»   » ഫ്രെയ്ദയുടെ ചുംബനം കയ്യോടെ പിടിച്ചു

ഫ്രെയ്ദയുടെ ചുംബനം കയ്യോടെ പിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Dev Patel dating Freida Pinto?
സംഭവം ഇസ്രായേലിലെ ഒരു ഇടത്തരം റെസ്‌റ്റോറന്റില്‍. അവിടെ വെച്ച് ഒരു ചൂടന്‍ ചുംബനം കൈമാറിയാല്‍ ആരുമറിയില്ലെന്ന്‌ ആ പ്രണയ മിഥുനങ്ങള്‍ കരുതി. പക്ഷേ അവര്‍ക്ക്‌ തെറ്റിപ്പോയി, എവിടെ രഹസ്യമുണ്ടോ അവിടെയെല്ലാം എത്തിനോക്കുന്ന പാപ്പരാസി ക്യാമറക്കണ്ണുകള്‍ ആ സുന്ദര നിമിഷം ഒപ്പിയെടുത്ത്‌ ലോകത്തെ കാണിച്ചു.

സ്ലംഡോഗ്‌ നായകനും നായികയും തന്നെ ആ പ്രണയ മിഥുനങ്ങള്‍. വെള്ളിത്തിരയില്‍ തുടങ്ങിയ പ്രണയം അവര്‍ ജീവിതത്തിലും തുടരുകയാണ്‌. ഓസ്‌കാര്‍ വാരിക്കൂട്ടിയ സ്ലംഡോഗ്‌ മില്യനയറിന്‌ ശേഷം മിറാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ്‌ ഫ്രെയ്‌ദ പിന്റൊ ഇസ്രായേലില്‍ എത്തിയത്‌. കാമുകിയെ കാണാതെ ഇരിപ്പുറയ്‌ക്കാഞ്ഞ ദേവ്‌ പട്ടേല്‍ മാതാപിതാക്കളുടെ അനുവാദത്തോടെയാണ്‌ ഇസ്രായേലില്‍ ലാന്റ്‌ ചെയ്‌തത്‌.

ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേളയില്‍ ഇസ്രായേലില്‍ ചുറ്റിയടിയ്‌ക്കുന്നതിനിടെ ഇരുവരും തമ്മിലുള്ള പ്രണയലീലകള്‍ പാപ്പരാസികള്‍ ഒപ്പിയെടുത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‌കുകയായിരുന്നു.

സ്ലംഡോഗിലെ സഹതാരമായ അനില്‍ കപൂറാണ്‌ ഇരുവരും പ്രണയത്തിലാണെന്ന ആദ്യ സൂചന നല്‌കിയത്‌. "അവരെ ഞാന്‍ കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിയ്‌ക്കുന്നതായി എനിയ്‌ക്ക്‌ തോന്നി". ഇരുവരും തമ്മില്‍ ഉഗ്രന്‍ ചേര്‍ച്ചയാണെന്നും അന്ന്‌ അനില്‍ പറഞ്ഞു കളഞ്ഞു.

എന്നാല്‍ ഈ ഗോസിപ്പെല്ലാം ഫ്രെയ്‌ദയും പട്ടേലും തള്ളിക്കളഞ്ഞിരുന്നു. ദേവ്‌ കൊച്ചു ചെറുക്കനാണെന്നും തങ്ങള്‍ക്കിടയില്‍ വെറും സൗഹൃദം മാത്രമേ ഉള്ളുവെന്നുമായിരുന്നു ഫ്രെയ്‌ദയുടെ കമന്റ്‌. പക്ഷേ 19 തികയാത്ത പട്ടേലും 24 കാരിയായ ഫ്രെയ്‌ദയും തമ്മില്‍ എന്തോ ഉണ്ടെന്ന്‌ തന്നെ ഹോളിവുഡ്‌ വിശ്വസിച്ചു. ഇതിനുള്ള തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌.

ദേവിന്റെ അമ്മ അനിത പട്ടേല്‍ മകന്റെ പ്രണയത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫ്രെയ്‌ദ സുന്ദരിയാണെന്നും തന്റെ മകന്‌ പറ്റിയ പെണ്ണാണെന്നും അനിത പറയുന്നു.

എന്തായാലും പുതിയ പ്രണയത്തോടെ വഴിയാധാരമായത്‌ ഫ്രെയ്‌ദയുടെ മുന്‍ കാമുകന്‍ രോഹനാണ്‌. കഷ്ടകാലത്ത്‌ ഒപ്പം നിന്ന തന്നെ പുതിയ സൗഭാഗ്യങ്ങള്‍ കൈവന്നപ്പോള്‍ ഫ്രെയ്‌ദ ചവുട്ടിപ്പുറത്താക്കുകയായിരുന്നുവെന്ന്‌ മുന്‍കാമുകന്‍ വിലപിയ്‌ക്കുന്നു.

ഓസ്‌കാര്‍ നേട്ടത്തോടെ ഇരുതാരങ്ങള്‍ക്കും കൈനിറയെ അവസരങ്ങളാണ്‌. ഇസ്രായേല്‍ ചിത്രത്തിന്‌ ശേഷം ഹോളിവുഡിലെ പ്രശസ്‌ത സംവിധായകന്‍ വൂഡി അലന്റെ ചിത്രത്തിലാണ്‌ ഫ്രെയ്‌ദ അഭിനയിക്കുക. ഇതിന്‌ പുറമെ പുരുഷന്‍മാരുടെ മാഗസിനായ എഫ്‌എച്ച്‌എം ഏറ്റവും സെക്‌സികളായ 20 സ്‌ത്രീകളുടെ പട്ടികയില്‍ ഫ്രെയ്‌ദയെ ഉള്‍പ്പെടുത്തിയിരുന്നു. മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ദ ലാസ്‌റ്റ്‌ എയര്‍ബെന്‍ഡര്‍ ചിത്രത്തിലാണ്‌ ദേവ്‌ അടുത്തതായി അഭിനയിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam