»   » പണ്ഡിറ്റിനെതിരെയുള്ള ആക്രമണം ആസൂത്രിതം?

പണ്ഡിറ്റിനെതിരെയുള്ള ആക്രമണം ആസൂത്രിതം?

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
പെരിന്തല്‍മണ്ണയില്‍ മോളിവുഡിലെ പുതിയ സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് യഥാര്‍ഥ പണ്ഡിറ്റ് ഫാന്‍സുകാരുടെ പരാതി. പെടുന്നനെയുള്ള പ്രകോപനമല്ല, കരുതിക്കൂട്ടി തന്നെ സന്തോഷിനെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് അവരിതിന് കാരണമായി പറയുന്നത്. ഇതിനായി സ്ഥലത്ത് ചീമുട്ടയും തക്കാളിയുമൊക്കെ നേരത്തെ എത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

പെരിന്തല്‍മണ്ണയില്‍ കോഴിക്കോട് റോഡിലെ സംഗീതാ ജംഗ്ഷനിലുള്ള ഒരു ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഏലിയന്‍ സ്റ്റാറിനെ നാട്ടുകാര്‍ ചീഞ്ഞമുട്ടയും തക്കാളിയും എറിഞ്ഞ് സ്വീകരിച്ചത്. 'ബ്ലോക്ക് ബസ്റ്റര്‍' ചിത്രമായ കൃഷ്ണനും രാധയിലെയും ഗാനം സന്തോഷ് ആലപിച്ചയുടനെയാണ് നാട്ടുകാര്‍ കലിപ്പ് തീര്‍ത്തത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ആരാധകരുടെ സ്‌നേഹപ്രകടനം പരിധിലംഘിച്ചതോടെ താരം പാട്ട് നിര്‍ത്തി പോകാനൊരുങ്ങി. ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുറത്തേക്കിറങ്ങിയ സന്തോഷ് പണ്ഡിറ്റിന് നേര്‍ക്ക് നാട്ടുകാര്‍ അസഭ്യവര്‍ഷവും നടത്തി. കാറില്‍ കയറിയ ശേഷവും താരത്തിനു നേര്‍ക്ക് ചീമുട്ടയെറിഞ്ഞു. ഇതിനിടെ താരത്തെ രക്ഷിയ്ക്കാനെത്തിയ പൊലീസിനും കണക്കിന് മുട്ടയേറ കിട്ടി.

സന്തോഷ് പണ്ഡിറ്റിന്റെ വെറൈറ്റി സിനിമയായ കൃഷ്ണനും രാധയും അങ്ങാടിപ്പുറത്ത് ഒരാഴ്ചയോളം തകര്‍ത്തോടിയിരുന്നു. സിനിമ കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട ആരാധകരാണ് പണ്ഡിറ്റിന് വെറൈറ്റി സ്വീകരണമൊരുക്കിയതെന്ന് വേണം കരുതാന്‍. നേരത്തെ സന്തോഷിനെ ബലമായി റോഡില്‍ തടഞ്ഞുനിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുട്യൂബിലും ഫേസ്ബുക്കിലും പ്രചരിയ്ക്കുന്നുണ്ട്. ഭാവിയില്‍ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

പുതിയ ചിത്രമായ 'ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായി' ഒരുക്കുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ പണ്ഡിറ്റ്ജിയുടെ ഓര്‍മയിലെത്തുമെന്ന കാര്യത്തിലും സംശയം വേണ്ട..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam