»   » നമിതക്ക്‌ കേരളത്തിലും ഇരിക്കപ്പൊറുതിയില്ല!!

നമിതക്ക്‌ കേരളത്തിലും ഇരിക്കപ്പൊറുതിയില്ല!!

Posted By:
Subscribe to Filmibeat Malayalam
നമിത എവിടെയുണ്ടോ അവിടെ ആള്‍ക്കൂട്ടമുണ്ട്‌. കഴിഞ്ഞ കുറെക്കാലമായി നമിത ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ ലൊക്കേഷനുകളില്‍ കാണുന്ന സ്ഥിരം സംഭവമാണിത്‌.

ചിത്രത്തില്‍ നമിതയുണ്ടെങ്കില്‍ നിര്‍മാതാവിന്റെ ടെന്‍ഷന്‍ ഇരട്ടിയ്‌ക്കും. വെള്ളിത്തിരയില്‍ മാത്രം കണ്ട മാദക സുന്ദരിയെ അടുത്തു കാണാനും പരിചയപ്പെടാനും പറ്റുമെങ്കില്‍ ഒന്ന്‌ തൊടാനുമൊക്കെയായി ആരാധകക്കൂട്ടങ്ങള്‍ തിക്കി തിരക്കുമ്പോള്‍ നിര്‍മാതാവിന്റെ ആധിയേറുന്നു.

നമിതയ്‌ക്ക്‌ വേണ്ടി മാത്രം പ്രത്യേക കാവല്‍ പോലീസിനെ ഏര്‍പ്പെടുത്തുമ്പോള്‍ കാലിയാകുന്നത്‌ നിര്‍മാതാവിന്റെ കീശയാണല്ലോ. ഇക്കാര്യത്തില്‍ തമിഴകം മാത്രമല്ല കേരളവും മുന്നില്‍ തന്നെയാണ്‌.

ആദ്യമായാണ്‌ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതെങ്കിലും നമിതയ്‌ക്ക്‌ മലയാള നാട്ടില്‍ തീരെ ആരാധക ക്ഷാമം തീരെയില്ല. ആദ്യ മലയാള ചിത്രമായ ബ്ലാക്ക്‌ സ്‌റ്റാലിയണിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനുകളിലാണ്‌ ആരാധകര്‍ കൂട്ടത്തോടെ എത്തുന്നത്‌.

കലാഭവന്‍ മണിയെ നായകനാക്കി പ്രമോദ്‌ പപ്പന്‍ ഒരുക്കുന്ന ബ്ലാക്ക്‌ സ്‌റ്റാലിയണില്‍ ലോറ സിംഗ്‌ എന്ന ബാര്‍ നര്‍ത്തകിയുടെ വേഷത്തിലാണ്‌ നമിതയെത്തുന്നത്‌. മോളിവുഡിലെ മുന്‍നിര നടന്‍മാര്‍ വാങ്ങുന്ന പ്രതിഫലം കൈപ്പറ്റി കൊണ്ടാണ്‌ ബ്ലാക്ക്‌ സ്റ്റാലിയണില്‍ അഭിനയിക്കാന്‍ മാദക റാണി കേരളത്തില്‍ എത്തിയത്‌.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ അതിരപ്പിള്ളിയില്‍ നടക്കവെയാണ്‌ ആരാധക കൂട്ടങ്ങളുടെ സ്‌നേഹം അതിര്‌ വിട്ടത്‌. നമിതയെ അടുത്തു കാണാനായി ജനക്കൂട്ടം ഇരമ്പിയെത്തിയതോടെ ഇവിടെയും നടിയ്‌ക്ക്‌ വേണ്ടി പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. വെള്ളച്ചാട്ടത്തില്‍ തെന്നിന്ത്യയുടെ മാദക റാണി കളിച്ചുല്ലസിയ്‌ക്കുമ്പോള്‍ അത്രയേ സംഭവിച്ചുള്ളുവെന്ന്‌ നമുക്ക്‌ ആശ്വസിയ്‌ക്കാം.

എന്തായാലും അതിരപ്പിള്ളി വെള്ളച്ചാട്ടം താരത്തിന്‌ പെരുത്ത് ഇഷ്ടമായിട്ടുണ്ട്‌ ഷൂട്ടിംഗിന്‌ പറ്റിയ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ്‌ അതിരപ്പിള്ളിയ്‌ക്ക്‌ നമിത കല്‌പിച്ച്‌ കൊടുത്ത സര്‍ട്ടിഫിക്കറ്റ്‌.

ആരാധകരോട്‌ വലിയ സ്‌നേഹമാണെന്നും അവരുടെ അമിത സ്‌നേഹ പ്രകടനങ്ങളെ താന്‍ വലിയ കാര്യമാക്കാറില്ലെന്നും നമിത പറയുന്നു.

ഇനിയും മലയാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്നും അത്‌ ഗ്ലാമര്‍ വേഷങ്ങളായാലും പ്രശ്‌നമില്ലെന്നും ഈ ഗ്ലാമര്‍ ഗേള്‍ മൊഴിയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam