»   » ഓസ്‌കാര്‍:'എ സെപറേഷന്‍' മികച്ച വിദേശഭാഷാ ചിത്രം

ഓസ്‌കാര്‍:'എ സെപറേഷന്‍' മികച്ച വിദേശഭാഷാ ചിത്രം

Posted By:
Subscribe to Filmibeat Malayalam
ലോസ് ഏഞ്ചല്‍സ്: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഇറാനിയന്‍ ചിത്രമായ 'എ സെപറേഷന്'. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഓസ്‌കാര്‍ നോമിനേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഇറാനിയന്‍ ചിത്രമാണ് 'എ സെപറേഷന്‍'. അറുപത്തിയൊന്നാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോല്‍ഡന്‍ ബെയര്‍ പുരസ്‌കാരം, മികച്ച നടനും നടിക്കുമുള്ള സില്‍വര്‍ ബെയര്‍ പുരസ്‌കാരങ്ങള്‍ എന്നിവയിലൂടെ നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു 'എ സെപറേഷന്‍'.

ഇറാനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് രാഷ്ട്രീയപരമായി ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഇറാന് ഇങ്ങനൊരു അന്താരാഷ്ട്ര അംഗീകാരം എന്നതിലാല്‍ 'എ സെപറേഷ'ന് ലഭിച്ചിരിക്കുന്ന അവാര്‍ഡിന് തിളക്കം വര്‍ദ്ധിക്കുന്നു.

'എ സെപറേഷന്‍' ഇത്തവണ ഓസ്‌കാര്‍ നേടും എന്ന് നേരത്തെ മാധ്യമങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര സമൂഹവും പ്രവചിച്ചു കഴിഞ്ഞതായിരുന്നു. അതിഭാവുകത്തിന്റെ ലാഞ്ചന ഒട്ടും നല്‍കാതെ വളരെ ലളിതമായി മനുഷ്യ മനസ്സുകളുടെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകളെ വരച്ചു കാട്ടുന്നതില്‍ വിജയിച്ചിരിക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമായ അസ്ഗര്‍ ഫര്‍ഹാദി.

വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരിക്കുന്ന നദെര്‍, സിമിന്‍ ദമ്പതിമാരുടെ കുടുംബ ജീവിതമാണ് ഒറ്റ നോട്ടത്തില്‍ 'എ സെപറേഷ'ന്റെ കഥ. എന്നാല്‍ ഇവരുടെ രണ്ടു പേരുടെയും കഥ പറയുന്നതിലൂടെ ഇറാനിയന്‍ മധ്യവര്‍ഗ കുടുംബാവസ്ഥ, ഇറാനിലെ സ്ത്രീ-പുരുഷ ബന്ധം, അവിടത്തെ നീതിന്യായ വ്യവസ്ഥ, താഴേക്കിടയിലുള്ള ജീവിതാവസ്ഥ തുടങ്ങീ പല തലങ്ങളിലേക്ക് ഈ ചലച്ചിത്രം വളരുന്നുണ്ട്.

മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ കിടന്ന ശ്വാസം മുട്ടുന്ന നദെര്‍-സിമിന്‍ ദമ്പതിമാരുടെ മകള്‍ ടെര്‍മെയെ അവതരിപ്പിക്കുന്ന സറീന ഫര്‍ഹാദിയുടെ പ്രകടനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

ഇറാനിലെ പ്രത്യേക സാഹചര്യത്തില്‍ ടെര്‍മെ വളരരുത് എന്ന നിര്‍ബന്ധബുദ്ധിയില്‍ ഭര്‍ത്താവിനെ വിദേശത്തേക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണ് സിമിന്‍. എന്നാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച പിതാവിനെ ഒറ്റയ്ക്കാക്കുന്നതിനോടു യോജിക്കാന്‍ സാധിക്കാത്ത നെദര്‍ ഇതിനു തയ്യാറാവുന്നില്ല.

ഇവിടെ നിന്നും ആണ് കഥ തുടങ്ങുന്നത്. സിമിന്‍ വീടുവിട്ടു പോകുന്നതിനാല്‍ പിതാവിനെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ വെക്കുന്നു. ഇവിടെ നിന്നും ആണ് കഥാഗതി പുരോഗമിക്കുന്നത്.

സാങ്കേതിവിദ്യയുടേയോ, വികാരപ്രകടനങ്ങളുടേയോ ഒന്നും അതിപ്രസരമില്ലാതെ വളരെ ലളിതമായാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ അസ്ഗര്‍ ഫര്‍ഹാദി 'എ സെപറേഷന്‍' അവതരിപ്പിച്ചിരിക്കുന്നത്.

English summary
'A Separation' becomes the first movie to get the oscar award. It bags the Oscar for the best foreign Language movie. A Separation is directed by Asghar Farhadi. The screenpaly is also by the director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam