»   » മനസ്സിലും സ്വപ്‌നങ്ങളിലും സിനിമ മാത്രം - സംവിധായിക ജീവ സംസാരിക്കുന്നു

മനസ്സിലും സ്വപ്‌നങ്ങളിലും സിനിമ മാത്രം - സംവിധായിക ജീവ സംസാരിക്കുന്നു

Posted By: ATHIRA V AUGUSTINE
Subscribe to Filmibeat Malayalam

നോയിഡ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുതുമുഖ സംവിധായികക്കുള്ള അവാര്‍ഡ് നേടിയ ജീവ കെ ജെ സംസാരിക്കുന്നു. ഞാവല്‍ പഴങ്ങള്‍ എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം ജീവ റിക്ടര്‍ സ്കെയില്‍ 7.6 എന്ന സിനിമയെടുന്പോള്‍ ദളിത് സംവിധായിക എന്ന രീതിയില്‍ കൂടി ശ്രദ്ധിക്കപ്പെടുകയാണ്. ജീവയുടെ മനസും സ്വപ്നവും ഒക്കെ സിനിമയാണ്.

ഇരുളിന്റെ കാട്ടുസിംഫണികൾ.. ഭാഷാതീതമായ മായികഭീതികൾ.. -ശൈലന്റെ 'മെർക്കുറി' റിവ്യൂ-

റിക്ടർ സ്കെയിൽ സിനിമാ മോഹം ഉള്ള ഒരു കൂട്ടം ദളിതരുടെ ശ്രമഫലമാണ്? സോഷ്യൽ മീഡിയ കൂട്ടായ്മയും പിറക്കുന്നു? സിനിമ ഷൂട്ട് കഴിഞ്ഞു? എവിടെ എത്തി നിൽക്കുന്നു റിക്ടർ സ്കെയിൽ?

റിക്ടര്‍ സ്കെയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റിക്ടര്‍ സ്കെയില്‍ നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പുതുമുഖ സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ചു ഒറ്റപ്പാലത്ത് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. കോഴിക്കോട് കാഴ്ച ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കോഴിക്കോട് നടന്ന സ്വതന്ത്ര ചലച്ചിത്ര മേളയായ IEFFK യിലും പ്രദര്‍ശിപ്പിച്ചു. ഈ അടുത്ത് നടന്ന അടൂര്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇനി സെന്‍സറിങ് കൂടി ബാക്കിയുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇപ്പോഴുള്ള ആലോചന. തിയേറ്റര്‍ റിലീസിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.

റിക്ടർ സ്കെയിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്താണ്?

കൂടെപ്പിറപ്പുകളെല്ലാം തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മാറിപ്പോയിട്ടും സ്വന്തം മണ്ണിനോടുള്ള സ്നേഹം കാരണം സ്ഥലം വിട്ടുകളയാതെ അവിടെ പിടിച്ചു നില്‍ക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് റിക്ടര്‍ സ്കെയില്‍ പറയുന്നത്. ഒരു കുഞ്ഞു കുടിലില്‍ കഴിയുന്ന അച്ഛന്റെയും മകന്റെയും മാനസികാവസ്ഥയും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമ പറയുന്നത്. പരിസ്ഥിതി എങ്ങനെയാണ് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് , മനുഷ്യന്‍ എന്തുമാത്രമാണ് മണ്ണിനെ സ്നേഹിക്കുന്നത് എന്നത് ഈ സിനിമയില്‍ പറയുന്നു. ആ സ്നേഹത്തിന്റെ ആഴം പറയുകയാണ് റിക്ടര്‍ സ്കെയിലിലൂടെ. അച്ഛന്റെയും മകന്റെയും കഥാപാത്രങ്ങള്‍ മുരുകന്‍ മാര്‍ട്ടിനും അശോകന്‍ ചേട്ടനുമാണ് ചെയ്തത്. 2015ല്‍ സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങിയ ആളാണ് അശോകന്‍ ചേട്ടന്‍. രണ്ട് പേരും തുള്ളന്‍ കലാകാരന്മാര്‍ കൂടിയാണ്. അതും നാടന്‍ പാട്ടും ഒക്കെയായി കഥ പറയുന്നു.

സിനിമ വലിയ ലോകമാണ്? ജീവ നിൽക്കുന്നത് നിങ്ങൾ ഉണ്ടാക്കിയെടുത്ത ക്രൂ വിനകത്തും. പുറത്തേക്കുള്ള ലോകത്തേക്ക് സംവിധായിക എന്ന നിലയിൽ കടന്ന് ചെല്ലാൻ ആഗ്രഹിക്കുന്നുണ്ടോ?

ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ക്രൂ എന്ന രീതിയില്‍ അതിന്റെ ഉള്ളില്‍ തന്നെ നില്‍ക്കാന്‍ ഉദ്ദേശമില്ല. ഞങ്ങളുടെ ക്രൂ നില്‍ക്കുന്നത് മെയിന്‍ സ്ട്രീം സിനിമാ ലോകത്തിന്റെ ഭാഗമാകുന്നതിന് വേണ്ടി തന്നെയാണ്. അല്ലാതെ ക്രൂ ആയി മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ദളിതുകൾക്ക് നേരെയുള്ള അതിക്രമം , ദളിതരുടെ രാജ്യവ്യാപകമായ പ്രതിഷേധം, കേരളത്തിൽ ഹർത്താൽ, അതിനിടെ സംഘർഷം ഈ സാഹചര്യത്തിൽ എന്താണ് പറയാനുള്ളത്?

നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. അത് പ്രാബല്യത്തില്‍ വരുത്തണം. അതിന് വേണ്ടി ഭരണ കൂടം മുന്‍ കൈയെടുക്കണം. ദളിതരുടെ രാജ്യ വ്യാപകമായ പ്രതിഷേധം സന്തോഷം തരുന്നു. ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്നു എന്നത് അതിയായ സന്തോഷം തരുന്ന കാര്യമാണ്. ദളിതര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഹര്‍ത്താല്‍ അനുകൂലിയാണ് ഞാന്‍. കേരളത്തില്‍ ദളിതരുടെ ഐക്യവും കൂട്ടായ്മയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കേണ്ടത് തന്നെയാണ്. അതുപോലെ ചില ജാതി സംഘടനകളും മനസിലാക്കേണ്ട ഒന്നുണ്ട്, പണ്ടത്തെ ആളുകളല്ല ഇപ്പോഴുള്ളത്. ദളിതര്‍ എല്ലാത്തരത്തിലും മുന്നോട്ടു വന്നു കഴിഞ്ഞു. അതവരുടെ ചിന്തകളായിക്കോട്ടെ ജീവിത സാഹചര്യങ്ങളായിക്കോട്ടെ. അവര്‍ എല്ലാത്തരത്തിലും മുന്നോട്ട് വരാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ദളിതര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു.

പുതിയ പ്രോജക്ടുകള്‍?

റിക്ടര്‍ സ്കെയിലിന്റെ ചിത്രീകരണം മുന്നോട്ടു പോകുന്പോഴാണ് ഗര്‍ഭിണിയാകുന്നത്. ഇപ്പോള്‍ മോളുണ്ടായി. ചിത്രീകരണ വേളയില്‍ അതിന്റെതായ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അമ്മയായതിന്റെ തിരക്കിലാണ്. കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. പുതിയ പ്രോജക്ടുകള്‍ ആലോചനയിലുണ്ട്.

English summary
director jeeva k j speaking about movie and film fest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X