»   » ഭൂമി മലയാളത്തിലെ അവാര്‍ഡ് വിവാദങ്ങള്‍

ഭൂമി മലയാളത്തിലെ അവാര്‍ഡ് വിവാദങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഭൂമിമലയാളത്തില്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിയ്ക്കുന്പോള്‍ മെമ്പൊടിയായി ഇത്തിരി വിവാദമില്ലെങ്കില്‍ ആര്‍ക്കും സുഖിയ്‌ക്കില്ല. കാലാകാലങ്ങളായുള്ള ഈ നാട്ടുനടപ്പ്‌ മാറ്റാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കില്ലെന്ന കാര്യമുറപ്പാണ്‌. അവാര്‍ഡ്‌ കിട്ടാത്തപ്പോള്‍ ജൂറിയെ തെറി പറയുന്നത്‌ എവിടെയുമുള്ള പതിവാണെങ്കിലും ലോകസിനിമയിലാദ്യമായി അവാര്‍ഡ്‌ കിട്ടാതെ ബോധം കെട്ട്‌ വീണവരുടെ നാടെന്ന ബഹുമതി പണ്ടേ സ്വന്തമാക്കിയവരാണ്‌ നമ്മുടെ സിനിമാക്കാര്‍.

ഇത്തവണ ഗിരീഷ്‌ കാസറവള്ളി ജൂറി ചെയര്‍മാനായ കമ്മിറ്റിയുടെ പ്രഖ്യാപനത്തിന്‌ പിന്നാലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായെങ്കിലും വന്‍വിവാദങ്ങളൊന്നും ആദ്യദിവസം ഉണ്ടായില്ല. ഇതൊക്കെ കണ്ട്‌ സ്ഥലം കേരളമല്ലേയെന്നു വരെ സംശയിച്ചവര്‍ ഉണ്ടായിരുന്നു. എന്തായാലും അധികം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. രണ്ട്‌ ദിനം കഴിഞ്ഞപ്പോള്‍ രണ്ട്‌ കൊലകൊമ്പന്‍മാര്‍ തന്നെ സംഭവം കൊഴുപ്പിയ്‌ക്കാന്‍ രംഗത്തിറങ്ങി.

നേരത്തെ വിവാദമുണ്ടാക്കാന്‍ ഇറങ്ങിത്തിരിയ്‌ക്കുന്നത്‌ ലേശം വിവരം കുറഞ്ഞവരായിരുന്നെങ്കില്‍ ഇത്തവണ അലമ്പുണ്ടാക്കാന്‍ ഇറങ്ങിയവര്‍ സിനിമയിലെ രണ്ട്‌ ബുജികള്‍ തന്നെ. ലോകസിനിമയില്‍ മലയാളത്തെ അടയാളപ്പെടുത്തിയ ടിവി ചന്ദ്രനും അടൂരുമായിരുന്നു ഇത്തവണ നേര്‍ക്കുനേര്‍ നിന്ന്‌ കലഹിച്ചത്‌.

അടൂരിന്റെ 'ഒരാണും രണ്ടു പെണ്ണും' ചന്ദ്രന്റെ 'ഭൂമി മലയാള'വും മത്സരിച്ചപ്പോള്‍ ജൂറി കമ്മിറ്റി ലേശം മാര്‍ക്ക്‌ അടൂരിന്‌ കൂടുതല്‍ കൊടുത്തതാണ്‌ ഇത്തവണത്തെ അവാര്‍ഡ്‌ വിവാദത്തിന്‌ നിദാനമായത്‌. ജൂറിയ്‌ക്കും ബേബി സഖാവിനും അടൂരിനെ ഭയമാണെന്നും അടൂരിന്റേത്‌ സിനിമയല്ല മറിച്ച്‌ സീരിയലാണെന്നും വരെ വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചന്ദ്രന്‍ മാഷ്‌ പറഞ്ഞു കളഞ്ഞു. അടൂരിന്റെ സീരിയലിന്‌ മാര്‍ക്കിടാന്‍ കുടപ്പനക്കുന്നില്‍ നിന്ന്‌ ആളു വന്നാല്‍ മതിയെന്നും അദ്ദേഹം ആക്ഷേപിച്ചു.

TV Chandran
സാധാരണ ഇത്തരം വിവരക്കേട്‌ കേട്ടാല്‍ അടൂര്‍ മിണ്ടാതിരിയ്‌ക്കുകയാണ്‌ പതിവ്‌. എന്നാല്‍ ചീത്ത വിളിച്ചത്‌ ടിവിയാകുമ്പോള്‍ മിണ്ടാതിരിയ്‌ക്കുന്നതത്ര ശരിയല്ലല്ലോ? പത്രക്കാരെ വിളിച്ചു കൂട്ടി ബേബി സഖാവിന്റെ സാന്നിധ്യത്തില്‍ അപ്പോള്‍ തന്നെ ചുട്ടമറുപടി അടൂര്‍ കൊടുത്തു. ചന്ദ്രന്റെ വിമര്‍ശനം വെറും വിവരക്കേടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. സിനിമയെക്കുറിച്ചിട്ട്‌ പഠിച്ചട്ടേ അഭിപ്രായം പറയാവൂയെന്നും അടൂര്‍ തിരിച്ചടിച്ചു.

കഴിഞ്ഞ തവണ അവാര്‍ഡ്‌ കിട്ടാതിരുന്നപ്പോള്‍ ലേശം പിണങ്ങിയെങ്കിലും ഇത്തവണത്തെ ജൂറിയ്‌ക്ക്‌ ഫുള്‍ മാര്‍ക്ക്‌ അടൂര്‍ മാഷ്‌ കൊടുത്തിരുന്നു. 'നല്ല ജൂറി നല്ല തീരുമാനം' എന്നിങ്ങനെയായിരുന്നു അടൂരിന്റെ സര്‍ട്ടിഫിക്കറ്റ്‌.

ശരിയ്‌ക്കും പറഞ്ഞാല്‍ ഈ രണ്ട്‌ ബുജികളും തമ്മില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ കുശുമ്പ്‌. പത്തുപതിനാറ്‌ വര്‍ഷം മുമ്പ്‌ പൊന്തന്‍മാടയുമായി ചന്ദ്രനും വിധേയനുമായി അടൂരും മത്സരിച്ചപ്പോഴും പരാജയപ്പെടാന്‍ മാത്രമായിരുന്നു ചന്ദ്രന്‌ വിധി.  പക്ഷേ അന്നത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പൊന്തന്‍മാട വിധേയനെ കടത്തിവെട്ടി. മികച്ച സംവിധായകനടക്കം നാല്‌ അവാര്‍ഡുകളാണ്‌ പൊന്തമാട സ്വന്തമാക്കിയത്‌.

ഈ മഹാന്‍മാര്‍ തമ്മിലുള്ള ശീതസമരത്തില്‍ കുടുങ്ങിപ്പോയത്‌ നമ്മുടെ സൂപ്പര്‍ താരം മമ്മൂക്കയായിരുന്നുവെന്നത്‌ മറ്റൊരു പരസ്യമായ രഹസ്യമാണ്‌. രണ്ടു പേരെയും തള്ളാന്‍ വയ്യാത്ത മമ്മൂട്ടി കാലമിത്ര കഴിഞ്ഞിട്ടും തനിയ്‌ക്കാരോടാണ്‌ ചായ്‌വെന്ന കാര്യം പറഞ്ഞിട്ടില്ല.

ബേബി മന്ത്രി പറഞ്ഞതു പോലെ വിവാദങ്ങള്‍ സര്‍ഗാത്മകമാണെങ്കില്‍ നാം അതിനെ സ്വാഗതം ചെയ്യുക തന്നെ വേണം. പക്ഷേ നിസാരമായൊരു അവാര്‍ഡിന്‌ വേണ്ടി നിലവാരം കുറഞ്ഞ ഈ തര്‍ക്കം വേണമോയെന്ന് ലോകമാരാധിയ്ക്കുന്ന ഈ സംവിധായകര്‍ തന്നെ തീരുമാനിയ്ക്കട്ടെ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam