»   » ആഗസ്റ്റ് 27ന് അവതാര്‍ സ്‌പെഷ്യല്‍ എഡിഷന്‍

ആഗസ്റ്റ് 27ന് അവതാര്‍ സ്‌പെഷ്യല്‍ എഡിഷന്‍

Posted By:
Subscribe to Filmibeat Malayalam
Avatar
ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ വീണ്ടും തിയറ്ററുകളിലേക്ക്. വരുന്ന ആഗസ്റ്റ് 27ന് അവതാറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ലോകമൊട്ടുക്കും റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ട്വന്റീത് സെഞ്ച്വുറി ഫോക്‌സ് തീരുമാനിച്ചിരിയ്ക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതാറിന്റെ ഡിജിറ്റല്‍ 3ഡിയും ഐമാക്‌സ് 3ഡി വേര്‍ഷനുമായിരിക്കും വീണ്ടും പ്രദര്‍ശനത്തിനെത്തുക.

കഴിഞ്ഞ ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തിയ അവതാറില്‍ ഒഴിവാക്കിയിരുന്ന എട്ടു മിനിറ്റ് രംഗങ്ങള്‍ കൂട്ടിചേര്‍ത്തായിരിക്കും അവതാരം വീണ്ടും തിയറ്ററുകളിലെത്തുക. പണ്ടോര ഗ്രഹത്തിലെ നാവികളുടെയും അവതാറുകളുടെയും പുത്തന്‍ കാഴ്ചകള്‍ കാണാനാഗ്രഹിയ്ക്കുന്ന പ്രേക്ഷകര്‍ തന്നെ വെറുതെയിരിക്കാന്‍ അനുവദിയ്ക്കില്ലെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറയുന്നു. പ്രേക്ഷകരുടെ ആഗ്രഹങ്ങള്‍ തങ്ങള്‍ സാധിയ്ക്കുകയാണ്.

പുതിയ അവതാര്‍ 3ഡിയില്‍ മാത്രമായിരക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പണ്ടോരയിലെ കൂടുതല്‍ വിചിത്ര ജീവികളും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും പുതിയ വേര്‍ഷനിലുണ്ടാകും. അവതാറിന് ശേഷം ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ 3ഡി തിയറ്ററുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നിരുന്നു. ഈ തിയറ്ററുകളെ ലക്ഷ്യം വെച്ചാണ് നിര്‍മാതാക്കള്‍ സിനിമ വീണ്ടും തിയറ്ററിലെത്തിയ്ക്കുന്നത്.

കാമറൂണിന്റെ ടൈറ്റാനിക്ക് സൃഷ്ടിച്ച ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ത്ത അവതാര്‍ 2.7 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ബ്ലൂറേ ഡിസ്ക്ക് വിപണിയിലും സിനിമ പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു.

ലോകസിനിമയുടെ മാത്രമല്ല, വിഷ്വല്‍ മീഡിയത്തിന്റെ തന്നെ തലക്കുറി മാറ്റിവരച്ച ചലച്ചിത്രമായാണ് അവതാര്‍ വിലയിരുത്തപ്പെടുന്നത്. അവതാര്‍ ഉയര്‍ത്തിവിട്ട 3ഡി തരംഗം സിനിമാ തിയറ്ററുകളും കടന്ന് ടെലിവിഷനിലേക്കും എന്തിന് മൊബൈല്‍ ഡിവൈസുകളിലേക്കും പടരുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X