»   » ഒളിച്ചോടിയതല്ല, ഒറ്റയ്ക്കുള്ള ജീവിതം മടുത്തു; ജീവിതത്തില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് സലീമ

ഒളിച്ചോടിയതല്ല, ഒറ്റയ്ക്കുള്ള ജീവിതം മടുത്തു; ജീവിതത്തില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് സലീമ

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നായികയാണ് സലീമ. ആരണ്യകത്തിലെയും നഖക്ഷതത്തിലെയും പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ തെളിയുന്നത് ആ പതിനാലുകാരിയുടെ നിഷ്‌കളങ്ക മുഖമാണ്. എന്നാല്‍ അതിന് ശേഷം സലീമയെ ആരും കണ്ടില്ല.

നഖക്ഷതങ്ങളിലെ ഊമ, മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അതിഥി, എവിടെയായിരുന്നു സലീമ??

ഇപ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് സലീമ. അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അന്നത്തെ തന്റെ സിനിമാ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. പെട്ടന്നൊരു ദിവസം സലീമയുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ അവരാദ്യം ചോദിച്ചത് എവിടെയായിരുന്നു ഇത്രനാളും സലീമ എന്നായിരുന്നു. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ അജ്ഞാതവാസത്തെ കുറിച്ച് സലീമ മനസ്സുതുറുന്നു.

ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയതല്ല

ഞാന്‍ എവിടെയും പോയില്ല. ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ബോധപൂര്‍വം ഒളിച്ചോടുകയൊന്നുമായിരുന്നില്ല. സിനിമ വേണ്ടെന്ന് വെച്ചതുമല്ല. നഖക്ഷതങ്ങള്‍ക്കും ശേഷം ചില അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആ സമയം എനിക്ക് കന്നട സിനിമയുടെയും ചില സീരിയലുകളുടെയും തിരക്കുണ്ടായിരുന്നു. അതുകൊണ്ട് സിനിമകള്‍ ചെയ്യാനായില്ല. അതിന് ശേഷം ആരും വിളിക്കാതെയായി.

ബിസിനസിലേക്ക് തിരിഞ്ഞു

അതിന് ശേഷം ഞാന്‍ ബിസിനസിലേക്ക് തിരിഞ്ഞു. ചെറിയ തോതില്‍ റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. അതില്‍ മുഴുകി. അങ്ങനെ സിനിമയില്‍ നിന്നകന്നു. ചെന്നൈയി പോലൊരു നഗരത്തില്‍ ബിസിനസ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എളുപ്പമായിരുന്നില്ല ജീവിതം. പിന്നെ ഇടയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ചുമതലക്കാരിയായി. വേണമെങ്കില്‍ അതൊക്കെ ഇന്നും തുടരാം. പക്ഷെ ഞാനത് മടുത്തു.

ഒറ്റയ്ക്കുള്ള താമസം

അമ്മയും മുത്തശ്ശിയും മരിച്ച ശേഷമാണ് ഞാനിങ്ങനെ ഒറ്റയ്ക്കായത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അവരുടെ മരണം. അതോടെ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടുപോയി. സുരക്ഷിതമായ ഒരു സ്ഥലം എന്ന നിലയിലാണ് ചെന്നൈയില്‍ ഫഌറ്റെടുത്തത്. ഒറ്റയ്ക്ക് താമസിക്കുക അത്ര എളുപ്പമല്ല. നമ്മള്‍ എങ്ങിനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. അമ്മയും മുത്തശ്ശിയും പോയ വിഷമം ഇപ്പോഴുമുണ്ട്.

സങ്കടം പറയാന്‍ പോലും ആരുമില്ല

ചിലപ്പോള്‍ വല്ലാതെ സങ്കടം വരും. താങ്ങാന്‍ ആരുമില്ലാത്തതിന്റെ വിഷമം എപ്പോഴുമുണ്ടാവും. സങ്കടങ്ങള്‍ പറയാന്‍ പോലും ആരുമില്ല. ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ അമ്മ പഠിപ്പിച്ചതാണ് ഇപ്പോള്‍ എനിക്ക് തുണ. അഭിനയിക്കുന്ന കാലത്തെ സഹായികളെല്ലാം എന്നുമുണ്ടാവില്ല. നമ്മുടെ കാര്യങ്ങളൊക്കെ നമ്മള്‍ തന്നെ ചെയ്യണം. അങ്ങിനെയാണ് ഡ്രൈവിങ്ങൊക്കെ പഠിച്ചത്. ഒറ്റയ്ക്ക് ജീവിക്കുമ്പോഴാണ് അമ്മ പഠിപ്പിച്ചതിന്റെയൊക്കെ വില അറിയുന്നത്.

വിവാഹം ഇനിയുണ്ടാവുമോ?

വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല. അങ്ങിനെ സംഭവിച്ചുപോയി. അതിനെ കുറിച്ച് ചിന്തിക്കാനുള്ള സാഹചര്യം അന്നില്ലായിരുന്നു. അമ്മയും മുത്തശ്ശിയുമായിരുന്നു തുണ. അവര്‍ പോയപ്പോള്‍ ശരിക്കും ഒറ്റപ്പെട്ടുപോയി. അന്നൊക്കെ ആലോചനകള്‍ വന്നിരുന്നു. വെറുതേ ചാടിക്കയറി കല്യാണം കഴിക്കാന്‍ തോന്നിയില്ല. ഇപ്പോഴുമുണ്ട് ചില വിവാഹ അഭ്യര്‍ത്ഥനകള്‍. എന്തായാലും ഇനി അധികകാലം ഇങ്ങനെ ഒറ്റയ്ക്ക് കഴിയില്ല. വൈകാതെ കല്യാണം കഴിക്കും

സിനിമയിലേക്കുള്ള മടങ്ങിവരവ്

ചെന്നൈയിലെ ഒറ്റയ്ക്കുള്ള ജീവിതം ശരിക്കും മടുത്തു. ബിസിനസിലും വെല്ലുവിളികള്‍ നിരവധിയാണ്. ഇതിനെയൊക്കെ മറികടക്കണം. എതിര്‍ക്കുന്നവരെക്കാളും ഉപദ്രവിക്കുന്നവരെക്കാളും മുകളിലാണ് ലക്ഷ്യം. ജീവിതത്തില്‍ അനുഭവിച്ചതിനൊക്കെ മറുപടി നല്‍കണം. അതിന് ചെന്നൈയില്‍ നിന്ന് താമസം മാറണം. സിനിമയില്‍ പച്ചപിടിച്ചാല്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കാനാണ് ആലോചന.

എന്തുകൊണ്ട് മലയാളം?

ആന്ധ്രാക്കാരിയായ സലീമ ചെന്നൈയില്‍ താമസിക്കുന്നു. മടങ്ങി വരുമ്പോള്‍ എന്തുകൊണ്ട് മലയാളം തിരഞ്ഞെടുത്തു എന്ന് ചോദിച്ചപ്പോള്‍, ഇത്രയും നല്ല വേഷങ്ങള്‍ എനിക്ക് മറ്റെവിടെയും കിട്ടിയിട്ടില്ല എന്ന് സലീമ പറഞ്ഞു. കേരളത്തിനോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവിടത്തെ ആളുകള്‍, കാലാവസ്ഥ, ഭക്ഷണം എല്ലാം ഇഷ്ടമാണ്. അതുകൊണ്ട് തിരിച്ചുവരണം എന്ന് തോന്നിയപ്പോള്‍ മറ്റൊരു ഭാഷയും മനസ്സില്‍ വന്നില്ല- സലീമ പറഞ്ഞു.

English summary
Actress Saleema to return Cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X