twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന്‍മരിയയുടെ വിജയം, സാറ അര്‍ജ്ജുന്റെ പക്വത, ഷാജി പപ്പന്റെ രണ്ടാം വരവ്; മിഥുന്‍ സംസാരിക്കുന്നു

    By Aswini
    |

    ആയിരം തവണ ബള്‍ബ് ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം, ബള്‍ബ് കണ്ടുപിടിച്ച തോമസ് എഡിസണോട് ഒരിക്കല്‍ ആരോ ചോദിച്ചു, ആയിരം തവണ നിങ്ങള്‍ പരാജയപ്പെട്ടില്ലേ എന്ന്. ആയിരം തവണയും ഇങ്ങനെ ബള്‍ബ് ഉണ്ടാക്കാന്‍ കഴിയില്ല എന്ന് ഞാന്‍ പഠിക്കുകയായിരുന്നു എന്നാണ് ആ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. അതെ, ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്.

    മിഥുന്‍ മാനുവല്‍ തോമസും അങ്ങനെ ചിന്തിച്ചിരുന്നിരിക്കാം. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ പരാജയത്തെ വളരെ പോസിറ്റീവായി കണ്ട മിഥുന്‍, രണ്ടാമത്തെ ചിത്രത്തെ അല്പം കലിപ്പോടെയാണ് സമീപിച്ചത്. ആന്‍മരിയയുടെ കലിപ്പ് പ്രേക്ഷകര്‍ക്കിഷ്ടമാകുമ്പോള്‍, മിഥുന്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു...

    ?ആന്‍മരിയ എന്ന കുട്ടിയുടെ കലിപ്പില്‍ നിന്നാണ് സിനിമ മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്കുള്ള സിനിമയാണ്...

    അല്ല, ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് അങ്ങനെ ഒരു വേര്‍തിരിവ് ഇല്ല. നാലാം ക്ലാസുകാരിയായ ആന്‍മരിയയുടെ ദേഷ്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആന്‍മരിയയാണ് കേന്ദ്ര കഥാപാത്രം. അവളുടെ ഇഷ്ടവും ദേഷ്യവും സ്‌നേഹവുമൊക്കെയുള്ള ചെറിയ ലോകം. അതില്‍ ടീച്ചറും, നാട്ടുകാരും, കൂട്ടുകാരും ഒക്കെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രായത്തിന്റെ അതിര്‍വരമ്പുകളില്ല. പ്രായഭേദമന്യേ ആര്‍ക്കും കാണാം.

     ann-maria-kalippilanu

    ?ഏതൊരു സിനിമയ്ക്ക് പിന്നിലും വായിച്ച പുസ്തകമോ കണ്ട ജീവിതമോ പ്രചോദനം ആകാറുണ്ട്. ആന്‍മരിയയുടെ കലിപ്പിന് എന്തായിരുന്നു പ്രചോദനം

    ആടിന് സംഭവിച്ചത് അറിയാമല്ലോ. വലിയ തോതില്‍ സാമ്പത്തിക നഷ്ടം ഇല്ലായിരുന്നു എങ്കിലും ചിത്രം തിയേറ്ററില്‍ സ്വീകരിക്കപ്പെടാതെ പോയി. ഒരു സംവിധായകനെ സംബന്ധിച്ച് തിയേറ്ററിക്കല്‍ സക്‌സസ് അത്യാവശ്യമാണ്. അടുത്ത ചിത്രം അതിന്റെ പോരായ്മകളെ പരിഹരിച്ചുകൊണ്ടായിരിക്കണം എന്നുണ്ടായിരുന്നു.

    ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് പ്രചോദനമായത് എന്റെ സ്‌കൂള്‍ കാലഘട്ടം തന്നെയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നു. അവിടെയും പിടി മാഷ് തന്നെയായിരുന്നു വില്ലന്‍. ആ അനുഭവത്തില്‍ നിന്നാണ് എഴുതിയത്. അത് അല്പം സിനിമാറ്റിക്കായി എടുത്തു.

    ?ആദ്യ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍, രണ്ടാമത്തെ സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന വിശ്വാസം

    സിനിമ ഇറങ്ങുമ്പോള്‍ എനിക്ക് ഒരേ ഒരു ശുഭാപ്തി വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇതൊരു നല്ല സിനിമയാണ്. ഒരു ഫീല്‍ഗുഡ് മൂവി. ഇറങ്ങിക്കഴിഞ്ഞ് ഇപ്പോള്‍ ലഭിയ്ക്കുന്ന ഈ വാണിജ്യ വിജയത്തെയും വിമര്‍ശനാത്മക വിജയത്തെയും ബോണസായിട്ടാണ് ഞാന്‍ കാണുന്നത്.

    ?ആന്‍മരിയ കലിപ്പിലാണ്, ബേബി സാറയോ

    സാറ ബേബിയല്ല.. ഞാനങ്ങനെ പരിഗണിച്ചിട്ടില്ല. രണ്ടാം വയസ്സിലാണ് സാറ പരസ്യചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ പത്ത് വയസ്സായി. അങ്ങനെ നോക്കുമ്പോള്‍ എട്ട് വര്‍ഷത്തെ സീനിയോരിറ്റിയുണ്ട് സാറ അര്‍ജ്ജുന്. അതും ഐശ്വര്യ റായി, വിക്രം പോലുള്ള ഇന്ത്യയിലെ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ച അനുഭവസമ്പത്തും. ദൈവത്തിരുമകളിലെ ക്ലൈമാക്‌സ് കണ്ടതോടെയാണ് നമ്മുടെ കേന്ദ്രകഥാപാത്രത്തിന് വേണ്ടി ഇനി വേറെ ആരെയും നോക്കേണ്ട എന്ന് തീരുമാനിച്ചത്. വെറുതേ ഒരു ബാലതാരമായിരുന്നെങ്കിലും അതിന് ബോളിവുഡ് വരെ പോവേണ്ടതില്ലല്ലോ. സാറ വളരെ പക്വതയുള്ള അഭിനേത്രിയാണ്.

     ann-maria-kalippilanu

    ?തിരക്കഥ എഴുതിയ ഓം ശാന്തി ഓശാനയാണെങ്കിലും സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമാണെങ്കിലും, മിഥുന്‍ സിനിമകളില്‍ വേറിട്ടൊരു ആക്ഷേപഹാസ്യം കാണുന്നു.

    അതൊരു ആക്ഷേപഹാസ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ കൂട്ടുകാര്‍ക്കിടയില്‍ സംസാരിക്കുന്ന രീതിയില്‍ നിന്നും ലഭിയ്ക്കുന്നതാണ്. പൊതുവെ ആണ്‍കുട്ടികള്‍ പരസ്പരം ഒരിക്കലും പ്രശംസിക്കില്ല. എപ്പോഴും കളിയാക്കുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള ആ കളിയാക്കല്‍ കൗണ്ടറിങില്‍ നിന്ന് ലഭിച്ചതാവാം എഴുത്തിന്റെ ഈ രീതി. ചുറ്റുപാടുകളില്‍ നിന്ന് ലഭിച്ച ശൈലി എന്നാണ് ഞാനതിനെ വിശ്വസിയ്ക്കുന്നത്.

    ?തിരക്കഥ എഴുതി ഒരു സംവിധായകനെ ഏല്‍പിക്കുന്നതും, സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും രണ്ട് തരത്തിലുള്ള ഇന്‍പുട്ടാണ് തരുന്നത്.

    തീര്‍ച്ചയായും അതെ. അബദ്ധത്തില്‍ സംവിധായകനായതാണ് ഞാന്‍. സംവിധായകന്‍ ആകണം എന്നാഗ്രഹിച്ച് നടന്നതൊന്നുമല്ല. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ എന്റെ തിരക്കഥയെ ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്‍ സമീപിച്ച രീതിയില്‍ ഞാന്‍ സംതൃപ്തനാണ്. തിരക്കഥ എഴുതുമ്പോള്‍ നമുക്കൊരു ഭാവനയുണ്ടാവും. എന്റെ ഭാവനയില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്. തിരക്കഥ എഴുതി അത് സംവിധായകനെ ഏല്‍പിച്ചു കഴിഞ്ഞാല്‍ പിന്നെ അത് അദ്ദേഹത്തിന്റെ ഭാവനയാണ്. രണ്ട് പേരുടെ കാഴ്ചപ്പാടുകളിലും ഭാവനയിലും വലിയൊരു അന്തരമുണ്ട്.

    പിന്നെ നമ്മള്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോരായ്മ എന്താണെന്ന് ചോദിച്ചാല്‍, അത് നമ്മുടെ മാത്രം കാഴ്ചപ്പാടായിരിക്കും. ചിലപ്പോള്‍ എഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നതിനെക്കാള്‍ എത്രയോ നല്ല ഭാവന മറ്റൊരു സംവിധായകനുണ്ടാവും. ഞാന്‍ ഇനിയും തിരക്കഥ എഴുതും. മറ്റുള്ളവരില്‍ നിന്ന് തിരക്കഥ സ്വീകരിക്കുകയും ചെയ്യും. ഇപ്പോഴല്ല.. ഇതിങ്ങനെ പോകും.. ഭാവിയില്‍ സംഭവിക്കുമ്പോള്‍ സംഭവിക്കും.

    ?ആദ്യ ചിത്രത്തിന്റെ പരാജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ സംവിധായകന്‍ എന്ന ഒരു ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അങ്ങനെ വിശ്വസിക്കുന്നുണ്ടോ

    എല്ലാ സംവിധായകരെയും പോലെ വിജയം തന്നെയായിരുന്നു ആടിലും ഉണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ അവതരിപ്പിച്ച രീതി കൊണ്ടോ മറ്റോ സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടു. പിന്നീട് ചിന്തിക്കുമ്പോള്‍ പോരായ്മകള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ആട് സ്വീകരിക്കപ്പെട്ടതില്‍ ഉള്ള വലിയ സന്തോഷം എന്താണെന്ന് വച്ചാല്‍, നമ്മുടെ ആദ്യ ചിത്രം അമ്പേ പരാജയമായിരുന്നില്ലല്ലോ എന്നതാണ്.

    ആട് ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ ഞാന്‍ എന്ന സംവിധായകനെ നാലാള്‍ അറിഞ്ഞു. ഓരോ ചിത്രത്തിന്റെയും തുടര്‍ച്ചയാണ് അടുത്ത ചിത്രം. മറ്റ് സംവിധായകരുടെ പരാജയ ചിത്രങ്ങളെക്കാള്‍ ശ്രദ്ധ ആടിന് ലഭിച്ചിരുന്നു എന്നതാണ് മറ്റൊരു കാര്യം. സിനിമയെ പ്രേക്ഷകരുടെ പക്ഷത്ത് നിന്ന് നോക്കികാണാനാണ് എനിക്കിഷ്ടം. വിജയമാണെങ്കിലും പരാജയമാണെങ്കിലും പ്രേക്ഷകര്‍ പറയട്ടെ. തിയേറ്ററില്‍ എത്തുന്നത് വരെ മാത്രമാണ് നമ്മുടെ കൈയ്യില്‍. പിന്നെ പ്രേക്ഷകര്‍ തീരുമാനിക്കും.

     ann-maria-kalippilanu

    ?ആടിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ വേണ്ടി മിഥുന്റെ കൊങ്ങയ്ക്ക് പിടിച്ചു എന്ന് ജയസൂര്യ പറയുന്നത് കേട്ടു
    (അത്രനേരം ഗൗരവം വിടാതെ സംസാരിച്ച ആളൊന്ന് ചിരിച്ചു) അതിനുള്ള ആലോചനയിലാണ്. ഒരു സൂപ്പര്‍ ഹിറ്റ് പടത്തിന്റെ രണ്ടാം ഭാഗം എന്നത് പോലെ തന്നെയാണ് പ്രേക്ഷകര്‍ ഷാജി പപ്പന്റെ രണ്ടാം വരവ് പ്രതീക്ഷിക്കുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച ശേഷം മാത്രമേ എടുക്കൂ. ഷാജി പപ്പന്‍ ഇനി എന്താണ്, അയാളുടെ ജീവിതം ഇനിയെങ്ങോട്ട് എന്നൊക്കെ ചിന്തിയ്ക്കുന്നിടത്ത്, കൃത്യമായ ഒരു സ്പാര്‍ക്ക് കിട്ടിയാല്‍ എഴുതും. അതാണ് എന്റെ അടുത്ത ചിത്രം.

    ആന്‍മരിയയുടെ കലിപ്പ് കട്ടക്കലിപ്പാകട്ടെ... ഷാജി പപ്പന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. മിഥുന്‍ മാനുവല്‍ തോമസിന് ഫില്‍മിബീറ്റിന്റെ എല്ലാ ആശംസകളും നേരുന്നു.

    English summary
    Exclusive: Interview With Midhun Manuel Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X