»   » തമിഴരോട് വിദ്യാ ബാലന്‍ കണക്കു തീര്‍ത്തു

തമിഴരോട് വിദ്യാ ബാലന്‍ കണക്കു തീര്‍ത്തു

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡിന്റെ ഏഴാം സ്വര്‍ഗത്തില്‍ പാറിപറക്കുന്ന വിദ്യാ ബാലന്‍ തമിഴിലേക്കുള്ള ഓഫര്‍ നിരസിച്ചിരിയ്ക്കുന്നു. വെറുമൊരു സാധാരണ ഓഫറല്ല, ചിയാന്‍ വിക്രമിന്റെ നായികയാവാനുള്ള അവസരമാണ് വിദ്യ നിഷ്ക്കരുണം തള്ളിയത്.

മദിരാശിപട്ടണം സംവിധായകന്‍ വിജയ് ഒരുക്കുന്ന വിക്രം ചിത്രത്തിലേക്കായിരുന്നു വിദ്യയ്ക്ക് ക്ഷണം എന്നാല്‍ തമിഴ് സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു തിരക്കഥ പോലും കേള്‍ക്കാതെ വിദ്യ ഒഴിഞ്ഞുമാറി. നല്ലൊരു അവസരമാണ് നടി കളഞ്ഞുകുളിച്ചതെന്ന് മറ്റുള്ളര്‍ പറയുമായിരിക്കും. എന്നാല്‍ തമിഴ് സിനിമാക്കാരോടുള്ള മധുരപ്രതികാരമാണ് ഈ നിരസിക്കലിലൂടെ നടി നടത്തിയിരിക്കുന്നത്.

തമിഴ് സിനിമാക്കാരോടുള്ള വിദ്യയുടെ വിരോധത്തെക്കുറിച്ചറിയണമെങ്കില്‍ കുറച്ചു കാലംപിന്നോട്ടു പോകണം. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ചക്രമെന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ ആദ്യമായി മൂവീ ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ ലോഹി ചിത്രം പാതിവഴിയ്ക്ക് നിന്നുപോയത് വിദ്യയ്ക്ക് തിരിച്ചടിയായി.

പിന്നീട് തമിഴിലേക്ക് ശ്രദ്ധ തിരിച്ച വിദ്യയെ തേടി അവിടെ നിന്നും അവസരങ്ങള്‍ വന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ ലിംഗുസ്വാമിയുടെ റണ്ണില്‍ മാധവന്റെ നായികയാവാനായിരുന്നു ആദ്യ ക്ഷണം. എന്നാല്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചതിന് ശേഷം ഒരു കാരണവുമില്ലാതെ വിദ്യയെ മാറ്റുകയും പകരം മീരാ ജാസ്മിനെ നായികയാക്കുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ല, പിന്നീട് ആസ്‌കാര്‍ ഫിലിംസിന്റെ മനസ്സെല്ലാം എന്ന പ്രൊജക്ടിലേക്കും വിദ്യയ്ക്ക് ചാന്‍സ് ലഭിച്ചു. എന്നാല്‍ അവസാന നിമിഷം വിദ്യയ്ക്ക് പകരം ത്രിഷ സിനിമയിലെ നായികയായി.

അധികം വൈകാതെ ആസ്‌കാര്‍ ഫിലിംസ് തന്നെ ഒരിയ്ക്കല്‍ കൂടി വിദ്യാ ബാലനെ സമീപിച്ചു. കമല്‍ഹാസന്‍ പത്ത് വേഷത്തിലെത്തിയ ദശാവതാരത്തിന് വേണ്ടിയായിരുന്നു അവര്‍ വന്നത്. എന്നാലിത്തവണ വിദ്യയുടെ ഊഴമായിരുന്നു. വന്പന്‍ പ്രൊജക്ടായിട്ടും തമിഴിലേക്കില്ലെന്ന് വിദ്യ അറുത്തുമുറിച്ച് പറഞ്ഞു. അങ്ങനെയാണ് അസിന്‍ ദശാവതാരത്തിലേക്ക് വരുന്നത്.

ഇതൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിരിയ്ക്കുന്നു. പരിണീത, പാ, ഇഷ്‌ക്കിയ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന് അവഗണിയ്ക്കാനാവാത്ത നടിയായി വിദ്യ മാറി. പക്ഷേ വിക്രം പ്രൊജക്ട് ഉപേക്ഷിച്ചതിലൂടെ തമിഴിനോടുള്ള തന്റെ അപ്രിയം ഇപ്പോഴും മാറിയിട്ടില്ലെന്ന സൂചനകളാണ് നടി തരുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam