»   » അമ്മയുടെ ചിറ്റമ്മനയം ശരിയാണോ?

അമ്മയുടെ ചിറ്റമ്മനയം ശരിയാണോ?

Posted By:
Subscribe to Filmibeat Malayalam
Amma
അമ്മ എന്ന വാക്കിന് ഒരു കടലോളം സ്‌നേഹത്തിന്റെ ആഴമുണ്ട്. മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയ്ക്ക് അമ്മ എന്നപേര് നിര്‍ദ്ദേശിക്കുമ്പോഴും അന്തരിച്ച നടന്‍ മുരളിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല. അമ്മയുടെ രീതികള്‍ക്ക് ചിറ്റമ്മയുടെ സ്വഭാവം വന്നുചേരുമ്പോഴാണ് ഈ അമ്മയെ നമ്മള്‍ സംശയദൃഷ്ട്യാ നോക്കുന്നത്.

ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗത്ത് സജീവമായി നിലകൊള്ളുന്ന നിരവധി അഭിനേതാക്കള്‍ ഇവിടെയുണ്ട്. മൂന്നൂറിലധികം സിനിമകളിലഭിനയിച്ച വേണു മച്ചാട് അവരിലൊരാളാണ്. ഇവരുടെയൊന്നും അംഗത്വം അമ്മയ്ക്ക് വേണ്ട. കഴിഞ്ഞ പത്തുവര്‍ഷമായത്രേ വേണു മച്ചാട് അംഗത്വത്തിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നു. ഏഴുതവണ റിമൈന്‍ഡറുകളുമയച്ചു. ഇന്നസെന്റ്, ഇടവേളബാബു എന്നിവരുടെ പക്കല്‍ പലതവണ അഭ്യര്‍ത്ഥിച്ചു.

എന്തേ വേണു മച്ചാടിന് അമ്മയുടെ അംഗമാകാനുള്ള യോഗ്യതയില്ലേ? എന്താണ് അംഗത്വത്തിന് വേണ്ട മിനിമം യോഗ്യത എന്നറിയില്ല. പ്രേക്ഷകന്‍ തിരിച്ചറിയുന്ന വിധം വേണു ഇന്ന് മലയാളസിനിമയില്‍ പ്രസക്തനാണ്. പരിണയത്തില്‍ തുടങ്ങിയ അഭിനയയാത്ര ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെത്തി നില്‍ക്കുമ്പോഴും വേണുവിനെ ഒരു നടനായി അംഗീകരിക്കാന്‍ അമ്മയ്ക്ക് സാധിച്ചിട്ടില്ല.

സെലിബ്രിറ്റി ക്രിക്കറ്റിന് അമ്മ കളമൊരുക്കുമ്പോള്‍ ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിച്ചവര്‍ക്കു പോലും അംഗത്വം നല്‍കി. അപ്പോള്‍ അംഗത്വത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ അത്രയൊക്കെയേയുള്ളൂ. വേണുവിനെ പോലുള്ള പാവപ്പെട്ട കലാകാരന്‍മാരെ അവഗണിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലായെന്ന് താരരാജാക്കള്‍ക്ക് സ്തുതി പാടുന്ന സംഘടനഭാരവാഹികള്‍ക്കറിയാം.

ഏതൊരു സംഘടനയും ശക്തമാകുന്നത് അംഗബലം കൊണ്ടുകൂടിയാണ്. അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പു കഴിഞ്ഞു വീണ്ടും ഇന്നസെന്റ് പ്രസിഡണ്ട്, മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി, ഇടവേളബാബു സെക്രട്ടറി സ്ഥാനങ്ങളില്‍ തുടരാന്‍ തീരുമാനമായി. പ്രായമായവര്‍ക്കും സിനിമയില്‍ സജീവമല്ലാത്തവര്‍ക്കും അംഗത്വം നല്‍കിയാല്‍ കൈനീട്ടം കൊടുക്കല്‍ ഒരു ബാദ്ധ്യതയാവുമെന്ന് സംഘടന സംശയിക്കുന്നത് കൊണ്ടായിരിക്കാം വേണുവിനെ പോലുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നത്.

ഇപ്പോള്‍ അംഗത്വത്തിന് 25500 രൂപയാണത്രേ, എന്നിരുന്നാലും വേണു മച്ചാട് അംഗത്വം ആഗ്രഹിക്കുന്നു. അഭിനയംകൊണ്ടുജീവിക്കുന്ന, പ്രായമായിവരുന്ന, കുട്ടികളില്ലാത്ത വേണുവിന് നാളെ ഒരിടത്തിരുന്നു പോയാല്‍ സംഘടനയുടെ ഒരു കൈത്താങ്ങ് വേണമെന്ന തോന്നല്‍ കലശലാണ്, ഒപ്പം മലയാള സിനിമയിലെ ഒരു കുഞ്ഞുതാരമല്ലേ താനും എന്ന ചിരികൊണ്ടുപൊതിഞ്ഞ ചോദ്യവും വേണുവിനൊപ്പമുണ്ട്.

English summary
Venu Machad wish to take membership in AMMA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam