»   » പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നത്, സിനിമ ചെയ്യാന്‍ വേണ്ടി പൈസ ഉണ്ടാക്കുകയാണ്: ജിജു

പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നത്, സിനിമ ചെയ്യാന്‍ വേണ്ടി പൈസ ഉണ്ടാക്കുകയാണ്: ജിജു

Posted By:
Subscribe to Filmibeat Malayalam

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു ലോകമാണ് സിനിമ എന്നൊക്കെയുള്ള വിചാര വികാരങ്ങള്‍ ഇന്നില്ലാതായിരിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ച്, ഏതെങ്കിലും മുതിര്‍ന്ന സംവിധായകരുടെ ശിക്ഷണം സ്വീകരിച്ച് ആദ്യത്തെ സിനിമ ചെയ്യുക എന്നതോക്കെ ഒരു നീണ്ട യാത്രയാണ്. പക്ഷെ ഇപ്പോള്‍ കഥ മാറി. അല്‍ഫോണ്‍സ് പുത്രനും ബേസില്‍ ജോസഫുമൊക്കെ അത് തെളിയിച്ചു.

ദൃഢവിശ്വാസവും കൃത്യമായ ധാരണയും ടീം വര്‍ക്കുമുണ്ടെങ്കില്‍ നല്ലൊരു സിനിമ ചെയ്യാം എന്ന ആത്മശ്വാസത്തോടെയാണ് ജിജു ആന്റണി എന്ന നവാഗത സംവിധായകന്‍ പിറക്കുന്നത്. ആരും ഞെട്ടില്ലെങ്കില്‍ സിനിമയുടെ പേര് പറയാം, 'ഏലി ഏലി ലമാ സബക്തനി'- ദൈവമേ നീ എന്തിനെന്നെ കൈവെടിഞ്ഞു എന്നാണ് ഈ പേരിന് അര്‍ത്ഥം. ഈ പേരിനെ കുറിച്ചും സിനിമയെ കുറിച്ചും ജിജു ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

സഹ സംവിധായകനായി പരിചയമില്ല, ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തിട്ടില്ല, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടില്ല... ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുമ്പോഴുള്ള വിശ്വാസം?

സിനിമയെ കുറിച്ച് കൃത്യമായ ധാരണയും ദൃഢവിശ്വാസവുമാണ് വേണ്ടത്. ആരുടെയെങ്കിലും ശിക്ഷണം സ്വീകരിച്ച ശേഷമേ സിനിമ സംവിധാനം ചെയ്യാന്‍ പാടുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ടീം വര്‍ക്ക് അത്യാവശ്യമാണ്. ഇതൊരു കൂട്ടായ്മയുടെ സിനിമയാണ്. എന്നു കരുതി സിനിമയെ കുറിച്ച് ഒന്നും അറിയാതെയല്ല. ഒരുപാട് വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്തതിന് ശേഷമാണ് ഇങ്ങനെ ഒരു സിനിമയിലേക്ക് കടന്നത്.

Eli Eli Lama Sabachthani-01

ഏലി ഏലി ലമാ സബക്തനി എന്ന പേര് ഉച്ഛരിക്കാന്‍ തന്നെ പ്രയാസമാണല്ലോ?
(ചിരിക്കുന്നു) ദൈവമേ നീ എന്തിനെന്നെ കൈവെടിഞ്ഞു എന്നാണ് പേരിന്റെ അര്‍ത്ഥം. സ്വയം തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ള ഒരാള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമ്പോള്‍ (അതേതുമാവാം, സ്വയം വിധിക്കുന്നതോ, ആരാലോ വിധിക്കപ്പെടുന്നതോ) ഈ ചോദ്യം സ്വയം ചോദിച്ചിരിയ്ക്കും. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷയായ അറാമിയാകിലുള്ളതാണ് ഏലി ഏലി ലമാ സബക്തനി.

സിനിമയെ കുറിച്ച് ?
കഥ നടക്കുന്ന പശ്ചാത്തലം ബോംബെ ആണ്. സമൂഹത്തില്‍ ഇന്ന് നടക്കുന്ന പീഡനം, കൊലപാതകം, കൊള്ള തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇങ്ങനെ ഒരു ആശയത്തിലെത്തിയത്. ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഏലി ഏലി ലമാ സബക്തനി. ഇത് പൂര്‍ണമായൊരു മലയാള സിനിമയല്ല. പല ഭാഷക്കാരുമുണ്ട്. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് അങ്ങനെ എല്ലാം. ബോംബെയിലാണ് മുഴുവനായി ചിത്രീകരിക്കുന്നത്.

മലയാളി പ്രേക്ഷകര്‍ക്ക് ഭാഷ ഒരു തടസ്സമാകില്ലേ?
സിനിമ ഭാഷയ്ക്കതീതമാണെന്നാണ് എന്റെ വിശ്വാസം. ശബ്ദം മാത്രം കേട്ട് സിനിമ ആസ്വദിക്കാന്‍ കഴിയില്ല. സിനിമയില്‍ ചിലത് കാണാനുമുണ്ട്. ഏലി ഏലി ലമാ സബക്തനിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സംഭാഷണത്തിന് മാത്രമല്ല പ്രാധാന്യം. ബോംബെ നഗരമുണ്ട്, പലതരത്തിലുള്ള മനുഷ്യന്മാരുണ്ട്, അവരുടെ വികാരഭാവങ്ങളുണ്ട്. എല്ലാം കണ്ട് തന്നെ അറിയേണ്ടവയാണ്. സിനിമയ്ക്ക് ഭാഷയുടെ അതിര്‍ വരമ്പുകളില്ല.

jiju-antony

സിനിമയിലൂടെ നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം?
ഒരു സന്ദേശം ആള്‍ക്കാരില്‍ എത്തിക്കുകയാണ് സിനിമയുടെ ഉദ്ദേശം എന്നെനിക്ക് തോന്നുന്നില്ല. തെറ്റുകളിലേക്ക് പോയ ഒരാളിന്റെ ജീവിതമാണ്. ആയാളുടെ ബാല്യവും കൗമാരവുമൊക്കെ പറയുന്നുണ്ട്. സിനിമ വെറുതെ കണ്ടിറങ്ങുകയല്ല, തിയേറ്റര്‍ വിട്ടാലും സിനിമയില്‍ പറഞ്ഞ വിഷയങ്ങള്‍ ആളുകള്‍ ചര്‍ച്ച ചെയ്യണം എന്നതിലാണ് കാര്യം. അവിടെയാണ് ഒരു സംവിധായകന്റെ വിജയം.

ഒരു സിനിമയെ സംബന്ധിച്ച് കഥാപാത്രസൃഷ്ടിയും അതിന്നയാളെ ഏല്‍പിക്കണം എന്നതും വളരെ പ്രസക്തമാണ്. എങ്ങിനെയാണ് ഓരോ കഥാപാത്രങ്ങളിലേക്കും എത്തിയത്?
ബോംബെയില്‍ വച്ചു നടക്കുന്ന കഥയായതുകൊണ്ട് തന്നെ ആദ്യം മനസ്സില്‍ വന്നത് നോര്‍ത്ത് ഇന്ത്യന്‍ നടന്മാരെയാണ്. പിന്നീട് 'അസ്തമയം വരെ' എന്ന സിനിമ കണ്ടപ്പോഴാണ് സനല്‍ അമന്‍ തന്നെയാണ് നായകന്‍ എന്ന തീരുമാനിച്ചത്. ബോംബെ നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് സനല്‍ എത്തുന്നത്. മനോരമ മാഗസിന്‍ കണ്ട ഒരു കവര്‍ ചിത്രത്തില്‍ നിന്നാണ് നായികയായി കനി കുസൃതിയെ കണ്ടെത്തിയത്. രാജശ്രീ ദേശ്പാണ്ടെയും ചിത്രത്തിലുണ്ട്.

sanal

'ഒരാള്‍പ്പൊക്ക'ത്തിന് ശേഷം പൊതു ജനപങ്കാളിത്തത്തോടെ കാഴ്ച ഫിലിം നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. എങ്ങിനെ കാഴ്ചയിലെത്തി?
സനല്‍ കുമാര്‍ ശശിധരന്റെ ഫ്രോഗ് (തവള) എന്ന ഒരു ഹ്രസ്വ ചിത്രം നിര്‍മിച്ചതും കാഴ്ച ഫിലിം ഫോമാണ്. ഒരാള്‍പ്പൊക്കത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസറായിരുന്നു ഞാന്‍. അപ്പോള്‍ തന്നെ ഈ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. പൊതു ജന പങ്കാളിത്തത്തോടെ ഫണ്ട് രൂപീകരിച്ചാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. 150 ഓളം ആളുകള്‍ ഓരാള്‍പ്പൊക്കത്തിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.

സിനിമയെ പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്
ഒരു ആഗോള വിഷയമാണ് ഞങ്ങളുടെ സിനിമ സംസാരിക്കുന്നത്. അത് തന്നെ സിനിമയ്ക്കുള്ള ഏറ്റവും വലിയ റീച്ചാണ്. പിന്നെ ഒരാള്‍ പൊക്കത്തിന് വേണ്ടി ഞങ്ങള്‍ സിനിമാ വണ്ടി എന്നൊരു ആശയം കൊണ്ടുവന്നിരുന്നു. ഹൈ ക്വാളിറ്റിയില്‍ തന്നെ വണ്ടിയില്‍ പ്രൊജക്ടറും ഫിലിമുമൊക്കെ വച്ച് ഫിലിം സൊസൈറ്റികളിലും കോളേജുകളിലുമൊക്കെ പ്രദര്‍ശിപ്പിക്കകയാണ് ചെയ്തത്. എല്ലാവരും പൈസ ഉണ്ടാക്കാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്. പക്ഷെ ഞങ്ങള്‍ സിനിമ ചെയ്യാന്‍ വേണ്ടി പൈസ ഉണ്ടാക്കുകയാണ്.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിട്ടില്ല. അതിന് വേണ്ടി ബോംബെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഞാന്‍ ജിജുവിനെ വിളിച്ചത്. സിനിമ എന്ന സ്വപ്‌നത്തിലേക്കല്ല, സിനിമാ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള ജിജുവിന്റെ യാത്രയ്ക്ക് ഫില്‍മിബീറ്റിന്റെ ശുഭയാത്ര.

English summary
An exclusive interviwe with Jiju Antony

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam