»   » എന്റെ സ്വപ്‌നം ഇതൊന്നുമല്ല, മോഡലാവാന്‍ ആഗ്രഹിച്ചു.. സിനിമാ നടിയായി; ഹന്നയുടെ സ്വപ്നം

എന്റെ സ്വപ്‌നം ഇതൊന്നുമല്ല, മോഡലാവാന്‍ ആഗ്രഹിച്ചു.. സിനിമാ നടിയായി; ഹന്നയുടെ സ്വപ്നം

Posted By: Aswini
Subscribe to Filmibeat Malayalam

ഒരു സ്വപ്‌നം കാണുക... ആ സ്വപ്‌നത്തില്‍ ജീവിയ്ക്കുക... അതിലെത്തിച്ചേരുക എന്ന് പറയുമ്പോള്‍ അത്രയേറെ തീവ്രമായിരുന്നിരിക്കണം ആഗ്രഹം. ഉറങ്ങുമ്പോള്‍ നിങ്ങള്‍ കാണുന്നതല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണ് സ്വപ്‌നം എന്ന് അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ട്.. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു മോഡല്‍ ആകണം എന്ന സ്വപ്‌നം ഹന്ന റെജി കോശി കണ്ടതും ഉണര്‍ന്നിരിക്കുമ്പോള്‍ ആയിരിക്കാം.. ആ സ്വപ്‌നം നിറവേറ്റി.. കാണാത്തൊരു സ്വപ്ന ലോകത്ത് എത്തിച്ചേരുകയും ചെയ്തു...

മോഡല്‍ രംഗത്ത് നിന്ന് തുടങ്ങി ഡാര്‍വിന്റെ പരിണാമവും കഴിഞ്ഞ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ വന്നു നില്‍ക്കുകയാണ് ഇപ്പോള്‍ ഹന്ന റെജി കോശി.. പേരില്‍ നിന്ന് തുടങ്ങി ഞങ്ങള്‍ സംസാരിച്ചു...

?ഹന്ന.. എന്താണ് ഈ പേര്... രാശിയും ഭാഗ്യവുമൊക്കെ നോക്കി പേര് വയ്ക്കുന്ന കാലമാണിത്

അമ്മൂമ്മയാണ് എനിക്ക് ഹന്ന എന്ന പേര് വച്ചത്. അതെന്റെ റിയല്‍ നെയിം തന്നെയാണ്. ബൈബിളിലുള്ള ഒരു വാക്കാണ് ഹന്ന. പേര് എനിക്ക് വളരെ ഇഷ്ടമായത് കൊണ്ട് തന്നെ അത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പേര് മാറ്റിയാല്‍ രാശിയും ഭാഗ്യവും ഉണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതെന്റെ പേഴ്‌സണല്‍ ഒപ്പീനിയനാണേ... നല്ല ദൈവവിശ്വാസം ഉള്ള ആളാണ് ഞാന്‍.. എല്ലാ സിനിമയും നന്നായി ചെയ്യാന്‍ കഴിണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന

hannah

?പേരിന് യോജിച്ച മുഖം.... പക്ഷെ ചെയ്ത രണ്ട് സിനിമകളിലെ കഥാപാത്രങ്ങളും ഹന്നയുടെ ലുക്കും യാതൊരു വിധത്തിലും യോജിക്കുന്നില്ലല്ലോ...

ഡാര്‍വിന്റെ പരിണാമത്തിലെ ആന്‍സിയും രക്ഷാധികാരി ബൈജുവിലെ അജിതയും എന്നെക്കാള്‍ ഒരുപാട് മുതിര്‍ന്നവരാണ്. പത്ത് പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ മോഡേണ്‍ വേഷങ്ങള്‍ തന്നെയാണ് ഉപയോഗിയ്ക്കുന്നത്. അതാണ് എനിക്കിഷ്ടവും. പക്ഷെ എന്തോ എന്റെ സംവിധായകര്‍ക്ക് എന്നില്‍ ഒരു നാടന്‍ പെണ്‍കുട്ടിയെയാണ് കാണാന്‍ കഴിഞ്ഞത്. മുഖം കാണാന്‍ നാടന്‍ ലുക്ക് ഉണ്ട് എന്ന് ജിജോ ആന്റണി (ഡാര്‍വിന്റെ പരിണാമം സംവിധായകന്‍) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊന്നും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.

?മോഡല്‍ ആകാന്‍ ആഗ്രഹിച്ച ഹന്ന എങ്ങിനെ ഡാര്‍വിന്റെ പരിണാമത്തിലെത്തി

സിനിമ എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത സംഭവമായിരുന്നു. നല്ലൊരു മോഡല്‍ ആകണം എന്നായിരുന്നു ആഗ്രഹം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഇരുന്ന് റാംപ് വാക്ക് കാണും. പക്വത എത്തുമ്പോള്‍ മാറിക്കൊള്ളും എന്ന് വീട്ടുകാരും കരുതി. എന്നാല്‍ വളരുന്തോറും എനിക്കൊപ്പം ആ ആഗ്രഹവും വളര്‍ന്നു. പ്ലസ് ടു കഴിഞ്ഞ് എംബിബിഎസ്സിന് വിടണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പഠനം കഴിഞ്ഞിട്ട് ആഗ്രഹത്തിന്റെ പിന്നാലെ പോയിക്കോളൂ എന്ന നിര്‍ദ്ദേശം കിട്ടി. അങ്ങനെ ശര്‍വാതി ഡന്റല്‍ കോളേജില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടി. പോസ്റ്റ് ഗ്രാജ്വേഷന് വിടുന്നതിന് മുന്‍പേ പറഞ്ഞു, ഇനി എന്റെ ലക്ഷ്യം റാംപ് ആണെന്ന്.

മിസ്സ് ഇന്ത്യ സൗത്തില്‍ പങ്കെടുത്തപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അറിഞ്ഞതൊന്നുമല്ല, അറിയേണ്ടതിനിയും ഒരുപാടുണ്ട് എന്ന് മനസ്സിലാക്കി. റാംപ് മോഡല്‍ ആയിത്തീരാനുള്ള കുറേ നല്ല ട്രെയിനിങുകള്‍ ലഭിച്ചു. ആ ഇടെയാണ് ഒരു ഏജന്‍സി മുഖേനെ ഡാര്‍വിന്റെ പരിണാമത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. ആഗ്രഹിക്കാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് സിനിമ ഇഷ്ടമാണ്. ആസ്വദിച്ചാണ് അഭിനയിക്കുന്നത്. വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് ഞാന്‍ വളരെ അധികം സന്തോഷവതിയുമാണ്.

hannah

?പരിണാമത്തില്‍ നിന്ന് രക്ഷാധികാരിയിലേക്കുള്ള യാത്ര

ഡാര്‍വിന്റെ പരിണാമത്തിലെ വേഷം കണ്ടിട്ട് തന്നെയാണ് രക്ഷാധികാരി ബൈജുവിലേക്ക് അവസരം ലഭിച്ചത്. ബിജു ചേട്ടന്റെ (ബിജു മേനോന്‍) ഭാര്യയായി അഭിനയിക്കുമ്പോള്‍ കുറച്ച് പക്വതയൊക്കെ വേണമല്ലോ. അതുകൊണ്ട് ചില മേക്കോവര്‍ ഒക്കെ നടത്തി നോക്കിയിരുന്നു.

? അജിതയാവാനുള്ള തയ്യാറെടുപ്പ് എന്തൊക്കെയായിരുന്നു

ശോഭന, രേവതി, സംയുക്ത വര്‍മ്മ, ഉര്‍വശി തുടങ്ങിയ ധാരാളം നടിമാര്‍ അനശ്വരമാക്കിയ വീട്ടമ്മ വേഷങ്ങളുണ്ടല്ലോ. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് അതൊക്കെ കാണാന്‍ രഞ്ജന്‍ സര്‍ (സംവിധായകന്‍ രഞ്ജന്‍ പ്രമോദ്) നിര്‍ദ്ദേശിച്ചിരുന്നു. പിന്നെ അദ്ദേഹം തന്നെ അജിതയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. ബിജു ചേട്ടനും (ബിജു മേനോന്‍) നല്ല സഹകരണമായിരുന്നു. സെറ്റില്‍ എല്ലാവരും സഹായിച്ചതുകൊണ്ട് അജിതയാവാന്‍ എനിക്ക് അധികം പ്രയാസം തോന്നിയില്ല. സെറ്റില്‍ എല്ലാം രസകരമായിരുന്നു.

?24 കാരിയായ ഹന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മയോ

അതിലെ തമാശ എന്താണെന്ന് ചോദിച്ചാല്‍, എന്റെ മകളായി അഭിനയിച്ച നക്ഷത്രയയ്ക്കും എനിക്കും എട്ട് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ശരിക്കും കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. സെറ്റില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കെമസ്ട്രി കണ്ടിട്ട് ഇവര്‍ ശരിയ്ക്കും അമ്മയും മകളുമാണോ എന്ന് സെറ്റില്‍ പലരും ചോദിച്ചിട്ടുണ്ട്.

hannah2-

?ഡാര്‍വിന്റെ പരിണാമത്തെ പിടിച്ച് രക്ഷാധികാരിയില്‍ എത്തി.. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയില്ല..

പേടിയുണ്ടോ എന്ന് ചോദിച്ചാല്‍.. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമയില്‍ യാദൃശ്ചികമായി വന്നതാണ് ഞാന്‍. ഇനി ഈ മേഖലയില്‍ തുടരണം എന്നാണ് ആഗ്രഹം. വേഷം ഏതാണെങ്കിലും അതിലൊരു സന്ദേശം ഉണ്ടായിരിക്കണം എന്ന ആഗ്രഹമുണ്ട്. ദംഗല്‍ പോലെയുള്ള സിനിമകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. ഒരുപാട് സിനിമകളൊന്നും ചെയ്യണം എന്നാഗ്രഹമില്ല. ചെയ്യുന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായിരിക്കണം...

?മോഡല്‍ ആകാന്‍ ആഗ്രഹിച്ചു സിനിമാ നടിയായി

സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ ഇതിനെക്കാളൊക്കെ വലിയൊരു ആഗ്രഹമുണ്ട്... നല്ലൊരു മോട്ടിവേഷന്‍ സ്പീക്കറാകണം. പാര്‍ട്ട് ടൈം ആയിട്ട് ഇപ്പോള്‍ അതിനുള്ള പരിശ്രമവും നടത്തുണ്ട്. ജീവിതത്തില്‍ നമ്മള്‍ എന്തെങ്കിലും ആയിത്തീര്‍ന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അത്തരമൊരു മോട്ടിവേഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോഴുള്ള മേഖലയില്‍ വിജയം നേടണം..

hannah

?പുതിയ സിനിമകള്‍

ജിജു ചേട്ടന്റെ (ജിജു ആന്റണി) തന്നെ ഒരു പ്രൊജക്ട് വന്നിട്ടുണ്ട്. അതിലെ കഥാപാത്രം അല്പം മോഡേണാണ്. പിന്നെ ഒരു തമിഴ് ചിത്രത്തിന്റെ ചര്‍ച്ചയും നടന്നുകൊണ്ടിരിയ്ക്കുന്നു. അതേ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പറയാറായിട്ടില്ല. ഏത് ഭാഷയാണെങ്കിലും നല്ല കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം. ഭാഷയാണ് പ്രശ്‌നം. പക്ഷെ അത് ഞാന്‍ പഠിച്ചെടുക്കും...

അതെ, ഹന്ന അത് പഠിച്ചെടുക്കും... സ്വപ്‌നങ്ങളങ്ങനെ തുടരും.. ആ സ്വപ്‌നങ്ങളാണ് ഹന്നയെ ഇവിടെ എത്തിച്ചത്... നാളെ വിജയിച്ച ഒരു നായികയായി.. നല്ലൊരു വ്യക്തിയായി ഹന്ന ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കും.. ഫില്‍മിബീറ്റിന്റെ എല്ലാവിധ ആശംസകളും നേരുന്നു...

English summary
Exclusive interview with Hannah Reji Koshy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam