For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്യിലുള്ളത് ഹൈ വോള്‍ട്ടേജ് തിരക്കഥ, കെ.ജി.എഫിനെ പേടിയില്ലെന്ന് 'പുഷ്പ' നിര്‍മ്മാതാവ്

  |

  അടുത്തിടെ ഇന്ത്യന്‍ സിനിമാലോകം ശ്രദ്ധിച്ച രണ്ടു ചിത്രങ്ങളായിരുന്നു കെ.ജി.എഫും പുഷ്പയും. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന സവിശേഷതയ്ക്കുപരിയായി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളും നേട്ടം കൊയ്തത്. ബോളിവുഡില്‍ പോലും തരംഗം സൃഷ്ടിച്ച പുഷ്പയേയും കെ.ജി.എഫിനേയും പ്രശംസിച്ച് നിരവധി വമ്പന്‍ സംവിധായകരും താരങ്ങളും രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

  ആദ്യ ഭാഗത്തിന്റെ മികച്ച സ്വീകാര്യതയെത്തുടര്‍ന്ന് കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് പുറത്തിറങ്ങിയത്. റോക്കി ഭായിയായി തകര്‍ത്തഭിനയിച്ച യാഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് കെ.ജി.എഫ് രണ്ട്. അല്ലു അര്‍ജ്ജുന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു പുഷ്പ. നായകസങ്കല്പങ്ങളെ പൊളിച്ചെഴുതിയ കെ.ജി.എഫും പുഷ്പയും തെന്നിന്ത്യയുടെ സ്വകാര്യ അഹങ്കാരമെന്ന് നിസ്സംശയം പറയാം.

  പുഷ്പയുടെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്ന തിരക്കിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ കെ.ജി.എഫ് രണ്ടിന്റെ അതിശയിപ്പിക്കുന്ന വിജയം പുഷ്പയുടെ തിരക്കഥ മെച്ചപ്പെടുത്തി പൊളിച്ചെഴുതാന്‍ സംവിധായകനെ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനായി പുഷ്പയുടെ ചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

  കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ ദൃശ്യഭംഗിയോടെ ചിത്രമൊരുക്കാന്‍ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകന്‍ സുകുമാറിന്റെ ഈ നീക്കമെന്നായിരുന്നു അണിയറയില്‍ നിന്നുള്ള സംസാരം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പുഷ്പയുടെ നിര്‍മ്മാതാവ് വൈ.രവിശങ്കര്‍.

  ഹൈ വോള്‍ട്ടേജ് അനുഭവം സാധ്യമാക്കുന്ന തിരക്കഥയാണ് കയ്യിലുള്ളത്. അങ്ങനെയുള്ളപ്പോള്‍ എന്തിനാണതില്‍ മാറ്റം വരുത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. കെ.ജി.എഫ് പുഷ്പയെ ബാധിക്കില്ല. സുകുമാര്‍ നേരത്തെ തയ്യാറാക്കിയ ഒരു മാറ്റവുമുണ്ടാകില്ല. വളരെ മനോഹരമായി തന്നെ അത് ചിത്രീകരിക്കും. ലൊക്കേഷനുകള്‍ തേടാന്‍ ഒരു മാസത്തില്‍ കൂടുതല്‍ സമയമെടുക്കും. ആദ്യ ഭാഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും പശ്ചാത്തലമാവുക എന്ന് വൈ.രവിശങ്കര്‍ പ്രതികരിച്ചു.

  പുഷ്പയുടെ ആദ്യഭാഗം ഹിന്ദിയിലുള്‍പ്പെടെ തകര്‍പ്പന്‍ വിജയമായിരുന്നു. അല്ലു അര്‍ജ്ജുന്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുക്കുന്നതും.ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്റെ കഥയുമായി എത്തിയ അല്ലു അര്‍ജ്ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്‌സ് ഓഫീസില്‍ വലിയ വിജയം തീര്‍ത്ത ചിത്രം ഹിന്ദിയില്‍ നിന്നു മാത്രം 200 കോടി രൂപയാണ് നേടിയത്.

  ഫഹദ് ഫാസില്‍, രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. തെന്നിന്ത്യന്‍ താരം സാമന്തയുടെ ഐറ്റം ഡാന്‍സും പുഷ്പയുടെ വിജയഘടകങ്ങളിലൊന്നായിരുന്നു.

  ആദ്യ ഭാഗത്തേക്കാള്‍ ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളായിരിക്കും രണ്ടാം ഭാഗത്തിലുണ്ടാവുക. വലിയ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത്. പുഷ്പയുടെ പ്രചാരണവേളയില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് നായകനായ അല്ലു അര്‍ജ്ജുനും പ്രകടിപ്പിച്ചിരുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി അല്ലു അര്‍ജ്ജുന്‍ 100 ദിവസമാണ് ഡേറ്റ് നല്‍കിയിരിക്കുന്നത്.

  റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള കെ.ജി.എഫിന്റെ മുന്നേറ്റം വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെയെല്ലാം ഒന്ന് മാറ്റി ചിന്തിപ്പിക്കുന്നുണ്ടെന്നാണ് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണ്ണഖനി തൊഴിലാളികളുടെ അടിമജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെ.ജി.എഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കെ.ജി.എഫിന്റെ ആദ്യഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി.

  2018-ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിന്റെ അപ്രതീക്ഷിതവിജയമാണ് രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. പിന്നീട് 2020-ഓടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പലതവണ റിലീസ് മാറ്റിവെക്കേണ്ടി വന്നു.

  കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിജയത്തിന് പിന്നാലെ ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയൊരു വാര്‍ത്ത കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു. കെ.ജി.എഫിന്റെ മൂന്നാം ഭാഗവും ആരാധകരിലേക്കെത്തും. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  We don't have any fear about the script, says Pushpa movie producer Y.Ravi Shankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X