»   » ലാലിസത്തില്‍ ഒരു ലാഭവും പ്രതീക്ഷിച്ചിട്ടില്ല; രതീഷ് വേഗ സംസാരിക്കുന്നു

ലാലിസത്തില്‍ ഒരു ലാഭവും പ്രതീക്ഷിച്ചിട്ടില്ല; രതീഷ് വേഗ സംസാരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഉയര്‍ച്ചയും താഴ്ചയും ഏതൊരു ജീവിതത്തിലും സംഭവിയ്ക്കുന്നതാണ്. ഉയര്‍ച്ച കൂടുതല്‍ പ്രോത്സാഹനം നല്‍കും, താഴ്ചയില്‍ തളരാതെ അതിനെ ഒരു പ്രചോദനമായി കാണാം. ലാഭമൊന്നും പ്രതീക്ഷിക്കാതെ സദുദ്ദേശത്തോടെ തുടങ്ങിയ ലാലിസം പരാജയപ്പെട്ടപ്പോള്‍ മരണത്തെ പോലും താന്‍ മുന്നില്‍ കണ്ടിരുന്നു എന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ പറയുന്നു.

പിന്നിട്ട ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ ദിവസമായിരുന്നു 2015 ലെ ജനുവരി 31 എങ്കിലും ആ ദിവസത്തെ താനൊരിക്കലും മറക്കില്ല എന്നും രതീഷ് വേഗ പറഞ്ഞു. അതാണ് സ്പിരിറ്റ്. ലാലിസത്തിന് ശേഷം ഇപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് കേരള കാനിന് വേണ്ടി തീം സോങ് ഒരുക്കി രതീഷ് വേഗ തിരിച്ചുവരികയാണ്. മരണത്തിനും ജീവിതത്തിനും ഇടയില്‍ കഴിയുന്നവര്‍ക്ക് സംഗീതത്തിലൂടെ തന്നാല്‍ കഴിയുന്ന ആശ്വാസം നല്‍കുക എന്നത് മാത്രമാണ് ഉദ്ദേശം... രതീഷ് വേഗ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു

ratheesh-vega

?കേരള കാനിന്റെ തീം സോങിന് രചനയും സംഗീതവും നിര്‍വ്വഹിച്ചുകൊണ്ടുള്ള മടങ്ങിവരവ്
മനോരമ ന്യൂസില്‍ നിന്ന് പ്രസാദ് കണ്ണനാണ് കേരള കാനുമായി ബന്ധപ്പെട്ട് എന്നെ ആദ്യം വിളിച്ചത്. കാന്‍സറിനെതിരെയുള്ള കാമ്പയിനിന്‍ എന്ന ഇന്റന്‍ഷനാണ് എന്നെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയുന്ന കുറച്ച് പേര്‍ക്ക് സാന്ത്വനം നല്‍കുന്ന പരിപാടിയില്‍ നമ്മുടേതായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുന്നത് നല്ലതല്ലെ. അങ്ങനെ ഒരു പരിപാടി എനിക്കും ഒരു റിലീഫ് നല്‍കും എന്ന് വിശ്വസിക്കുന്നു.

?ലാലിസത്തിന് ശേഷം നടത്തുന്ന ആദ്യത്തെ ലൈവ് ഷോ അല്ലേ. എന്തിനായിരുന്നു ഇത്രയും വലിയ ഗ്യാപ്പ്
ഗ്യാപ്പ്.... മാനസികമായി മരവിച്ച അവസ്ഥിയിലായിരുന്നു ഞാന്‍. വിമര്‍ശനങ്ങള്‍ മാത്രം. എല്ലായിടത്തു നിന്നും അവോയ്ഡ് ചെയ്യപ്പെട്ടു. അവസരങ്ങളില്‍ നിന്ന് അവസാന നിമിഷം പേര് വെട്ടി. പാട്ടുകളെ പോലും വിമര്‍ശിച്ചു. മരണത്തെ കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്. പിന്നെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു, ലാലിസം എന്ന ആശയത്തിന്റെ ഉദ്ദേശ ശുദ്ധി. ഒരു ലാഭവും പ്രതീക്ഷിച്ചിട്ടല്ല ലാലിസം തുടങ്ങിയത്. മോശമാകണം എന്ന് കരുതി ഒരാളും ഒന്നും ചെയ്യുന്നില്ലല്ലോ.

?ലാലിസം എന്ന ആശയമായിരുന്നില്ലല്ലോ, ദേശീയ ഗെയിം എന്ന സാഹചര്യമായിരുന്നില്ലേ വെല്ലുവിളി
ദേശീയ ഗെയിമില്‍ അവതരിപ്പിച്ച ലാലിസവും മൂന്ന് വര്‍ഷമായി ഞാന്‍ ഉണ്ടാക്കിയെടുത്ത ലാലിസത്തിന്റെ ആശയവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അവസാന നിമിഷമായിരുന്നു ദേശീയ ഗെയിമിന്റെ ഉദ്ഘാടനത്തിന് ലാലിസത്തെ തീരുമാനിച്ചത്. അതിനെയൊന്നും ഇനി ന്യായീകരിച്ചിട്ട് കാര്യമില്ല എന്നറിയാം. അത് സംഭവിക്കേണ്ടതായിരുന്നു, സംഭവിച്ചു. നമ്മുടെ ഉദ്ദേശം നന്നായതുകൊണ്ട് തന്നെ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരുന്നില്ല. ആ നിശബ്ദതയും വിമര്‍ശിക്കപ്പെട്ടു.

ratheesh-vega

?മോഹന്‍ലാലിന്റെ പ്രതികരണം എങ്ങനെയായിരുന്നു
അത് കാര്യമാക്കേണ്ട മോനെ എന്ന് പറഞ്ഞു. അത് കഴിഞ്ഞു. അതിനെ കുറിച്ച് ഇനി ചിന്തിക്കേണ്ട എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. ലാലിസം എന്ന ആശയം എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന പ്രതിഭയോടുള്ള എന്റെ അടങ്ങാത്ത ആരാധനയായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ കണ്ട മഹാനടന്‍. അദ്ദേഹത്തെ പോലൊരാളുടെ കൂടെ പ്രവൃത്തിക്കാന്‍ കഴിയുന്ന ഒരവസരം കൂടെയായിരുന്നു എനിക്ക് ലാലിസം. അമൂല്യമായ ഒരു നിധിയാണ് ലാല്‍ സര്‍. അവിടെ വരെ എത്തിച്ചേരുക എന്നതു തന്നെ വലിയ കാര്യമാണ്.

?കോക്ടെയില്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തെത്തുന്നത്. ഗോപി സുന്ദറിന്റെ വാക്കുകളാണ് ഈ രംഗത്തെത്തിച്ചതെന്ന് മുമ്പെവിടെയോ രതീഷ് വേഗ പറഞ്ഞിരുന്നു. എങ്ങനെയായിരുന്നു തുടക്കം
അതെ, അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു പ്രചോദനം. കോക്ടെയിലിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്, നിര്‍മാതാവ് മിലന്‍ ജലീല്‍, അനൂപേട്ടന്‍ (അനൂപ് മേനോന്‍) തുടങ്ങിയവരുമായുള്ള സൗഹൃദമാണ് എന്നെ സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്തത്. അനൂപേട്ടന്‍ ബെസ്റ്റ് ഫ്രണ്ടാണ് എന്നതിലുപരി എന്റെ ഏട്ടനാണ്. അതുപോലെ വികെപി സര്‍. വല്ലാത്തൊരു സ്‌നേഹം ഇവരില്‍ നിന്നൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ സപ്പോര്‍ട്ടീവാണ്. തകര്‍ച്ചയുടെ ഘട്ടത്തിലാണല്ലോ നമ്മള്‍ ബന്ധങ്ങളുടെ വില പലപ്പോഴും തിരിച്ചറിയുന്നത്. അതുപോലെ നല്ല കുറേ സുഹൃത്തുക്കള്‍ താങ്ങായിരുന്നു.

?'ബ്യൂട്ടിഫുളി'ലെ പാട്ടുകളൊക്കെ എത്ര ബ്യൂട്ടിഫുളായിരുന്നു എന്ന് പറഞ്ഞാലും മതിയാവില്ല. എങ്ങനെയാണ് സിനിമാനുഭവം
ആദ്യ ചിത്രമായി കോക്ടെയിലിലെ പാട്ട് തന്നെയാണ് എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ്. സത്യം പറഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും വലിയ വേദനയൊക്കെ നേരിടുമ്പോള്‍ ആശ്വാസം നല്‍കിയത് എന്റെ പാട്ടുകള്‍ തന്നെയാണ്. ആ പാട്ടുകള്‍ ഉണ്ടാക്കി തന്ന പേര്, സ്ഥാനം... ഇത്രമതി.. അതുമതി എന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. പലരും ആശ്വസിപ്പിച്ചു. നല്ല ഒരുപാട് സിനിമകളില്‍ പാട്ടൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒറീസ, ബ്യൂട്ടിഫുള്‍, റണ്‍ ബേബി റണ്‍, ലേഡീസ് ആന്റ് ജെന്റില്‍ മാന്‍, ലോക്പാല്‍.... അങ്ങനെ

ratheesh-vega

?തെലുങ്കിലും തമിഴിലുമൊക്കെ ഇനി രതീഷ് വേഗയുടെ സംഗീതമുണ്ടാവുമല്ലോ
അതെ, തെലുങ്കില്‍ രണ്ട് പ്രൊജക്ടുകളുണ്ട്. തമിഴില്‍ നല്ലൊരു പ്രൊജക്ട് വന്നു നില്‍ക്കുന്നു. കന്നട സിനിമയുടെ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണ്.

?മലയാളത്തില്‍ ഇനി ഏതാണ്
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആട്പുലിയാട്ടത്തിന്റെ സംഗീത സംവിധാനം. ഏനിക്കേറ്റവും സന്തോഷം തോന്നിയത് കേരള കാനിന്റെ തീം സോങ് കണ്ടിട്ട് ജയറാമേട്ടന്‍ വിളിച്ചിരുന്നു. 'you done it' എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയും മറ്റും പലരും അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

രതീഷ് വേഗ എന്ന സംഗീതജ്ഞന്‍ എഴുത്തിലേക്ക് തിരിയുന്നതായി അറിഞ്ഞല്ലോ?
ഒരു തിരക്കഥ എഴുതുന്നുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഒരു പുസ്തകവും. മാര്‍ച്ചില്‍ പബ്ലിഷ് ചെയ്യും. സംഗീതവുമായി അടുത്തു നില്‍ക്കുന്നതാണ് അതിലെ ആശയം.

ജോലിത്തിരക്കിനിടയിലാണ് രതീഷ് വേഗ ഫില്‍മിബീറ്റിന് വേണ്ടി അല്പ സമയം അനുവദിച്ചത്. മലയാള സിനിമയ്ക്ക് ഇനിയും ഇനിയും കേട്ടാസ്വദിക്കാനുള്ള ഒരുപിടി നല്ല ഗാനങ്ങള്‍ ഈ സംഗീത യാത്രയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകളും

English summary
Exclusive interview with music director Ratheesh Vega

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam