»   » ഓസ്‌കാര്‍: കാമറൂണും മുന്‍ഭാര്യയും നേര്‍ക്കുനേര്‍

ഓസ്‌കാര്‍: കാമറൂണും മുന്‍ഭാര്യയും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
Kathryn Bigelow And James Cameron
ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുന്ന ജയിംസ് കാമറൂണിന്റെ സയന്‍സ് ഫിക്ഷന്‍ 3ഡി ചിത്രം അവതാറിന് ഒമ്പത് ഓസ്‌കാര്‍ നോമിനേഷന്‍. ഇറാഖിലെ ബോംബ് നിര്‍വീര്യ സ്‌ക്വാഡിന്റെ കഥ പറഞ്ഞ ദ ഹര്‍ട്ട് ലോക്കര്‍ ഒമ്പത് നാമനിര്‍ദ്ദേശങ്ങളുമായി അവതാറിന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

ജയിംസ് കാമറൂണിന്റെ മുന്‍ഭാര്യ കാതറിന്‍ ബിഗ് ലോയാണ് ഹര്‍ട്ട് ലോക്കറിന്റെ സംവിധായിക. മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനും ഇരു സിനിമകളും മത്സരിയ്ക്കുന്നത് 82-ാമത് ഓസ്‌കാര്‍ പോരാട്ടത്തിന് പുതിയൊരു മാനം നല്‍കിയിട്ടുണ്ട്. കെന്റ്വിന്‍ ടരന്റിനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ് എട്ട് നോമിനേഷനുകളുമായി തൊട്ടടുത്തുണ്ട്.

ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ഇത്തവണ പത്തു ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. അഞ്ച് ചിത്രങ്ങള്‍ക്കാണ് ഇതുവരെ നോമിനേഷനുകള്‍ നല്‍കിയിരുന്നത്.

കാമറൂണിന്റെ അവതാര്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയപ്പോള്‍ കാതറിന്റെ ദ ഹര്‍ട്ട് ലോക്കര്‍ ഡയറക്‌ടേഴ്‌സ് ഗില്‍ഡ് ഒഫ് അമേരിക്ക പുരസ്‌ക്കാര വേദിയില്‍ അവതാറിനെ പിന്തള്ളിയിരുന്നു.ഓസ്‌കാറിന്റെ ചരിത്രത്തില്‍ സംവിധാനത്തിന് നോമിനേഷന്‍ ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാതറിന്‍.

ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷനുകളില്‍ ഇന്ത്യന്‍ പ്രാതിനിധ്യമില്ല. ഗ്രാമി പുരസ്‌ക്കാരത്തിന്റെ തിളക്കവുമായി നില്‍ക്കുന്ന എആര്‍ റഹ്മാന്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്‌കാര്‍ നേടുമെന്ന് പരക്കെ പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നു. കപ്പിള്‍സ് റിട്രീറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി റഹ്മാന്‍ ഒരുക്കിയ ഗാനം ഓസ്‌കാറിന് പരിഗണിയ്ക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. മികച്ച വിദേശ ചലചിത്രത്തിനായി ഹരിശ്ചന്ദ്ര ഫാക്ടറി എന്ന ഇന്ത്യന്‍ ചിത്രം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അവസാന അഞ്ചില്‍ ഇടം നേടനായില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam