»   » ഗ്ലാമറിന്‌ അതിര്‍വരമ്പുണ്ട്‌: പ്രിയങ്ക

ഗ്ലാമറിന്‌ അതിര്‍വരമ്പുണ്ട്‌: പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam
Priyanka Nair
വെള്ളിത്തിരയില്‍ അരങ്ങേറി ആദ്യമായി ശ്രദ്ധിയ്‌ക്കപ്പെടുമ്പോള്‍ നമ്മുടെ താരസുന്ദരിമാര്‍ പലതും തട്ടിവിടാറുണ്ട്‌. ശാലീന വേഷങ്ങളില്‍ മാത്രമേ അഭിനയിക്കുള്ളൂവെന്നും ഒരിയ്‌ക്കലും ഗ്ലാമറിനില്ലെന്നുമൊക്കെ. ഇങ്ങനെയൊക്കെ ഡയലോഗ്‌ കാച്ചി വാളയാറിനപ്പുറം കടക്കുമ്പോള്‍ ഇതെല്ലാം മറക്കുന്ന താരങ്ങളെ ഒരുപാട്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌.

മികച്ച നടിയ്‌ക്കുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌ നേടിയ പ്രിയങ്കയും ഇക്കാര്യത്തില്‍ വ്യത്യസ്‌തയല്ല. തിനിയ്‌ക്ക്‌ മുന്‍പേ പോയവരുടെ പാത പിന്തുടര്‍ന്ന്‌ താനും ഗ്ലാമറിന്റെ പാതയിലേക്കില്ലെന്നാണ്‌ പ്രിയങ്കയും പറയുന്നത്‌.

ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ താന്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ രംഗങ്ങള്‍ ആകാം. എന്നാല്‍ മലയാളി സംസ്‌കാരവുമായി ഇഴുകി ജീവിക്കുന്ന തനിക്ക്‌ അനാവശ്യ പ്രദര്‍ശനങ്ങളില്‍ താല്‌പര്യമില്ല. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ്‌ ഗ്ലാമര്‍ പ്രദര്‍ശനത്തെ സംബന്ധിച്ച്‌ തന്റെ നിലപാട്‌ താരം വ്യക്തമാക്കിയത്‌.

പുരസ്‌കാരം നേടിത്തന്ന 'വിലാപങ്ങള്‍ക്കപ്പുറ'മെന്ന ചിത്രത്തിലെ സാഹിറ ഏറെ വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രമായിരുന്നു. ഏറെ ഭീതിയോടെയാണ്‌ ടിവി ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിച്ചതെന്നും പ്രിയങ്ക ഓര്‍മ്മിച്ചു.

മലയാളികളുടെ ഇഷ്ടതാരമാവാനുളള ഒരുക്കത്തിലാണ്‌ ഈ അഭിനേത്രി. ശോഭന, ഉര്‍വശി തുടങ്ങിയ നടികളില്‍നിന്ന്‌ ഏറെ പാഠങ്ങള്‍ പഠിക്കുന്നുണ്ട്‌. തമിഴ്‌, മലയാളം, കന്നഡ ഭാഷകളിലായി ഒമ്പത്‌ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താന്‍ ആദ്യ ചവിട്ടുപടി മാത്രമാണ്‌ പിന്നിട്ടത്‌. പുതുമുഖങ്ങള്‍ക്ക്‌ നല്ല കഥാപാത്രങ്ങള്‍ കിട്ടുക വിഷമകരമാണ്‌. എങ്കിലും പുരസ്‌കാരം ലഭിച്ചതോടെ തന്നെ തേടി കഥാപാത്രങ്ങള്‍ എത്തുമെന്ന്‌ പ്രതീക്ഷയുണ്ട്‌. പ്രിയങ്ക പറഞ്ഞു.

വെള്ളിത്തിരയിലെ നിലനില്‌പിന്‌ വിട്ടുവീഴ്‌ചകള്‍ അനിവാര്യമാണ്‌. എന്നാലും ഇതിനെ അതിജീവിച്ച്‌ മുന്നേറിയവര്‍ കുറച്ചു പേരെങ്കിലുമുണ്ട്‌. പ്രിയങ്കയെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‌ക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിയ്‌ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X