»   » യേശുദാസിന്റേതല്ല മികച്ച ശബ്ദം:ബിച്ചു തിരുമല

യേശുദാസിന്റേതല്ല മികച്ച ശബ്ദം:ബിച്ചു തിരുമല

Posted By:
Subscribe to Filmibeat Malayalam
Yesudas
ഒരുകാലത്ത്‌ മലയാള സിനിമയിലെ ഏറ്റവും തിരക്കു പിടിച്ച ഗാനരചയിതാവായിരുന്ന ബിച്ചു തിരുമല പറയുന്നു, യേശുദാസിന്റെ ശബ്ദമാണ്‌ വലുതെന്ന്‌ സമ്മതിച്ചു തരില്ലായെന്ന്‌. മലയാള സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട്‌ ഇന്നും ഏറ്റവും തിരക്കുള്ള ഗായകനായി വിരാജിക്കുന്ന യേശുദാസിനെ ബിച്ചു തിരുമലയുടെ വാക്കുകള്‍ ബാധിക്കുകയില്ലായെങ്കിലും ഈ പ്രസ്‌താവനയുടെ പിന്നില്‍ ചില സാധൂകരണങ്ങളുണ്ട്‌.

മലയാള സിനിമയുടെ വളര്‍ച്ചാ, വികാസ കാലഘട്ടത്തില്‍ പാട്ടുകള്‍ വഹിച്ച സ്വാധീനം വളരെയേറെയാണ്‌. ഇന്നും ഏതു മലയാളിയും ഇഷ്ടപ്പെട്ട പാട്ടുകളെ തിരഞ്ഞെടുക്കുമ്പോള്‍ വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ബാബുരാജ്‌, ദേവരാജന്‍, രാഘവന്‍ മാസ്‌റ്റര്‍, രവീന്ദ്രന്‍ മാസ്‌റ്റര്‍ ഇങ്ങനെയുള്ള പ്രഗത്ഭരുടെ വിലാസത്തില്‍ അറിയപ്പെടുന്ന പാട്ടുകളെയാണ്‌ ഉറ്റുനോക്കുന്നത്‌.

ഈ പാട്ടുകളില്‍ നല്ല പങ്ക്‌ പുരുഷശബ്ദവും യേശുദാസിന്റെതാണ്‌ എന്ന കാര്യത്തിലും തര്‍ക്കമില്ല. പ്രതിഭാധനന്‍മാരുടെ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളുടെ ഗുണം കൊണ്ടുകൂടിയാണ്‌ യേശുദാസിന്റെ പാട്ടുകള്‍ നിത്യഹരിതമായതും, ഏറ്റവും വലിയ ഗായകനായി യേശുദാസ്‌ മാറിയതും എന്നത്‌ സത്യമാണ്‌.

ഏതാണ്‌ മികച്ച ശബ്ദം എന്നതുകൊണ്ട്‌ മാത്രം മികച്ച പാട്ടുകാരനെ ആരും വിലയിരുത്തുമെന്ന്‌ തോന്നുന്നില്ല. നിരവധി ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന്‌ സാഹിത്യഗുണമുള്ള പാട്ടുകള്‍ നല്ല സംഗീതത്തിലൂടെ മികച്ച അനുഭവങ്ങളായി മാറുമ്പോഴാണ്‌ കേള്‍വിക്കാരനില്‍ അനുഭൂതി നിറയ്‌ക്കുന്നത്‌. ആ കാര്യത്തില്‍ യേശുദാസ്‌ ആരേക്കാളും മുമ്പിലുമാണ്‌. തന്റെയുള്ളിലെ സംഗീതത്തേയും ശബ്ദത്തേയും ഇത്ര പ്രതിബദ്ധതയോടെ കൊണ്ടുനടക്കുന്ന ഒരു കലാകാരന്‍ യേശുദാസ്‌ മാത്രമായിരിക്കും.

വര്‍ഷങ്ങള്‍ ഒരുപാട്‌ പിന്നിട്ടിട്ടും പതിന്‍മടങ്ങ്‌ സുന്ദരമായി ആ നാദവര്‍ഷം ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ കാര്യവും അതുതന്നെ. ഗാനരചയിതാവായ ബിച്ചു തിരുമലയുടെ നിരവധി പാട്ടുകള്‍ യേശുദാസ്‌ പാടിയിട്ടുണ്ട്‌. അക്കാലത്ത്‌ ബിച്ചു തിരുമലയും പറഞ്ഞിട്ടുണ്ടാവുക ഇതായിരിക്കും, ഇത്‌ ദാസ്‌ പാടിയാലേ ശരിയാവൂ.... അങ്ങിനെ എത്രയോ പേരുടെ വിശ്വാസം കൂടിയാണ്‌ യേശുദാസും ആ ശബ്ദവും.

ഹിന്ദിയില്‍ ശോഭിക്കാത്തതും തമിഴില്‍ തിരക്കുള്ള ഗായകനാവാത്തതും യേശുദാസിനു മലയാളിക്കും ഇന്ന്‌ ഒരു വിഷയമേ അല്ല. മലയാളത്തില്‍ നിരവധി വ്യത്യസ്‌ത ശബ്ദത്തിനുടമകളായ ഗായകരുണ്ട്‌ അവരില്‍ പലര്‍ക്കും നല്ല അവസരങ്ങളും കിട്ടുന്നുണ്ട്‌. യേശുദാസിനോടൊപ്പം തന്നെ തളരാതെ ഭാവഗായകന്‍ ജയചന്ദ്രന്‍ സജീവമായി രംഗത്തുണ്ട്‌.

തമിഴില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ മലയാളികള്‍ ജയചന്ദ്രനും ഉണ്ണി മേനോനുമായിരിക്കും. ഓരോ ശബ്ദത്തിനും അതിന്റെതായ പ്രത്യേകതയും ഗുണങ്ങളുമുണ്ട്‌. അതിനാല്‍ സാഹിത്യഗുണമാണ്‌ മികച്ച ശബ്ദത്തിന്റെ, ഗായകന്റെ നിലനില്‍പ്പിനും പ്രശസ്‌തിക്കും ആധാരമാവുന്നതെന്ന്‌ എന്ന വാദം നിലനില്‍ക്കുന്നതല്ല.

English summary
Yesdas' voice is not the best voice of the world, says famous Malayalama lyricist Bichu Thirumala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam