»   » മമ്മൂട്ടി ബ്ലോഗെഴുത്ത്‌ നിര്‍ത്തിയോ?

മമ്മൂട്ടി ബ്ലോഗെഴുത്ത്‌ നിര്‍ത്തിയോ?

Posted By:
Subscribe to Filmibeat Malayalam
Mammootty
കൊട്ടിഘോഷിച്ച്‌ തുടങ്ങിയ ബ്ലോഗെഴുത്ത്‌ മമ്മൂട്ടി നിര്‍ത്തിയോ? ചോദ്യമുയരുന്നത്‌ ബൂലോഗത്ത്‌ തന്നെ! ഏറെ മാധ്യമ ശ്രദ്ധ നേടിക്കൊണ്ട്‌ ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ്‌ മലയാളത്തിന്റെ മഹാനടന്‍ ബൂലോഗത്ത്‌ ഹരിശ്രീ കുറിച്ചത്‌ മലയാള സിനിമയിലെ ആദ്യ ബ്ലോഗറെന്ന പദവിയും താരം അതിലൂടെ സ്വന്തമാക്കി.

സഹപ്രവര്‍ത്തകരില്‍ നിന്നും വേറിട്ട്‌ സമകാലീന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ പിന്തുടരുകയും അത്‌ പരസ്യമായി പ്രകടിപ്പിയ്‌ക്കുകയും ചെയ്യാറുള്ള മമ്മൂട്ടി ബ്ലോഗെഴുത്ത്‌ ആരംഭിച്ചത്‌ ഏറെ പ്രശംസിയ്‌ക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന്‌ 'ഈ പട്ടണത്തില്‍ ഭൂത'ത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ മമ്മൂട്ടി തന്നെയാണ്‌ ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

സിനിമയെ മാറ്റി നിര്‍ത്തി സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളായിരിക്കും തന്റെ ബ്ലോഗിലുണ്ടാകുകയെന്ന്‌ അന്നേ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഉദ്‌ഘാടന പോസ്‌റ്റായ 'സമ്പദ്‌ വ്യവസ്ഥയുടെ രാഷ്ട്രീയം' എന്ന ലേഖനത്തില്‍ മമ്മൂട്ടി ചര്‍ച്ചയാക്കുന്നത്‌ രൂക്ഷമായ ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെ ജനുവരി ആറിന്‌ ജനാധിപത്യത്തിന്റെ താക്കോല്‍ എന്ന ലേഖനവും മമ്മൂക്ക ബ്ലോഗില്‍ പോസ്‌റ്റി. തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ പോസ്‌റ്റിലെ പ്രധാന വിഷയം.

ഇന്നിപ്പോള്‍ 1436 പിന്‍തുടര്‍ച്ചക്കാരും 75,000 സന്ദര്‍ശകരുമൊക്കെയായി മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ബ്ലോഗുകളിലൊന്നാണ്‌ ഇത്‌.

എന്നാല്‍ മമ്മൂട്ടിയുടെ ബ്ലോഗെഴുത്ത്‌ വെറും ആരംഭശൂരത്വം മാത്രമായിരുന്നോ എന്നാണിപ്പോള്‍ സംശയമുയരുന്നത്‌. ബൂലോഗത്തെത്തി നാല്‌ മാസം പിന്നിടുന്നതിനിടെ ഈ രണ്ട്‌ ലേഖനങ്ങള്‍ മാത്രമേ മമ്മൂട്ടി എഴുതിയിട്ടുള്ളൂ.

ഷൂട്ടിംഗ്‌ തിരക്കുകളാണ്‌ ബ്ലോഗെഴുത്തില്‍ താരത്തെ പിന്നോട്ടടിപ്പിയ്‌ക്കുന്നത്‌ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ നാല്‌ മാസത്തിനിടെ അഞ്ച്‌ സിനിമകളുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് ‌താരം കുടുങ്ങിപ്പോയത്‌. തിരക്കുകള്‍ക്ക് ഇപ്പോഴും അവസാനമില്ല. എന്നാലും എത്ര തിരക്കുണ്ടായാലും ബ്ലോഗെഴുത്തില്‍ ഇങ്ങനെ മടി കാണിയ്‌ക്കാന്‍ പാടുണ്ടോയെന്നാണ്‌ ചോദ്യം?
മൊട്ടുസൂചി മുതല്‍ റോക്കറ്റ്‌ വരെ വിഷയമാകുന്ന ബൂലോഗത്ത്‌ ഈ ചോദ്യവും ചൂടന്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam