖത്ത് ആഞ്ഞടിച്ചു അവളെ മാറോടണയ്ക്കുകയാണ് . കന്മദത്തിൽ വിശ്വം ഭാനുവിനെ ബലാത്കാരമായി ചുംബിച്ചതിന് ശേഷമാണ് ഇഷ്ടം തുറന്നു പറയുന്നത്.

  ഏറ്റവും പ്രിയപ്പെട്ടത്

  ഏറ്റവും പ്രിയപ്പെട്ടത്

  വളയത്തിൽ ശ്രീധരൻ സീതയോട് ഇഷ്ടം അറിയിക്കുന്ന രംഗം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. രവിയുമായി ഉണ്ടാവുന്ന സംഘട്ടനത്തിൽ കത്തികൊണ്ട് കയ്യിൽ മുറിവേറ്റ ശ്രീധരൻ സ്ത്രീകളുടെ കുളക്കടവിൽ തനിച്ചിരുന്ന് ഒറ്റക്കൈ കൊണ്ട് തുണി അലകുകയാണ്. അവിടേക്ക് സീത കടന്നുവരുന്നു. ശ്രീധരൻ പടിയിൽ നിന്നെഴുന്നേറ്റ് മാറിക്കൊടുത്തു. സീത: തുണി അലക്കിത്തരാൻ കുഞ്ഞാലിക്കയോട് പറഞ്ഞൂടെ?
  ശ്രീധരൻ : ഒരാഴ്ച പണിയില്ലാത്ത കൊണ്ട് അവൻ വീട്ടിൽ പോയിരിക്കുകയാണ്
  സീത : ആ ഷർട്ടും മുണ്ടും ഒക്കെ അവിടെ ഇട്ടേര്.. ഇടത്തേകൈകൊണ്ടു സോപ്പ് പുരട്ടിയെടുത്താൽ വെളുക്കില്ല. ശ്രീധരൻ : പക്ഷേ അത് എന്നും വേണ്ടിവരും.. പറ്റുമോ?

  എന്നും വേണ്ടിവരും

  എന്നും വേണ്ടിവരും

  ഇത് ലോഹിതദാസിന്റെ ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ സംഭാഷണമല്ല, മറിച്ച് ജീവിതമാണ്. ലോകമറിയുന്ന ഒരു എഴുത്തുകാരൻ ആകുന്നതിനു മുന്നേ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ശാന്തി ലാബിന്റെയും ഇന്സ്ടിട്യൂട്ടിന്റെയും ഉടമയും അവിടത്തെ അദ്ധ്യാപകനുമായിരുന്നു ലോഹിതദാസ്. ടൂവീലറിൽ നിന്ന് വീണ് കയ്യിന് പരിക്ക് പറ്റിയ അച്ഛനോട് അന്ന് അവിടെ പഠിക്കുകയും തുടർന്ന് ലാബിൽ ജോലി ചെയ്യുകയും ചെയ്ത ഒരു പെൺകുട്ടി പങ്കുവെച്ച് കരുതലാണത്. "നല്ല നീര് ഉണ്ടല്ലോ..സാറിന്റെ കയ്യൊന്നു ചൂടുപിടിച്ചൂടേ.. നീര് കുറയും." അതിനൊന്നും ആരും ഇല്ല എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാൻ ചൂടുപിടിച്ചു തരാം എന്നാണ് ആ പെൺകുട്ടി പറഞ്ഞത് . "പക്ഷെ അതെന്നും വേണ്ടിവരും പറ്റോ??".

  ആ പെണ്‍കുട്ടി സിന്ധുവായിരുന്നു

  ആ പെണ്‍കുട്ടി സിന്ധുവായിരുന്നു

  എപ്പോഴും കയ്യിൽ പുസ്തകവുമായി നടക്കുന്ന ഏകനായി ജീവിക്കുന്ന ആ മനുഷ്യന്റെ ചോദ്യത്തിന് ആ പെൺകുട്ടിക്ക് സമ്മതമായിരുന്നു. ഇന്ന് ഞാൻ ഇത് എഴുതുന്നത് ആ വാക്കിന്റെ ബലത്തിലാണ്. പിൽക്കാലത്ത് ലോഹിതദാസിന്റെ രണ്ടുമക്കളെയും നൊന്തുപെറ്റ സിന്ധുവായിരുന്നു ആ പെൺകുട്ടി, എന്റെ അമ്മ. ഇത്രമേൽ പരസ്പരം പ്രണയിച്ച രണ്ടുപേർ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ടാവില്ല. ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നു ആ ബന്ധത്തിന്.

  വിപ്ലവ പ്രണയത്തിന് മുന്നില്‍

  വിപ്ലവ പ്രണയത്തിന് മുന്നില്‍

  ചെങ്കൊടിയുടെ സാരഥിയും സഹസഞ്ചാരിയും ആയിരുന്നു മേലൂരിന്റെ കമ്മ്യൂണിസ്റ്റ് കാരണവർ സഖാവ് കെ എസ് ദാമോദരൻ തോറ്റുപോയത് സിന്ധുവിനെ പ്രണയ വിപ്ലവത്തിന് മുന്നിലാണ്. ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ തയ്യാറായിരുന്നു ആളാണ് താനെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇല്ലാതാവുന്നതുവരെ അച്ഛനും അമ്മയും വഴക്കടിക്കുന്നതോ പിണങ്ങിയിരിക്കുന്നതോ ഒരിക്കൽപോലും ഞാനും ചക്കരയും കണ്ടിട്ടില്ല.

  അമ്മയുടെ പച്ചക്കൊടി

  അമ്മയുടെ പച്ചക്കൊടി

  നാലു വയസ്സിൽ ഞാൻ വീടിനുമുകളിൽ നിന്ന് വീണു തലയ്ക്ക് പരുക്ക് പറ്റുകയും കൈ ഒടിയുകയും ചെയ്തത് ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ആണ് അച്ഛൻ അറിയുന്നത് പോലും. ഇന്നും ഒരു അത്ഭുതമാണ് എങ്ങനെ രണ്ട് ആൾക്കാർക്ക് ഇങ്ങനെ മനസിലാക്കാനും സ്നേഹിക്കാൻ കഴിയുമെന്ന്. അമ്മയുടെ ഭാഗത്തു നിന്ന് ഒരു പച്ചക്കൊടി കിട്ടിയാൽ മാത്രമേ അച്ഛൻ ഒരു കഥയുമായി മുന്നോട്ട് പോവുകയുള്ളൂ.. അമ്മയെ വേണ്ടത്ര തൃപ്തിപ്പെടുത്താൻ ആവാത്ത കഥകൾ തീയറ്ററുകളിൽ അടിപതറിയിട്ടുമുണ്ട് . ധരിക്കുന്ന ഷർട്ട് മുതൽ ചെരിപ്പ് വരെ എല്ലാം സിന്ധുവിന്റെ ഇഷ്ടം.. അങ്ങനെയായിരുന്നു.

   മറിച്ചായിരുന്നെങ്കിൽ

  മറിച്ചായിരുന്നെങ്കിൽ

  പലപ്പോഴും ഞാൻ ഓർക്കാറുണ്ട് അച്ഛൻ ആദ്യം പോയത് നന്നായി എന്ന് മറിച്ചായിരുന്നെങ്കിൽ ലോഹിതദാസിന്റെ പേന പിന്നെ ചലിക്കുക ഇല്ലായിരുന്നു, ഞങ്ങളെ അനാഥരാകാതിരിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിതം ആയേനെ, ചിലപ്പോൾ തൊട്ടുപുറകെ അച്ഛനും പോയേനെ, കാലം എന്തോ കരുതി വച്ചിട്ടുണ്ടാവാം, അറിയില്ല. അമ്മയ്ക്ക് മുന്നേ പ്രണയവും പ്രണയത്തകർച്ചകളും ഒക്കെ ഉണ്ടായിട്ടുള്ള കൗമാരക്കാരൻ തന്നെയായിരുന്നു അച്ഛൻ.

  അച്ഛന്‍ കൂടെ നിന്നത്

  അച്ഛന്‍ കൂടെ നിന്നത്

  ഞാനും ചക്കരയും നല്ല കലാകാരന്മാരും മനുഷ്യസ്നേഹികളും ആവണം എന്ന് മാത്രമാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത്. ഇന്ന് അതിനോട് ഒരളവുവരെ നീതിപുലർത്താൻ ഞങ്ങൾ രണ്ടുപേർക്കും കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ടാവാം
  ഞങ്ങളിലെ കാമുകന്മാരെ ഉണർത്താൻ അച്ഛൻ കൂടെ നിന്നത്. ഭാവന ഉണ്ടാവാനും ഏതൊരു മനുഷ്യനെയും കവിയും എഴുത്തുകാരനും ഗായകനുമൊക്കെ ആക്കാനുള്ള മാന്ത്രികത ഉണ്ടല്ലോ പ്രണയത്തിന്. എനിക്ക് അച്ഛനോട് തുറന്നു പറയത്തക്ക
  ഒരു പ്രണയം ഉണ്ടായിട്ടില്ല, അച്ഛൻ പോകുമ്പോൾ എനിക്ക് പ്രായം പതിനെട്ടല്ലേ ഉണ്ടായിരുന്നുള്ളൂ.. അതാവാം. സ്കൂൾ പഠനകാലത്ത് പ്രണയം നിഷിദ്ധമായ ഒന്നാണല്ലോ, പ്രണയങ്ങളെ കുറിച്ച് അധ്യാപകരോ മറ്റോ അറിഞ്ഞാൽ പിന്നെ ആ ഹൃദയങ്ങൾ സ്റ്റാഫ് റൂമിലെ ചെണ്ട ആവുന്നത് എല്ലാ കാലത്തും പതിവാണ്, അത്ര വലിയൊരു പാപമാണൊ അത്.. എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

  അച്ഛനിലെ കാമുകന്‍

  അച്ഛനിലെ കാമുകന്‍

  അതായിരുന്നു അച്ഛനിലെ കാമുകൻ. അച്ഛന്റെ മരണം പോലും അത്ര മനോഹരമായിരുന്നു... എന്റെ വാക്കുകൾ പിഴയ്ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മനോഹരം എന്ന വാക്ക് തന്നെ ഞാൻ ഉപയോഗിക്കുകയാണ്. 2009 ജൂൺ 28, മൂടിക്കെട്ടിയ ഒരു പ്രഭാതം, ഞങ്ങൾ നാല് പേരും വീട്ടിലുണ്ട്. ചക്കര തലേന്ന് രാത്രി കോയമ്പത്തൂരിൽനിന്ന് എത്തിയിരുന്നു. പിറ്റേന്ന് രാവിലെ ചെക്കപ്പിനായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് പോകാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞിരുന്നു.

  ഞാന്‍ കണ്ടാല്‍ ശരിയാവില്ല

  ഞാന്‍ കണ്ടാല്‍ ശരിയാവില്ല

  ആൻജിയോഗ്രാം ചെയ്തതിന്റെ എക്സ്-റേ വീഡിയോ ഒരു സി ഡി യിൽ ആക്കി കിട്ടിയിരുന്നു, ഞങ്ങൾ എല്ലാരും കൂടെ അത് കാണാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയാണ്, അച്ഛൻ പയ്യെ ഒഴിഞ്ഞു മാറി "ഞാൻ കണ്ടാൽ ശെരിയാവില്ല.. " ഞങ്ങൾ മൂന്നുപേരും അത് കണ്ടു, ബ്ലോക്ക് ഉള്ളത് അതിൽ കൃത്യമായ കാണാം. കണ്ടു കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ ആണ് അച്ഛൻ അവിടേക്കു വരുന്നത്. അതേസമയം തൊറാസിക് സ്പോണ്ടിലോസസിന്റെ ഒരു പ്രശ്നം കൂടെ അച്ഛനെ അലട്ടുന്നുണ്ടായിരുന്നു, ഞങ്ങൾ നാലുപേരും അതേപ്പറ്റി ഗൂഗിൾ ചെയ്തു മനസിലാക്കി. ആ രംഗം അവിടെ അവസാനിക്കുന്നു.

  അച്ഛന്‍റെ വിളി

  അച്ഛന്‍റെ വിളി

  അമ്മ അടുക്കളയിലേക്കും ചക്കര മുറിയിലേക്കും പോയി. അച്ഛൻ ആ മുറിയിലെ ബാത്റൂമിലേക്കു പോയി, ഞാൻ കംപ്യൂട്ടറിന്റെ മുന്നിൽ തന്നെ ഇരിക്കുകയാണ്.
  "കുഞ്ഞാ " എന്ന വിളികേട്ട് ഞാൻ നോക്കുമ്പോൾ അച്ഛൻ ബാത്റൂമിന്റെ വാതിൽ തുറന്നു അവശനായി നിൽക്കുകയാണ്. ഞാൻ ഓടിച്ചെന്നു പിടിച്ചു, അമ്മയെ അലറി വിളിച്ചു, അമ്മയും ചക്കരയും ഓടിവന്നു. ഞങ്ങൾ മൂന്നുപേരും ചേർന്ന് അച്ഛനെ ഒരു കസേരയിൽ പിടിച്ചിരുത്തി. അമ്മ എന്തോ ഗുളിക പൊടിച്ചു അച്ഛന്റെ നാവിനടിയിൽ വച്ചുകൊടുത്തു.

  സിന്ധു എന്ന് വിളിച്ചു

  സിന്ധു എന്ന് വിളിച്ചു

  അച്ഛൻ ശ്വാസം കിട്ടാതെ വില്ലുപോലെ വലയുകയാണ്, എന്തു ചെയ്യണമെന്ന് ഞങ്ങൾക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. അച്ഛൻ അമ്മയുടെ കൈപിടിച്ച് അച്ഛന്റെ നെഞ്ചിൽ വച്ചു. കാലവും ലോകവും നിശ്ചലമാവുകയായിരുന്നു അന്നേരം. എല്ലാ വെപ്രാളങ്ങളും പരവശങ്ങളും ഒരു നിമിഷം നിർത്തി അമ്മയുടെ കണ്ണിലേക്കു ദയനീയമായി നോക്കി "സിന്ധു...". ആർദ്രമായ സ്വരത്തിൽ അമ്മയുടെ പേര് പറഞ്ഞുകൊണ്ട് ആ കണ്ണുകൾ അടഞ്ഞു. അത്രയും പ്രണയാർദ്രമായിരുന്നു ആ മരണം പോലും.

  English summary
  Vijay Shankar Lohithadas remembering his father AK Lohithadas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X