For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ലോ ബജറ്റ് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ: സിബി

  By ഭവാനി ശങ്കര്‍
  |

  സിബി മലയില്‍ ഇപ്പോള്‍ ഒരു മടക്കയാത്രയിലാണ്. സമ്മര്‍ ഇന്‍ ബത്ലഹേം, ഉസ്താദ്, ദേവദൂതന്‍ തുടങ്ങിയ വലിയ സിനിമകളില്‍ നിന്ന് ഇഷ്ടവും ആയിരത്തില്‍ ഒരുവനും പോലുള്ള ചെറിയ സിനിമകളിലേക്കുള്ള മടക്കം. മുത്താരംകുന്ന് പി ഒ പോലുള്ള ചിത്രങ്ങളെടുത്താണ് സിബി ശ്രദ്ധിക്കപ്പെട്ടത്. അത്തരം ലാളിത്യമാര്‍ന്ന ചിത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കിലാണ് സിബിയിപ്പോള്‍.

  ഒപ്പമൊന്നുകൂടിയുണ്ട്. സിനിമയില്‍ തിരക്കേറിയപ്പോള്‍ ഒരു വ്യാഴവട്ടം മുമ്പ് കുടുംബസമേതം ചെന്നൈ നഗരത്തില്‍ ചേക്കേറിയ സിബി കേരളത്തിലേക്ക് മടങ്ങിവരികകൂടി ചെയ്തിരിക്കുന്നു. കൊച്ചിയില്‍ തമ്മനത്തുള്ള വീട്ടില്‍ താമസിക്കുകയാണ് ഏതാനും മാസങ്ങളായി സിബി. സിബി മലയിലുമായി ദാറ്റ്സ് മലയാളം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

  സമ്മര്‍ ഇന്‍ ബത്ലഹേം, ഉസ്താദ്, ദേവദൂതന്‍ പോലുള്ള ബിഗ് പ്രൊജക്ട് സിനിമകള്‍ ചെയ്ത താങ്കള്‍ ഇഷ്ടവും ആയിരത്തില്‍ ഒരുവനും പോലുള്ള കൊച്ചുചിത്രങ്ങളിലേക്ക് തിരിയാന്‍ കാരണം?

  മലയാള സിനിമയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ വന്‍ ബജറ്റ് സിനിമയ്ക്ക് വിജയസാധ്യതയില്ല എന്ന തിരിച്ചറിവു തന്നെ. തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം പകുതികണ്ടു കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഔട്ട്സ്റാന്റിംഗ് എന്ന അഭിപ്രായം വന്ന ചിത്രങ്ങള്‍ക്കേ ആളുകള്‍ കയറുന്നുള്ളൂ. പഴയ സാഹചര്യമല്ല ഇന്ന്. പണ്ട് ആളുകള്‍ക്ക് എന്റര്‍ടെയ്നിംഗിന് പ്രധാനമായും സിനിമയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ടിവിയും ഹോംതിയേറ്ററും ഫണ്‍പാര്‍ക്കുകളും ഒക്കെയായി ഒട്ടേറെ വിനോദ മേഖലകളുണ്ട്. തിയേറ്ററില്‍ ചെന്നു സിനിമ കാണുന്നതിന് പണ്ടത്തെ പോലെ ആളുകള്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തിയേറ്ററിലെത്തുന്നവരെ തൃപ്തിപ്പെടുത്തുന്നതും അവരില്‍ നിന്ന് പിരിഞ്ഞുകിട്ടാവുന്ന തുക കണക്കാക്കിയുമുള്ള ചിത്രങ്ങള്‍ക്കേ ജയസാധ്യതയുള്ളൂ. അതിനാല്‍ കുറഞ്ഞ ബജറ്റില്‍ സിനിമയെടുത്താല്‍ മതിയെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ഞാനിപ്പോള്‍.

  ദേവദൂതന്‍ വന്‍ബജറ്റിലെടുത്ത ചിത്രമാണ്. അത് വിജയിച്ചില്ല. ആ പരാജയത്തില്‍ നിന്ന് പാഠമുള്‍കൊണ്ടാണ് ഒരു കോടിയിലേറെ താഴെ മുടക്കുമുതല്‍ വരുന്ന ചിത്രങ്ങളെടുക്കുക എന്ന തീരുമാനത്തില്‍ ഞാനെത്തിയത്. ഇഷ്ടം അങ്ങനെയൊരു പ്രൊജക്ടായിരുന്നു. ആയിരത്തില്‍ ഒരുവനുമതെ. ഇനിയിപ്പോള്‍ ഇത്തരം ചിത്രങ്ങളുമായി മുന്നോട്ടു പോവാനാണ് എന്റെ തീരുമാനം.

  സൂപ്പര്‍താരങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?

  ചിത്രത്തിന്റെ വിജയത്തില്‍ താരമൂല്യം ഇന്ന് പ്രധാനഘടകമല്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സൂപ്പര്‍ താരങ്ങള്‍ക്ക് മിനിമം ഗ്യാരന്റിയുണ്ടായിരുന്നു. ഇപ്പോള്‍ താരമൂല്യത്തേക്കാള്‍ സബ്ജക്ട് കൊള്ളാമോ, അത് നന്നായി എടുത്തിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ കഴിവുള്ളവരാണ്. പക്ഷേ അവരെ വെച്ചെടുക്കുന്ന ചിത്രങ്ങള്‍ക്ക് ചെലവ് കൂടും. അതൊഴിവാക്കാനാണ് ഞാന്‍ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കുന്നത്.

  അപ്പോള്‍ ഇനി സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യില്ലെന്നാണോ?

  എന്നല്ല. ലോ ബജറ്റില്‍ ചെയ്യുന്ന സിനിമകളില്‍ സഹകരിക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. തന്റെ പടത്തില്‍ സൂപ്പര്‍ താരം തന്നെ വേണമെന്ന് എന്നാവശ്യപ്പെടുന്ന നിര്‍മാതാവിന് വേണ്ടിയും ചെയ്യും. പക്ഷേ അതിന്റെ ഉത്തരവാദിത്തം നിര്‍മാതാവിനാണ്.

  ദേവദൂതന് എന്താണ് പറ്റിയത്?

  പുതുമുഖങ്ങളെ വെച്ച് ചെയ്യാന്‍ ആലോചിച്ച വിഷയമാണത്. മോഹന്‍ലാലിന്റെ ഡേറ്റുണ്ട് എന്നുപറഞ്ഞ് നിര്‍മാതാവ് വന്നപ്പോള്‍ ആ കഥയില്‍ കുറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. നിര്‍മാണച്ചെലവും കൂടി. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇനിമേലില്‍ അത്തരം അബദ്ധം പറ്റരുതെന്ന നിലപാടിലാണ് ഞാന്‍.

  പുതിയ എഴുത്തുകാര്‍ക്ക് അവസരം കൊടുക്കുന്ന പതിവുണ്ടല്ലോ?

  ശരിയാണ്. ലോഹിതദാസ്, സച്ചിദാനന്ദന്‍ പുഴങ്കര, ജി. എ. ലാല്‍ എന്നിവരെയൊക്കെ കൊണ്ടുവന്നു. ഇപ്പോള്‍ സിന്ധുരാജ്, പോള്‍ ബ്രദേഴ്സ് എന്നിവരെയും പരീക്ഷിക്കുന്നു.

  അതിന് കാരണം?

  ലോഹിതദാസുമൊത്ത് സ്ഥിരമായി ചിത്രങ്ങള്‍ ചെയ്തിരുന്നയാളാണ് ഞാന്‍. ലോഹിയുള്ളതിനാല്‍ മറ്റ് തിരക്കഥാക്കൃത്തുക്കളെ ഞാനത്ര ആശ്രയിച്ചിരുന്നില്ല. പക്ഷേ ലോഹിതദാസ് സംവിധാന രംഗത്തേക്ക് തിരിഞ്ഞതോടെ പുതിയ എഴുത്തുകാരെ കണ്ടെത്തിയേ പറ്റൂ എന്ന സ്ഥിതി വന്നു. അങ്ങനെയാണ് പുതിയ എഴുത്തുകാര്‍ക്ക് ഞാന്‍ അവസരം കൊടുത്തുതുടങ്ങിയത്. പുതിയവര്‍ വരട്ടെ, പുതിയ വിഷയങ്ങളും കിട്ടുമല്ലോ.

  1

  Read more about: sibi malayail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X