»   » തിലകനോട് എനിക്ക് പൊറോട്ടയും ചിക്കനും വേണം എന്നാ ബിനോയ് പറഞ്ഞത്

തിലകനോട് എനിക്ക് പൊറോട്ടയും ചിക്കനും വേണം എന്നാ ബിനോയ് പറഞ്ഞത്

Posted By: Sreekanth Kollam
Subscribe to Filmibeat Malayalam

ചില സിനിമകള്‍ നാം കണ്ട് കഴിഞ്ഞാലും അതിലെ ചില കഥാപാത്രങ്ങള്‍ തിയേറ്റര്‍ വിട്ടാലും നമ്മുടെ കൂടെ പോരും. ഒരു പക്ഷെ അവര്‍ക്ക് ആ സിനിമയില്‍ സ്‌ക്രീന്‍ പ്രസന്‍സ് തന്നെ കുറവായിരിക്കാം. പിന്നീട് നമ്മള്‍ ആലോചിക്കും ആ വേഷം ചെയ്തത് ആരാ, ആ ആള് കൊള്ളാല്ലോ കൂടുതല്‍ അറിയാന്‍ നമ്മുക്ക് ഉള്ളില്‍ ഒരു ആകാംഷ ഉണ്ടാകും അത്തരത്തില്‍ കുറേ സിനിമകളില്‍ നമ്മളെ ചെറിയ ചെറിയ വേഷങ്ങളില്‍ കൂടി അമ്പരപ്പിച്ച നമ്മുക്ക് അറിയാവുന്ന ഒരു നടനാണ് ബിനോയ് നമ്പാല.

ബിനോയ് നമ്പാലയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്

പഠനം എന്ത് വരെ:

സ്‌കൂള്‍ തലം മുതലേ പഠനത്തില്‍ അത്ര കേമന്‍ ഒന്നും അല്ലായിരുന്നു, ഒരു ആവറേജ് സ്റ്റുഡന്‍ണ്ട് അത്രേ ഉള്ളു.പ്രാഥമിക വിദ്യാഭാസം മുഴുവന്‍ പരപ്പനങ്ങാടിയില്‍ തന്നെ, പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എക്കൊണോമിക്‌സിന് ബിരുദം. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ 2002-04ല്‍ നാടകത്തില്‍ MA . അതിന് ശേഷം 2005-06 നാടകത്തില്‍ തന്നെ M. Phil . പി ബാല ചന്ദ്രന്‍ (തിരക്കഥാകൃത്ത്, നടന്‍) സാറിന്റെ കീഴില്‍ MG യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ആയിരുന്നു mphil. ഇപ്പോള്‍ ഗോപന്‍ ചിദംബരത്തിന്റെ കീഴില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ അതേ നാടകത്തില്‍ പി എച്ച് ഡി ചെയ്യുന്നു.

kismath-1

വീടും വീട്ടുകാരും:

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ആണ് ജന്മ ദേശം. പക്ഷെ ഞാന്‍ കൂടുതലും നാടകവും റിഹേഴ്സ്സലും ആയി എറണാകുളം ആയിരിക്കും. എറണാകുളം കലൂര്‍ ആണ് ഇപ്പോള്‍. അച്ഛന്‍ അമ്മ ഭാര്യ ഒരു മകള്‍ ഇതാണ് എന്റെ ലോകം. അച്ഛന്റെ പേര് ഹരിദാസ് എന്നും അമ്മയുടെ പേര് ശോഭന. ഭാര്യ ധന്യ, ആളൊരു ഹോക്കി പ്ലെയര്‍ ആണ് ഒപ്പം യോഗാ തെറാപ്പിസ്റ്റും. മകള്‍ ഹൃദയയ്ക്ക് ഇപ്പോള്‍ രണ്ട് വയസ്സാകുന്നു.

കലാ പാരമ്പര്യമോ മറ്റോ ഉള്ള കുടുംബം അല്ല എന്റേത് ഞാന്‍ മാത്രമേ ഉള്ളു കലയിലേക്ക് കുടുംബത്തില്‍ നിന്ന് കാലെടുത്ത് വച്ചത്.

നാടകം എന്നത് എന്റെ ജീവശ്വാസം:

നാടകം എന്നത് എന്റെ ജീവ ശ്വാസം ആണ്. പഠനം തുടരുമ്പോള്‍ തന്നെ അതായത് 1997 കാലയളവില്‍ തന്നെ തിരുവനന്തപുരം 'അഭിനയ' നാടക പഠന കേന്ദ്രത്തില്‍. അഭിനയയില്‍ സജീവമായി തന്നെ നാടകങ്ങളില്‍ മുഴുകിയിരുന്നു ഏതാണ്ട് ഇരുപത് വര്‍ഷമായി നാടകമേഖലയില്‍ ഉണ്ട്. ഇരുപത്തിയഞ്ചിലേറെ നാടകങ്ങള്‍ ഇതിനോടകം ചെയ്തു.

kismath-2

കരിയര്‍ മാറ്റി മറിച്ച ചങ്കരന്‍:

രണ്ടേ രണ്ട് പേരെ മാത്രം അരങ്ങില്‍ അവതരിപ്പിച്ച് ജയപ്രകാശ് കൂളൂര് എഴുതി സംവിധാനം ചെയ്ത 'ചക്കീസ് ചങ്കരം' എന്ന നാടകം വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ചങ്കരനായി താനും ചക്കി ആയി സുഹൃത്ത് വിനോദും വേഷമിട്ടു. 2004 മുതല്‍ 2010 വരെ ഏതാണ്ട് 8ശ50ല്‍ അധികം വേദികള്‍ ഈ ഒരു നാടകം പിന്നിട്ടു. വലിയ വിജയമായിരുന്നു ഇത്. ചെറുപ്പത്തില്‍ തന്നെ നല്ല വരുമാനം ഈ നാടകം നേടി തന്നു. നിരവധി തിയേറ്റര്‍ ഫെസ്റ്റിവലുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 'ചക്കീസ് ചങ്കരം' അവതരിപ്പിക്കാന്‍ ആയി.

വേദികള്‍ മാറി വന്നതോടെ ചക്കീസ് ചങ്കരം പുതിയ ഒരു പരീക്ഷണത്തിലൂടെ മുന്നോട്ട് പോയി. ചക്കീസ് ചങ്കരം 1,2,3,4 അങ്ങനെ സീരീസ് ആയി ഇറങ്ങി. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നാടകം അതിന്റെ പരമ്പരയായി വന്നിരുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും കൂടി. അടുത്തത് കാണാന്‍ ഒരു ആകാംക്ഷ അവരില്‍ ഉളവായി. ലോ ക്ലാസ്സ് സൊസൈറ്റിയില്‍ വളരുന്ന ചങ്കരനെ താന്‍ അവതരിപ്പിച്ച ഈ നാടകം സൂര്യ ഫിലിം ഫെസ്റ്റിവലിലും ഗള്‍ഫ് നാടുകളിലും വരെ വെന്നിക്കൊടി പാറിച്ചു. മണ്‍മറഞ്ഞ ഭരത് മുരളി സാര്‍ ഇതിന്റെ വലിയ ആരാധകന്‍ ആയിരുന്നു. എല്ലാ ഭാഗങ്ങളും അദ്ദേഹം കണ്ടിരുന്നു ഒപ്പം എന്നെ വളരെ സ്‌നേഹത്തോടെ അഭിനന്ദിപ്പിക്കുകയും ചെയ്തു.

kismath-3

നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എങ്ങനെ:

പാലേരിമാണിക്യം സിനിമയുടെ ചിത്രീകരണ വേളയില്‍ സംവിധായകനായ രഞ്ജിത്ത് സാറിനെ കാണാന്‍ ഇടയായി. അദ്ദേഹവും ചക്കീസ് ശങ്കരം കണ്ടിരിക്കണം. അദ്ദേഹം എന്നെ മനസ്സിലാക്കി എന്നോട് അന്ന് ഒരു ഉപദേശം തന്നു ,'ബിനോയ് നീ നാടകം നിര്‍ത്തണം, ഇങ്ങനെ നാടകത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ പോരാ, ഒന്ന് മാറ്റി പിടിക്ക്'. ശരിയ്ക്കും ആ വാക്കുകള്‍ ഒത്തിരി ചിന്തിപ്പിച്ചു. നാടകത്തോടൊപ്പം സിനിമയും തുടരാം എന്ന ചിന്ത ഉണര്‍ന്നു.

kismath-4

അങ്ങനെ ആ സമയത്ത് ആഷിക്ക് അബു സംവിധാനം ചെയ്ത (രണ്ട്) പരസ്യങ്ങളിലും മറ്റും വന്ന് തുടങ്ങി. ഹാന്‍സ് വച്ച് ബസ്സ് ഓടിക്കാന്‍ തുടങ്ങുന്ന ഡ്രൈവര്‍ മാതൃഭൂമിയുടെ ഒരു പരസ്യം വളരെ ശ്രദ്ധേയമായി. കൂടാതെ 'അഗപെ' എന്നൊരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു.

നാടകം പിന്നെ പരസ്യം പിന്നെ സിനിമ എവിടെന്ന് തുടങ്ങി:

പലരും കരുതുന്നത് ആദ്യ ചിത്രം 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്നാണ്. പക്ഷെ ആദ്യ സിനിമ 'അന്‍വര്‍' ആണ് . അന്‍വറില്‍ പൃഥ്വി രാജിന്റെ വോയിസ് ബാക് ഗ്രൗണ്ടില്‍ , അപ്പോള്‍ നടന്നു നീങ്ങുന്ന ഒരു വേഷം. അതില്‍ തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ ഇത് വരെ ചെയ്തു. അന്‍വര്‍ , സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ , കുടുംബശ്രീ ട്രാവല്‍സ് , ജനപ്രിയന്‍ , ഇന്ത്യന്‍ റുപ്പി, ഫെയ്‌സ് ടു ഫെയ്‌സ്, ബെസ്റ്റ് ആക്ടര്‍ , ഇടുക്കി ഗോള്‍ഡ് , എബി സി ഡി, പുതിയ തീരങ്ങള്‍ , ഡാര്‍വിന്റെ പരിണാമം, , ഇതിഹാസ, മാല്‍ഗുഡി ഡേയ്‌സ്, രാജമ്മ അറ്റ് യാഹൂ, പറങ്കിമല, ഹരം, ഹാപ്പി വെഡ്ഡിങ്, കിസ്മത്ത്, കഥകളി,.......ഇതില്‍ എല്ലാരും ഒന്ന് എന്നെ ശ്രദ്ധിച്ച് തുടങ്ങിയത് ഇന്ത്യന്‍ റുപ്പിയില്‍ നിന്നാണ്.

kismath-5

ഇന്ത്യന്‍ റുപ്പി അത് കലക്കി അതേ പറ്റി:

ശരിയ്ക്കും രഞ്ജിത്ത് സാര്‍ എനിക്ക് വേണ്ടി എഴുതിയ കഥാപാത്രം ആയി തോന്നി. സഹോദരിയുടെ (കല്പന) കൈപിടിച്ച് തിലകന്‍ ചേട്ടന്റെ അടുത്ത് എത്തുന്ന മാനസിക നില തെറ്റിയ പയ്യന്‍. കഥാപാത്രത്തിന്റെ പേരില്‍ അല്ല പക്ഷെ 'എനിക്ക് പൊറോട്ടയും ചിക്കനും വേണം 'എന്ന് തിലകന്‍ ചേട്ടനോട് , ഈ ഡയലോഗ് സിനിമ കണ്ടവര്‍ മറക്കില്ല. അതുല്യ പ്രതിഭയായ തിലകന്‍ ചേട്ടനോടൊപ്പം ഉള്ളില്‍ ഭീതിയോടെ ഇന്ത്യന്‍ റുപ്പി ചെയ്തു.

കിസ്സമത്തിലെ ഷിഹാബ് അതിന്റെ എന്തെങ്കിലും ഓര്‍മ്മകള്‍:

പൊന്നാനിയില്‍ 201011 കാലയളവില്‍ നടന്ന ഒരു സംഭവം ആസ്പദമാക്കി വന്ന ചിത്രമായിരുന്നു കിസ്മത്ത്. അതിലെ നിഷ്‌കളങ്കനായ മെക്കാനിക്ക് ആണ് ഷിഹാബ്. ഷിഹാബിനെ ഇന്നും പൊന്നാനിയിലെ ജനം ഓര്‍ക്കുന്നു അത് പറയാന്‍ കാര്യം പൊന്നാനി ഐശ്വര്യ തിയേറ്ററില്‍ നിന്ന് ഞാന്‍ പടം കണ്ട് ഇറങ്ങുമ്പോള്‍ ഒരു ഉമ്മയും കുടുംബവും നിറ കണ്ണുകളോടെ ഓടി എന്റെ അടുത്ത് വന്നു. അവര്‍ മുഖത്ത് നോക്കി കണ്ണീര്‍ ഒഴുക്കി. അതേ പോലെ തന്നെ പല ഇടങ്ങളിലും പോകുമ്പോള്‍ ഇപ്പോളും പലരും ചോദിക്കുന്നു ഷിഹാബിന് പിന്നെ എന്ത് പറ്റി ഷിഹാബ് ഇപ്പോള്‍ എവിടെയാ എന്ന്. ശരിക്കും അതിന്റെ ഉത്തരം എന്റെ കൈയിലും ഇല്ല.

kismath-6

കഥകളി, അത് ഈയിടെ ഏറ്റവും ചര്‍ച്ചാ വിഷയമായ സിനിമയല്ലേ

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കാത്ത് റിലീസിനായി ഉള്ള ചിത്രം ആണ് അത്. മുഖ്യ വേഷത്തില്‍ ഞാന്‍ എത്തുന്ന ആദ്യ സിനിമ. ഭാരതപ്പുഴയുടെ സമീപം വിഴുപ്പലക്കി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ കഥകളിയിലേക്ക് എത്തുന്നു ഇതാണ് ആ ചിത്രത്തിന്റെ പ്രമേയം. സൈജോ കണ്ണനായ്ക്കല്‍ ആണ് ചിത്രത്തിന്റെ സംവിധാനം . പ്രമുഖരായ ചില സംവിധായകരുടെ പിന്തുണ സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങള്‍ക്കിടയിലും കിട്ടി. ഉടന്‍ തന്നെ ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഏതെങ്കിലും നാടകം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ:

ഞാന്‍ മാത്രം അഭിനയിക്കുന്ന ഒരു ഏകാംഗ (സോളോ പെര്‍ഫോമന്‍സ്) നാടകത്തിന്റെ റിഹേഴ്സ്ലില്‍ ആണ് ഇപ്പോള്‍. 'സുലൈമാന്റെ പയക്കം പറച്ചിലുകള്‍'. മലബാര്‍ മേഖലയിലെ സുലൈമാന്‍ എന്ന പയ്യന്റെ കഥ. അവന്റെ ഏഴ് മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ ഉള്ള ജീവിതത്തിലൂടെ കടന്ന് പോകുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള നാടകം. സുലൈമാന്റെ ജീവിതാനുഭവങ്ങള്‍, ദേശം, കാലം, കുടുംബ ബന്ധം ഇതെല്ലാം ചേര്‍ന്നതാണ് ഇതിന്റെ പ്രമേയം. 'ഇയോബിന്റെ പുസ്തകം' എന്ന ചിത്രത്തിന്റെ കഥാകൃത്തും കാലടി സര്‍വകലാശാലയിലെ നാടക അധ്യാപകനുമായ Dr ഗോപന്‍ ചിദംബരം ആണ് സംവിധാനം. ഏതാണ്ട് മൂന്ന് വര്‍ഷമായി ഈ നാടകത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ട്. തുടര്‍ച്ചയായി കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. വളരെ ചെറിയ സാമ്പത്തിക ബാധ്യതയില്‍ മാത്രമാണ് അതിന്റെ രംഗാവതരണവും എല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 21 ന് ആണ് അത് ആദ്യമായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എവിടെ വേണേലും ഇത് കളിക്കാം, സ്റ്റേജിലോ വീടിന്റെ മുറ്റത്തോ അങ്ങനെ ചെറിയ സ്ഥലത്ത് വളരെ ചുരുങ്ങിയ ബഡ്ജറ്റില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് 'സുലൈമാന്റെ പയക്കം പറച്ചിലുകള്‍'. സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തില്‍ ഉള്ള 'കളക്ടീവ് ഫേസ്' വണ്‍ ആണ് ഈ നാടകത്തിനെ ശരിക്കും രംഗത്ത് എത്തിച്ചിട്ടുള്ളത്. ഈ വരുന്ന ഒക്ടോബര്‍ മുതല്‍ ഈ നാടകം ഇന്ത്യക്ക് അകത്തും പുറത്തും നിരവധി വേദികളില്‍ ഈ നാടകം അവതരിപ്പിക്കുന്നുണ്ട്.

പുരസ്‌കാരങ്ങള്‍:

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മികച്ച നടനായി അന്ന് സ്‌കൂളില്‍ നിന്ന് തിരഞ്ഞെടുത്തു. അതിനു ശേഷം നാടകത്തില്‍ നിരവധി അവാര്‍ഡുകള്‍ കിട്ടി. 201315 കേന്ദ്ര സര്‍ക്കാരിന്റെ ജൂനിയര്‍ ഫെലോഷിപ്പ് ലഭിച്ചു. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സില്‍ നിന്നും ആയിരുന്നു എനിക്ക് ആ അംഗീകാരം കിട്ടിയത്.

നാടകം എന്നതോ സിനിമ എന്നതാണോ കൂടുതല്‍ യോജിച്ചത്:

രണ്ടും എനിക്ക് ഇഷ്ടമാണ്. പക്ഷെ നാടകത്തില്‍ കൂടി ജനങ്ങളുമായി അടുത്ത് ഇടപെഴുകാന്‍ സാധിക്കുന്നു. നാടകത്തിന്റെ സ്വീകാര്യത ജനങ്ങളുടെ മുഖത്ത് നിന്ന് അപ്പോള്‍ തന്നെ നമ്മുക്ക് കിട്ടുന്നു. നാടകത്തെ ഞാന്‍ അങ്ങേ അറ്റം സ്‌നേഹിക്കുന്നു. ഒരു നാടക നടന്‍ എന്ന് അറിയപ്പെടുന്നതിലും ഏറെ സന്തോഷിക്കുന്നു ഒപ്പം അഭിമാനവും. പക്ഷെ സിനിമാ നടന്‍ എന്ന ലേബല്‍ ഉള്ളത് കൊണ്ടാകാം ഒരു പക്ഷെ ഈ ഇന്റര്‍വ്യൂ നിങ്ങള്‍ എടുക്കാന്‍ വന്നത് അല്ലെ?

പുതിയ സിനിമകള്‍:

ഒന്ന് രണ്ട് പ്രമുഖരുടെ ക്ഷണം കിട്ടിയിട്ടുണ്ട്. അതിന്റെ പേരോ ഒന്നും ഞാന്‍ പറയുന്നില്ല. ഒരു പക്ഷെ ആ സിനിമ ഒരുങ്ങാറാകുമ്പോള്‍ എന്റെ റോള്‍ ഒഴിവാക്കപ്പെട്ടാലോ!! ഞാന്‍ സിനിമയില്‍ അത്ര തിരക്കേറിയ ആളോ അഭിവാജ്യമായ വ്യക്തിയോ അല്ലല്ലോ. ഇന്ന് ഞാന്‍ വരാനിരിക്കുന്ന പ്രോജക്ടുകള്‍ പറഞ്ഞിട്ട് നാളെ അത് നടന്നില്ലെങ്കിലോ അത് എനിക്ക് ക്ഷീണം അല്ലെ ?

സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ ഇല്ല ചെറിയ നടന്മാരെ ഉള്ളു എന്ന് രഞ്ജിത്ത് സര്‍ പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അത് കൊണ്ട് എന്ത് വേഷവും എനിക്ക് ചെയ്യാന്‍ താല്പര്യമേ ഉള്ളു.

ഇനിയും ഇനിയും ഒരുപാട് ഉന്നതികളും പുരസ്‌കാരങ്ങളും ബിനോയിയെ തേടി എത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ...........

English summary
Exclusive interview with Binoy Nambala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam