»   » ഇമേജ് വര്‍ദ്ധിപ്പിച്ചത് കാമസൂത്ര: ശ്വേത

ഇമേജ് വര്‍ദ്ധിപ്പിച്ചത് കാമസൂത്ര: ശ്വേത

Posted By:
Subscribe to Filmibeat Malayalam
Shweta Menon
സിനിമയിലെത്തി ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്വേതാ മേനോന്റെ സമയം വന്നതിപ്പോഴാണ്. പരദേശിയില്‍ തുടങ്ങി മധ്യവേനലിലൂടെ പാലേരി മാണിക്യത്തിലെത്തി നില്‍ക്കുന്ന നടി ഒരു രണ്ടാമങ്കത്തിലൂടെ മലയാളത്തെ കീഴടക്കുകയാണ്. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായൊരു സ്ഥാനം തന്നെ കണ്ടെത്താന്‍ ശ്വേതയ്ക്കിപ്പോള്‍ കഴിഞ്ഞിട്ടുണ്ട്.

പതിനാറ് വര്‍ഷം മുമ്പ് മിസ് ഇന്ത്യാ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യാ റായിക്കും പിന്നില്‍ മൂന്നാമതെത്തിയതോടെയാണ് മലയാളിപ്പെണ്ണിനെ ലോകം ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത്. ഫാഷന്‍ ലോകത്ത് പ്രശസ്തയാവും മുമ്പെ വെള്ളിത്തിരയില്‍ അരങ്ങേറിയ ശ്വേതയ്ക്ക് മിസ് ഇന്ത്യാ മത്സരത്തിലെ മികച്ച പ്രകടനം ഒരുപാട് അവസരങ്ങള്‍ നേടിക്കൊടുക്കാന്‍ സഹായിച്ചു.

അനശ്വരത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറിയതിന് ശേഷം നക്ഷത്രക്കൂടാരം, വെല്‍ക്കം ടു കൊടൈക്കനാല്‍ എന്നീ സിനിമകളിലൊക്കെ നായികയായ ശ്വേതയെ പക്ഷേ കൂടുതലായും തേടിയെത്തിയത് ഗ്ലാമര്‍ റോളുകളായിരുന്നു. അഭിനയം തൊട്ടുതീണ്ടിയില്ലാത്ത, മേനിയഴക് പ്രകടിപ്പിയ്ക്കാന്‍ മാത്രമറിയാവുന്ന നടിയൊന്നൊക്കെ നാട്ടുകാര്‍ പറഞ്ഞുതുടങ്ങിയതോടെ ശ്വേത മലയാള സിനിമയോട് തത്കാലത്തേക്ക് ഗുഡ് ബൈ പറഞ്ഞു.

മലയാളം മറന്നു തുടങ്ങിയ താരത്തെ പിന്നീട് കണ്ടത് കാമസൂത്രയുടെ പരസ്യത്തിലായിരുന്നു. കാമസൂത്രയുടെ മോഡലായി താരം മിനി സ്്ക്രീനില്‍ നിറഞ്ഞുനിന്നപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വെയ്ക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ പരസ്യം തനിയ്‌ക്കൊരു പുത്തന്‍ ഇമേജ് തന്നുവെന്നാണ് ശ്വേത പറയുന്നത്. "കാമസൂത്രയുടെ പരസ്യത്തോടെ തന്നെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളുയര്‍ന്നു. എന്നാല്‍ ഇതെല്ലാം എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്തത്". മലയാളത്തില്‍ ഒരു പ്രശസ്ത സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം പറഞ്ഞത്.

തന്ത്രയെന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയ താരം ശ്വേത ഇപ്പോള്‍ കയം എന്ന ചിത്രത്തിലെ താമരയെന്ന ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കുമ്പോഴും ഗ്ലാമര്‍ റോളുകളില്‍ പ്രത്യക്ഷപ്പെടാന്‍ യാതൊരു മടിയുമില്ലെന്ന് നടി പറയുന്നു. ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കാന്‍ ഇപ്പോഴും തയാറാണ്. അത്തരം റോളുകള്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. തമിഴില്‍ ഷൂട്ടിങ് പൂര്‍ത്തിയായ നാന്‍ അവന്‍ എന്ന ചിത്രത്തില്‍ പൂര്‍ണമായും ഒരു ഗ്ലാമര്‍ റോളിലാണ് അഭിനയിക്കുന്നത്. ഇതിന് ശേഷം ഒരുപാട് ഗ്ലാമര്‍ റോളുകള്‍ തന്നെ തേടിവരുന്നുണ്ടെന്ന് ശ്വേത പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam