twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളുകുടിയനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്; കൂട്ടിന് മമ്മൂട്ടിയും, വൈറല്‍ കുറിപ്പ്

    |

    ജോഷി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം No.20 മദ്രാസ് മെയില്‍ 31 വര്‍ഷം പൂര്‍ത്തിയാക്കി. 1990 ഫെബ്രുവരി പതിനാറിനായിരുന്നു സിനിമയുടെ റിലീസ്. ടോണി കുരിശങ്കല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനും അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി കഥപാത്രത്തിനും വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇന്നും വമ്പന്‍ ജനപ്രീതി നേടിയ ചിത്രത്തെ കുറിച്ച് സഫീര്‍ അഹമ്മദ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

    ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ

    'മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്' 'അയാം ടോണി കുരിശിങ്കല്‍! ഡിസ്റ്റര്‍ബന്‍സ് ആയാ? ഡിസ്റ്റര്‍ബന്‍സ് ആവണം' എന്നും പറഞ്ഞ് ജോഷി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ No.20 മദ്രാസ് മെയിലും ടോണി കുരിശിങ്കലനും വന്നിട്ട് ഇന്നേക്ക്, ഫെബ്രുവരി 16ന് 31 വര്‍ഷങ്ങള്‍... കുടിച്ച് പൂസായ മൂന്ന് ചെറുപ്പക്കാരുടെ മദ്രാസിലേക്കുള്ള ട്രെയിന്‍ യാത്രയിലെ തമാശകളും കുസൃതികളും അതേ തുടര്‍ന്ന് ഉണ്ടാകുന്ന ക്രൈമും ഇന്‍വസ്റ്റിഗേഷനും ഒക്കെ രസകരമായിട്ടാണ് ജോഷി അവതരിപ്പിച്ചിരിക്കുന്നത്... ജോഷി സിനിമകളില്‍ No.20 മദ്രാസ് മെയിലിനോളം ഹ്യൂമറസ് ആയ സിനിമ വേറെ ഇല്ല എന്ന് പറയാം...

     ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ അലയൊളികള്‍ സൃഷ്ടിച്ച ഫസ്റ്റ് ഹാഫ്,അത് തന്നെയാണ് പുതുതലമുറ പോലും ഇഷ്ടപ്പെടുന്ന ഈ ജോഷി സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും. ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് മോഹന്‍ലാല്‍ നല്‍കിയ ഭാവപ്പകര്‍ച്ചയാണ് No.20 മദ്രാസ് മെയില്‍ എന്ന സിനിമയെ ഇത്രമാത്രം ഹൃദ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഘടകം. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ടോണി കുരിശിങ്കലിനെയും 'പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം' എന്ന പാട്ടും ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമോ, സംശയമാണ്. വന്ദനത്തിലെ ഉണ്ണിയെ പോലെ, മായാമയൂരത്തിലെ നരേനെ പോലെ മോഹന്‍ലാലിന്റെ ഏറ്റവും സ്മാര്‍ട്ട് & എനര്‍ജറ്റിക് കഥാപാത്രങ്ങളിലൊന്നാണ് ടോണി കുരിശിങ്കല്‍. തികച്ചും ഒരു വണ്‍ മാന്‍ ഷോ പെര്‍ഫോമന്‍സ്. സിനിമ തുടങ്ങി ഇന്റര്‍വെല്‍ ആകുന്നത് വരെ ടോണി എന്ന കഥാപാത്രം മദ്യ ലഹരിയില്‍ അല്ലാത്ത ഒരു രംഗം പോലും ഇല്ല.

     ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    മദ്യപിച്ച് ലക്ക് കെട്ടുള്ള ടോണിയുടെ നടത്തവും സംസാരവും കലിപ്പും ചേഷ്ടകളും കുസൃതികളും ഒക്കെ സമാനതകളില്ലാത്ത മികവോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും മദ്യപിച്ച് കൊണ്ടാണൊ മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത് എന്ന് തോന്നുന്ന രീതിയില്‍ ഉള്ള, എന്നാല്‍ കൃത്രിമത്വം ലവലേശം കലരാതെയുള്ള അതിഗംഭീര പ്രകടനം. എങ്ങനെയാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ വളരെ ലളിതമായി അഭിനയിക്കുന്നതെന്ന് അറിയാന്‍ അതിയായ ആഗ്രഹമുണ്ട്. ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത സംവിധായകരില്‍ നിന്നെങ്കിലും. മോഹന്‍ലാലിന്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് No.20 ല്‍ ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും വ്യക്തമാണ്.

    ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    സിനിമയില്‍ നടീനടന്മാരുടെ അഭിനയിത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ? പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് അവര്‍ മദ്യപാന രംഗങ്ങളില്‍ അല്ലെങ്കില്‍ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്. കണ്ണുകള്‍ പാതിയടഞ്ഞ്, ആടിയാടി നില്‍ക്കുന്ന, നടക്കുന്ന, കൈകള്‍ കൊണ്ട് പ്രത്യേക ചേഷ്ടകള്‍ കാണിച്ച് കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കല്‍ മദ്യപാനി. സിനിമയിലെ ക്ലീഷേകളില്‍ ഒന്ന്. മഹാനടന്മാരെന്ന് പേര് കേട്ട പലരും പിന്‍തുടരുന്നതും മേല്‍ പറഞ്ഞ അസ്വാഭാവികത നിറഞ്ഞ് നില്‍ക്കുന്ന ഈ രീതി തന്നെയാണ്. പരാജയപ്പെടുന്നതും ഇത്തരം മദ്യപാന രംഗങ്ങളിലാണ്.

    ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    അവിടെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യന്‍സ് നമുക്ക് ബോധ്യമാകുന്നത്. പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി വശ്യമായിട്ടാണ്, അതിലേറെ വളരെ സ്വഭാവികമായിട്ടാണ് മോഹന്‍ലാല്‍ കുടിയന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ളത്. അത്തരം കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ കൊടുക്കുന്ന ഗംഭീര വോയ്‌സ് മോഡുലേഷന്‍ എടുത്ത് പറയേണ്ടതാണ്. ദശരഥത്തിലും No.20 മദ്രാസ് മെയിലിലും അയാള്‍ കഥയെഴുതുകയാണിലും നരനിലും ഒക്കെ മോഹന്‍ലാലിന്റെ ഈ അനുപമായ ശൈലി പ്രേക്ഷകര്‍ക്ക് നവീനമായ കാഴ്ചാനുഭവം സമ്മാനിച്ചവയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മോഹന്‍ലാലിനോളം മനോഹരമായി, സ്വഭാവികമായി ഇത്തരം റോളുകള്‍ ചെയ്ത് വിജയിപ്പിക്കുന്ന നടന്മാര്‍ ഇല്ല എന്ന് തന്നെ പറയാം.

     ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    മികച്ച നടനത്തിന്റെ അളവ് കോലുകളിലൊന്നും കമേഴ്‌സ്യല്‍ സിനിമകളിലെ ഗംഭീര പ്രകടനങ്ങളൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല എന്നത് ഖേദകരമാണ്. നമ്മുടെ പല അവാര്‍ഡ് ജൂറിക്കും പ്രേക്ഷകര്‍ക്കും ഒരു മുന്‍വിധി ഉണ്ട്. ആര്‍ട്ട് സിനിമകളിലെ പ്രകടനം അല്ലെങ്കില്‍ സീരിയസ് സിനിമകളിലെ സെന്റിമെന്റല്‍ രംഗങ്ങളില്‍ നാടകീയത കുത്തിനിറച്ച് അഭിനയിക്കുന്നതുമാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവര്‍ എന്നും. സത്യത്തില്‍ അങ്ങേയറ്റം തെറ്റായ ഒരു ധാരണയാണത്. No.20 മദ്രാസ് മെയിലിലെ ടോണിയെ പോലെയുള്ള ഹ്യൂമറസായ ഒരു മദ്യപാനി കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകര്‍കക്ക് തോന്നിപ്പിക്കുക എന്നത് ഏതൊരു നടനെയും സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്.

      ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    അത്തരം വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മോഹന്‍ലാല്‍ കെട്ടിയാടാറുമുണ്ട്, അതിലൊന്നാണ് ടോണി കുരിശിങ്കല്‍.
    എന്റെ അഭിപ്രായത്തില്‍ No.20 മദ്രാസ് മെയിലിലെയും വരവേല്‍പ്പിലെയും ഒക്കെ പെര്‍ഫോമന്‍സുകളാണ് ശരിക്കും പറഞ്ഞാല്‍ അവാര്‍ഡ് സ്റ്റഫ്. പക്ഷെ മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ ടോണി കുരിശിങ്കലിനെ ഒന്നും പരാമര്‍ശിച്ച് കാണാറില്ല, കാരണം നേരത്തെ സൂചിപ്പിച്ച അഭിനയത്തെ കുറിച്ചുള്ള മുന്‍വിധി തന്നെ. കിലുക്കം, അഭിമന്യു, സ്ഫടികം തുടങ്ങിയ കമേഴ്‌സ്യല്‍ സിനിമകളിലെ മനോഹര പെര്‍ഫോമന്‍സുകള്‍ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ കൊടുത്ത 1991ലെയും 1995ലെയും ജൂറി പാനലുകള്‍ മറ്റുള്ളവയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒപ്പം പ്രശംസനീയമാണ്. ഈ അടുത്ത കാലത്തെ അവാര്‍ഡ് ജൂറികളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ട് തുടങ്ങിത് സന്തോഷകരമായ കാര്യമാണ്.

      ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍ No.20 മദ്രാസ് മെയിലിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. അടിമകള്‍ ഉടമകള്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്നത് No.20ക്ക് റിലീസ് മുമ്പേ വാര്‍ത്ത പ്രാധാന്യം നേടി കൊടുത്തിരുന്നു. No.20 യിലെ ഏറ്റവും രസകരമായ രംഗങ്ങള്‍ ഇരുവരും ഒരുമിച്ചുള്ളവ തന്നെയായിരുന്നു. മമ്മൂട്ടിയെ ടോണി പരിചയപ്പെടാന്‍ പോകുന്നതും, മമ്മൂട്ടിയെ ക്യാമറയിലൂടെ നോക്കി സിനിമയില്‍ കാണുന്നത് പോലെ തന്നെയെന്ന് ടോണി പറയുന്നതും, ഫോട്ടോ എടുക്കുന്നതും, മമ്മൂട്ടിയുടെ കവിളില്‍ ടോണി മുത്തം കൊടുക്കുന്നതും ഒക്കെ തിയേറ്ററില്‍ വന്‍ ഓളം ഉണ്ടാക്കിയ രംഗങ്ങളാണ്. 'പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം' എന്ന പാട്ടും രംഗങ്ങളും, ഇന്നസെന്റ് അവതരിപ്പിച്ച നാടാര്‍ എന്ന കഥാപാത്രത്തിന്റെ പാട്ട്, സുചിത്രയെ വായില്‍ നോക്കാന്‍ പോകുന്ന രംഗങ്ങള്‍, സോമനുമായി ടോണി കലിപ്പ് ആകുന്ന രംഗങ്ങള്‍ ഒക്കെ ഈ സിനിമയുടെ മാറ്റ് കൂട്ടുന്ന മറ്റു ഘടകങ്ങളായി. ഒപ്പം മണിയന്‍പിള്ള രാജുവും ജഗദീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചു.

    ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും കണ്ടതാണ് ഞാന്‍ മദ്രാസ് മെയില്‍. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍. അത്യാവശ്യം നല്ല അഭിപ്രായം പ്രേക്ഷകരില്‍ നിന്നും നേടിയെങ്കിലും ഒരു ബ്ലോക്ബസ്റ്റര്‍ വിജയം ഈ സിനിമയ്ക്ക് നേടാനായില്ല. തൊട്ട് മുമ്പത്തെ ആഴ്ചകളില്‍ ഇറങ്ങിയ മോഹന്‍ലാലിന്റെ തന്നെ അക്കരെയക്കരെയും ഏയ് ഓട്ടൊയും കാരണമാണ് No.20 ക്ക് ഹിറ്റ് സ്റ്റാറ്റസില്‍ ഒതുങ്ങേണ്ടി വന്നത്. സിനിമയുടെ മുക്കാല്‍ ഭാഗത്തോളം ട്രെയിനിലെ ഇന്‍ഡോര്‍ രംഗങ്ങളാണെങ്കിലും ഹ്യൂമറും ത്രില്ലറും ചേര്‍ന്ന തിരക്കഥ ഒട്ടും മുഷിയാതെ ഭംഗിയോടെ അവതരിപ്പിക്കാന്‍ ഛായാഗ്രാഹകരായ ജയനന്‍ വിന്‍സെന്റിനും സന്തോഷ് ശിവനും ആനന്ദകുട്ടനും സാധിച്ചു. തിരക്ക് വളരെ കുറഞ്ഞ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ റൂട്ടിലാണ് സിനിമയിലെ ഭൂരിഭാഗം ട്രെയിന്‍ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഔസേപ്പച്ചന്റെ സംഗീതവും എസ്പി വെങ്കിടെഷിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് നിന്നു.

      ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്

    സിനിമയുടെ ആദ്യ പകുതി എഴുതിയത് ഡെന്നീസ് ജോസഫും രണ്ടാം പകുതി എഴുതിയത് ഷിബു ചക്രവര്‍ത്തിയും ആണെന്ന് കേട്ടീട്ടുണ്ട്. ഫസ്റ്റ് ഹാഫിലെ ചടുലത സെക്കന്റ് ഹാഫില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നതും സസ്പന്‍സ് അത്ര ശക്തമല്ലാത്തതും ആണ് ഈ സിനിമയെ കുറിച്ച് പറയാവുന്ന ചെറിയൊരു ന്യൂനത. എങ്കിലും No.20 മദ്രാസ് മെയില്‍ ഇപ്പോള്‍ കാണുമ്പോഴും ആസ്വാദകരമാണ്. മോഹന്‍ലാലിന്റെ കുടിയന്‍ കഥാപാത്രങ്ങളെ കാണാന്‍ നല്ല ചേലാണ്, പ്രേക്ഷകര്‍ക്ക് അത് വളരെ ഇഷ്ടവുമാണ്. ഒട്ടനവധി തവണ അവരത് നെഞ്ചിലേറ്റിയതുമാണ്. ഇനിയും ഇത്തരം രസകരമായ സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെ ജോഷിക്കും മോഹന്‍ലാലിനും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം... സഫീര്‍ അഹമ്മദ്

    Read more about: mohanlal no 20 madras mail
    English summary
    Viral: 31 Years Of Mammootty And Mohanlal Starrer No 20 Madras Mail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X