»   » ഖസാക്കില്‍ കൈവെയ്ക്കണോ വികെപി?

ഖസാക്കില്‍ കൈവെയ്ക്കണോ വികെപി?

Posted By:
Subscribe to Filmibeat Malayalam
VK Prakash
വികെപിയെന്ന മൂന്നക്ഷരത്തിലറിയപ്പെടുന്ന വികെ പ്രകാശിന് സംവിധാനമറിയില്ലെന്ന് ആരും പറയില്ല. പരസ്യചിത്രങ്ങളിലൂടെ കളം പിടിച്ച വികെപി ഒരുക്കിയ സിനിമകളില്‍ പലതും നഷ്ടക്കച്ചവടമായിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെടുമ്പോഴും തന്റെ മിടുക്ക് പ്രകടിപ്പിയ്ക്കാന്‍ വികെപിയ്ക്ക് കഴിഞ്ഞിരുന്നു.

ത്രീ കിങ്‌സും ഗുലുമാലും പോലുള്ള തട്ടുപൊളിപ്പന്‍ ഹാസ്യസിനിമകള്‍ സംവിധാനം ചെയ്ത വികെപിയില്‍ നിന്നും പക്ഷേ കര്‍മയോഗിയും ബ്യൂട്ടിഫുള്ളും പോലുള്ള സിനിമകള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. കലാമൂല്യത്തിനൊപ്പം വാണിജ്യവിജയവും ലക്ഷ്യം വയ്ക്കുന്ന സിനിമകളൊരുക്കാനാണ് സംവിധിയകനിഷ്ടം.

എന്നാല്‍ ഇതിനിടയ്ക്ക് ഒരാവശ്യവുമില്ലാത്ത പരീക്ഷണങ്ങള്‍ ഏറ്റെടുക്കാന്‍ സംവിധായകന്‍ തുനിയാറുണ്ട്. ബ്യൂട്ടിഫുള്‍ കണ്ട് ഹരം കയറിയ പ്രേക്ഷകരില്‍ പലരും ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ട് അന്തം വിട്ടുപോയതങ്ങനെയാണ്. ചീത്തപ്പേരുണ്ടാക്കിയെങ്കിലും സാമ്പത്തികമായി ചിത്രം രക്ഷപ്പെട്ടത് സംവിധായകനെ രക്ഷിച്ചു. ട്രിവാന്‍ഡ്രം ലോഡ്‌ജെങ്ങാനും പൊളിഞ്ഞു വീണിരുന്നെങ്കില്‍ 2012ലെ ഏറ്റവും നല്ല തുണ്ടു പടത്തിനുള്ള അവാര്‍ഡ് വികെപിയ്ക്ക് ചാര്‍ത്തിക്കിട്ടുമായിരുന്നു.

അങ്ങനെ നല്ല സിനിമ ചെയ്യണമെന്ന അഭ്യുദയകാംക്ഷികളുടെ ഉപദേശം ശിരാസ്സാവഹിച്ചാണ് പോപ്പിന്‍സ് എടുത്തത്. എന്നാലത് രുചിച്ചു നോക്കാന്‍ പ്രേക്ഷകര്‍ തയാറാവാഞ്ഞതോടെ പടം പരാജയമായി. ഇപ്പോള്‍ നെത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വികെപി. ഇതും കഴിഞ്ഞ് മറ്റൊരു പരീക്ഷണത്തിനാണേ്രത സംവിധായകന്‍ ഒരുങ്ങുന്നത്.

മലയാള സാഹിത്യശാഖയില്‍ പകരംവെയ്ക്കാനില്ലാത്ത ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവല്‍ സിനിമയാക്കിയാല്‍ കൊള്ളാമെന്നാണ് വികെപിയുടെ പൂതിയത്രേ
കേള്‍ക്കാന്‍ രസമുള്ള വാര്‍ത്തയാണെങ്കിലും മറ്റു പല പ്രമുഖര്‍ക്കും കൈ പൊള്ളിയ സംഭവമാണ് ഖസാക്കിന്റെ ഇതിഹാസം. ഈ സിനിമയുടെ തിരക്കഥ അടുപ്പില്‍ വെച്ച് വേവുന്നതും കാത്തിരുന്ന ഒരുപാട് പേരുണ്ടിവിടെ. ഒടുക്കം പേടിച്ച് പിന്മാറുകയായിരുന്നു അവരെല്ലാം.

ആര്‍ക്കു വേണമെങ്കിലും ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാം. പക്ഷേ അത് ഇതിഹാസമല്ല, സാഹസമായി മാറുമെന്നതാണ് യാഥാര്‍ഥ്യം.

വെള്ളിത്തിരയില്‍ ആവിഷ്‌ക്കരിച്ച് വിജയിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഖസാക്കിന്റെ ഇതിഹാസത്തിനെ അതിന്റെ പാട്ടിന് വിടുന്നതല്ലേ വികെപി നല്ലത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam