»   » അവതാറില്‍ തട്ടി ടൈറ്റാനിക്ക് മുങ്ങുന്നു

അവതാറില്‍ തട്ടി ടൈറ്റാനിക്ക് മുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Avatar set to sink Titanic record
ഒരിയ്ക്കല്‍ കൂടി ടൈറ്റാനിക്ക് മുങ്ങിത്താഴുകയാണ്. ഇത്തവണ കടലില്ല, ബോക്‌സ് ഓഫീസിലാണെന്ന് മാത്രം. ലോകമെങ്ങുമുള്ള തിയറ്ററുകള്‍ പിടിച്ചടക്കിയ ജയിംസ് കാമറൂണിന്റെ അവതാര്‍ ഉയര്‍ത്തിയ തരംഗത്തിലാണ് ടൈറ്റാനിക്കിന്റെ കളക്ഷന്‍ റെക്കാര്‍ഡുകള്‍ ആടിയുലയുന്നത്.

36 മില്യണ്‍ ഡോളര്‍ കളക്ഷനുമായി തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും ബോക്‌സ് ഓഫീസ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുന്ന അവതാര്‍ ലോകസിനിമയിലെ ഇതുവരെയുള്ള സകല കളക്ഷന്‍ റെക്കാര്‍ഡുകളും തിരുത്തിക്കുറിയ്ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ലോകമെമ്പാടുമായി 1.841 ബില്യണ്‍ ഡോളറാണ് അവതാര്‍ ഇതുവരെ വാരിക്കൂട്ടിയത്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ കാമറൂണിന്റെ തന്നെ ടൈറ്റാനിക്ക് 12 വര്‍ഷം മുമ്പ് സ്ഥാപിച്ച 1.843 ബില്യണ്‍ ഡോളറിന്റെ റെക്കാര്‍ഡ് അധികം താമസിയാതെ പഴങ്കഥയാവും. കഴിഞ്ഞയാഴ്ച കളക്ഷന്‍ റെക്കാര്‍ഡ് ചാര്‍ട്ടില്‍ രണ്ടാമതായിരുന്ന ബാറ്റ്മാന്‍ ഡാര്‍ക്ക് നൈറ്റിനെ അവതാര്‍ പിന്നിലാക്കിയിരുന്നു.

ബോക്‌സ് ഓഫീസില്‍ ഒരു ചരിത്രഗാഥയ്ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിയ്ക്കുന്നതെന്ന് അവതാറിന്റെ നിര്‍മാതാക്കളായ ഫോക്‌സ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നു. വമ്പന്‍ സിനിമകളൊന്നും ഇല്ലാത്തതിനാല്‍ ബോക്‌സ് ഓഫീസില്‍ അവതാറിന്റെ അശ്വമേധം ഇനിയുള്ള ആഴ്ചകളിലും തുടരുമെന്നാണ് ഹോളിവുഡ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X